This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോദവര്‍മ ഭട്ടന്‍തമ്പുരാന്‍, കൊടുങ്ങല്ലൂര്‍ (1858 - 1934)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോദവര്‍മ ഭട്ടന്‍തമ്പുരാന്‍, കൊടുങ്ങല്ലൂര്‍ (1858 - 1934)

താര്‍ക്കികന്‍. എളകുറിശ്ശി നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും കുഞ്ഞിക്കുട്ടിത്തമ്പുരാട്ടിയുടെയും മകനായി 1858-ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ചു. പ്രസിദ്ധ പണ്ഡിതന്മാരായ ഗോദവര്‍മത്തമ്പുരാന്‍, കുഞ്ഞുണ്ണിത്തമ്പുരാന്‍, കുംഭകോണം കൃഷ്ണശാസ്ത്രികള്‍, കൊച്ചുണ്ണിത്തമ്പുരാന്‍, മഹാമഹോപാധ്യായന്‍ കുംഭകോണം ശംകോപാചാര്യര്‍ തുടങ്ങിയവരില്‍ നിന്നു സംസ്കൃതത്തിലും തര്‍ക്കവ്യാകരാണാദികളിലും പാണ്ഡിത്യം നേടി. സംസ്കൃത വ്യാകരണ ഗ്രന്ഥങ്ങളായ മനോരമയും ശേഖരവും, വേദാന്ത ഗ്രന്ഥങ്ങളായ ബ്രഹ്മാനന്ദീയവും സിദ്ധാന്ത ബിന്ദുവും തര്‍ക്കശാസ്ത്ര ഗ്രന്ഥങ്ങളും പഠിച്ച് പ്രാവീണ്യം നേടി. താര്‍ക്കികനെന്ന പേരിലാണ് ഇദ്ദേഹം പ്രസിദ്ധനായത്. ഗഹനങ്ങളായ പല ശാസ്ത്ര ഗ്രന്ഥങ്ങളും വ്യാഖ്യാനിക്കുകയും രചിക്കുകയും ചെയ്തതിനാല്‍ കേരളീയ വിദ്വാന്മാരില്‍ നിന്നു 'ഭട്ടന്‍' എന്നും ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ നിന്നു 'മഹാമഹോപാധ്യായന്‍' എന്നും ബിരുദങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചു. പ്രമാണവാദവ്യാഖ്യാനം, ഭാഗവതപ്രഥമശ്ളോകവ്യാഖ്യാനം, ന്യായരത്നാവലീ വ്യാഖ്യാനം, ശക്തിതത്ത്വപ്രകാശിക, വ്യുത്പത്തി വാദകാരിക തുടങ്ങിയവയാണ് ഗോദവര്‍മത്തമ്പുരാന്റെ പ്രധാന കൃതികള്‍. പ്രസിദ്ധ താര്‍ക്കികനായ മാന്തിട്ട കുഞ്ചുനമ്പൂതിരി ഇദ്ദേഹത്തിന്റെ പ്രധാന ശിഷ്യരില്‍ ഒരാളാണ്. തൃപ്പൂണിത്തുറയിലുള്ള വിദ്വത് സദസ്സിലെ ചര്‍ച്ചകളിലും ഇദ്ദേഹം സാധാരണ പങ്കെടുക്കാറുണ്ടായിരുന്നു. 1934 ഫെ. 27-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍