This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോണ്‍കൂര്‍ സഹോദരന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോണ്‍കൂര്‍ സഹോദരന്മാര്‍

Goncourt Brothers

സഹോദരന്മാരായ ഫ്രഞ്ചുസാഹിത്യകാരന്മാര്‍. എഡ്മണ്ട് ദെ ഗോണ്‍കൂര്‍ (1822-96), ജൂള്‍സ് ദെ ഗോണ്‍കൂര്‍ (1830-70) എന്നീ പേരുകളുള്ള ഈ സഹോദരന്മാര്‍ ഒന്നിച്ചാണു കൃതികളെഴുതിയിരുന്നത്. ആദ്യമൊക്കെ കലാനിരൂപണവും ഫ്രഞ്ചു സാമൂഹ്യ ചരിത്രവുമായിരുന്നു ഇവരുടെ രചനകള്‍ക്ക് വിഷയമായത്. ഇവരെഴുതിയ ല് ആര്‍ട് ദു ഡിക്സൂ ഹൂയി റ്റീമെ സൈക്കിള്‍ എന്ന കലാനിരൂപണ ഗ്രന്ഥം ഇന്നും പരക്കെ വായിക്കപ്പെട്ടു പോരുന്നുണ്ട്.

1851 മുതല്‍ ഗോണ്‍കൂര്‍ സഹോദരന്മാര്‍ നോവല്‍ രചനയിലേക്കു തിരിഞ്ഞു. ജര്‍മീനി ലാ സെര്‍റ്റിയക്സ് (1865), മാഡം ജെര്‍ വെയ് സെയ്സ് (1869) എന്നിവ ഇവരുടെ നോവലുകളാണ്. ലാ ഫില്ലെ എലിസാ (1877), ലെസ് ഫ്രേറെസ് സെമ്ഗാന്നോ (1879) എന്നിവ എഡ്മണ്ട് തനിച്ചു രചിച്ചവയാണ്. ഒരു കലാകാരന്റെ ജീവിതം ഇതിവൃത്തമാക്കി ഇവര്‍ രചിച്ച നോവലാണ് മാനേ സാലമണ്‍ (1867). എമിലി സോളയുടെ നോവലുകളോട് അടുത്ത സാദൃശ്യം പുലര്‍ത്തുന്ന നോവലുകളാണിവരുടേത്.

പാരിസിലെ സാഹിത്യ പ്രവര്‍ത്തനങ്ങളുടെ ദൈനംദിന റിപ്പോര്‍ട്ട് എന്നു വിളിക്കാവുന്ന ഒരു ഡയറിയും ഗോണ്‍കൂര്‍ സഹോദരന്മാര്‍ തയ്യാറാക്കി. 1936-നും 40-നും ഇടയ്ക്കാണ് ഗോണ്‍കൂര്‍ ഡയറി അതിന്റെ പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകൃതമായത്. എഡ്മണ്ട് ഗോണ്‍കൂറിന്റെ താത്പര്യപ്രകാരം സ്ഥാപിക്കപ്പെട്ടതാണ് ഗോണ്‍കൂര്‍ അക്കാദമി. പത്തു സാഹിത്യനായകന്മാര്‍ അംഗങ്ങളായുള്ള ഈ അക്കാദമി പ്രി ഗോണ്‍കൂര്‍ എന്ന പേരില്‍ മികച്ച ഗദ്യസാഹിത്യ കൃതിക്ക് വാര്‍ഷിക പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

1870 ജൂണ്‍ 20-നു ജൂള്‍സ് പാരിസിലും 1896 ജൂല. 16-ന് എഡ്മണ്ട് ഷാം പ്രോസേയിലും അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍