This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോഥിക് (കല) പ്രസ്ഥാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോഥിക് (കല) പ്രസ്ഥാനം

ഇറ്റലിയിലെ മിലാന്‍ കത്തീഡ്രല്‍

മധ്യകാല കലയിലെ പരിണാമദശയുടെ അവസാനഘട്ടം. ഇത് ഉത്തര ഫ്രാന്‍സിലാണ് ഉടലെടുത്തത്. മതത്തിനോടുള്ള ആഭിമുഖ്യവും സൗന്ദര്യാരാധനയുമാണിതിനു തുടക്കം കുറിച്ചത്. ആദ്യമാദ്യം ആരാധനാലയങ്ങളുടെയും മഠങ്ങളുടെയും നിര്‍മാണത്തില്‍ മാത്രം ഒതുങ്ങി നിന്ന ഗോഥിക് ശൈലി പിന്നീടു മറ്റു കെട്ടിടങ്ങളുടെ നിര്‍മാണത്തിലും പ്രയോഗത്തില്‍ വന്നു. ഫ്രാന്‍സിലെ സെന്‍സ്, റീംസ്, റൂവെന്‍ എന്നിവിടങ്ങളിലെ ബിഷപ്പുമാരുടെ അധീന പ്രദേശങ്ങളില്‍ 12-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലാണിതുണ്ടായത്. ഏതാണ്ട് ഒരു ശതാബ്ദം കൂടി ആയപ്പോള്‍ ഇത് യൂറോപ്പിലാകമാനം വ്യാപിച്ചു. ഉദ്ദേശം 13-15 ശ. ങ്ങളിലെ യൂറോപ്യന്‍ കല ഏതാണ്ടു പൂര്‍ണമായും ഗോഥിക് ശൈലിയിലുള്ളതായിരുന്നു. 16-ാം ശ.-മായപ്പോഴേക്കും അന്താരാഷ്ട്ര ഗോഥിക്ശൈലിതന്നെ ആവിഷ്കൃതമായിരുന്നു. ഇക്കാലത്താണ് നവോത്ഥാനകല ഉദയം കൊണ്ടത്. 1740-കളില്‍ ഇംഗ്ലണ്ടിലും ഫ്രാന്‍സിലും കെട്ടിട നിര്‍മാണത്തില്‍ ഗോഥിക് ശൈലിയെക്കുറിച്ച് മെച്ചപ്പെട്ട വിലയിരുത്തലുണ്ടായി. ഈ മാറ്റമാണ് 1762 ആയപ്പോള്‍ വാല്‍പൊളിനെക്കൊണ്ട് ഗോഥിക് കലയെ വാഴ്ത്തിപ്പറയിക്കാന്‍ കാരണമായത്. ഇതേത്തുടര്‍ന്ന് ഗോഥിക് ഡെക്കറേഷന്‍സ് മോട്ടീഫുകളായി വ്യാപകമായി ഉപയോഗിക്കുന്ന ഗോഥിക് നവോത്ഥാന കാലഘട്ടം വന്നു. 18-19 ശ.-ങ്ങളിലെ യൂറോപ്യന്‍ സാഹിത്യത്തിലും പെയിന്റിങ്ങിലും ശില്പകലയിലുമെല്ലാം ഇതു പ്രതിഫലിച്ചു. റോമന്‍ ശൈലിയില്‍ നിന്നു ഗോഥിക് ശൈലിയെ വേര്‍തിരിക്കുന്ന സുപ്രധാന ഘടകമായ ഗോഥിക് ഹ്യൂമനിസം ഉടലെടുത്തത് ഇക്കാലത്താണ്. ഉണ്ണിയേശു, കന്യാമറിയം, മാലാഖമാര്‍, കുരിശിലേറ്റല്‍ തുടങ്ങിയ രൂപങ്ങള്‍ക്ക് (പ്രതിമകള്‍ക്കും ചിത്രങ്ങള്‍ക്കും) കൂടുതല്‍ മാനുഷികത കൈവന്നു എന്നതാണിതിന്റെ പ്രത്യേകത.

തുടക്കത്തില്‍ വാസ്തുവിദ്യാരംഗത്തു മാത്രമായിരുന്നെങ്കിലും പിന്നീട് ശില്പകല, ചിത്രകല എന്നിവയിലേക്കും ഗോഥിക്ശൈലി വ്യാപിച്ചു. 14-ാം ശ.-ത്തിലെ സാമ്പത്തിക പ്രതിസന്ധിമൂലം കെട്ടിട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൊതുവേ മന്ദീഭവിച്ചിരുന്നു. എന്നാലും ഗോഥിക് പാരമ്പര്യം തീരെ നഷ്ടമായി എന്നു പറഞ്ഞുകൂടാ. ഗോഥിക് കതീഡ്രലുകളിലെ ശില്പങ്ങളും പെയിന്റു ചെയ്ത ജാലകങ്ങളും ഈ ശൈലിയുടെ കലാമേന്മ വിളിച്ചോതുന്നു. ഇവയുടെ ജാലകങ്ങളില്‍ ചുവപ്പും പച്ചയും ചായം പൂശിയ ഗ്ലാസുകളുണ്ടായിരുന്നു (stained glass). കെട്ടിടത്തിന്റെ ഉള്‍ഭാഗത്തിന് അലൗകികമായ പരിവേഷം നല്കാനിതു സഹായകമായി. മതപരമായി പ്രാധാന്യമുള്ള രൂപങ്ങളും വിഷയങ്ങളും കലയില്‍ സ്ഥാനം പിടിച്ചിരുന്ന കാലഘട്ടമായിരുന്നു ഗോഥിക് കാലഘട്ടം. ഈ ശൈലിയുടെ ജനകീയവത്കരണത്തിന് ഉത്തര ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്പെയിന്‍, ജര്‍മനി എന്നിവിടങ്ങളിലെ ബിഷപ്പുമാരുടെ സേവനം എടുത്തു പറയേണ്ടതാണ്. 1350-കളില്‍ ജര്‍മനിയില്‍ നിര്‍മിക്കപ്പെട്ടുപോന്ന ഗോഥിക്ഹാള്‍ ചര്‍ച്ചുകള്‍ ഗോഥിക് ശൈലിയിലെ ഒരു പ്രത്യേക മാതൃകയാണ്.

14-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച അവര്‍ലേഡി ബസലിക്ക

ലെയോണ്‍, പാരിസിലെ നോത്ര്-ദാം ഷാര്‍ട്രെസ്, റീംസ് എന്നീ ഫ്രഞ്ചു കതീഡ്രലുകളിലെ ശില്പങ്ങള്‍ ഗോഥിക്ശൈലിയുടെ ഉത്തമോദാഹരണങ്ങളാണ്. ശില്പങ്ങള്‍ക്ക് പ്രാധാന്യമേറിവന്ന ഈ കാലഘട്ടത്തില്‍ ശില്പകല കെട്ടിട നിര്‍മാണ കലയുടെ ആധിപത്യത്തില്‍ നിന്നും സ്വതന്ത്രമാവാന്‍ തുടങ്ങി. ക്രമേണ കെട്ടിടങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നും ശില്പങ്ങള്‍ കുറേക്കൂടി മുന്നിലേക്ക് ഉന്തി നില്‍ക്കുന്നരീതിയില്‍ നിര്‍മിക്കപ്പെടാന്‍ തുടങ്ങി. കന്യാമറിയത്തിന്റെ ശില്പങ്ങള്‍ക്ക് ഏറെ പ്രാധാന്യം കിട്ടിയത് ഇക്കാലത്താണ്. അമീന്‍സിലെ ഉണ്ണിയേശുവിന്റെയും മാതാവിന്റെയും ഹിപ്-ഷോട്ട് പോസിലുള്ള രൂപങ്ങള്‍ 13-ാം ശ.-ത്തിലെ ശില്പകലയില്‍ വ്യക്തിത്വത്തിന്റെ സൂക്ഷ്മഭാവങ്ങള്‍പോലും ആവാഹിക്കപ്പെട്ടിരുന്നു എന്നതിനു തെളിവാണ്. 16-ാം ശ. വരെയും ഈ 'മാനറിസം' ശില്പകലയിലെ ഒരു വിശിഷ്ട ശൈലിയായി അംഗീകരിക്കപ്പെട്ടു. റിയലിസത്തോട് കൂടുതല്‍ ആഭിമുഖ്യം കാണിക്കുന്ന പോര്‍ട്രെയിറ്റ് ശില്പങ്ങള്‍ ഉണ്ടായത് ഈ കാലത്താണ്. ക്ലോസ് സ്ളൂതറുടെ 'വെല്‍ ഒഫ് മോസസ്' തന്നെ ഉത്തമോദാഹരണം. ഗോഥിക് കാലഘട്ടത്തില്‍ ഇംഗ്ലണ്ടിലെ ശില്പ നിര്‍മാണ ശൈലിയിലും ചില വ്യതിയാനങ്ങള്‍ ഉണ്ടായി. യോര്‍ക്കിലെ സെന്റ് മേരീസ് ആബിയിലെയും വെയ്ല്‍സിലെയും സ്തൂപ ശില്പങ്ങള്‍ കുറെയൊക്കെ ഫ്രഞ്ചു മാതൃകയിലുള്ളതാണ്. 13-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തില്‍ ലണ്ടനിലെ ടെമ്പിള്‍ ചര്‍ച്ചില്‍ യോദ്ധാക്കളുടെ ശില്പങ്ങള്‍ കൊത്തിയിരുന്നു. വുസ്റ്റര്‍ പള്ളിയിലെ ജോണ്‍ രാജാവിന്റെ ശിലാശില്പം ശവകുടീര ശില്പങ്ങളില്‍ പേരുകേട്ട ഒന്നാണ്. തുടര്‍ന്നുള്ള കാലങ്ങളില്‍ ഹെന്റി III-ന്റെ ഭരണത്തിന്‍ കീഴില്‍ ഒരു കൊട്ടാര ശില്പകലാ ശൈലി (Court School) തന്നെ രൂപം കൊണ്ടു. 14-ാം ശ.-ത്തില്‍ ചിത്രവേലയ്ക്ക് പ്രാധാന്യം കിട്ടി. പെയിന്റു ചെയ്യപ്പെട്ട പാനലുകളോടു കൂടിയ പാരിഷ് ചര്‍ച്ചുകള്‍ ഇക്കാലത്തുണ്ടായിരുന്നു. മാര്‍ബിള്‍ രൂപങ്ങള്‍ ഇംഗ്ലണ്ടിന്റെ ഒരു പ്രത്യേകതയായിരുന്നു. ഗ്ലസ്റ്ററിലെ എഡ്വേര്‍ഡ് II-ന്റെ മാര്‍ബിള്‍ പ്രതിമ ഗോഥിക് കാലഘട്ടത്തിന്റെ അന്ത്യപാദങ്ങളിലേതാണ്. 15-ാം ശ.-മായതോടെ മാര്‍ബിള്‍ പ്രതിമാനിര്‍മാണം അതിന്റെ പാരമ്യത്തിലെത്തി. പ്രതിമകളുടെ കണ്ണ്, മുടി, വസ്ത്രം എന്നിവയും പശ്ചാത്തലവുമെല്ലാം നിറം കൊടുത്തു മനോഹരമാക്കിയിരുന്നു.

13-ാം ശ.-ത്തിന്റെ ആദ്യം ജര്‍മനിയില്‍ ബാംബര്‍ഗ്, സ്ട്രാസ്ബര്‍ഗ്, നോംബര്‍ഗ് തുടങ്ങിയ കതീഡ്രലുകളിലാണ് ഇതിന്റെ സ്വാധീനം ആദ്യം കാണപ്പെട്ടത്. ജര്‍മന്‍ ശില്പകലയിലെ പ്രചോദിതമായ കാലഘട്ടം നോംബര്‍ഗ് മാസ്റ്ററുടേതാണ്. ഈ ശ.-ത്തിന്റെ അവസാനം ഇറ്റലിയില്‍ സിയന്ന, പിസ്റ്റോയിയ എന്നിവിടങ്ങളിലെ ഗിയോവന്നി പിസാനോ (Giovanni Pisano) യുടെയും ഓര്‍വിയറ്റോയിലെ ലൊറന്‍സോ മയ്താനിയുടെയും ഭാവനാപൂര്‍ണങ്ങളായ രചനകള്‍ മികവുറ്റവയായി കണക്കാക്കപ്പെടുന്നു. ചുവര്‍ ചിത്രങ്ങള്‍ ഇറ്റലിയിലൊഴികെ മറ്റെങ്ങും കാണാനുണ്ടായിരുന്നില്ല. യൂറോപ്പില്‍ മറ്റിടങ്ങളില്‍ സ്റ്റെയിന്‍ഡ് ഗ്ലാസ്, ചിത്രയവനിക എന്നിവയ്ക്കായിരുന്നു കൂടുല്‍ പ്രചാരം. മാനുസ്ക്രിപ്റ്റുകള്‍ ഇല്ലുമിനേറ്റു ചെയ്യുന്നതായിരുന്നു മറ്റൊരു പ്രധാന ഗോഥിക് കലാവിഭാഗം. വാക്കുകളും ചിത്രങ്ങളും ഇടകലര്‍ന്നു മനോഹരമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. അരമനകള്‍ക്കുവേണ്ടി ഇത്തരം ഇല്ലൂമിനേഷന്‍ പ്രവൃത്തി ചെയ്തുപോന്ന കലാകാര ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു. പാരിസ് സ്കൂള്‍ ഇക്കൂട്ടത്തില്‍ പ്രസിദ്ധി നേടിയ ഒന്നായിരുന്നു. മിനിയേച്ചര്‍ നിര്‍മാണത്തില്‍ മികവുറ്റ കലാകാര ഗ്രൂപ്പുകളും നിലവിലിരുന്നു. 1309 മുതല്‍ പെയിന്റിങ് രംഗത്ത് പേരെടുത്ത അവിഗ്നോണ്‍ സ്കൂളില്‍പ്പെട്ട കലാകാരന്മാര്‍ 1460-ല്‍ തീര്‍ത്ത ലൂവറിലെ പിയാത്ത ഭാവങ്ങളുടെ തനിമകൊണ്ടു പ്രത്യേകം ശ്രദ്ധേയമാണ്.

മാഗിയുടെ ആരാധന-സ്ട്രാസ്ബര്‍ഗിലെ ഒരു ശില്പം

13-ാം ശ.-ത്തിന്റെ ആദ്യം തന്നെ ഫ്രഞ്ചു ഗോഥിക് ശൈലി സ്പെയിനിലുമെത്തി. ബര്‍ഗോസ്, ലെയോണ്‍ എന്നീ കതീഡ്രലുകളെ കേന്ദ്രീകരിച്ചു ചില ശില്പശാലകള്‍ പ്രവര്‍ത്തിച്ചു വന്നു. അതുവരെ നിലനിന്നുപോന്ന തനതു സ്പാനിഷ്-റോമന്‍ ശൈലിയുടെ മേല്ക്കോയ്മ ഇവര്‍ തകര്‍ത്തു. ബര്‍ഗോസ് കതീഡ്രലിലെ ആദ്യകാല ഗോഥിക് ശില്പങ്ങള്‍ 'പ്യൂര്‍ട്ടാ, ഡെല്‍സാര്‍മെന്റല്‍' ആണ്. എക്സ്പ്രസ്സീവ് റിയലിസത്തിലുള്ള ആഭിമുഖ്യമാണ് സ്പാനിഷ്-ഗോഥിക് ശൈലിയുടെ പ്രത്യേകത. ലെയോണ്‍ കതീഡ്രലിലെ 'ലാവെര്‍ജെന്‍ ബ്ളാങ്ക' ഈ ശൈലിയിലുള്ള മനോഹര ശില്പങ്ങളിലൊന്നാണ്. ചാള്‍സ് III-ന്റെ ശവകുടീരം നിര്‍മിച്ച ജാനിന്‍ ലോം, ഗില്ലെര്‍ മോ സാഗ്രെര തുടങ്ങിയവര്‍ 15-ാം ശ.-ത്തിലെ സ്പാനിഷ് ഗോഥിക് ശൈലി സ്വീകരിച്ച ശില്പികളായിരുന്നു.

14-ാം ശ.-ത്തിന്റെ അവസാനത്തോടുകൂടിയാണ് ഗോഥിക് കലയിലെ ഫ്രാങ്കോ-ഫ്ളെമിഷ് ശൈലി ഉടലെടുക്കുന്നത്. വിശദാംശങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്ന ഈ ശൈലി പിന്നീട് അന്തര്‍ദേശീയ ഗോഥിക് ശൈലി എന്ന പേരിലറിയപ്പെട്ടു. ഇതേ സമയം തന്നെ ഫ്ളാന്‍ഡേഴ്സ്, ഇറ്റലി എന്നിവിടങ്ങളില്‍ പാനല്‍ പെയിന്റിങ്ങിന് ഏറെ പ്രചാരം സിദ്ധിച്ചു. സ്റ്റീഫന്‍ ലോക്നര്‍, മാര്‍ട്ടിന്‍ ഷോണ്‍ ഗോര്‍, ജര്‍മനിയിലെ ഗ്രൂണെ വാള്‍ഡ് എന്നിവര്‍ 15-ാം ശ.-ത്തിലെ പേരെടുത്ത ഗോഥിക് കലാകാരന്മാരായിരുന്നു. ഗോഥിക് പാരമ്പര്യം മുറുകെ പിടിച്ചുകൊണ്ടു തന്നെ നവോത്ഥാന കലയ്ക്കു വഴിയൊരുക്കിയവരാണ് ഫ്രാന്‍സിലെ ജീന്‍ ഫോക്വെറ്റ്, ഫ്ളാന്‍ഡേഴ്സിലെ വാന്‍ ഐക്ക് സഹോദരന്മാര്‍ എന്നിവര്‍. ഇക്കാലത്ത് ഇറ്റലിയില്‍ നവോത്ഥാനകല രൂഢമൂലമായി കഴിഞ്ഞിരുന്നു.

ഫ്രഞ്ച് ഗോഥിക് ഗ്ലാസ് പെയിന്റിങ്

ഗോഥിക് നോവല്‍. ഗോഥിക് റൊമാന്‍സ് എന്ന പേരിലറിയപ്പെടുന്ന സാഹിത്യവിഭാഗം. ഗോഥിക്കിന്റെ ആരാധകനായിരുന്ന ഹൊറസ് വാല്‍പോളിന്റെ കാസില്‍ ഒഫ് ഒട്രാന്‍ഡോ: എ ഗോഥിക് സ്റ്റോറി (1764) എന്ന നോവലാണിതിനു തുടക്കം കുറിച്ചത്. ഇദ്ദേഹത്തെ പിന്തുടര്‍ന്നു മറ്റുചില എഴുത്തുകാരും തങ്ങളുടെ നോവലുകള്‍ മധ്യകാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കാന്‍ തുടങ്ങി. ഇരുണ്ട നിലവറകളും ഇടനാഴികളുമുള്ള കൂറ്റന്‍ മാളികകളും പ്രേതബാധയുള്ള കെട്ടിടങ്ങളുമൊക്കെയാണിത്തരം നോവലുകള്‍ക്ക് പശ്ചാത്തലമൊരുക്കുന്നത്. ദുരൂഹമായ സാഹചര്യങ്ങളില്‍ അപ്രത്യക്ഷമാവുന്ന കഥാപാത്രങ്ങളും ഭയ-സംഭ്രാന്തിയുളവാക്കുന്ന രംഗങ്ങളും ഇവയില്‍ സാധാരണയായി കാണപ്പെടുന്നു. പുറമേ സംസ്കരിക്കപ്പെട്ടതെന്നു തോന്നിക്കുന്ന മനുഷ്യ മനസ്സിന്റെ അടിത്തട്ടിലടിഞ്ഞു കിടക്കുന്ന യുക്തിരാഹിത്യവും പ്രതിലോമ പ്രവണതകളും പുറത്തുകൊണ്ടുവരാന്‍ ഇത്തരം കൃതികളില്‍ ചിലതെങ്കിലും ശ്രമിച്ചിട്ടുണ്ട്. വില്യം ബെക്ക് ഫോര്‍ഡിന്റെ വാത്തെക്ക് (1786), ആന്‍ റാഡ്ക്ളിഫിന്റെ ദ മിസ്റ്ററീസ് ഒഫ് യുഡോള്‍ഫോ (1794) തുടങ്ങിയവ ഗോഥിക് നോവലുകളാണ്. മധ്യകാല പശ്ചാത്തലമില്ലെങ്കിലും ഹിംസാത്മകവും ഭീകരവുമായ അന്തരീക്ഷമുള്ള മറ്റു ചില നോവലുകളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിക്കാണുന്നു. എഡ്ഗര്‍ അല്ലന്‍ പോ, സ്കോട്ട്, ഹാഥോണ്‍ തുടങ്ങിയവയുടെ ചില കഥകളും മേരി ഷെല്ലിയുടെ ഫ്രാങ്കെന്‍സ്റ്റൈനും (1817) ട്രൂമാന്‍ കപോട്ടിന്റെ നോവലുകളും ഇത്തരം ഭീകര പശ്ചാത്തലമുള്ളവയാണ്. ഫോക്ക്നറുടെ സാങ്ച്വറി, അബ്സാലം അബ്സാലം, ഡിക്കന്‍സിന്റെ ബ്ളീക്ക് ഹൗസ്, ഗ്രേറ്റ് എക്സ്പെക്റ്റേഷന്‍സ് തുടങ്ങിയവയാണ് ഗോഥിക് ഘടകങ്ങളുള്ള മറ്റു നോവലുകള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍