This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോണ്ഡ്വാനാലാന്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോണ്ഡ്വാനാലാന്‍ഡ്

Gondwanaland

ദക്ഷിണാര്‍ധ ഗോളത്തില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്ന ഒരു സാങ്കല്പിക അതി ഭൂഖണ്ഡം.

ആഫ്രിക്ക, മഡഗാസ്കര്‍, ഇന്ത്യ, ആസ്റ്റ്രേലിയ, ടാസ്മേനിയ, അന്റാര്‍ട്ടിക്ക, ഫാക്ലന്‍ഡ്, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്ന ഒറ്റ വന്‍കരയാണിത്. മീസോസോയിക് മഹാ കല്പത്തില്‍ ഉദ്ദേശം 20-15 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്നതായി കരുതപ്പെടുന്ന ഈ വന്‍കര, ഇന്നു കാണുന്ന രീതിയിലുള്ള ഭൂഖണ്ഡങ്ങളായി മാറി ഇന്നത്തെ സ്ഥാനങ്ങളിലെത്തിയത് കോടിക്കണക്കിനു വര്‍ഷങ്ങളിലെ പ്ളേറ്റ് ടെക്റ്റോണിക് പ്രവര്‍ത്തനങ്ങളിലൂടെയാണ്.

ഗോണ്ഡ്വാനാലാന്‍ഡ് സങ്കല്പത്തിന്റെ ഉത്പത്തിയും ആധാരഘടകങ്ങളും. ഏകദേശം 22.5 കോടി വര്‍ഷം മുമ്പ് ഭൂഖണ്ഡങ്ങളെല്ലാം ഒത്തുചേര്‍ന്ന് പാന്‍ജിയ എന്ന ഒരൊറ്റ ഭൂഖണ്ഡമായിരുന്നുവെന്നാണ് വിശ്വാസം. ഇതിനെച്ചുറ്റി പാന്തലാസ എന്ന മഹാസമുദ്രവും ഉണ്ടായിരുന്നുവത്രെ. കാലക്രമേണ പാന്‍ജിയ വിഭജിതമായി. ഖണ്ഡങ്ങള്‍ പരസ്പരം അകന്നുമാറിയതിന്റെ ഫലമായാണ് ഇന്നു നാം കാണുന്ന ഭൂഖണ്ഡങ്ങളുണ്ടായത്. 20 കോടി വര്‍ഷം മുന്‍പ് വടക്കേ അമേരിക്കയുടെയും ആഫ്രിക്കയുടെയും അതിരുകള്‍ പരസ്പരം അകന്നുമാറാന്‍ തുടങ്ങി എന്നു കരുതുന്നു. ഏതാനും കോടി വര്‍ഷങ്ങള്‍ക്കുശേഷം പാന്‍ജിയ തുല്യവലുപ്പമുള്ള രണ്ടു വന്‍ഭൂഖണ്ഡങ്ങളായി വിഭജിതമായി. വടക്കേ അമേരിക്കയും ഗ്രീന്‍ലന്‍ഡും യുറേഷ്യയുടെ പല ഭാഗങ്ങളും ചേര്‍ന്ന വടക്കന്‍ ഭൂഖണ്ഡത്തെ 'ലൊറേഷ്യ' എന്നും; തെക്കേ അമേരിക്ക, ആഫ്രിക്ക, അന്റാര്‍ട്ടിക്ക, ഇന്ത്യ, ആസ്റ്റ്രേലിയ എന്നിവ ചേര്‍ന്ന തെക്കന്‍ ഭൂഖണ്ഡത്തെ 'ഗോണ്ഡ്വാനാലാന്‍ഡ്' എന്നും വിളിച്ചു. ലോറേഷ്യയെയും ഗോണ്ഡ്വാനാലാന്‍ഡിനെയും വേര്‍തിരിച്ചിരുന്നത് ടെഥിസ് കടലാണ്. എന്നാല്‍ ഇപ്പോള്‍ ടെഥിസ് കടലെന്ന ഒന്നില്ല. ഇതിന്റെ ഭാഗങ്ങളായി ഇപ്പോള്‍ അവശേഷിക്കുന്നത് മെഡിറ്ററേനിയന്‍, കാസ്പിയന്‍, കരിങ്കടല്‍ (Black Sea) എന്നിവയാണ്. ടെഥിസ് കടലിന്റെ യഥാര്‍ഥ വിസ്തൃതിയെപ്പറ്റി പല നിഗമനങ്ങളുണ്ട്. ജിബ്രാള്‍ട്ടര്‍ മുതല്‍ പസിഫിക്കുവരെ കിഴക്കോട്ടു നീണ്ടുകിടക്കുന്ന പര്‍വതനിരകള്‍ മുന്‍പ് ടെഥിസ് പ്രദേശങ്ങളായിരുന്നുവെന്നാണ് സങ്കല്പം. യൂറോപ്പിലെ ആല്‍പ്സ്, കാക്കസസ്; വടക്കേ ആഫ്രിക്കയിലെ അറ്റ്ലസ് പര്‍വതങ്ങള്‍; ഏഷ്യയിലെ ഹിമാലയ പര്‍വതം എന്നിവ ഈ കടലിന്റെ സ്ഥാനത്തു നിന്നുദ്ഭവിച്ച ഭാഗങ്ങളാണെന്നു കരുതുന്നു. ഇപ്രകാരം രണ്ടു വന്‍ ഭൂഖണ്ഡങ്ങളുണ്ടായി അധികം താമസിയാതെ തന്നെ ഗോണ്ഡ്വാനാലാന്‍ഡ് വീണ്ടും വിഭജിതമാകാന്‍ തുടങ്ങി. തെക്കേ അമേരിക്കയും ആഫ്രിക്കയും ഗോണ്ഡ്വാനാലാന്‍ഡിലെ മറ്റു ഭൂഖണ്ഡങ്ങളില്‍ നിന്ന് അകന്നുമാറാനാരംഭിച്ചു. തെക്കന്‍ അത്ലാന്തിക് സമുദ്രം രൂപമെടുത്തതോടെ ഇവ രണ്ടു പ്രത്യേക ഭൂഖണ്ഡങ്ങളായി മാറി. ഉദ്ദേശം 6.5 കോടി വര്‍ഷം മുന്‍പ് ഭൂഖണ്ഡങ്ങളെ വര്‍ഷത്തില്‍ 1 മുതല്‍ 10 വരെ സെ.മീ. എന്ന തോതില്‍ തള്ളിമാറ്റി അത്ലാന്തിക് സമുദ്രം വടക്കോട്ട് വ്യാപിച്ചു. ക്രമേണ, ആസ്റ്റ്രേലിയ, അന്റാര്‍ട്ടിക്കയില്‍ നിന്നും അകന്നു മാറുകയും ഇന്ത്യ, ഏഷ്യ ഭൂഖണ്ഡത്തോടടുക്കുകയും ചെയ്തു. തുടര്‍ന്നാണ് ഹിമാലയപര്‍വതം രൂപമെടുത്തത്.

വന്‍കരകള്‍ ഇന്നു കാണുന്ന സ്ഥാനങ്ങളിലെത്തിച്ചേരാന്‍ സഹായകമായ പ്രക്രിയകള്‍ എന്തായിരുന്നുവെന്നതിനെപ്പറ്റി ശാസ്ത്രജ്ഞര്‍ പല പരീക്ഷണ നീരീക്ഷണങ്ങളിലൂടെ എത്തിച്ചേര്‍ന്നതാണ് 'വന്‍കരാവിസ്ഥാപനം' എന്ന സിദ്ധാന്തം. ഈ സിദ്ധാന്തപ്രകാരമാണ് പാന്‍ജിയ, ലോറേഷ്യ, ഗോണ്ഡ്വാനാലാന്‍ഡ് എന്നിവയുടെ സങ്കല്പം ആവിര്‍ഭവിച്ചത്. ഒരു നിശ്ചിതയളവില്‍ വന്‍കരകള്‍ എല്ലായ്പ്പോഴും ചലിച്ചു കൊണ്ടിരിക്കുന്നുവെന്നതാണ് ഇതിനാധാരം. ഈ സിദ്ധാന്തത്തെയും വന്‍കരകളുടെ ഉദ്ഭവത്തെപ്പറ്റിയുമൊക്കെ വളരെ വര്‍ഷങ്ങള്‍ മുന്‍പുതന്നെ പല ശാസ്ത്രജ്ഞരും ചിന്തിച്ചു തുടങ്ങിയിരുന്നു. എങ്കിലും അവരുടെ സിദ്ധാന്തങ്ങളൊന്നും ലോകം അംഗീകരിച്ചില്ല. വളരെ അടുത്തകാലത്തു നടത്തിയ സമുദ്രതല പഠനങ്ങളും, കടല്‍ത്തറയിലെ ശിലകളെപ്പറ്റിയുള്ള പഠനങ്ങളുമാണ് ഈ സിദ്ധാന്തത്തിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചത്. ഈ പഠനങ്ങളില്‍ നിന്നു വെളിവാകുന്ന കാര്യങ്ങള്‍ ഇവയാണ്: സുമുദ്രതീരങ്ങള്‍ ഭൂഖണ്ഡങ്ങളുടെ യഥാര്‍ഥ അതിരുകളല്ല; കടലിലേക്കു സാവധാനം ചരിഞ്ഞിറങ്ങുന്ന വന്‍കരത്തട്ട് വന്‍കരച്ചരിവില്‍ അവസാനിക്കുന്നു. ഭൂഖണ്ഡങ്ങളുടെ ശരിയായ അതിര്‍ത്തി നിര്‍ണയിക്കുന്ന വന്‍കരത്തട്ടുകളുടെ അതിരുകള്‍ പൂര്‍ണമായി ചേര്‍ത്തു യോജിപ്പിക്കാന്‍ കഴിയുംവിധം രൂപസാദൃശ്യമുള്ളവയാണ്.

ലോകഭൂപടത്തില്‍ ആഫ്രിക്കയുടെയും തെക്കേ അമേരിക്കയുടെയും സമുദ്രതീര പ്രദേശങ്ങള്‍ പരസ്പരം ചേര്‍ത്തുവയ്ക്കാന്‍ കഴിയുംവിധമാണ് കാണുക. 1801-ല്‍ അലക്സാണ്ടര്‍ ഫോണ്‍ ഹംബോള്‍ട്ട് എന്ന ശാസ്ത്രജ്ഞന്‍ ഈ സമാനതയ്ക്കു പുറമേ, ഈ രണ്ടു ഭൂഖണ്ഡങ്ങളിലും കാണുന്ന ചില ശിലകളും സമാനമാണെന്നു കണ്ടെത്തി. ഈ പ്രതിഭാസത്തിനു കാരണം തെക്കേ അമേരിക്കയും ആഫ്രിക്കയും മുന്‍പ് ഒരൊറ്റ ഭൂഖണ്ഡമായിരുന്നതാകാമെന്നും, സമുദ്രജല പ്രവാഹംമൂലം വേര്‍പെട്ടതാണ് ഇപ്പോഴത്തെ രണ്ടു ഭൂഖണ്ഡങ്ങളെന്നുമാണ് അദ്ദേഹം വാദിച്ചത്. എന്നാല്‍ അക്കാലത്ത് ശാസ്ത്രലോകം ഈ വാദഗതിയെ ഗൗരവമായെടുത്തില്ല.

20-ാം ശ.-ത്തിന്റെ പ്രാരംഭകാലത്ത് ആല്‍ഫ്രാറ്റ് വാഗനര്‍ എന്ന ജര്‍മന്‍ മീറ്റിയറോളജിസ്റ്റ് ഈ രസകരമായ പ്രതിഭാസത്തില്‍ ആകൃഷ്ടനായി. തുടര്‍ന്ന് വര്‍ഷങ്ങളോളം പുരാതന കാലത്തെ കാലാവസ്ഥയെയും ഫോസിലുകളെയും ഭൂഖണ്ഡങ്ങളുടെ ഘടനയെയുമൊക്കെപ്പറ്റി നിശിതമായ പഠനം നടത്തുകയും ഇന്നു കാണുന്ന എല്ലാ ഭൂഖണ്ഡങ്ങളും ചേര്‍ന്ന് പാന്‍ജിയ എന്ന ഒരു വന്‍ഭൂഖണ്ഡമായാണ് കാണപ്പെട്ടിരുന്നതെന്ന സിദ്ധാന്തം ആദ്യമായി ആവിഷ്കരിക്കുകയും ചെയ്തു (1912). 1915-ല്‍ വാഗനര്‍ തന്റെ നിരീക്ഷണങ്ങളും അവയുടെ വിശദീകരണവും ഭൂഖണ്ഡങ്ങളുടെയും സമുദ്രങ്ങളുടെയും ഉത്പത്തി (The Origin of Continents and Oceans) എന്ന പുസ്തകമായി പ്രസിദ്ധീകരിച്ചു. ജര്‍മന്‍ ഭാഷയില്‍ പുറത്തിറങ്ങിയ ഈ ഗ്രന്ഥത്തില്‍ പാന്‍ജിയയുടെ വിഭജനത്തെയും ഗോണ്ഡ്വാനാലാന്‍ഡിന്റെ ഉദ്ഭവത്തെയും പറ്റി വിവരിക്കുന്നുണ്ട്. 1924-ല്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട ഈ ഗ്രന്ഥം ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ക്കിടയില്‍ അഭിപ്രായഭിന്നതയ്ക്കിടയാക്കി. കൂടുതല്‍ പേരും വാഗനറുടെ സിദ്ധാന്തത്തെ എതിര്‍ക്കുകയാണുണ്ടായത്.

1950-ല്‍ ഭൂമിയുടെ പുരാകാന്തികതയെപ്പറ്റി (Paleo magnetism) നടത്തിയ പഠനങ്ങള്‍ ഈ വന്‍കരാവിസ്ഥാപനത്തിന് അനുകൂലമായ തെളിവുകള്‍ നല്കി. ഇതേ സമയംതന്നെ, ആസ്റ്റ്രേലിയന്‍ ശാസ്ത്രജ്ഞനായ സാമുവല്‍ വാറന്‍ കാരി തെക്കേ അമേരിക്കയുടെയും ആഫ്രിക്കയുടെയും തീരങ്ങള്‍ സമുദ്ര നിരപ്പിന് 2,000 മീ. താഴെ വളരെ കൃത്യമായി യോജിപ്പിക്കാവുന്ന വിധമാണെന്നു കണ്ടെത്തി. 1968-ല്‍ ഡബ്ള്യു. ജേസന്‍ മോര്‍ഗന്‍ എന്ന ശാസ്ത്രജ്ഞന്‍ 'ഫലക ചലന സിദ്ധാന്തം' ആവിഷ്കരിച്ചു. ഈ സിദ്ധാന്ത പ്രകാരം ഭൂമിയുടെ പുറന്തോട് കട്ടികൂടിയ അനേകം ഫലകങ്ങള്‍ ഒന്നിനോടൊന്നു ചേര്‍ത്തു നിര്‍ത്തിയിരിക്കുന്നതാണ്. ഈ ഫലകങ്ങളെല്ലാം ഭൗമാന്തര്‍ഭാഗത്തെ ശിലാദ്രവത്തിനു മുകളില്‍ ഒഴുകി നടക്കുന്നതിനാല്‍ പ്രതിവര്‍ഷം ഒന്നോ രണ്ടോ സെന്റിമീറ്റര്‍ എന്ന തോതില്‍ എല്ലായ്പ്പോഴും ചലിച്ചുകൊണ്ടിരിക്കുകയുമാണ്. ഈ ഫലകങ്ങള്‍ക്കു മുകളിലായാണ് ഭൂഖണ്ഡങ്ങളും കടലിന്റെ അടിത്തട്ടും സ്ഥിതിചെയ്യുന്നത്. തന്മൂലം ഈ ഫലകങ്ങളുടെ ചലനം ഭൂഖണ്ഡങ്ങളുടെ വിസ്ഥാപനത്തിനു കാരണമാകുന്നു. ഈ പഠനങ്ങള്‍ പ്രകാരം 20 കോടി വര്‍ഷത്തിനപ്പുറം, പാന്‍ജിയ ഉരുത്തിരിയുന്നതിനുമുമ്പു തന്നെ, 'വന്‍കരാവിസ്ഥാപനം' എന്ന പ്രതിഭാസം തുടങ്ങിയിരുന്നിരിക്കണം. അപ്രകാരമാണെങ്കില്‍ ഗോണ്ഡ്വാനാലാന്‍ഡ്, ഏഷ്യ, വടക്കേ അമേരിക്ക, ഗ്രീന്‍ലാന്‍ഡ്, യൂറോപ്പ് എന്നീ മുന്‍ ഭൂപ്രദേശങ്ങള്‍ ഒത്തു ചേര്‍ന്നാകണം പാന്‍ജിയ ഉദ്ഭവിച്ചിരിക്കുക എന്നും ഒരഭിപ്രായമുണ്ട്.

ഇന്ത്യയില്‍ നര്‍മദാ താഴ്വരയ്ക്കു തെ. 'ഗോണ്ഡ്' വര്‍ഗക്കാര്‍ അധിവസിച്ചിരുന്ന'ഗോണ്ഡ്വാനാ' എന്ന പ്രദേശത്തിന്റെ പേരില്‍ നിന്നാണ് 'ഗോണ്ഡ്വാനാലാന്‍ഡി'ന്റെ നിഷ്പത്തി. ഗോണ്ഡ്വാനാ പ്രദേശത്ത് കാണുന്നതിനു സമാനമായ ശിലാന്യാസങ്ങള്‍ ആസ്റ്റ്രേലിയയിലും മറ്റു തെക്കന്‍ ഭൂഖണ്ഡങ്ങളായ മഡഗാസ്കര്‍, ന്യൂസിലന്‍ഡ്, ഫാക്ലന്‍ഡ് എന്നിവിടങ്ങളിലും കാണപ്പെടുന്നുവെന്ന് 1859-ല്‍ നടന്ന പഠനങ്ങളോടെ വ്യക്തമായി. 1885-ല്‍ ആസ്റ്റ്രേലിയന്‍ ശാസ്ത്രജ്ഞനായ എഫ്.ഇ. സ്വിസ്സ്, ഇന്ത്യയിലെ ഗോണ്ഡ്വാനാ പ്രദേശത്തിനു സമാനമായ ദക്ഷിണാര്‍ധഗോള പ്രദേശങ്ങളെയെല്ലാം ചേര്‍ത്ത് ഗോണ്ഡ്വാനാലാന്‍ഡ് എന്ന പേരു നല്കി. ഗോണ്ഡ്വാനാലാന്‍ഡിന്റെ വിസ്തൃതിയെപ്പറ്റി ശാസ്ത്രജ്ഞന്മാരുടെയിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. സ്വിസ്സിന്റെ നിര്‍വചനത്തില്‍ സഹാറ, ഈജിപ്ത്, സിറിയ, അറേബ്യ എന്നീ രാജ്യങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇവിടങ്ങളില്‍ ഗോണ്ഡ്വാനാകാലത്തെ ശിലകള്‍ കാണാതിരുന്നതായിരുന്നു ഇതിനു കാരണം. എന്നാല്‍ മറ്റു ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങളാകണം ഇപ്രകാരം ശിലാന്യാസത്തില്‍ വ്യത്യാസം വരുത്തി വച്ചത്. ഗോണ്ഡ്വാനാലാന്‍ഡിന്റെ വടക്കന്‍ അതിര്‍ത്തി കരീബിയന്‍ കടല്‍, ആല്‍പ്സ്, ഹിമാലയ പര്‍വതം എന്നിവിടങ്ങളില്‍ക്കൂടിയാണെന്ന് പല ശാസ്ത്രജ്ഞരും വിശ്വസിക്കുന്നു.

ഗോണ്ഡ്വാനാലാന്‍ഡിലെ ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള പൂര്‍വ ബന്ധത്തിന് ഭൂമിശാസ്ത്രപരമായ തെളിവ് ഇവിടങ്ങളില്‍ കാണപ്പെടുന്ന പൂര്‍വ ശിലാന്യാസങ്ങളാണ്. ഈ ഭൂഖണ്ഡങ്ങളുടെ ഉത്പത്തിക്കും ഗോണ്ഡ്വാനാലാന്‍ഡിന്റെ നിലനില്‍പ്പിനും ഉപോദ്ബലകമായ മറ്റു തെളിവുകളാണ് ഇവിടെയെല്ലാം കാണപ്പെടുന്ന സമാന സസ്യ-ജന്തുജാലകങ്ങള്‍.

ഗോണ്ഡ്വാനാഭൂപ്രകൃതിയുടെ തുടര്‍ച്ച എല്ലാ ഭൂഖണ്ഡങ്ങളിലും കാണാം. മുന്‍കാലത്ത് ഈ ഭൂഖണ്ഡങ്ങളില്‍ നടന്ന മണ്ണൊലിപ്പും അവക്ഷിപ്ത-നിക്ഷേപവുംമൂലം രൂപംകൊണ്ട മരുഭൂമികള്‍, ചെറുകുന്നുകള്‍, ഗര്‍ത്തങ്ങള്‍ എന്നിവയുടെ തുടര്‍ച്ച എല്ലാ പ്രദേശങ്ങളിലും കാണുന്നുണ്ട്. പുതിയ സമുദ്രതീരപ്രദേശങ്ങളുടലെടുത്തതോടെ ഗോണ്ഡ്വാനാഭൂപ്രകൃതി വിഭജിച്ച് പല മേഖലകളിലായി മാറുകയുണ്ടായി. ഗോണ്ഡ്വാനാലാന്‍ഡിലെ ഭൂപ്രകൃതി വ്യതിയാനങ്ങള്‍മൂലമുണ്ടായ പ്രതിഭാസങ്ങളെക്കുറിക്കുന്ന വ്യക്തമായ തെളിവുകളൊന്നുമില്ലെങ്കിലും ഇവ സമാന്തരകാലത്തുണ്ടായിട്ടുള്ളവയാണെന്നു തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ ഭൂഖണ്ഡങ്ങളിലെ മരുഭൂമികളും മരുപ്പച്ചകളും ചെറുപീഠഭൂമികളും കല്‍ക്കരിപ്പാടങ്ങളും മറ്റും ഒരേ കാലത്തുണ്ടായവയാണെന്നു തെളിവുകള്‍ വെളിവാക്കുന്നു.

ശിലാചരിത്രം. ഗോണ്ഡ്വാനാലാന്‍ഡിന്റെ ഭാഗങ്ങളായി കരുതപ്പെടുന്ന പ്രദേശങ്ങളില്‍ കാണപ്പെടുന്ന ശിലാവിന്യാസവും ശിലാഘടനയും ശിലയിലെ ധാതുസമ്പത്തുമെല്ലാം പരസ്പരം സാമ്യമുള്ളതാണ്. ബ്രസീലിലും തെക്കേ അമേരിക്കയിലും ഈ സാദൃശ്യം വളരെയധികം പ്രകടമായിരിക്കുന്നു.

ഭൂഖണ്ഡങ്ങളുടെ ഘട്ടം ഘട്ടമായുള്ള ഭൂചരിത്രം അവയിലെല്ലാം സമാന പരിസ്ഥിതിയായിരുന്നുവെന്ന് വ്യക്തമാക്കുന്നു. ഈ ഭൂഖണ്ഡങ്ങളിലെല്ലാം ഒരേ കാലത്തു ഹിമപാതം ഉണ്ടായെന്നു കാണാം. കാമ്പ്രിയന്‍, സിലൂറിയന്‍, ഡെവോണിയന്‍, പെര്‍മോ- കാര്‍ബോണിഫെറസ് എന്നീ കാലങ്ങളിലുണ്ടായ ഹിമവര്‍ഷത്തിന്റെ സൂചനകള്‍ ഗോണ്ഡ്വാനാലാന്‍ഡിലെ എല്ലാ ഭൂഖണ്ഡങ്ങളിലും അവശേഷിച്ചിട്ടുണ്ട്. ഈ കാലഘട്ടം ഭൂ-ധ്രുവങ്ങളെ കേന്ദ്രീകരിച്ചാണ് രൂപപ്പെട്ടിരുന്നതെന്നു കാണാം. സമുദ്രതീരത്തോടടുത്ത പ്രദേശത്ത് ഹിമാനികള്‍ കുറവാണ്. ഗോണ്ഡ്വാനാലാന്‍ഡിലെ ശിലകള്‍ ഇപ്പോഴത്തെ സമുദ്രതീരത്തു നിന്നും ഭൂഖണ്ഡങ്ങള്‍ക്കുള്ളിലേക്കുള്ള മഞ്ഞിന്റെ ചലന സൂചനകളാണ്. ഭൂഖണ്ഡങ്ങളുടെ ഇപ്പോഴത്തെ സ്ഥാനം കണക്കാക്കുമ്പോള്‍ ഈ മഞ്ഞുകട്ടകള്‍ തികച്ചും അസ്ഥാനത്താണ്. അതുകൊണ്ട് ഈ ഭൂഖണ്ഡങ്ങളുടെ സ്ഥാനം ഇന്നത്തേതില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായിരുന്നുവെന്ന് വ്യക്തമാകുന്നു.

200 മില്യണ്‍ വര്‍ഷങ്ങള്‍ക്ക്മുന്‍പ് ലൗറേഷ്യയില്‍ നിന്നു വേര്‍പെട്ട് അകലുന്ന ഗോണ്ഡ് വാന

ഗോണ്ഡ്വാനാലാന്‍ഡില്‍ ഉള്‍പ്പെടുന്ന എല്ലാ ഭൂഖണ്ഡങ്ങളിലും ഭൂവിജ്ഞാനീയ മാപകത്തിലെ ഏറ്റവും ആദ്യഘട്ടമായ പ്രീ-കാമ്പ്രിയന്‍ യുഗത്തിലെ ശിലകള്‍ കാണാം. ഗോണ്ഡ്വാനാലാന്‍ഡിലെ ഏറ്റവും പഴക്കമാര്‍ന്ന ശിലകള്‍ ആര്‍ക്കിയന്‍ കല്പത്തിലെ ശിലകളായ നൈസുകള്‍, മിഗ്മറ്റൈറ്റുകള്‍, ഗ്രാനുലൈറ്റുകള്‍ തുടങ്ങിയവയാണ്. തെക്കേ ആഫ്രിക്കയില്‍ 344 കോടി വര്‍ഷം പഴക്കമുള്ള ആര്‍ക്കിയന്‍ ശിലകള്‍ കാണാം. ഈ പുരാതന ശിലകള്‍ക്കു മുകളിലായി മറ്റു പല പുരാതന ശിലാവിന്യാസങ്ങളുമുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞവ താരതമ്യേന കുറഞ്ഞ തോതിലേ രൂപവൈകൃതം പ്രകടിപ്പിക്കുന്നുള്ളൂ. ഇവയ്ക്ക് 300 കോടി വര്‍ഷം പഴക്കമുണ്ടെന്നാണ് കാലനിര്‍ണയ പഠനം വ്യക്തമാക്കുന്നത്. ഇന്ത്യ, ആസ്റ്റ്രേലിയ, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളില്‍ കാണുന്ന നൈസ് ശിലകള്‍ 300 കോടി വര്‍ഷം പഴക്കം നിര്‍ണയിക്കപ്പെട്ടവയാണ്. ഈ ശിലകള്‍ക്കു മുകളിലായി 270-250 കോടി വര്‍ഷത്തിനിടയ്ക്ക് കായാന്തരണവും ശിലാദ്രവ്യത്തിന്റെ നുഴഞ്ഞുകയറ്റവും നിമിത്തം രൂപവ്യതിയാനത്തിനു വിധേയമായ ശിലകള്‍ കാണാം. ഗോണ്ഡ്വാനാലാന്‍ഡിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം ശിലകള്‍ സാധാരണമാണ്. ഈ ഭൂഖണ്ഡങ്ങളില്‍ കൂടുതല്‍ ഭാഗത്തും ആര്‍ക്കിയന്‍ മഹാകല്പത്തിന്റെ അന്ത്യഘട്ടത്തിലാണ് കായാന്തരണവും ഭൂഗര്‍ഭത്തില്‍ നിന്നുള്ള ശിലാദ്രവ്യത്തിന്റെ നുഴഞ്ഞുകയറ്റവും നടന്നിട്ടുള്ളതെന്നു തെളിഞ്ഞിട്ടുണ്ട്. ഈ സമയത്തു തന്നെയാണ് ഭൂഖണ്ഡങ്ങളില്‍ ഒരു വന്‍ഭാഗം പര്‍വതരൂപീകരണത്തിനു വിധേയമായതും.

ആസ്റ്റ്രേലിയയില്‍ കിഴക്കോട്ടും, തെക്കേ ആഫ്രിക്കയില്‍ തെക്കോട്ടും, തെക്കെ അമേരിക്കയില്‍ പടിഞ്ഞാറോട്ടും, അന്റാര്‍ട്ടിക്കയില്‍ പസിഫിക് സമുദ്രത്തോടടുത്തും വരുന്ന ഭാഗങ്ങള്‍ ശേഷിച്ച ഭൂഖണ്ഡഭാഗങ്ങളുടെ രൂപീകരണത്തിനുശേഷം ഉരുത്തിരിഞ്ഞതാണെന്ന് പഠനങ്ങള്‍ വെളിവാക്കുന്നു. ഗോണ്ഡ്വാനാലാന്‍ഡിന്റെ മധ്യഭാഗത്തുനിന്ന് അരികുകളിലേക്കു വരുന്തോറും ഭൂഖണ്ഡഭാഗങ്ങള്‍ക്ക് പ്രായക്കുറവു കാണുന്നു എന്നു സാരം. ഗോണ്ഡ്വാനാലാന്‍ഡിന്റെ അരികുകള്‍ക്കിടയിലുള്ള കടല്‍ത്തറ ചലിക്കുന്നതിന്റെ ഫലമായി അവസാദങ്ങളടിഞ്ഞുകൂടി വ്യാപിച്ചുണ്ടായതാണ് ഇവ എന്നതാണ് ഈ പ്രായക്കുറവിനു കാരണം.

പ്രീ-കാമ്പ്രിയന്‍ മഹാകല്പത്തെത്തുടര്‍ന്നുള്ള പ്രോട്ടീറോസോയിക് മഹാകല്പത്തിലെ ശിലകളും ഗോണ്ഡ്വാനാലാന്‍ഡില്‍ വ്യാപകമായിട്ടുണ്ട്. ആസ്റ്റ്രേലിയയുടെ മധ്യഭാഗത്തും പശ്ചിമ ഭാഗത്തും കാണുന്ന ഡോളറൈറ്റ്, മണല്‍ക്കല്ല്, ചെര്‍ട്ട്, ഷേല്‍, ലാവ, ടഫ് എന്നിവ 200-220 കോടി വര്‍ഷത്തിനിടയ്ക്കു രൂപംകൊണ്ടവയാണ്. ഇതിനു സമാനമായ അഗ്നിപര്‍വതജന്യശിലകളും അവസാദശിലകളും ഇന്ത്യ, തെക്കേ അമേരിക്ക, തെക്കേ ആഫ്രിക്ക എന്നിവിടങ്ങളിലുമുണ്ട്. ഇന്ത്യയില്‍ ഇവ 180-210 കോടി വര്‍ഷത്തിനിടയ്ക്ക് പഴക്കം കാണിക്കുമ്പോള്‍ തെക്കേ ആഫ്രിക്കയിലേതിന്റെ പഴക്കം 120-195 കോടി വര്‍ഷത്തിനിടയ്ക്കാണ്. ആദ്യകാല പ്രോട്ടീറോസോയിക് നിക്ഷേപങ്ങള്‍ 6,000-12,000 മീ. കനത്തില്‍ കാണുന്നു.

മധ്യ-പ്രോട്ടീറോസോയിക് മഹാകല്പത്തില്‍ ഉരുത്തിരിഞ്ഞ അവസാദശിലകളും അന്തര്‍വേധ ശിലകളും ഇന്ത്യ, കിഴക്കേ ആസ്റ്റ്രേലിയ, ആഫ്രിക്ക, അന്റാര്‍ട്ടിക്ക, തെക്കേ അമേരിക്കയുടെ പ. ഭാഗം എന്നിവിടങ്ങളില്‍ കാണാം. ഉദ്ദേശം 100 കോടി വര്‍ഷം മുന്‍പായി കായാന്തരണത്തിനും രൂപവൈകല്യത്തിനും വിധേയമായവയാണിവയെല്ലാമെന്നു തെളിഞ്ഞിട്ടുണ്ട്. ഭൂഖണ്ഡങ്ങളുടെ അരികുകളോടടുത്തു വരുന്തോറും ഇവയിലെ രൂപമാറ്റം കൂടുതല്‍ വ്യാപകമായിരിക്കുന്നു.

ഉദ്ദേശം 62.5 കോടി വര്‍ഷം മുമ്പ് വലനം, ഭ്രംശനം, ദ്രവ്യശിലയുടെ തള്ളിക്കയറ്റം എന്നിവയ്ക്കു വിധേയമായ ടിലൈറ്റ് നിക്ഷേപങ്ങള്‍ ഗോണ്ഡ്വാനാലാന്‍ഡില്‍ വ്യാപകമായിട്ടുണ്ട്. ഇവ പ്രോട്ടിറോസോയിക് കല്പത്തിലെ അന്ത്യഘട്ടത്തെ കാണിക്കുന്നു. തെക്കേ ആസ്റ്റ്രേലിയ, ന്യൂസൗത്വെയില്‍സ്, പടിഞ്ഞാറെ ആസ്റ്റ്രേലിയ, ടാസ്മേനിയ എന്നിവിടങ്ങളില്‍ കാമ്പ്രിയന്‍ കല്പത്തിലെ ഫോസിലുകള്‍ നിറഞ്ഞ ശിലകള്‍ക്കു അടിയിലായി ടിലൈറ്റുകള്‍ കാണാം. ഗോണ്ഡ്വാനാലാന്‍ഡിന്റെ ചില ഭാഗങ്ങളില്‍ ഉദ്ദേശം 65-50 കോടി വര്‍ഷത്തിനിടയ്ക്ക് തീവ്രമായ രൂപവൈകല്യങ്ങളും കായാന്തരണവും ശിലാദ്രവ്യത്തിന്റെ അധിനിവേശവും നടന്നിട്ടുള്ളതായി വ്യക്തമാകുന്നു. വ്യാപകമായ ഈ വ്യതിയാനങ്ങള്‍ ഭൂഖണ്ഡങ്ങളുടെ അരികുകളില്‍ മാത്രമല്ല, മധ്യഭാഗത്തും മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്.

പുരാകാന്തിക പഠനം കാണിക്കുന്നത് ഗോണ്ഡ്വാനാലാന്‍ഡ് പൂര്‍വ-പാലിയോസോയിക് കല്പത്തിലാണ് മറ്റു ഭൂഖണ്ഡങ്ങളില്‍ നിന്നു വിഭജിതമാകാന്‍ തുടങ്ങിയതെന്നതാണ്. പാലിയോസോയിക് കല്പത്തിലുള്ള സമുദ്രജന്യമായ (marine) അവസാദശിലകള്‍ ഭൂഖണ്ഡങ്ങളുടെ ഉള്‍ഭാഗത്തു കേന്ദ്രീകരിച്ചിരിക്കുന്നു. പ്രോട്ടീറോസോയിക് കല്പത്തിന്റെ അന്ത്യത്തിലും പൂര്‍വ-പാലിയോസോയിക് കല്പത്തിലുമുണ്ടായ ശിലകളുടെ വ്യാപകമായ രൂപവൈകല്യങ്ങളും അവനതിയും സമുദ്രജന്യമായ അവസാദങ്ങള്‍ ഭൂഖണ്ഡങ്ങളുടെ അന്തര്‍ഭാഗത്തു കേന്ദ്രീകരിക്കാന്‍ ഇടയാക്കി.

പൂര്‍വ-പാലിയോസോയിക് കല്പത്തില്‍ അവക്ഷിപ്തങ്ങളടിഞ്ഞുണ്ടായ ഒരു വന്‍തടം മധ്യ-ആസ്റ്റ്രേലിയയില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഭൂഖണ്ഡത്തിന്റെ പ.-വ. അതിരുകളിലും ധാരാളം ചെറിയ തടങ്ങള്‍ കാണാം. മണല്‍ക്കല്ല്, ഷേല്‍, ചുണ്ണാമ്പുകല്ല്, ഡോളമൈറ്റ്, ജിപ്സം എന്നിവയാണ് ഈ തടങ്ങളില്‍ കാണുന്ന നിക്ഷേപങ്ങള്‍. ഈ കാലഘട്ടത്തില്‍ ആസ്റ്റ്രേലിയ ഭൂമധ്യരേഖയ്ക്കു 300-യ്ക്കുള്ളിലായിരുന്നുവെന്ന് പഠനങ്ങള്‍ വെളിവാക്കുന്നു. പൂര്‍വ-പാലിയോസോയിക് കല്പത്തിലെ അവസാദശിലകളൊന്നും ഇന്ത്യയില്‍ കാണുന്നില്ല. എന്നാല്‍ ആഫ്രിക്കയുടെ പടിഞ്ഞാറേ തീരത്തു കാണുന്ന നിരവധി തടങ്ങളില്‍ പൂര്‍വ-പാലിയോസോയിക് കല്പത്തിലെ അവസാദ ശിലകള്‍ ധാരാളമായുണ്ട്. ആഫ്രിക്കയിലെ സഹാറ മരുഭൂമി ഓര്‍ഡോവിഷന്റെ അവസാനത്തിലുള്ള ഷെല്ലുകളും, മണല്‍ക്കല്ലുകളും അരികുകൂര്‍ത്ത വന്‍ ഉരുളന്‍ കല്ലുകളുമടങ്ങിയ ടിലൈറ്റുകള്‍ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ഈ ടിലൈറ്റുകള്‍ക്കു മുകളിലായി പൂര്‍വ-സൈലൂറിയന്‍ കല്പത്തിലെ ഗ്രാപ്റ്റലിപ്റ്റുകളടങ്ങിയ ഷേലുകള്‍ കാണാം. പൂര്‍വ-പാലിയോസോയിക് കല്പത്തിലെ അവസാദശിലകളാണ് ആമസോണ്‍, പാര്‍ണൈബ എന്നിവിടങ്ങളില്‍ കാണുന്നത്. കാമ്പ്രിയന്‍, ഓര്‍ഡോവിഷന്‍ എന്നീ ഘട്ടങ്ങളിലെ ഫോസിലുകള്‍ ഇവിടെ അപൂര്‍വമാണെങ്കിലും ഈ കാലത്തേതെന്നു കരുതപ്പെടുന്ന അവസാദശിലകള്‍ക്കു മുകളിലായി സൈലൂറിയന്‍ ഘട്ടങ്ങളിലെ ഫോസിലുകള്‍ നിറഞ്ഞ ശിലാവിന്യാസങ്ങള്‍ കാണാം. പൂര്‍വ-പാലിയോസോയിക് മഹാകല്പത്തിലെ ശിലകളൊന്നും തന്നെ അന്റാര്‍ട്ടിക്കയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവിടത്തെ പൂര്‍വശില കട്ടികൂടിയ മഞ്ഞുപാളികള്‍ക്കിടയിലാണ്. അപ്പലേച്ചിയന്‍ ബള്‍ട്ടിന്റെ മധ്യഭാഗത്ത് തീവ്രമായ കായാന്തരണത്തിനു വിധേയമായ ശിലകളുടെ ഒരു വലയമാണ് പൂര്‍വകാലത്തെ വടക്കേ അമേരിക്കയുടെയും ഗോണ്ഡ്വാനാലാന്‍ഡിന്റെയും അതിര്. ഇക്കാരണത്താല്‍ തെക്കുകിഴക്കന്‍ യുണൈറ്റഡ് സ്റ്റേറ്റ്സും തെക്കന്‍ മെക്സിക്കോയും ഗോണ്ഡ്വാനാലാന്‍ഡില്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു. തെക്കേ അമേരിക്ക, ആഫ്രിക്ക, അന്റാര്‍ട്ടിക്ക, ഇന്ത്യ, ആസ്റ്റ്രേലിയ എന്നിവിടങ്ങളില്‍ പാലിയോസോയിക് കല്പത്തിന്റെ അന്ത്യദശയിലുള്ള ശിലകള്‍ കാണാം. ഡെവോണിയന്‍ കല്പത്തിലെ ഷേലുകള്‍ക്കും മണല്‍ക്കല്ലുകള്‍ക്കും മുകളിലായി പെര്‍മിയന്‍ കാലത്തെ ടിലൈറ്റുകളും അവയ്ക്കു മുകളിലായി കല്‍ക്കരി അടങ്ങിയ ഷേലുകളും കാണുന്നു. ഈ സാദൃശ്യമാണ് പാലിയോസോയിക് കാലത്ത് തെക്കന്‍ ഭൂഖണ്ഡങ്ങളെല്ലാം ഒരൊറ്റ ഭൂഭാഗമായിരുന്നുവെന്നതിനുള്ള ശക്തമായ ഒരു തെളിവ്.

മീസസോയിക് മഹാകല്പത്തില്‍ ഗോണ്ഡ്വാനാലാന്‍ഡിന്റെ വിഭജനത്തെത്തുടര്‍ന്ന് ഭൂവല്ക്കത്തിലനുഭവപ്പെട്ട വലിവ് വ്യാപകമായ തോതില്‍ അഗ്നിപര്‍വത സ്ഫോടനത്തിനിടയാക്കി. തുടര്‍ന്നുള്ള സീനസോയിക് കല്പത്തില്‍ സമുദ്രജലജന്യമായ നിരവധി നിക്ഷേപങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

ഇപ്രകാരം ശിലകളിലെ സമാനതയ്ക്കും ഏക ഘടനയ്ക്കും കാരണം മുന്‍പ് അവ ഒന്നായിരുന്നതാണെന്ന അഭിപ്രായം പല ശാസ്ത്രജ്ഞരും എതിര്‍ക്കുന്ന ഒന്നാണ്. അവരുടെ അഭിപ്രായത്തില്‍ ഗോണ്ഡ്വാനാലാന്‍ഡിന്റെ ഭാഗങ്ങളില്‍ കാണപ്പെടുന്ന സമാന ശിലാന്യാസങ്ങള്‍ ഒന്നിച്ചല്ലാതെ പലയിടത്തായി ഉണ്ടായവയാണ്.

സസ്യ-ജന്തുജാലങ്ങള്‍. പാലിയോസോയിക് കല്പത്തിലും മീസോസോയിക് കല്പത്തിലും ഉണ്ടായിരുന്ന പല സസ്യങ്ങളുടെയും ജന്തുക്കളുടെയും ഫോസിലുകള്‍ ഗോണ്ഡ്വാനാലാന്‍ഡില്‍ വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. ഡെവോണിയന്‍ കാലത്തെ പല അകശേരുകികളും സമുദ്രതട സസ്യങ്ങളും ബ്രസീല്‍, ഉറുഗ്വേ, ഫാക്ലന്‍ഡ് ദ്വീപ്, തെക്കേ ആഫ്രിക്ക, ടാസ്മേനിയ എന്നിവിടങ്ങളില്‍ ഉണ്ടായിരുന്നതായി ഫോസിലുകള്‍ തെളിയിക്കുന്നു. പെര്‍മോ-കാര്‍ബോണിഫെറസ് കാലത്തെ ചില സസ്യങ്ങളുടെയും സമുദ്രതടജീവികളായ പെലിസിപ്പോഡുകളുടെയും ഫോസിലുകള്‍ ഇന്ത്യ, അര്‍ജന്റീന, തെക്കേ ആഫ്രിക്ക, ആസ്റ്റ്രേലിയ എന്നിവിടങ്ങളില്‍ നിന്നു ലഭിച്ചിട്ടുണ്ട്. ഗോണ്ഡ്വാനാ കല്‍ക്കരി നിക്ഷേപത്തിനു കാരണമായ ഗ്ലോസോപ്റ്ററിസ് സസ്യജാലം ദക്ഷിണാര്‍ധ ഗോളത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും ഉണ്ടായിരുന്നു. കാര്‍ബോണിഫെറസിന്റെ ആദ്യഘട്ടം മുതല്‍ ക്രിട്ടേഷ്യസിന്റെ മധ്യഘട്ടംവരെയുള്ള ശിലകളില്‍ കാണപ്പെടുന്ന ഈ സസ്യത്തിന് 58 ഉപവര്‍ഗങ്ങളുണ്ട്. വിത്തുത്പാദിപ്പിക്കുന്ന ഇത് പന്നല്‍(fern)ച്ചെടികളുടെതു പോലുള്ള ഘടനയും ഇലകളും ഉള്ളവയാണ്. തെക്കേ അമേരിക്ക, അന്റാര്‍ട്ടിക്ക, ഫാക്ലന്‍ഡ്, തെക്കേ ആഫ്രിക്ക, ഇന്ത്യ, ആസ്റ്റ്രേലിയ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇതിന്റെ ഫോസിലുകള്‍ ലഭിച്ചിട്ടുണ്ട്. ബ്രസീലില്‍ നിന്നും തെക്കേ ആഫ്രിക്കയില്‍ നിന്നും കരയില്‍ വസിച്ചിരുന്ന സസ്തനികളെപ്പോലുള്ള ജന്തുക്കളുടെ ഫോസിലുകളാണ് കിട്ടിയിട്ടുള്ളത്.

ഈ വിധം സസ്യ-ജന്തു ജാലങ്ങളുടെ സദൃശതയ്ക്ക് ചില ജീവശാസ്ത്രകാരന്മാര്‍ നല്കുന്ന വിശദീകരണം; ദേശാടന സ്വഭാവമുണ്ടായിരുന്നതിനാല്‍ ഇവ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു പ്രയാണം നടത്തുക വഴി എല്ലായിടത്തും വ്യാപിച്ചു എന്നാണ്. എന്നാല്‍ ഈ വാദഗതിക്ക് ഉപോദ്ബലകമായ തെളിവുകളൊന്നുമില്ല. ഗോണ്ഡ്വാനാലാന്‍ഡിന്റെ വിഭജനത്തെത്തുടര്‍ന്ന് പല സസ്യ-ജന്തുജാലകങ്ങളും അപ്രത്യക്ഷമാവുകയും ചില പുതിയ ഇനങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

'ഗോണ്ഡ്വാനാലാന്‍ഡ്' ആധുനിക ഗ്രന്ഥങ്ങളില്‍ അധികമൊന്നും പ്രതിപാദിക്കപ്പെടാറില്ലെങ്കിലും വന്‍കര-വിസ്ഥാപനവും, വന്‍കരകളുടെ പൂര്‍വബന്ധങ്ങളും ഇന്ന് ശാസ്ത്രലോകം അംഗീകരിക്കുന്ന സിദ്ധാന്തങ്ങളാണ്.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍