This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോതമ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോതമ്പ്

ഒരു പ്രധാന ഭക്ഷ്യധാന്യം. പൊയേസീ സസ്യകുടുംബത്തിലെ ട്രിറ്റിക്കം ജീനസില്‍പ്പെടുന്ന ഗോതമ്പിന് അനേകം ഇനങ്ങളുണ്ട്. നെല്ലു കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്നതും ഭക്ഷ്യധാന്യമായി ഉപയോഗിക്കപ്പെടുന്നതും ഗോതമ്പാണ്. പ്രോട്ടീന്‍ കൂടുതലുള്ളതിനാല്‍ പോഷകമൂല്യത്തില്‍ നെല്ലരിയെക്കാള്‍ ഗോതമ്പിന് ഭക്ഷ്യ പ്രാധാന്യമുണ്ട്.

അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഇന്ത്യ, ചൈന, ഈജിപ്ത്, പലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഗോതമ്പു കൃഷി ചെയ്തിരുന്നു എന്നതിന് മതിയായ രേഖകളുണ്ട്. ഗോതമ്പിന്റെ ഉദ്ഭവസ്ഥലം ഇന്നും ഒരു വിവാദ വിഷയമാണ്. മോഹന്‍ജൊദരോവില്‍ നിന്നും കണ്ടെടുത്ത പുരാവസ്തുക്കളില്‍ ട്രിറ്റിക്കം സ്ഫീറോകോക്കം സ്പീഷീസില്‍പ്പെട്ട ഗോതമ്പും ഉണ്ടായിരുന്നതിനാല്‍ വ. പടിഞ്ഞാറേ ഇന്ത്യയാണ് ഗോതമ്പിന്റെ ഉദ്ഭവസ്ഥലമെന്ന് ഒരു അഭിപ്രായമുണ്ട്. എന്നാല്‍ യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതടങ്ങളായിരിക്കണം ഗോതമ്പിന്റെ ഉദ്ഭവസ്ഥാനമെന്നാണ് ഡാര്‍വിനും മറ്റും അഭിപ്രായപ്പെടുന്നത്. വാവിലോവ് എന്ന റഷ്യന്‍ ശാസ്ത്രജ്ഞന്‍ വിവിധ ടെട്രാപ്ലോയിഡു ക്രോമസങ്ങളുള്ള ഗോതമ്പിനങ്ങള്‍ ഏഷ്യാ മൈനര്‍, അബിസീനിയ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലായിരിക്കണം ഉദ്ഭവിച്ചതെന്നു കണക്കാക്കുന്നു.

ഗോതമ്പ് മണികള്‍

കാട്ടുചെടിയായി വളര്‍ന്നിരുന്ന ഗോതമ്പിനങ്ങള്‍ കാലക്രമേണ സ്വഭാവിക മാറ്റങ്ങള്‍ക്കു വിധേയമായി പുതിയ ഇനങ്ങള്‍ക്കു രൂപം നല്കി. അതോടൊപ്പം പരീക്ഷണശാലകളില്‍ നിരവധി പുതിയ ഇനങ്ങളെ വികസിപ്പിച്ചെടുക്കുകയും ഉണ്ടായി. ട്രി. മോണോകോക്കം, ട്രി. ഡൈകോക്കോയിഡ്സ്, ട്രി. ഡൈകോക്കം (എമ്മര്‍), ട്രി. ഡൂറം, ട്രി. ടര്‍ജിഡം, ട്രി. ഡൂറം (ഡ്രം ഗോതമ്പ്), ടി. പോളോനിക്കം, ട്രി കാര്‍ത്തിലിക്കം, ട്രി. തിമോഫീവി, ട്രി. സ്പെല്‍റ്റ, ട്രി. എസ്റ്റൈവം, ട്രി. കോംപാക്റ്റം, ട്രി. സ്ഫീറോകോക്കം, കല്യാണ്‍ സോണ, സൊണാലിക, എന്‍.പി. 18, ഹീര, കെ. 816, യു.പി. 318, ഡബ്ള്യൂ.ജി. 357, എന്‍.പി. 809, എന്‍.പി. 710, എന്‍.പി. 718 എന്നിവയാണ് ഇന്നു കൃഷിചെയ്യപ്പെടുന്ന പ്രധാന ഗോതമ്പിനങ്ങള്‍.

1.25 മീ. വരെ ഉയരത്തില്‍ ഗോതമ്പ് വളരും. ഏകാന്തരന്യാസത്തിലുള്ള ഇതിന്റെ ഇലകള്‍ ലഘു പര്‍ണങ്ങളാണ്. ഇലകളുടെ ആച്ഛദപര്‍ണാധാരം ചെടിയുടെ കാണ്ഡത്തെ ആവരണം ചെയ്തിരിക്കും. ആച്ഛദത്തിനുള്ളില്‍ ലോമസദൃശമായ ജിഹ്വിക (ligule) ഉണ്ട്. പുഷ്പമഞ്ജരി ഒരു സംയുക്ത സ്പൈക്ലെറ്റ് ആണ്. ഒരു പുഷ്പമഞ്ജരിയില്‍ 15-20 സ്പൈക്ലെറ്റ് കാണും. ഓരോ സ്പൈക്ലെറ്റിലും 1-5 പുഷ്പങ്ങള്‍ ഉണ്ടായിരിക്കും. ട്രി. മോണോകോക്കം ഇനത്തില്‍ ഓരോ സ്പൈക്ലെറ്റിലും ഉള്ള രണ്ടു പുഷ്പങ്ങളില്‍ ഒന്നിനു മാത്രമേ ഉത്പാദനക്ഷമതയുണ്ടായിരിക്കുകയുള്ളു. ട്രി. പോളോനിക്കത്തില്‍ ഒരു സ്പൈക്ലെറ്റിലുള്ള നാലു പുഷ്പങ്ങളില്‍ രണ്ടെണ്ണം ഉത്പാദനക്ഷമതയുള്ളതായിരിക്കും. ട്രി. സറ്റൈവത്തില്‍ മൂന്നു പുഷ്പങ്ങള്‍ ഉത്പാദനക്ഷമതയുള്ളതാണ്. പുഷ്പങ്ങള്‍ ദ്വിലിംഗിയും അധോജനിയും ഏകവ്യാസ സമമിതവും ആയിരിക്കും. ഗോതമ്പിന്റെ അവൃന്ത പുഷ്പങ്ങളിലെ രണ്ടോ മൂന്നോ ചെറിയ സ്തരിത ലോഡിക്യൂളുകള്‍ പരിദളപുടത്തെ പ്രതിനിധാനം ചെയ്യുന്നു. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ തോതനുസരിച്ച് പുഷ്പങ്ങള്‍ വിരിയാനും വിരിയാതിരിക്കാനും ഈ ലോഡിക്യൂളുകള്‍ സഹായിക്കുന്നു. തന്തുക്കള്‍ നീണ്ട് ലോലമായ മൂന്നു കേസരങ്ങളായാണ് സാധാരണ കാണപ്പെടുന്നത്. ഇതിന്റെ ദ്വികോഷ്ഠക പരാഗകോശം പെന്‍ഡുലംപോലെ തൂങ്ങിക്കിടക്കുന്നു. ഒറ്റ അറമാത്രമുള്ള അണ്ഡാശയത്തില്‍ ഒരു ബീജാണ്ഡം മാത്രമേയുള്ളു. തൂവല്‍ പോലെയുള്ള രണ്ടോ മൂന്നോ വര്‍ത്തികയും കാണപ്പെടുന്നു. ഗോതമ്പുമണി ഒരു കാരിയോപ്സിസ് ആണ്. വിത്തുകളില്‍ അന്നജമുള്ള ബീജാന്നമുണ്ട്.

ഇന്ത്യയില്‍ സാധാരണ ഗോതമ്പ് അഥവാ റൊട്ടി ഗോതമ്പ് വിളയുന്ന ഏറ്റവും നല്ല പ്രദേശം സിന്ധു-ഗംഗാ സമതലങ്ങളാണ്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ എക്കല്‍ മണ്ണു പ്രദേശങ്ങളില്‍ ജലസേചിതമായി ജോവര്‍, ബജ്റാ, പരുത്തി എന്നിവയുടെ ഖരീഫ് വിളയ്ക്കുശേഷം തുവരപോലുള്ള പയറു വിളകളോട് ഇടകലര്‍ത്തിയാണ് ഗോതമ്പ് കൃഷിചെയ്യുന്നത്. ഖരീഫ് വിളയ്ക്കു തൊട്ടുമുമ്പ് പച്ചിലവളമായി ഉഴുതുചേര്‍ക്കാന്‍ ചെറുപയറും മറ്റും കൃഷിചെയ്യുന്നു. കടല, പയര്‍, ചെറുചണം മുതലായവയും ഗോതമ്പിന്റെ ആവര്‍ത്തനകൃഷിക്കായി ഉള്‍പ്പെടുത്താറുണ്ട്. ജലസേചന സൗകര്യമുള്ള താഴ്ന്ന സ്ഥലങ്ങളില്‍ നെല്ലും കൃഷിചെയ്യുന്നു. ഗോതമ്പിനു ശേഷം ബാര്‍ലിയും കടലയും ചേര്‍ന്ന സങ്കരവിളകൃഷിയും നടത്താറുണ്ട്. തെക്കേ ഇന്ത്യയിലും മധ്യ ഇന്ത്യയിലും കളിമണ്‍ നിലങ്ങളില്‍ ജലസേചിതമല്ലാത്ത ഗോതമ്പുവിളയോടൊപ്പം ഖരീഫു വിളയായി ജോവറോ പരുത്തിയോ കൃഷിചെയ്യാറുണ്ട്. തുവരയും മറ്റു പയര്‍ വര്‍ഗങ്ങളും ഡെക്കാന്‍ ചണവും ഇടകലര്‍ത്തിയാണ് സാധാരണ ഖരീഫു വിളചെയ്യുന്നത്. ഗോതമ്പിനു മുമ്പ് ചെറുപയര്‍, എള്ള്, ഉള്ളി, കൊത്തമല്ലി, നിലക്കടല, ചോളം തുടങ്ങിയ ഡെക്കാണിലെയും മൈസൂരിലെയും നിലങ്ങളില്‍ കൃഷി ചെയ്യുന്ന രീതിയും നിലവിലുണ്ട്. ബാര്‍ലി, കടല, പയറ്, ചെറുചണം, സിന്ദൂരച്ചെടി തുടങ്ങിയവയും ചിലയിടങ്ങളില്‍ ഗോതമ്പിനോടൊപ്പം വളര്‍ത്തിവരുന്നു. സങ്കരകൃഷിയിലും ആവര്‍ത്തനകൃഷിയിലും പയറുവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. ഒരേ നിലത്തില്‍ത്തന്നെ അപൂര്‍വമായിട്ടുമാത്രമേ എല്ലാ വര്‍ഷവും ഗോതമ്പ് വിളയിക്കാറുള്ളൂ.

വേനല്‍ക്കാലത്തും തണുപ്പുകാലത്തും വെവ്വേറെ ഇനങ്ങളാണ് കൃഷിചെയ്യുന്നത്. സെപ്. മാസത്തില്‍ വിതയ്ക്കുന്ന മൂപ്പുകൂടിയ ഇനത്തിന് വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ തണുപ്പ് ആവശ്യമാണ്. ഇത് മഞ്ഞുകാലത്തുള്ള അതിശീതത്തെ അതിജീവിച്ച് വസന്തകാലത്ത് പുഷ്പിക്കുകയും ജൂണ്‍-ജൂല. മാസങ്ങളില്‍ മൂപ്പെത്തുകയും ചെയ്യുന്നു. വസന്തകാലത്ത് വിതയ്ക്കുന്ന ഗോതമ്പിന് മൂപ്പെത്താന്‍ 90-100 ദിവസം വേണം. ഇത്. ഏ.-മേയ് മാസങ്ങളില്‍ വിതച്ച് ആഗ.-സെപ്.-ല്‍ കൊയ്യുന്നു.

എക്കല്‍മണ്ണ് പ്രദേശങ്ങളില്‍ ജലസേചിതമല്ലാത്ത കൃഷി നടത്തുമ്പോള്‍ ആദ്യം വേനലില്‍ മണ്ണ് കലപ്പകൊണ്ട് ഉഴുത് പാകമാക്കുന്നു. പിന്നീട് മഴക്കാലത്ത് കട്ടയുടച്ച് വിതയ്ക്കുന്നതിനു മുമ്പായി മൂന്നു നാലു തവണ വീണ്ടും ഉഴുത് പലകയടിക്കുകയും വേണം. കരിമണ്ണു പ്രദേശങ്ങളില്‍ കലപ്പയ്ക്കു പകരം ഒരു പല്ലിത്തടി ഉപയോഗിച്ച് ഉഴുത് നിലം തയ്യാറാക്കുന്നു. ജലസേചിത വിളയ്ക്ക് വിതയ്ക്കുന്നതിനു മുമ്പുതന്നെ കൃഷിയിടങ്ങളില്‍ വെള്ളം നിറയ്ക്കുന്നു.

കീടബാധയോ, രോഗങ്ങളോ ഇല്ലാത്തതും അധികം പഴക്കമില്ലാത്തതുമായ വിത്തുവേണം വിതയ്ക്കായി തിരഞ്ഞെടുക്കേണ്ടത്. വിത്തില്‍ക്കൂടി പകരുന്ന കുമിള്‍രോഗബാധയെ തടയാനായി വിത്ത് നാലുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് നന്നായി ഉണക്കിയശേഷം ഈര്‍പ്പം തട്ടാതെ സഞ്ചികളില്‍ സൂക്ഷിക്കുന്നു.

പൊടിവിതയായും വിതകുഴല്‍ ഉപയോഗിച്ചും വിത്തു വിതയ്ക്കാറുണ്ട്. പൊടിവിത രീതിയില്‍ വിത്തു വിതച്ചശേഷം ഇരുമ്പുതടികൊണ്ട് നിലം ഉറപ്പിക്കുന്നു. ഇത് വിത്തുകള്‍ എളുപ്പം മുളയ്ക്കുന്നതിന് സഹായിക്കും. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്ത് ഒരു മാസം മൂപ്പുള്ള ഞാറുകള്‍ ഡിസംബറില്‍ നട്ടാല്‍ നല്ല വിളവു കിട്ടും.

ജലസേചിത വിളയ്ക്ക് വിതച്ച് ഒരു മാസം ആവുമ്പോഴേക്കും നനച്ചു തുടങ്ങണം. പുഷ്പിക്കുന്ന സമയത്ത് നനയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. വിതസമയത്തും അതിനുശേഷം രണ്ടു പ്രാവശ്യവും വളം ചേര്‍ക്കുന്നു. ഉഴവുന്ന സമയത്തും കതിരിടുന്ന സമയത്തും ധാന്യം മൂത്തു തുടങ്ങുന്ന സമയത്തും മൂന്നോ നാലോ തവണ നനച്ചാല്‍ മതിയാവും. നന അധികമായാല്‍ ചെടികള്‍ ഒടിഞ്ഞുവീഴാനും ഗുണം കുറഞ്ഞതും പുള്ളിക്കുത്തുകളുള്ളതുമായ ധാന്യങ്ങളുണ്ടാകാനും കാരണമാകും. കളയെ നിയന്ത്രിക്കാന്‍ 2,4, ഡി. തുടങ്ങിയ കളനാശിനികള്‍ തളിക്കുന്നു. ഇടയിളക്കിയും കളകള്‍ നശിപ്പിക്കാറുണ്ട്. ജലസേചിതമല്ലാത്ത വിളയ്ക്ക് വിതയ്ക്കുന്നതിന് ആറാഴ്ച മുമ്പ് കമ്പോസ്റ്റുവളം ചേര്‍ത്ത് നിലം ഉഴുന്നു. പച്ചിലവളം മണ്ണില്‍ കലര്‍ത്തി രണ്ടു മാസത്തിനുശേഷം മാത്രമേ വിത്തു വിതയ്ക്കാവൂ. ചോളം, കരിമ്പ് മുതലായവയ്ക്കുശേഷം നടത്തുന്ന ഗോതമ്പു കൃഷിക്ക് വളം ചേര്‍ക്കേണ്ടതില്ല. മറിച്ച്, ചോളത്തിനും കരിമ്പിനുമാണ് വളം ചേര്‍ക്കേണ്ടത്.

വയ്ക്കോലിനു സ്വര്‍ണനിറമാകുമ്പോഴാണ് ഗോതമ്പ് വിളവെടുക്കുന്നത്. ജലാംശം മുഴുവന്‍ വറ്റി വയ്ക്കോല്‍ ഒടിയാന്‍ തുടങ്ങുമ്പോള്‍ ചെടികള്‍ പിഴുതെടുക്കുന്നു. ചിലയിടങ്ങളില്‍ മണ്ണിനോട് ചേര്‍ത്തോ കതിരിനു താഴെവച്ചോ ചെടികള്‍ മുറിച്ചെടുക്കാറുണ്ട്. വടികൊണ്ട് അടിച്ചോ കന്നുകാലികളെക്കൊണ്ട് നടത്തിച്ചോ ധാന്യം വേര്‍പെടുത്തുന്നു. മെതിയന്ത്രങ്ങളും ഉപയോഗിക്കാറുണ്ട്. ഉണക്കി പതിരും പൊടിയും മാറ്റിയശേഷം നനവുതട്ടാത്തയിടങ്ങളില്‍ സൂക്ഷിക്കുന്നു.

ഗോതമ്പിനെ ബാധിക്കുന്ന കീടങ്ങള്‍ തണ്ടുതുരപ്പന്‍ പുഴു (സെസാമിയ ഇന്‍ഫെറന്‍സ്) ഗോതമ്പ് എഫിഡ് (സ്ക്കൈസാലിസ് ഗ്രാമിനം), ചിതലുകള്‍ (മൈക്രോടെര്‍മസ് ഒബേസി, ഒഡോന്റോ ടെര്‍മസ് ഒബേസും), പുല്‍പ്പോന്ത് (ക്രോട്ടോഗോണസ് സ്പീഷീസ്), പച്ചച്ചാഴി (യൂറിഗാസ്റ്റര്‍ മൗര) തുടങ്ങിയവയാണ്. ഒരിനം ഈല്‍ കൃമിയും ഗോതമ്പുചെടിയെ ആക്രമിക്കാറുണ്ട്. ഡി.ഡി.ടി. തളിച്ചും ബി.എച്ച്.സി. വിതറിയും കീടങ്ങളെ നിയന്ത്രിക്കാം.

ഗോതമ്പ് വിത്ത് ആന്തരികഡന

ഇലത്തുരുമ്പ് രോഗം (പക്സീനിയ ട്രിറ്റിസിന), ധ്വജസ്മട്ട് (യൂറോസിള്റ്റിസ് ട്രിറ്റിസി), അനാവൃതസ്മട്ട് (യൂസ്റ്റിലാഗോ ട്രിറ്റിസി), തണ്ടുതുരുമ്പ് (പക്സീനിയ ഗ്രാമിനസ് ട്രിറ്റിസി), വരത്തുരുമ്പ് (പകസീനിയ ഗ്ളൂമേറം), ബാക്റ്റീരിയല്‍ കതിരു ചീയല്‍ (കോര്‍ണിബാക്റ്റീരിയം ട്രിറ്റിസി) ഇവയാണ് ഗോതമ്പിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. റസ്റ്റ് (rust) എന്ന മാരകമായ കുമിള്‍ രോഗത്തിനു ഗോതമ്പു കൃഷിയോളംതന്നെ പഴക്കമുണ്ട്. മൂന്ന് തരത്തിലുള്ള റസ്റ്റ് കുമിള്‍രോഗം ഇന്ത്യയിലെ പല ഭാഗങ്ങളിലും കണ്ടു വരുന്നു. ലൂസ് സ്മട്സും (ustilago nuda), ബണ്‍ട്സും പ്രാധാന്യമുള്ള കുമിള്‍ രോഗങ്ങളാണ്. സ്റ്റിങ്കിങ് സ്മട്ട്, കാര്‍ബണ്‍ബണ്‍ട്, ഫ്ളാഗ് സ്മട്ട്, ഫുസേറിയന്‍ ഹെഡ്ബ്ളൈറ്റ്, കരിമ്പായല്‍ (mildew) എന്നിവയും പലജാതി പുള്ളിരോഗങ്ങളും ഗോതമ്പിനെ ബാധിക്കാറുണ്ട്. ഓരോ രോഗത്തിനും കാരണമായ കമിള്‍ ഇനങ്ങളെ നിയന്ത്രിക്കുന്നതും നശിപ്പിക്കുന്നതും വളരെ ശ്രമകരമായ ജോലിയാണ്. കുമിള്‍ സംഹാരികള്‍ തളിക്കുന്നത് ഒരളവുവരെ പ്രയോജനപ്രദമാണെങ്കിലും ശാസ്ത്രീയപ്രജനനമാര്‍ഗം (breeding) മുഖേന രോഗപ്രതിരോധശക്തിയുള്ള മേല്‍ത്തരം വിത്തിനങ്ങള്‍ ഉണ്ടാക്കുകയാണ് ഏറ്റവും ഭദ്രമായ മാര്‍ഗം. ഇത്തരം പലയിനങ്ങളും ഇന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇവ കൂടുതല്‍ ഉത്പാദനശേഷിയുള്ളതും രോഗങ്ങളെ ചെറുത്തു നില്‍ക്കാന്‍ കഴിവുള്ളതും ഏതു കാലാവസ്ഥയിലും വളരാന്‍ അനുയോജ്യവും ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു പ്രജനനം നടത്തിയവയാണ്. ചിലയിനം വിത്തുകള്‍ വളരെവേഗം മൂപ്പെത്തുന്നവയും നല്ല ഉത്പാദനശേഷിയുള്ളവയും രോഗപ്രതിരോധശക്തി കുറഞ്ഞവയും ആയിരിക്കും. ഇത്തരം വിത്തുകളില്‍ നിന്നുണ്ടാകുന്ന ചെടികളെ രോഗപ്രതിരോധശക്തിയുള്ള ഒരിനവുമായി കൃത്രിമ പ്രജനനം നടത്തി, വേഗം മൂപ്പെത്തുന്നതും കൂടുതല്‍ ഉത്പാദനശേഷിയുള്ളതും രോഗപ്രതിരോധശക്തി കൂടിയതുമായ ഒരിനം ഉത്പാദിപ്പിക്കപ്പെടുന്നു. ഉത്പാദനശേഷിയും രോഗപ്രതിരോധശക്തിയും ഒത്തിണങ്ങി ഓരോ ഭൂപ്രദേശത്തേക്കും പറ്റിയ നല്ലയിനം ഗോതമ്പു വിത്തുകള്‍ ഉത്പാദിപ്പിക്കുക.; ധാന്യത്തിന്റെ ആഹാരഗുണം, പാചകഗുണം എന്നിവ മെച്ചപ്പെടുത്തുക; ജൈവരാസവസ്തുക്കളുടെ അളവും അനുപാതവും നിര്‍ണയിക്കുക എന്നിങ്ങനെ ഗോതമ്പുകൃഷിയുടെ എല്ലാ വിധത്തിലുമുള്ള പുരോഗതിക്കാവശ്യമായ വിഷയങ്ങളില്‍ ഇന്ന് ധാരാളം ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

ഗോതമ്പ് സംസ്കരണം

ധാന്യവിളകളുടെ ഉത്പാദന വര്‍ധനയ്ക്കായി ഇന്ത്യയില്‍ രൂപം നല്കിയ ഹരിത വിപ്ലവം എന്ന പരിപാടി ഗോതമ്പിന്റെ ഉത്പാദനത്തിലും ഗണ്യമായ വര്‍ധനയുണ്ടാക്കി. വളപ്രയോഗം, ജലസേചനം എന്നിവയ്ക്ക് അനുസൃതമായി ഉത്പാദനത്തോതിലും വര്‍ധന കാണിക്കുന്ന പുതിയ ഇനങ്ങള്‍ ഹരിത വിപ്ലവത്തിന്റെ സംഭാവനയാണ്. ആദ്യകാലങ്ങളില്‍ കൃഷിചെയ്തിരുന്ന ഉയരം കൂടിയ ഗോതമ്പിനങ്ങള്‍ കതിരുകളുടെ ഭാരംമൂലം ഒടിഞ്ഞു വീഴുമായിരുന്നു. അതിനാല്‍ ഉയരം കുറഞ്ഞ മെക്സിക്കന്‍ ഇനം (സൊണോറ-64) ഇന്ത്യയില്‍ കൃഷിചെയ്തു തുടങ്ങി. കൂടുതല്‍ വിളവു നല്കുന്നതും നല്ല രോഗപ്രതിരോധശക്തിയുള്ളതുമായ ഈ മെക്സിക്കന്‍ ഇനത്തിന്റെ മണികള്‍ ചുവപ്പു നിറത്തിലുള്ളവയായിരുന്നു. അതിനാല്‍ ഡല്‍ഹിയിലെ ഭാരതീയ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ (ICAR) പ്രജനന ശാസ്ത്രകാരന്മാര്‍ സൊണോറ-64-ന്റെ കുറേയധികം വിത്തുകള്‍ നിശ്ചിത അളവിലും സമയത്തിലും അണുപ്രസരണത്തിന് വിധേയമാക്കി. ഈ വിത്തിനെ മുളപ്പിച്ച് ഉത്പരിവര്‍ത്തിത തലമുറയ്ക്ക് രൂപം നല്കി. ഇതിന് സൊണോറ-64-ന്റെ എല്ലാ ഗുണങ്ങളും ഉള്ളതും സ്വര്‍ണ നിറത്തോടുകൂടിയതുമായ മണികള്‍ ആണുള്ളത്. അതോടൊപ്പം പ്രോട്ടീനിന്റെ അളവിലും ഇവയില്‍ വര്‍ധനവുണ്ടായതായി കണ്ടെത്തി. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചത് സൊണോറ-64-ന്റെ ഉത്പരിവര്‍ത്തിത (mutation) സന്തതിയായ ഷെര്‍ബത്തി സൊണോറ ഇനത്തിന്റെ ആവിര്‍ഭാവത്തോടെയാണെന്നു പറയാം. ലെര്‍മറോജോ-64 സൊണാലിക, കല്യാണ്‍ സോണ, ഹീര എന്നിവയും അത്യുത്പാദന ശേഷിയുള്ള ഇനങ്ങളാണ്. കല്യാണ്‍ സോണ പഞ്ചാബ് കാര്‍ഷിക സര്‍വകലാശാലയില്‍ വികസിപ്പിച്ചെടുത്ത ഇനമാണ്.

ഇന്ത്യയിലെ പ്രധാന ഗവേഷണ കേന്ദ്രങ്ങളായ ഐ.എ. ആര്‍.ഐ., ഐ.സി.എ.ആര്‍., കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സി.പി.സി.ആര്‍.ഐ.), ഇക്രിസാറ്റ്, ഇമ്പീരിയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളില്‍ ഗോതമ്പിന്റെ ഉത്പാദനക്ഷമത കൂടിയതും രോഗപ്രതിരോധശക്തിയേറിയതും ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായതുമായ പുതിയ ഇനങ്ങള്‍ക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.

ട്രി. ഏസ്റ്റെവത്തിന്റെ ക്രോമസോം എണ്ണം 42 ആണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ന് അനേകം പോളിപ്ലോയിഡ് ഇനങ്ങള്‍ കൃഷിചെയ്യപ്പെടുന്നുണ്ട്. ഏഴു വര്‍ഷക്കാലത്തെ ഗവേഷണ ഫലമായി ഡല്‍ഹിയിലെ ഭാരതീയ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ (ഐ.എ.ആര്‍.ഐ.) ഗോതമ്പിനേക്കാള്‍ പോഷകമൂല്യമുള്ള ട്രിറ്റിക്കേല്‍ (Triticale) എന്നൊരിനം ധാന്യം വികസിപ്പിച്ചെടുത്തിട്ടുണ്ട് (1994). ഗോതമ്പിന്റെയും (ട്രി. ഏസ്റ്റെവം) റൈയുടെയും (സെക്കേല്‍ സീരിയല്‍) സങ്കരണ ഫലമായുണ്ടായ ട്രിറ്റിക്കേലിന് ഗോതമ്പിന്റെ ഗുണങ്ങളായ വലുപ്പംകൂടിയ മണികള്‍, അത്യുത്പാദനശേഷി, ഏതു കാലാവസ്ഥയെയും അതിജീവിക്കാനുള്ള കഴിവ് എന്നിവയും റൈയുടെ പോഷകസമൃദ്ധിയും റസ്റ്റ്, മില്‍ഡ്യു തുടങ്ങിയ മാരക രോഗങ്ങളോട് പ്രതിരോധശക്തിയും ഉണ്ട്. ഗോതമ്പില്‍ 10-12 ശ.മാ. പ്രോട്ടീന്‍ ഉള്ളപ്പോള്‍ ട്രിറ്റിക്കേലില്‍ 15 ശ.മാ. പ്രോട്ടീന്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ലൈസീന്‍, ഗ്ളൂട്ടെന്‍ (gluten) എന്നിവയും ഗോതമ്പിലുള്ളതിനെക്കാള്‍ കൂടുതല്‍ ട്രിറ്റിക്കേലില്‍ ആണുള്ളത്.

വിളഞ്ഞു നില്‍ക്കുന്ന ഒരു ഗോതമ്പ് പാടം

ഗോതമ്പിന്റെ ഇനം അനുസരിച്ച് ഘടകാംശങ്ങളും വ്യത്യാസപ്പെടുന്നു. സാധാരണ ഇന്ത്യന്‍ ഇനങ്ങളില്‍ 12.5 ശ.മാ. ജലാംശം, 13.5 ശ.മാ. ആല്‍ബുമിനോയിഡുകള്‍, 68.4 ശ.മാ. കാര്‍ബോഹൈഡ്രേറ്റ്, 1.2 ശ.മാ. കൊഴുപ്പ്, 2.7 ശ.മാ. നാര്, 1.7 ശ.മാ. ധാതുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇതോടൊപ്പം തയാമിന്‍, റിബോഫ്ളാവിന്‍, നിക്കോട്ടിനിക് ആസിഡ് തുടങ്ങിയ ജീവകങ്ങളും ചെറിയ തോതിലുണ്ട്.

റൊട്ടി, ബിസ്ക്കറ്റ് തുടങ്ങിയ അനവധി ആഹാര പദാര്‍ഥങ്ങള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന ധാന്യമെന്ന നിലയിലും ഗോതമ്പിന് വളരെയേറെ പ്രാധാന്യമുണ്ട്. ആട്ട, മൈദ എന്നീ പൊടികളും സൊമൊലീന എന്നറിയപ്പെടുന്ന റവ, സൂജി, പരുക്കന്‍ റവ എന്നിവയും ഗോതമ്പില്‍നിന്നും ലഭിക്കുന്നു. ഗോതമ്പുമണി അതേപടി പൊടിച്ചുണ്ടാക്കുന്ന ആട്ടയില്‍ തവിട് ഉണ്ട്. പൂരി, ചപ്പാത്തി തുടങ്ങിയവ ഉണ്ടാക്കാനാണ് ഇത് ഉപയോഗിക്കുന്നത്. റൊട്ടിയുണ്ടാക്കാനുപയോഗിക്കുന്ന മൈദ തവിടില്ലാത്ത ഏറ്റവും നേരിയ പൊടിയാണ്. റോളര്‍ മില്ലുകളില്‍ പൊടിച്ചെടുക്കുന്ന ഗോതമ്പ് വിവിധ ഇനം അരിപ്പകള്‍ (sieves) ഉപയോഗിച്ച് ആട്ട, മൈദ, സൊമൊലീന തവിട് എന്നിങ്ങനെ വേര്‍തിരിക്കുന്നു. ഉപ്പുമാവ്, മക്രോണി, സ്പാഗറ്റി (sphagetti), നൂഡില്‍ (noodle) തുടങ്ങിയവ ഉണ്ടാക്കാനും ഗോതമ്പ് ഉപയോഗിക്കുന്നുണ്ട്.

ഗോതമ്പിന്റെ വയ്ക്കോല്‍ കാലിത്തീറ്റയായും കയറ്, പായ്, തൊപ്പി എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. തുണിത്തരങ്ങള്‍ക്ക് പശ മുക്കുന്നതിനും ബിയര്‍ തുടങ്ങിയ ലഹരി പാനീയങ്ങളുണ്ടാക്കാനും ഗോതമ്പ് ഉപയോഗിക്കുന്നുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%8B%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍