This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപാലകൃഷ്ണന്‍, അടൂര്‍ (1941 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപാലകൃഷ്ണന്‍, അടൂര്‍ (1941 - )

അന്തര്‍ദേശീയ പ്രശസ്തനായ മലയാള ചലച്ചിത്ര സംവിധായകന്‍. 1941 ജൂല. 3-ന് അടൂര്‍ മാധവനുണ്ണിത്താന്റെയും ഗൗരിക്കുഞ്ഞമ്മയുടെയും മകനായി ജനിച്ചു. കഥകളിയുമായി ബന്ധമുള്ള ഒരു കുടുംബമായിരുന്നു അടൂരിന്റേത്. എട്ടാം വയസ്സില്‍ അമേച്വര്‍ നാടകവേദികളില്‍ നടനായി രംഗപ്രവേശം ചെയ്തു. വിദ്യാര്‍ഥിയായിരിക്കെ ഒട്ടനവധി നാടകങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ചു.

ഗോപാലകൃഷ്ണന്‍, അടൂര്‍

1960-ല്‍ ഗാന്ധിഗ്രാം റൂറല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കേന്ദ്രസര്‍വീസില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ജോലി നേടിയെങ്കിലും 1962-ല്‍ ജോലി ഉപേക്ഷിച്ചുകൊണ്ട് സിനിമാപഠനത്തിനായി പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. 1965-ല്‍ തിരക്കഥാ രചനയിലും അഡ്വാന്‍സ്ഡ് ഫിലിം ഡയറക്ഷനിലും സ്വര്‍ണമെഡലോടെ ബിരുദം നേടി. പൂണെയിലെ വിദ്യാഭ്യാസത്തിനുശേഷം കേരളത്തില്‍ തിരികെ എത്തിയ അടൂര്‍ ചിത്രലേഖാ ഫിലിം സൊസൈറ്റി എന്ന പേരില്‍ സംസ്ഥാനത്തെ ആദ്യ ഫിലിം സൊസൈറ്റിക്ക് രൂപം നല്കി.

1965-ല്‍ നിര്‍മിച്ച ഇരുപതു മിനിട്ട് ദൈര്‍ഘ്യമുള്ള 'എ ഗ്രേറ്റ് ഡേ' എന്ന ഹ്രസ്വചിത്രമാണ് അടൂരിന്റെ ആദ്യ സംരംഭം. 1972-ല്‍ ആദ്യ കഥാചിത്രമായ സ്വയംവരം പൂര്‍ത്തിയായി. തൊഴില്‍ രഹിതരായ രണ്ട് യുവതീയുവാക്കള്‍ നേരിടുന്ന സമകാലിക സാമൂഹിക പ്രശ്നങ്ങളാണ് 'സ്വയംവര'ത്തിന്റെ പ്രമേയം. ആഖ്യാനശൈലികൊണ്ട് അന്നോളം മലയാളത്തില്‍ നിലനിന്നിരുന്ന സിനിമാ സങ്കല്പങ്ങളെ 'സ്വയംവരം' മാറ്റിമറിച്ചു. നിയോറിയലിസത്തിന്റെ സ്വാധീനം സ്വാംശീകരിച്ച 'സ്വയംവരം' മികച്ച ചിത്രത്തിനും സംവിധായകനുമുള്‍പ്പെടെ നാല് ദേശീയ അവാര്‍ഡുകള്‍ നേടി.

1977-ല്‍ രണ്ടാമത്തെ കഥാചിത്രമായ 'കൊടിയേറ്റം' പ്രദര്‍ശനത്തിനെത്തി. മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുവാന്‍ സമയം കണ്ടെത്തുന്നതിനിടയില്‍ സ്വയം ജീവിക്കുവാന്‍ മറന്നുപോയൊരാള്‍, പരുഷമായ ജീവിതയാഥാര്‍ഥ്യങ്ങളില്‍ നിന്നും കരുത്താര്‍ജിച്ച് തന്റെ കടമയിലേക്ക് തിരിച്ചെത്തുന്നതാണ് കൊടിയേറ്റത്തിന്റെ ഉള്ളടക്കം.-മികച്ച പ്രാദേശികചിത്രം, മികച്ച നടന്‍ എന്നിവയ്ക്കുള്ള ദേശീയ പുരസ്കാരങ്ങളും മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍, കലാസംവിധായകന്‍ എന്നീ സംസ്ഥാന അവാര്‍ഡുകളും 'കൊടിയേറ്റം' കരസ്ഥമാക്കിയിട്ടുണ്ട്.

1981-ല്‍ മൂന്നാമത്തെ ചിത്രമായ 'എലിപ്പത്തായം' പൂര്‍ത്തിയായി. കേരളത്തില്‍ നിലനിന്നിരുന്ന ഫ്യൂഡല്‍ വ്യവസ്ഥയുടെ അന്ത്യഘട്ടത്തില്‍ സുഖഭോഗികളായി ജീവിച്ചിരുന്നവര്‍ നേരിട്ട ആത്മസംഘര്‍ഷത്തെയാണ് 'എലിപ്പത്തായം' സ്വാംശീകരിച്ചിട്ടുള്ളത്. മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ ബഹുമതിയും മികച്ച ചിത്രം, മികച്ച ഛായാഗ്രാഹകന്‍, ശബ്ദലേഖകന്‍ എന്നീ സംസ്ഥാന അവാര്‍ഡുകളും 'എലിപ്പത്തായം' കരസ്ഥമാക്കി.

അടൂരിന്റെ നാലാമത്തെ ചിത്രമാണ് 1984-ല്‍ പുറത്തിറങ്ങിയ 'മുഖാമുഖം'. ശ്രീധരന്‍ എന്ന കമ്യൂണിസ്റ്റ് തൊഴിലാളി നേതാവിന്റെ ആത്മസംഘര്‍ഷത്തിന്റെ കഥയാണ് മുഖാമുഖം. ചലച്ചിത്ര-സാംസ്കാരിക-രാഷ്ട്രീയ രംഗത്ത് ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ഈ ചിത്രം വഴിയൊരുക്കി. മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത്, മികച്ച പ്രാദേശികചിത്രം, ശബ്ദലേഖകന്‍ എന്നിവയ്ക്കുള്ള ദേശീയ അവാര്‍ഡുകളും മികച്ച ചിത്രം, സംവിധായകന്‍, ഛായാഗ്രാഹകന്‍, ശബ്ദലേഖകന്‍ എന്നീ വിഭാഗത്തിനുള്ള സംസ്ഥാന അവാര്‍ഡുകളും മുഖാമുഖം നേടുകയുണ്ടായി.

എലിപ്പത്തായം
വിധേയന്‍
നിഴല്‍ക്കൂത്ത്

കഥാഖ്യാനത്തിന്റെ കഥയാണ് 'അനന്തരം'. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മനുഷ്യന്റെ അടങ്ങാത്ത ആത്മദാഹവും മതിയാവോളം കിട്ടാതെ പോകുന്ന സ്നേഹത്തെച്ചൊല്ലിയുള്ള വ്യഥയുമാണ് ഈ ചിത്രം പ്രമേയമാക്കിയിട്ടുള്ളത്. 1987-ല്‍ പുറത്തിറങ്ങിയ അനന്തരം, മികച്ച സംവിധായകന്‍, മികച്ച പ്രാദേശിക ചിത്രം, മികച്ച നടന്‍, മികച്ച ശബ്ദലേഖകന്‍ എന്നീ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ സ്വന്തമാക്കി.

വൈക്കം മുഹമ്മദ് ബഷീറിന്റെ 'മതിലുകള്‍' എന്ന കൃതിയെ ആധാരമാക്കി അടൂര്‍ സംവിധാനം ചെയ്ത സിനിമ ഇദ്ദേഹത്തിന് 1991-ലെ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡും നായകനായി അഭിനയിച്ച മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തു. പുറമേക്ക് ലളിതമെന്നു തോന്നാവുന്ന രൂപഘടനയുള്ള ഈ ചിത്രം ബഷീറിന്റെ ജീവിതലാളിത്യവും ബഷീര്‍കൃതികളുടെ ലാളിത്യവും സ്വാംശീകരിച്ചെടുക്കാത്ത ഒരു ശൈലി പിന്തുടരുന്നതായി കാണാം. 1991-ലെ മികച്ച പ്രാദേശിക ഭാഷാചിത്രത്തിനും മികച്ച ശബ്ദലേഖനത്തിനുമുള്ള പുരസ്കാരങ്ങള്‍ക്ക് മതിലുകള്‍ അര്‍ഹമായി.

1993-ല്‍ പുറത്തിറങ്ങിയ 'വിധേയന്‍', മലയാള സാഹിത്യകാരന്‍ പോള്‍സക്കറിയയുടെ 'ഭാസ്കരപട്ടേലരും എന്റെ ജീവിതവും' എന്ന കഥയെ അവലംബിച്ചുകൊണ്ടുള്ള ചലച്ചിത്രമാണ്. എക്കാലത്തും എല്ലാദേശത്തും നിലവിലുള്ള മനുഷ്യാവസ്ഥയെ അവതരിപ്പിക്കുന്ന 'വിധേയനി'ല്‍, സ്വന്തം മനസ്സാക്ഷിയെ ഭയപ്പെടുന്ന, കുറ്റബോധം മനസ്സിന്റെ അവബോധതലങ്ങളെ വേട്ടയാടുന്ന ഭാസ്കരപട്ടേലരുടെ ജീവിതത്തിന്റെ വിഭിന്ന മുഖങ്ങളെ പകര്‍ത്തുന്നു. മികച്ച പ്രാദേശിക ചിത്രം, മികച്ച നടന്‍ എന്നിവയ്ക്കുള്ള ദേശീയ പുരസ്കാരങ്ങളും, മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥാകൃത്ത്, കഥാകൃത്ത്, നടന്‍, അഭിനേതാവിനുള്ള പ്രത്യേക പുരസ്കാരം എന്നീ സംസ്ഥാന അവാര്‍ഡുകളും ഈ ചലച്ചിത്രം നേടി.

കഥാപുരുഷന്‍ അടൂരിന്റെ എട്ടാമത്തെ കഥാചിത്രമാണ്. ചരിത്ര-രാഷ്ട്രീയ-സാമൂഹ്യ മാറ്റങ്ങള്‍ ഒരു വ്യക്തിയില്‍ പ്രതിഫലിക്കുന്നതിന്റെ ആഖ്യാനമാണ് ഈ സൃഷ്ടി. 1995-ലെ മികച്ച ചിത്രം, മികച്ച സഹനടി എന്നിവയ്ക്കുള്ള ദേശീയ അവാര്‍ഡുകളും മികച്ച സംവിധായകന്‍, സഹനടി എന്നിവയ്ക്കുള്ള സംസ്ഥാന പുരസ്കാരങ്ങളും 'കഥാപുരുഷന്' ലഭിച്ചു.

കാളിയപ്പനെന്ന ആരാച്ചാരുടെ ആത്മസംഘര്‍ഷങ്ങള്‍ പേറുന്ന 'നിഴല്‍ക്കൂത്ത്' 2002-ല്‍ പുറത്തിറങ്ങിയ അടൂരിന്റെ ആദ്യ സിനിമാസ്കോപ്പ് ചിത്രം കൂടിയാണ്. മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ ബഹുമതിയും മികച്ച നടന്‍, സഹനടന്‍, ഛായാഗ്രാഹകന്‍, ചിത്രസംയോജകന്‍, ശബ്ദലേഖകന്‍, വസ്ത്രാലങ്കാരം എന്നിവയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും 'നിഴല്‍ക്കൂത്ത്' നേടി.

തകഴി ശിവശങ്കരപ്പിള്ളയുടെ കഥകളിലെ നാല് സ്ത്രീ കഥാപാത്രങ്ങളുടെ വ്യത്യസ്ത ജീവിതാവസ്ഥകളെ ആസ്പദമാക്കിയുള്ള ചലച്ചിത്രമാണ് 2007-ല്‍ പുറത്തിറങ്ങിയ 'നാലുപെണ്ണുങ്ങള്‍'. നിരവധി അന്താരാഷ്ട്ര ചലച്ചിത്രവേദികളില്‍ 'നാലുപെണ്ണുങ്ങള്‍' പ്രദര്‍ശിപ്പിക്കപ്പെടുകയുണ്ടായി.

ദി ലൈറ്റ്, ദി മിത്ത്, ഏ മിഷന്‍ ഒഫ് ലൗ, മണ്‍തരികള്‍, മോഹിനിയാട്ടം, ഗംഗ, ഗുരുചെങ്ങന്നൂര്‍, യക്ഷഗാനം, കൃഷ്ണനാട്ടം, ഇടുക്കി, കൂടിയാട്ടം, ടുവേര്‍ഡ്സ് നാഷണല്‍ എസ്.ടി.ഡി., ഏ ഗ്രേറ്റ് ഡേ, ഏ ഡേ അറ്റ് കോവളം, ആന്റ് മാന്‍ ക്രിയേറ്റഡ്, ഡെയ്ഞ്ചര്‍ അറ്റ് യുവര്‍ ഡോര്‍സ്റ്റെപ്, പ്രതിസന്ധി, കിളിമാനൂരില്‍ ഒരു ദശയോധിപതി, പാസ്റ്റ് ഇന്‍ പെഴ്സ്പെക്റ്റീവ്, പോളഹെരിറ്റേങ്, റൊമാന്‍സ് ഒഫ് റബ്ബര്‍, കലാമണ്ഡലം ഗോപി, കലാമണ്ഡലം രാമന്‍കുട്ടിനായര്‍ എന്നീ ഹ്രസ്വചിത്രങ്ങളും അടൂര്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1984-ല്‍ പ്രസിദ്ധീകരിച്ച അടൂരിന്റെ സിനിമയുടെ ലോകം എന്ന ഗ്രന്ഥം 84-ലെ ചലച്ചിത്ര സംബന്ധിയായ പുസ്തകത്തിനുള്ള ദേശീയ പുരസ്കാരം നേടി. ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരു കൃതിയായ സിനിമാനുഭവം 2004-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള അവാര്‍ഡിനര്‍ഹമായി. സിനിമ-സാഹിത്യം-ജീവിതം ആണ് ഇദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥം. അടൂര്‍ രചിച്ച നാടകക്കളരി നാടകത്തെക്കുറിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ആധികാരിക ഗ്രന്ഥങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു.

കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍, നിഴല്‍ക്കൂത്ത് എന്നിവയുടെ തിരക്കഥകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 'വൈകിവന്ന വെളിച്ചം', 'നിന്റെ രാജ്യം വരുന്നു' എന്നീ ശ്രദ്ധേയമായ നാടകങ്ങളും അടൂര്‍ രചിച്ചിട്ടുണ്ട്.

1980-83-ല്‍ ദേശീയ ചലച്ചിത്രനയം രൂപീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സമിതിയില്‍ അംഗമായിരുന്ന അടൂര്‍ കുറേക്കാലം പൂണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1982-ല്‍ ഇദ്ദേഹത്തിന് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് ലഭിക്കുകയുണ്ടായി. ഇതിനു മുന്‍പ് ഈ അവാര്‍ഡ് നേടിയിട്ടുള്ള ഏക ഇന്ത്യന്‍ സംവിധായകന്‍ സത്യജിത്റേയാണ്. 'മതിലുകള്‍', 'കഥാപുരുഷന്‍' എന്നീ ചിത്രങ്ങളിലൂടെ രണ്ടു തവണ ഇന്റര്‍നാഷണല്‍ ക്രിട്ടിക്സ് പ്രൈസും (FIPRESCI) ലഭിച്ചു. 1910-ല്‍ ഒ.സി.ഐ.സി. (OCIC) ഫിലിം പ്രൈസ്, എലിപ്പത്തായത്തിലൂടെ സതര്‍ലാന്‍ഡ് ട്രോഫി, യുനിസെഫ് അവാര്‍ഡ്, ഗ്രാന്‍പ്രൈസ്, ഇന്റര്‍ ഫിലിം പ്രൈസ് തുടങ്ങിയ പുരസ്കാരങ്ങള്‍ക്കു പുറമേ കാന്‍, വെനീസ്, ബെര്‍ലിന്‍, ടൊറന്റോ, ലണ്ടന്‍, റോട്ടര്‍ഡാം തുടങ്ങി ഒട്ടനവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ അടൂരിന്റെ ചിത്രങ്ങള്‍ക്ക് ക്ഷണം ലഭിച്ചു. വെനീസ്, സിംഗപ്പൂര്‍, ഹവായ്, അലക്സാന്‍ഡ്രിയ, ന്യൂഡല്‍ഹി, സോചി, ഷാങ്ഹായ് തുടങ്ങിയ രാജ്യാന്തര ചലച്ചിത്രോത്സവങ്ങളില്‍ ജൂറി അംഗമായിരുന്നിട്ടുണ്ട് എന്നുള്ളത് അന്താരാഷ്ട്ര ചലച്ചിത്രരംഗത്ത് ഇദ്ദേഹത്തിനുള്ള അംഗീകാരത്തിന്റെ തെളിവാണ്.

വാഷിങ്ടണിലെ സ്മിത്ത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2002-ല്‍ അടൂരിന്റെ ചലച്ചിത്രങ്ങളുടെ റിട്രോസ്പെക്ടീവ് പ്രദര്‍ശിപ്പിച്ച് ആദരവുപ്രകടിപ്പിച്ചു. ചലച്ചിത്രരംഗത്തിനു നല്കിയ സംഭാവനകളെ മാനിച്ച് ഫ്രഞ്ച് സര്‍ക്കാര്‍ 'ദ കമാന്‍ഡര്‍ ഒഫ് ദി ഓര്‍ഡര്‍ ഒഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ്' എന്ന പരമോന്നത സാംസ്കാരിക ബഹുമതി ഇദ്ദേഹത്തിനു സമ്മാനിക്കുകയുണ്ടായി. മഹാത്മാഗാന്ധി സര്‍വകലാശാലയും കേരള സര്‍വകലാശാലയും 2006-ല്‍ അടൂരിനെ ഡി.ലിറ്റ് നല്കി ആദരിച്ചു. 2006-ല്‍ രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡും 2007-ല്‍ പദ്മവിഭൂഷനും അടൂരിന് നല്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍