This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോദ്സെ, നാഥുറാം വിനായക് (1910 - 49)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോദ്സെ, നാഥുറാം വിനായക് (1910 - 49)

നാഥുറാം വിനായക് ഗോദ്സെ

മഹാത്മാഗാന്ധിയെ വധിച്ച വ്യക്തി. 1910 മേയ് 19-ന് പൂണെയിലെ ബാരാമതിയിലെ ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തില്‍ വിനായക് വാമന്റാവു ഗോദ്സെയുടെയും ലക്ഷ്മിയുടെയും മകനായി ജനിച്ചു. അഞ്ചാം ക്ലാസ്സുവരെ ബാരാമതിയിലെ സ്കൂളില്‍ പഠനം നടത്തി. പോസ്റ്റ്ഓഫീസ് ജീവനക്കാരനായ പിതാവ് വിനായക് വാമന്റാവുവിന് രത്നഗിരിയിലേക്കു സ്ഥലംമാറ്റം കിട്ടിയതോടെ 1930-ല്‍ അവിടേക്ക് താമസം മാറുകയുണ്ടായി. ഇക്കാലയളവിലാണ് ഗോദ്സെ വീര്‍ സവര്‍ക്കറെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പഠനം പാതിവഴി ഉപേക്ഷിച്ച് ഹിന്ദുമഹാസഭയുടെയും രാഷ്ട്രീയ സ്വയം സേവക്സംഘി(ആര്‍.എസ്.എസ്.)ന്റെയും സജീവപ്രവര്‍ത്തകനായി. ഗോദ്സെയുടെ സഹോദരനായ ഗോപാല്‍ ഗോദ്സെ രചിച്ച വൈ ഐ അസാസിനേറ്റഡ് മഹാത്മാഗാന്ധി എന്ന പുസ്തകത്തില്‍ (1993) ഇത് സൂചിപ്പിക്കുന്നുണ്ട്. ഹിന്ദു മഹാസഭയുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന മറാത്തി വാര്‍ത്താപത്രികയായ അഗ്രണിയുടെ പത്രാധിപര്‍ നാഥുറാം ഗോദ്സെയായിരുന്നു. പത്രത്തിന്റെ പേര് പിന്നീട് ഹിന്ദുരാഷ്ട്ര എന്ന് മാറ്റി. തുടക്കത്തില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരപരിപാടികളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെയും ഗാന്ധിജിയുടെയും പ്രവര്‍ത്തനങ്ങളെ ഹിന്ദുമഹാസഭ പിന്തുണച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതില്‍ മാറ്റമുണ്ടായി. മുസ്ലിങ്ങള്‍ക്കായി ഹിന്ദുക്കളുടെ താത്പര്യത്തെ ത്യജിക്കുവാന്‍ ഗാന്ധി തയ്യാറാകുന്നു എന്ന വിമര്‍ശനവും സ്വാതന്ത്ര്യത്തോടെ സംജാതമായ ഇന്ത്യാ-പാക് വിഭജനത്തിനും അതിനെത്തുടര്‍ന്നുണ്ടായ തീവ്രവാദനിലപാടു സ്വീകരിക്കുന്ന ഹിന്ദുക്കളുടെ ജീവഹാനിക്കും ഗാന്ധിജി ഉത്തരവാദിയാണെന്ന ധാരണയും ഗോദ്സെയിലും സുഹൃത്തുക്കളിലും ഗാന്ധിജിയെ ഇല്ലായ്മ ചെയ്യുന്നതിന് അനുകൂലമായ ചിന്ത വളര്‍ത്തി. ബിര്‍ളാഹൗസില്‍ വച്ച് ഗാന്ധിജിയെ വധിക്കാനുള്ള ആദ്യശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഗോദ്സെയും സുഹൃത്ത് നാരായന്‍ ആപ്തേയും പൂണെയിലേക്കു മടങ്ങുകയും പിന്നീട് ഡോ. ഭട്ടാചാര്യ പാര്‍ച്ചുരേ, ഗംഗാധര്‍ ധന്‍വാതേ എന്നിവരുടെ സഹായത്തോടെ കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്തു. 1948 ജനു. 29-ന് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്ന് അവിടത്തെ ആറാം നമ്പര്‍ വിശ്രമമുറിയില്‍ തങ്ങി പിറ്റേന്ന്, (1948 ജനു. 30) ഡല്‍ഹിയിലെ ബിര്‍ളാമന്ദിരത്തിനു സമീപംവച്ച് ഗാന്ധിജി നടത്താറുള്ള പതിവു പ്രാര്‍ഥനാവേളയില്‍, വൈകിട്ട് 5.17 ന് ഗോദ്സെ ഗാന്ധിജിയുടെ സമീപത്തെത്തി വന്ദിച്ചശേഷം മൂന്നു തവണ നിറയൊഴിച്ചു. 1948 മേയ് 27-ന് ഗോദ്സെയെയും മറ്റ് ഏഴുപേരെയും (നാരായണ്‍ ഭട്ടാചാര്യ ആപ്തേ, വിഷ്ണു രാമകൃഷ്ണ കാര്‍ക്കാറേ, മണ്ഡല്‍ കാഷ്മീരിലാല്‍ പഹ്വ്വ, ശങ്കര്‍ കിസ്തെയ്യ, ഗോപാല്‍ വിനായക് ഗോദ്സെ, ദിഗംബര്‍ രാമചന്ദ്രബാഡ്ഗേ) ഗാന്ധിവധത്തിനും അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയതിനുമായി വിചാരണയ്ക്കു വിധേയരാക്കി. ഗാന്ധി, അദ്ദേഹത്തിന്റെ വ്യക്തിപരമായ സങ്കല്പങ്ങളെ ഒരു രാഷ്ട്രത്തിന്റെ നയമാക്കി മാറ്റുവാന്‍ ശ്രമിക്കുകയും കോണ്‍ഗ്രസ് എന്ന ദേശീയ സംഘടനയെ സ്വന്തം താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയും സ്വതന്ത്രമായി ചലിക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ്സിനോട് വിയോജിക്കുകയും 1946-ല്‍ ബംഗാള്‍ മുതല്‍ കറാച്ചി വരെ ഹൈന്ദവ വിശ്വാസികള്‍ക്കുനേരെ മുസ്ലിം ലീഗ് നടത്തിയ കിരാത വാഴ്ചകളെയും രക്തച്ചൊരിച്ചിലിനെയും കണ്ടതായി നടിക്കാതിരിക്കുകയും മതേതര രാഷ്ട്രമെന്ന അയഥാര്‍ഥ സങ്കല്പത്തിനായി രാജ്യത്തിന്റെ മൂന്നിലൊരുഭാഗവും ആയിരക്കണക്കിനു ജനങ്ങളുടെ ജീവനും നല്കാന്‍ ഇടയാക്കുകയും ചെയ്തുവെന്നും ഹിന്ദുമതത്തിനും ഇന്ത്യയുടെ അഖണ്ഡതയ്ക്കും ഗാന്ധി തടസ്സമായി നില്‍ക്കുന്നു എന്ന വിശ്വാസമാണ് വധത്തിനു തന്നെ പ്രേരിപ്പിച്ചതെന്നും താന്‍ നിറവേറ്റിയത് ഹിന്ദുതാത്പര്യമാണെന്നും അതിന്റെ അനന്തരഫലങ്ങളെപ്പറ്റി തനിക്കു നിശ്ചയമുണ്ടായിരുന്നുവെന്നും ഗോദ്സെ തന്റെ കുറ്റസമ്മതത്തില്‍ പറഞ്ഞു. ന്യായാധിപനായ ആത്മചരണ്‍ 1949 ഫെ. 10-ന് ഗോദ്സെയെയും നാരായന്‍ ആപ്തേയും തൂക്കിലേറ്റാന്‍ വിധിച്ചു. കോടതി വിധിയനുസരിച്ച് 1949 ന. 15-ന് ഗോദ്സെയുടെയും ആപ്തയുടെയും വധശിക്ഷ നടപ്പാക്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍