This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോത്തുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോത്തുകള്‍

ഡാന്യൂബ് നദീപ്രാന്തങ്ങളില്‍ ചരിത്രാതീതകാലം മുതല്‍ വസിച്ചിരുന്ന ഒരു ജര്‍മന്‍ ജനവിഭാഗം. എ.ഡി. 3-ാം ശ.-ത്തില്‍ റോമന്‍ സാമ്രാജ്യത്തെ ശല്യപ്പെടുത്തിയിരുന്ന ഹൂണന്മാരുടെ ആക്രമണത്തിനിരയായ ഇവര്‍ രണ്ടു സംഘങ്ങളായി പിരിഞ്ഞ് യൂറോപ്പിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ ആധിപത്യമുറപ്പിക്കുകയുണ്ടായി. 4-ാം ശ.-ത്തോടുകൂടി ഉക്രെയ്നിയന്‍ ഭാഗത്തു താമസമുറപ്പിച്ചവരെ കിഴക്കന്‍ ഗോത്തുകളെന്നും (Ostrogoths) പടിഞ്ഞാറന്‍ ദിക്കിലേക്ക് നീങ്ങിയവരെ പടിഞ്ഞാറന്‍ ഗോത്തുകളെന്നും (Visigoths) വിളിച്ചുവരുന്നു. കരിങ്കടല്‍ മുതല്‍ ബാള്‍ട്ടിക് പ്രദേശം വരെയുള്ള ഭൂവിഭാഗത്തിന്റെ രാജാവായി വാണിരുന്ന എര്‍മാനറിക്കിന്റെ ഭരണകാലത്ത് രാജ്യം വളരെയേറെ പുരോഗമിച്ചെങ്കിലും എ.ഡി. 370-ല്‍ ഹൂണന്മാരുടെ ആക്രമണത്തിനു വിധേയമാകേണ്ടി വന്നു. ഏതാനും നാളുകള്‍ക്കുശേഷം ഹൂണസാമ്രാജ്യം നാമാവശേഷമായി. അതോടുകൂടി ഓസ്ട്രോഗോത്തുകള്‍ ഇറ്റലിയിലേക്കു നീങ്ങി. അവിടെ അവരുടെ രാജാവായ തിയൊഡെറിക് (455-526) 493 മുതല്‍ അദ്ദേഹത്തിന്റെ മരണം (526) വരെ ആധിപത്യം ചെലുത്തിയിരുന്നു. അതിനുശേഷം ഇറ്റലിയുടെ മേലുള്ള അവരുടെ നിയന്ത്രണം നിലച്ചു. കൂടാതെ ജസ്റ്റിനിയന്‍ ചക്രവര്‍ത്തിയുടെ സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ ഈ ജനസമൂഹത്തെ ദുര്‍ബലമാക്കി.

സ്പെയിന്‍ ആസ്ഥാനമാക്കിയുള്ള പടിഞ്ഞാറന്‍ ഗോത്തുകള്‍ക്ക് റോമന്‍ സാമ്രാജ്യത്തില്‍ വാസമുറപ്പിക്കാന്‍ സാധിച്ചെങ്കിലും റോമാക്കാരുടെ കര്‍ശനമായ പെരുമാറ്റരീതി അവരെ അസ്വസ്ഥരാക്കി. തുടര്‍ന്ന് ചക്രവര്‍ത്തി വാലന്‍സിന്റെ സൈന്യവുമായി 378-ല്‍ അഡ്രിയാനോപ്പിളില്‍വച്ച് ഏറ്റുമുട്ടി വിജയിച്ചു. നാലു വര്‍ഷങ്ങള്‍ക്കുശേഷം തിയഡോഷ്യസ് ക വിസിഗോത്തുകളുമായി രമ്യതയിലായി. അങ്ങനെ ബാള്‍ക്കന്‍ ഉപദ്വീന്റെ തൊട്ടടുത്ത പ്രദേശമായ മേസിയാ(Moesia)യില്‍ സ്വതന്ത്രമായി ജീവിക്കാനുള്ള സൗകര്യം അവര്‍ക്കു ലഭിച്ചു. ഇവര്‍ എ.ഡി. 410-ല്‍ റോമിനെ ആക്രമിച്ചു. പശ്ചിമ റോമന്‍ സാമ്രാജ്യത്തിന്റെ ഈ വിഘടനത്തിനു നാന്ദി കുറിച്ചത്, പടിഞ്ഞാറന്‍ ഗോത്തുകളുടെ രാജാവായ അയാറിക് ആയിരുന്നു. 419 മുതല്‍ 475 വരെ വിസിഗോത്തുകള്‍ റോമാസാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. വിസിഗോത്തുകളുടെ രാജാവായിരുന്ന എറിക് (Euric) ഫ്രാന്‍സും സ്പെയിനും കീഴടക്കി രാജ്യനന്മയ്ക്കായി നിയമങ്ങള്‍ ക്രോഡീകരിച്ചു. 507-ല്‍ എറിക്കിന്റെ മകനായ അലാറിക് II ഭരണഭാരമേറ്റപ്പോള്‍ ഫ്രാന്‍സ് മുഴുവനും രാജാവിനു നഷ്ടപ്പെട്ടു. ഫ്രാങ്കു വംശക്കാര്‍ ക്ളോവിസിന്റെ നേതൃത്വത്തില്‍ വോയിലെയിലെ (Vouille) യുദ്ധത്തില്‍ വിസിഗോത്തു രാജാവിനെ തോല്പിച്ചു.

സ്പെയിനിലെ വിസിഗോത്തുകളുടെ ഭരണം പിന്നെയും കുറേക്കാലത്തേക്കു നീണ്ടുനിന്നെങ്കിലും 711-ല്‍ ഉത്തരാഫ്രിക്കയില്‍ നിന്നുള്ള അറബി മുസ്ലിങ്ങള്‍ പടിഞ്ഞാറന്‍ രാജാവായ റോഡറിക്കിനെ പരാജയപ്പെടുത്തിയതോടെ അവരുടെ നിലനില്‍പ്പും അവസാനിച്ചു. എ. ഡി. 451-ല്‍ അന്തരിച്ച തിയോഡോര്‍ ക ആയിരുന്നു വിസിഗോത്തുകളുടെ പ്രധാന രാജാവ്.

(ഫാ. ഇ. ലൂയിറോച്ച്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍