This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോണ്‍ഡൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോണ്‍ഡൈറ്റ്

Gondite

ഒരു രൂപാന്തര ശിലയും ശിലാശ്രേണിയും. ഇന്ത്യയിലെ മധ്യപ്രദേശില്‍ കാണുന്ന ഈ സ്പെസാര്‍റ്റൈറ്റ്-ക്വാര്‍ട്സ് (Spessartite-Quartz) ശിലയില്‍ സ്പെസാര്‍റ്റൈറ്റിനു പുറമേ റോഡണൈറ്റ് (Rhodonite), മറ്റ് മാങ്ഗനീസ് സിലിക്കേറ്റുകള്‍ എന്നിവയും അടങ്ങിയിരിക്കുന്നു.

ഈ ശിലയെ ആദ്യമായി പഠനവിധേയമാക്കിയത് ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ഡോ. എല്‍. ഫെര്‍മര്‍ ആണ്. മധ്യപ്രദേശിലെ ഗോണ്ഡ് എന്ന നാട്ടു രാജ്യത്തിന്റെ പേരിനെ ആസ്പദമാക്കി ഇവയ്ക്ക് ഗോണ്‍ഡൈറ്റ് എന്ന് അദ്ദേഹം പേരു നല്കി. മധ്യപ്രദേശ്, ഗുജറാത്തിലെ ചില ഭാഗങ്ങള്‍ എന്നിവിടെ കാണപ്പെട്ട രൂപാന്തര ശിലാശ്രേണിക്ക് ഇദ്ദേഹം ഗോണ്‍ഡൈറ്റ് ശ്രേണി എന്ന് നാമകരണം ചെയ്തു. വന്‍തോതില്‍ മാങ്ഗനീസ് അടങ്ങിയിരുന്ന ഈ ശ്രേണിയില്‍ തനതായ സവിശേഷതകള്‍ പ്രകടിപ്പിക്കുന്ന ഗോണ്‍ഡൈറ്റ്ശില അടങ്ങിയിരുന്നതിനാലാണ് ഇപ്രകാരം പേരിട്ടത്.

ആര്‍ക്കെയന്‍-ധാര്‍വാര്‍ കല്പങ്ങളില്‍ ഉരുത്തിരിഞ്ഞ ഈ ശിലകളുടെ ഉദ്ഭവത്തെപ്പറ്റി ശാസ്ത്രജ്ഞര്‍ക്കിടയില്‍ പല അഭിപ്രായങ്ങളുണ്ട്.

മധ്യപ്രദേശിലെ ബലാഘട്ട്, ചിന്ദ്വാര എന്നീ ജില്ലകളിലും, മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും ചില സ്ഥലങ്ങളിലും മധ്യേന്ത്യയിലും, രാജസ്ഥാനിലെ ബന്‍സാരയിലുമാണ് ഗോണ്‍ഡൈറ്റ് ശ്രേണിയില്‍പ്പെടുന്ന ശിലകള്‍ കാണപ്പെടുന്നത്.

ഗോണ്‍ഡൈറ്റ് ശിലകളിലെ മുഖ്യ ധാതുനിക്ഷേപങ്ങള്‍ മാങ്ഗനീസ് അയിരുകളായ ബ്രൂണൈറ്റ്, ഹോസ്മനൈറ്റ്, ഹോളന്‍ഡൈറ്റ് മുതലായവയാണ്. ഇവ വന്‍ നിക്ഷേപങ്ങളായാണ് സാധാരണ കാണുന്നത്. ഇന്ത്യയില്‍ ലഭ്യമാകുന്ന മാങ്ഗനീസ് അയിരുകളുടെ പ്രധാന ഉറവിടം ഗോണ്‍ഡൈറ്റ് നിക്ഷേപങ്ങളാകുന്നു.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍