This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോത്രം

സമൂഹത്തിന്റെ അടിസ്ഥാന ഘടകം. പ്രത്യേകമായ ഭൂപ്രദേശം, പൊതുവായ പേര്, ഭാഷ, സംസ്കാരം, അന്തര്‍ഗോത്ര പെരുമാറ്റച്ചട്ടം, ഗോത്രചിഹ്നങ്ങള്‍, പ്രത്യേകമായ രാഷ്ട്രീയ-സാമൂഹ്യ സംവിധാനം, ഗോത്ര പിതാക്കളോടുള്ള ആദരവും വിശ്വാസവും, സ്വയംപര്യാപ്തമായ സമ്പദ്വ്യവസ്ഥ എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സാമൂഹിക ഘടകം എന്ന് ഗോത്രത്തെ സാമാന്യമായി നിര്‍വചിക്കാം.

ഇന്ത്യയിലെ മിക്ക ഗോത്രങ്ങള്‍ക്കും പ്രത്യേകമായ ഭൂപ്രദേശങ്ങളുണ്ട്. ഉദാ. നാഗന്മാര്‍ (നാഗാലാന്‍ഡ്), മിസോകള്‍ (മിസോറാം), ഖാസി, ഗാരോ (മേഘാലയ), ഒറാവോണ്‍ (അസം), തോടര്‍, ഇരുളര്‍ (നീലഗിരി). മിക്ക ഗോത്രങ്ങള്‍ക്കും തനതായ ഭാഷയുണ്ട്. ഉദാ. ഭീല്‍ (ഭില്ലി), മുണ്ടാ (മുണ്ടാരി).

സമ്പദ്വ്യവസ്ഥ, പരിസ്ഥിതി തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഗോത്രങ്ങള്‍ക്കിടയില്‍ത്തന്നെ നിരവധി ഉപഗോത്രങ്ങളും കുലങ്ങളും ഉണ്ട്. ആദിവാസികള്‍, പര്‍വതവാസികള്‍ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഗോത്രവിഭാഗങ്ങളെ ഇന്ത്യന്‍ ഭരണഘടനയില്‍ മൊത്തത്തില്‍ 'പട്ടികവര്‍ഗങ്ങള്‍' എന്ന പൊതുസംജ്ഞയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇന്ത്യയിലെ ആദിമനിവാസികള്‍ ഗോത്രവര്‍ഗക്കാരായിരുന്നു. ആസ്റ്റ്രോഏഷ്യാറ്റിക്കുകള്‍, മംഗളോയ്ഡ്, ആദിദ്രാവിഡര്‍ എന്നിങ്ങനെ പൊതുവായ മൂന്നു വിഭാഗങ്ങളില്‍പ്പെട്ടവരാണ് ഇന്ത്യയിലെ ആദിമ ജനവര്‍ഗങ്ങള്‍. ആര്യന്മാരെപ്പോലെതന്നെ ദ്രാവിഡരും ഇന്ത്യയിലേക്കു കുടിയേറിയവരാണെന്നും ഇന്ത്യയിലെ ആദിമ ഗോത്രങ്ങള്‍ നിഗ്രിറ്റോ വംശജരാണെന്നും ഒരു കൂട്ടം നരവംശശാസ്ത്രജ്ഞന്മാര്‍ വാദിക്കുന്നുണ്ട്. ഇന്ത്യയിലെ ആദിമനിവാസികള്‍ നിഗ്രിറ്റോകളാണെന്നും അവരുടെ പിന്‍മുറക്കാരാണ് പുലയര്‍, കാടര്‍, ഇരുളര്‍ തുടങ്ങിയവരെന്നും ഇന്ത്യന്‍ നരവംശ ശാസ്ത്രജ്ഞനായ ബി.എസ്. ഗുഹ അഭിപ്രായപ്പെടുന്നു.

വേദങ്ങളിലും പുരാണങ്ങളിലും രാമായണ-മഹാഭാരതാദി ഇതിഹാസങ്ങളിലും ഇന്ത്യയിലെ ആദിമ ഗോത്രങ്ങളെപ്പറ്റി പരാമര്‍ശമുണ്ട്. 'മ്ളേച്ഛന്‍', 'അനാര്യന്‍' എന്നിങ്ങനെ അര്‍ഥങ്ങളുള്ള 'ദസ്യു' എന്ന സംജ്ഞ കൊണ്ടാണ് ആര്യന്മാര്‍ ഗോത്ര ജനതയെ മൊത്തത്തില്‍ വ്യവഹരിച്ചിരുന്നത്.

ഋഗ്വേദം, മനുസംഹിത, ഐതരേയ ബ്രാഹ്മണം, ഭാഗവതപുരാണം, ബ്രഹ്മവൈവര്‍ത്തപുരാണം, ഹരിവംശപുരാണം, വായുപുരാണം, കഥാസരിത്സാഗരം എന്നീ ഗ്രന്ഥങ്ങളില്‍ ഇന്ത്യയിലെ ഗോത്രങ്ങളുടെ വംശ പരമ്പരയെപ്പറ്റി വിശദമായ സൂചനകളുണ്ട്. വനവാസകാലത്ത് രാമലക്ഷ്മണന്മാരുടെ സഹായികളായിരുന്ന ഗുഹന്‍, ബാലിസുഗ്രീവന്മാര്‍, സമ്പാദിയും ജഡായുവും, ശബരി തുടങ്ങിയവരും അവരെ എതിര്‍ത്തിരുന്ന രാക്ഷസന്മാരും ഇന്ത്യയിലെ വിവിധ ഗോത്രക്കാരെ പ്രതിനിധീകരിക്കുന്നു എന്നാണ് ഒരു വിശ്വാസം. കൗരവ സൈന്യത്തിലെ മുണ്ടാ വിഭാഗത്തെപ്പറ്റി സഞ്ജയന്‍ വിവരിക്കുന്നുണ്ട് (മഹാഭാരതം). അര്‍ജുനനെ പരീക്ഷിക്കാന്‍ മഹാദേവന്‍ കിരാതവേഷം പൂണ്ടിരുന്നു. വേദകാലം മുതല്ക്കേ ആര്യേതര വര്‍ഗങ്ങളെ പൊതുവേ കിരാതന്മാര്‍ എന്ന പദം കൊണ്ടു സൂചിപ്പിച്ചിരുന്നു.

കഴിഞ്ഞ മൂന്നു സഹസ്രാബ്ദക്കാലത്തെ ചരിത്രരേഖകളില്‍ ഇന്ത്യന്‍ ഗോത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടെങ്കിലും നരവംശ ശാസ്ത്രപരമായ വിശകലനത്തിന് അവ സമര്‍ഥമല്ല. കഥകള്‍, ഐതിഹ്യങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തിലാണ് മിക്കപ്പോഴും ഗോത്രങ്ങളുടെ നരവംശശാസ്ത്ര പഠനം നടക്കുന്നത്.

എ.ഡി. 16-ാം ശ.-വരെ മിക്ക ഗോത്രങ്ങള്‍ക്കും സ്വന്തമായി രാജ്യം ഉണ്ടായിരുന്നു. മുസ്ലിം ആക്രമണത്തോടെ ഗോത്ര രാജാക്കന്മാര്‍ക്ക് പദവിയും രാജ്യവും നഷ്ടപ്പെട്ടു. ഒറാവോണ്‍, മുണ്ടാ, ഭീല്‍ രാജാക്കന്മാര്‍ക്ക് രാജ്യം നഷ്ടപ്പെട്ടുവെന്നു മാത്രമല്ല, വന്‍തോതില്‍ മതപരിവര്‍ത്തനത്തിനും വിധേയമാകേണ്ടിവന്നു. ഗോത്രജനത പര്‍വതപ്രദേശങ്ങളിലേക്ക് കൂട്ടപ്പലായനം നടത്തി. 1780-ല്‍ മറാത്തരുടെ ആക്രമണത്തോടെയാണ് അവസാനത്തെ ഗോണ്ഡ് രാജവംശം അസ്തമിച്ചത്. ബ്രിട്ടീഷ് ഭരണകാലത്തും ഗോത്രങ്ങളുടെ സ്ഥിതി മെച്ചമായിരുന്നില്ല. ഗോത്രവര്‍ഗ ജനതയുടെ വിദ്യാഭ്യാസ-ആരോഗ്യകാര്യങ്ങളില്‍ പുരോഗതി ഉണ്ടാക്കാന്‍ ഇംഗ്ലീഷ് മിഷണറികള്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ അതോടൊപ്പം വന്‍തോതില്‍ മതപരിവര്‍ത്തനവും നടന്നു. വ.കിഴക്കന്‍ ഹിമാലയ പ്രാന്തങ്ങളില്‍ ആണ് മതപരിവര്‍ത്തനം ഏറ്റവും കൂടുതല്‍ നടന്നത്. മതപരിവര്‍ത്തനം ഗോത്രസംസ്കാരത്തില്‍ കനത്ത വിള്ളലുകളുണ്ടാക്കി.

സ്വാതന്ത്ര്യനന്തര കാലത്താണ് ഗോത്രസംരക്ഷണം ദേശീയ പ്രാധാന്യമുള്ള വിഷയമായത്. ഇന്ത്യന്‍ ഭരണഘടന ഗോത്രങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്കുന്നു. സര്‍ക്കാര്‍തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ സന്നദ്ധ സംഘടനകളും ഗോത്രങ്ങളുടെ ഉന്നമനത്തിനുവേണ്ടി ശ്രമിക്കുന്നുണ്ട്.

ഓസ്ട്രോഗോത്ത് നാണയം

ഗോത്ര സാമ്പത്തിക വ്യവസ്ഥയില്‍ ധനതത്ത്വശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക് വലിയ പ്രസക്തിയില്ല. ഗോത്രങ്ങള്‍ക്കു തനതായ ഒരു സമ്പദ് വ്യവസ്ഥയാണുള്ളത്. ക്രയവിക്രയങ്ങള്‍, തൊഴില്‍ വിഭജനം തുടങ്ങിയവയൊക്കെ നാമമാത്രമായിരുന്നു. സാങ്കേതികവിദ്യ എന്നൊന്നില്ല, വില പേശലില്ല, നാണ്യ വ്യവസ്ഥയും വിരളം; മാറ്റക്കച്ചവടമാണ് കൂടുതല്‍. ഒരു കുടുംബത്തിലെ അംഗങ്ങള്‍ തങ്ങള്‍ക്കാവശ്യമുള്ള വിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്നു. കുടുംബത്തിന്റെ ഉപഭോഗം കഴിഞ്ഞുള്ള വിഭവങ്ങള്‍ കൈമാറ്റം ചെയ്ത് ആവശ്യമുള്ള മറ്റു സാധനങ്ങള്‍ വാങ്ങുന്നു. ഒരു ഗോത്രത്തിലെ അംഗസംഖ്യ മിക്കപ്പോഴും ആയിരത്തില്‍ താഴെയായിരിക്കുമെന്നതുകൊണ്ട് അന്തര്‍ ഗോത്ര വിപണികള്‍ സജീവങ്ങളായിരുന്നില്ല. ലാഭേച്ഛ എന്നൊന്നുണ്ടായിരുന്നില്ല. പ്രതിവാര ചന്തകളായിരുന്നു പതിവ്. ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് വിപണി അല്പം വിപുലമാകും. ഗോത്രങ്ങളുടെ പ്രധാന വില്പനച്ചരക്കുകള്‍ വനവിഭവങ്ങളാണ്; ദ്വീപ് നിവാസികളുടേതു മത്സ്യവും.

ഗോത്ര സമ്പദ്വ്യവസ്ഥയിലെ ഉത്പാദക ഘടകം കുടുംബമാണ്. ഓരോ കുടുംബവും തങ്ങള്‍ക്കാവശ്യമുള്ള വിഭവങ്ങള്‍ ഉത്പാദിപ്പിക്കുകയോ സംഭരിക്കുകയോ നിര്‍മിക്കുകയോ ചെയ്യുന്നു. ഒരു കുടുംബവും സ്വയംപര്യാപ്തമല്ല. പ്രായഭേദമെന്യേ എല്ലാ കുടുംബാംഗങ്ങളും പണിയെടുക്കുന്നു. കായികാധ്വാനം കൂടുതല്‍ ആവശ്യമായ കൃഷിപ്പണി, മരംവെട്ട്, വേട്ടയാടല്‍ എന്നിവയില്‍ പുരുഷന്മാരും കുറഞ്ഞ കായികാധ്വാനം ആവശ്യമായ ജോലികളില്‍ സ്ത്രീകളും കുട്ടികളും ഏര്‍പ്പെടുന്നു.

സഹകരണാധിഷ്ഠിതമാണ് ഗോത്ര സമൂഹം. ഗോത്ര കുടുംബങ്ങള്‍ പരസ്പരം സഹായിക്കുന്നു. ഗോത്രജീവിതത്തിന്റെ സര്‍വ രംഗങ്ങളിലും ഒരു പാരസ്പരികത ദൃശ്യമാണ്.

ജനകീയ ഭരണസംവിധാനത്തിന്റെയും രാജഭരണത്തിന്റെയും അംശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഗോത്രങ്ങളുടെ സാമൂഹിക-രാഷ്ട്രീയ സംവിധാനം. രാജഭരണത്തെ അനുസ്മരിപ്പിക്കുന്നതാണ് ഗോത്രത്തലവന്‍ സമ്പ്രദായം. ഓരോ ഗോത്രത്തിനും ഒരു തലവനുണ്ടാകും. ഗോത്രജനത തലവനെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അവുങ്ങ (നാഗ), ടിന്‍മേന്‍ഷോങ് (ഖാസി), ഖുല്‍ ലക്പ (മണിപ്പൂര്‍), മഹതോ (ഒറാവോണ്‍), പട്ടേല്‍ (മധ്യപ്രദേശ്), മുഖ്യ, പ്രധാന്‍ എന്നിങ്ങനെ ചില പേരുകളില്‍ ഗോത്രത്തലവന്മാര്‍ അറിയപ്പെടുന്നു. പാരമ്പര്യംകൊണ്ട് തലവന്മാരായവരും തിരഞ്ഞെടുപ്പിലൂടെ തലവന്മാരാകുന്നവരും ഉണ്ട്. കേരളത്തില്‍ ഗോത്രത്തലവന്മാര്‍ മൂപ്പന്‍ എന്നറിയപ്പെടുന്നു. മിക്ക ഗോത്രങ്ങളിലും തലവന്മാരെ സഹായിക്കാന്‍ ഉപഗോത്രങ്ങളുടെ പ്രതിനിധികള്‍ അടങ്ങിയ ഗോത്രസമിതികളുണ്ട്. ഗോത്രത്തലവന്‍ നാമനിര്‍ദേശം ചെയ്യുന്ന പ്രതിനിധികളോ കുടുംബകാരണവന്മാരുടെ പ്രതിനിധികളോ ഗോത്രത്തിലെ അംഗങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികളോ അടങ്ങുന്ന പഞ്ചായത്തുകളാണ് സമാധാന ലംഘന പ്രശ്നങ്ങള്‍, ഗോത്ര തര്‍ക്കങ്ങള്‍, സാമൂഹിക കുറ്റങ്ങള്‍ എന്നിവ വിചാരണ ചെയ്ത് അന്തിമതീര്‍പ്പു കല്പിക്കുന്നത്. പ്രകൃത്യാരാധന ഗോത്രങ്ങളുടെ ഒരു പ്രത്യേകതയാണ്. മൃഗങ്ങള്‍, വൃക്ഷലതാദികള്‍, നദികള്‍, പര്‍വതങ്ങള്‍ തുടങ്ങി ത്രിഭുവനത്തിലുള്ള എന്തിനും ദൈവികപരിവേഷം ചാര്‍ത്തി അവര്‍ ആരാധിക്കുന്നു. എല്ലാ ഗോത്രങ്ങള്‍ക്കും തനതായ ഗോത്ര ചിഹ്നങ്ങളുണ്ട്. മിക്ക ഗോത്രങ്ങള്‍ക്കും പരമ്പരാഗതമായ പല ഭ്രഷ്ടുകളുമുണ്ട്. ഗോത്ര സമൂഹങ്ങളില്‍ സ്ത്രീകള്‍ക്കു മാന്യമായ സ്ഥാനമുണ്ടെങ്കിലും പല കാര്യങ്ങളിലും വിലക്കുകളുമുണ്ട്. വിലക്കുകള്‍ ലംഘിച്ചാല്‍ അത്യാപത്തുകള്‍ ഉണ്ടാകുമെന്നാണ് ഗോത്രവിശ്വാസം. ഗോത്രമത വിശ്വാസത്തില്‍ മന്ത്രവാദത്തിനും പൂര്‍വികാരാധനയ്ക്കും ഈശ്വരഭക്തിയോളംതന്നെ പ്രാധാന്യമുണ്ട്.

ഓസ്ട്രോഗോത്ത് ഹെല്‍മറ്റ്

ബഹുദൈവ വിശ്വാസികളാണ് ഗോത്ര ജനങ്ങള്‍. വിളവിന്റെ സംരക്ഷണത്തിന് ഒരു ദൈവം, കുടികള്‍ കാക്കുന്നതിന് മറ്റൊരു ദേവത, കുടുംബാംഗങ്ങളെ സംരക്ഷിക്കുന്നതിന് വേറൊന്ന്. അങ്ങനെ പോകുന്നു ഗോത്രദേവതകളുടെ പട്ടിക. രക്ഷകന്‍, ദയാലു, ദുഷ്ടദേവത, പിതൃക്കള്‍ എന്നിങ്ങനെ നാലു തരത്തില്‍ ഒരു ഈശ്വരപരമ്പരയുണ്ട്. ഓരോ ഗോത്രത്തിനും പ്രത്യേകം പുരോഹിതന്മാരുണ്ട്. ഇവര്‍ക്ക് ഗ്രാമത്തലവനോളം തന്നെ പ്രാധാന്യവുമുണ്ട്.

ജനനം മുതല്‍ മരണം വരെ നിരവധി ആചാരാനുഷ്ഠാനങ്ങള്‍ ഉള്ളവരാണ് ഗോത്ര ജനത. കന്യാശുല്ക്കം ലഭിക്കുമെന്നതുകൊണ്ട് പെണ്‍കുട്ടികളുടെ ജനനം മിക്ക ഗോത്രങ്ങള്‍ക്കും ഒരു ആഘോഷാവസരമാണ്. ഏകഭാര്യാത്വം, ഏകഭര്‍ത്തൃത്വം, ബഹുഭാര്യാത്വം, ബഹുഭര്‍ത്തൃത്വം, ഭ്രാതൃബഹുഭര്‍ത്തൃത്വം, ദ്വിവിവാഹം തുടങ്ങി വിവാഹബന്ധത്തിലെ എല്ലാ വകഭേദങ്ങളും ഗോത്രങ്ങള്‍ക്കിടയിലുണ്ട്. സദാചാരത്തെ സംബന്ധിച്ചിടത്തോളം വലിയ നിഷ്ഠകളില്ലെന്നു തന്നെ പറയാം. വിവാഹപൂര്‍വ ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതിന് വലിയ വിലക്കുകളില്ല; ഗോത്രമര്യാദയുടെ സീമ ലംഘിക്കരുതെന്നേയുള്ളു. മാതാപിതാക്കള്‍ ഏര്‍പ്പെടുത്തുന്ന വിവാഹബന്ധം, അന്യോന്യ സമ്മതത്തിലൂടെയുള്ള വിവാഹം, വിനിമയ വിവാഹം, കന്യാശുല്ക്കമോ തത്തുല്യമായ സേവനമോ നല്കിയിട്ടുള്ള വിവാഹം തുടങ്ങി പല തരത്തിലുണ്ട് ഗോത്ര വിവാഹങ്ങള്‍. പുനര്‍വിവാഹവും അനുവദനീയമാണ്. മരണത്തോടനുബന്ധിച്ച് നിരവധി അനുഷ്ഠാനങ്ങളുണ്ട്. പുല ആചരിക്കുക മാത്രമല്ല, പരേതാത്മാക്കളെ ദൈവതുല്യം ആരാധിച്ച് ശ്രാദ്ധങ്ങള്‍ നടത്തുകയും മറ്റും ചെയ്യുന്നു.

കല, കരകൗശലവിദ്യ, പാട്ടും സംഗീതവും എന്നിവയുടെ കാര്യത്തില്‍ സമ്പന്നമാണ് ഗോത്രസമൂഹം. നാടന്‍ പാട്ടുകളുടെ ഉറവിടം തന്നെ ഗോത്രസമൂഹമാണ്. പഞ്ചതന്ത്രം പോലുള്ള കഥാസമാഹാരങ്ങള്‍ ഇതിനുദാഹരണമാണ്. ജനനം, വിവാഹം, മരണം എന്നിവയോടനുബന്ധിച്ച് കലാമേളകള്‍ തന്നെ സംഘടിപ്പിക്കുന്നതില്‍ ഗോത്രജനതയ്ക്ക് താത്പര്യമുണ്ട്. ഗോത്രങ്ങളുടെ വാദ്യോപകരണങ്ങളുടെ പരിഷ്കൃതരൂപമാണ് ഇന്നത്തെ മിക്ക വാദ്യോപകരണങ്ങളും.

മരുമക്കത്തായം, മക്കത്തായം തുടങ്ങി പല വിധത്തിലുള്ള ദായക്രമങ്ങളും ഗോത്രങ്ങള്‍ക്കിടയിലുണ്ട്.

2001-ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയിലെ ഗോത്രജനസംഖ്യ: 20,833,803 (2001). ഗോത്രജനതയുടെ ഉന്നമനം ലക്ഷ്യമാക്കി ഇന്ത്യന്‍ ഭരണഘടനയില്‍ പ്രത്യേക വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്: അയിത്ത നിരോധനം (അനുച്ഛേദം 17), വിദ്യാഭ്യാസ-ധനതാത്പര്യ സംരക്ഷണവും മറ്റും (46), സഞ്ചാര സ്വാതന്ത്ര്യം (19), തൊഴില്‍ മേഖലയിലുള്ള സംവരണം (16,335), നിയമ നിര്‍മാണ സഭകളില്‍ പ്രത്യേക പ്രാതിനിധ്യം (330, 332, 334) ഗോത്രോപദേശക സമിതിയുടെ സ്ഥാപനം (164, 338 അഞ്ചാം പട്ടിക), പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്കു വേണ്ടിയുള്ള ദേശീയ കമ്മിഷന്‍, സംസ്ഥാന ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ ഗോത്രങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ 13 സംസ്ഥാനങ്ങളില്‍ ഗോത്രഗവേഷണ സ്ഥാപനങ്ങളുമുണ്ട്. 1988-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ട്രൈബല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഡെവലപ്മെന്റ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ ലിമിറ്റഡ്, ഗോത്രജനതയെ ചൂഷകരില്‍ നിന്നു വിമുക്തമാക്കി, അവരുടെ വിഭവങ്ങള്‍ക്ക് നല്ല വില ലഭ്യമാക്കുന്നു. ഗോത്രഭൂമി അന്യാധീനപ്പെടുത്തുന്നതു തടയുന്ന നിയമം കര്‍ക്കശമാക്കിയിട്ടുണ്ട്.

സഹകരണ പ്രസ്ഥാനത്തിന്റെ വ്യാപനം, ബാങ്ക് ദേശസാത്കരണം, ഗോത്രത്തൊഴിലാളി സംഘടനകളുടെ ആവിര്‍ഭാവം, ദേശീയ വിപണിയുമായുള്ള ബന്ധം, ഭൂപണയ നിയമം, സമ്പാദ്യ ശീലം, പാരമ്പര്യ ഗോത്ര കൃഷിവ്യവസ്ഥയില്‍ നിന്നു വാണിജ്യാധിഷ്ഠിത തോട്ടകൃഷിയിലേക്കുള്ള മാറ്റം, ഗോത്ര ജനതയുടെ വാണിജ്യാഭിമുഖ്യം, വിദ്യാഭ്യാസപുരോഗതി, സര്‍വോപരി സര്‍ക്കാരിന്റെ പരിരക്ഷണം എന്നിവയുടെ ഫലമായി ഗോത്രജനത ദേശീയധാരയുമായി ഇഴുകിച്ചേര്‍ന്നുവരുന്നു. നോ: പട്ടികവര്‍ഗങ്ങള്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍