This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോത്തിയേ, തെയോഫീല്‍ (1811 - 72)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോത്തിയേ, തെയോഫീല്‍ (1811 - 72)

Gauiter, Theophile

ഫ്രഞ്ച് കവിയും നോവലിസ്റ്റും നിരൂപകനും. 1811 ആഗ. 31-ന് പിരെനീസിനടുത്ത് ടാര്‍ബെസില്‍ ജനിച്ചു. ഗോത്തിയേക്കു മൂന്ന് വയസ്സായപ്പോള്‍ കുടുംബം പാരിസിലേക്കു മാറി. ചിത്രരചന അഭ്യസിക്കുന്ന കാലത്തു തന്നെ കവിതയില്‍ താത്പര്യം ജനിക്കുകയും 1830-നോടടുത്ത് വിക്തോര്‍ യൂഗോ നയിച്ച കാല്പനിക പ്രസ്ഥാനവുമായി ബന്ധപ്പെടുകയും ചെയ്തു. പ്രിമിയേര്‍ പോയെസീ എന്ന ആദ്യത്തെ കവിതാസമാഹാരം 1830-ല്‍ പ്രസിദ്ധീകരിച്ചു. ആല്‍ബര്‍ട്സ് (1832) ആഖ്യാന കാവ്യമാണ്. കവിതയ്ക്കു പുറമേ ചെറുകഥാരചനയും ഗോത്തിയേക്കു പ്രിയങ്കരമായിരുന്നു. 1835-ല്‍ ആദ്യ നോവലായ മാദ്മ്വസേല്‍ ദ് മോപ്പാങ് (Mademoiselle de Maupin) പുറത്തുവന്നു.

1835-നു ശേഷം ഗോത്തിയേയുടെ സാഹിത്യ പ്രവര്‍ത്തനം നിരൂപണ മേഖലയിലേക്കു തിരിഞ്ഞു. വിദേശ പര്യടനങ്ങളെ ആധാരമാക്കി രചിച്ച വൊയാഴ് ആന്‍ എസ്പാഞ്ഞ് (Voyage en Espagne, 1845), ഇറ്റാലിയ (1852) എന്നിവ ഇദ്ദേഹത്തിന്റെ മികച്ച യാത്രാവിവരണഗ്രന്ഥങ്ങളാണ്. 1852-ല്‍ പ്രസിദ്ധീകരിച്ച എമോ എ കമോ (Exmaux et Came'ee's) ആണ് ഗോത്തിയേയുടെ ഏറ്റവും പ്രശസ്തമായ പദ്യ സമാഹാരം. ല് കാപ്പിത്തേന്‍ ഫ്റകാസ് (Le Capitaine Fracasse, നോവല്‍, 1863), ഇസ്ത്വാര്‍ ദ്യു റൊമാന്റിസ്മ (Historie du romantisme, ലേഖനം, 1874) എന്നിവയും പ്രസിദ്ധിയാര്‍ജിച്ച കൃതികളാണ്. നെപ്പോളിയന്‍ III-ന്റെയും സമകാലികരായ പണ്ഡിതന്മാരുടെയും പ്രശംസ ഇദ്ദേഹം പിടിച്ചുപറ്റി. പാരിസിന്റെ പ്രാന്തപ്രദേശമായ നൂയില്ലിയില്‍ 1872 ഒ. 23-നു ഗോത്തിയേ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍