This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോണ്ഡുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോണ്ഡുകള്‍

ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വസിക്കുന്ന ഒരു ആദിവാസി ജനവിഭാഗം. ഇവരുടെ ജനസംഖ്യ ഏതാണ്ടു 40 ലക്ഷത്തിലധികം വരും. ഇവരില്‍ പകുതിയിലധികം ദ്രാവിഡ ഭാഷാ കുടുംബത്തില്‍പ്പെട്ട 'ഗോണ്ഡി' എന്ന ഗോത്രഭാഷ സംസാരിക്കുന്നു. ഗോണ്ഡിക്ക് ലിപിവ്യവസ്ഥയില്ല. ബാക്കിയുള്ളവര്‍ തെലുഗു, ഹിന്ദി, മറാഠി എന്നീ ഭാഷകള്‍ സംസാരിക്കുന്നു.

മുസ്ലിം ചരിത്ര രേഖകളിലാണ് ഗോണ്ഡുകളെപ്പറ്റിയുള്ള ആദ്യപരാമര്‍ശം കാണുന്നത്. വ. വിന്ധ്യ പര്‍വതം മുതല്‍ തെ. ഗോദാവരി വരെയും കി. പൂര്‍വഘട്ടങ്ങള്‍ വരെയും പരന്നു കിടക്കുന്ന ഒരു വലിയ ഭൂസ്ഥലം ഗോണ്ഡുകളുടെ കൈവശമായിരുന്നു. ഈ സ്ഥലത്തിന് മുസ്ലിം ചരിത്രകാരന്മാര്‍ ഗോണ്ഡ്വാന എന്ന പേരുംനല്കി. ഗോണ്ഡു രാജവംശങ്ങളില്‍ പ്രധാനപ്പെട്ടത് ഗാര്‍ഹ, ദിയോഗാര്‍ ചന്ദാ എന്നിവയാണ്. 16-ാം ശ.-ത്തില്‍ ഗാര്‍ഹാകതംഗാ (ഗാര്‍ഹാമണ്ഡല) ഭരിച്ചിരുന്നത് റാണി ദുര്‍ഗാവതിയായിരുന്നു. പ്രജകളുടെ സ്നേഹാദരങ്ങള്‍ക്കു പാത്രമായിരുന്ന ഈ റാണി അക്ബറുടെ ആക്രമണം നേരിടുന്നതിനിടയില്‍ 1564-ല്‍ വീരചരമമടഞ്ഞു.

18-ാം ശ.-ത്തില്‍ ഗോണ്ഡ് രാജവംശങ്ങള്‍ മറാത്ത രാജവംശങ്ങളുടെ ആക്രമണങ്ങള്‍ക്കു വിധേയമായി. ഗോണ്ഡ്വാനാ പ്രദേശത്തിന്റെ ഭൂരിഭാഗവും നാഗ്പൂരിലെ ഭോണ്‍സ്ലാ രാജാവിന്റെ കൈവശമായി. ചില പ്രദേശങ്ങള്‍ ഹൈദരാബാദ് നൈസാമിന്റെ അധീനതയിലുമായി. 1818-നും 53-നും ഇടയ്ക്കുള്ള കാലത്ത് ഗോണ്ഡ്വാനയുടെ സിംഹഭാഗവും ബ്രിട്ടന്റെ നിയന്ത്രണത്തില്‍ വന്നു. ചത്തിസ്ഗഡും സമീപപ്രദേശങ്ങളും 1947 വരെ ഗോണ്ഡ് രാജാക്കന്മാരുടെ കൈവശമായിരുന്നു. സ്വാതന്ത്ര്യരാനന്തരം ഗോണ്ഡ്വാനാ പ്രദേശം ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ ഭാഗമായി. ഒഡിഷയിലും ഒരു നല്ല സംഖ്യ ഗോണ്ഡുകള്‍ ഉണ്ട്.

ഗോണ്ഡുകളുടെ വിവിധ ശാഖകള്‍ തമ്മില്‍ ഒരു സാംസ്കാരികൈക്യം ഇല്ലെന്നുതന്നെ പറയാം. ഗോണ്ഡുകളില്‍ ഏറ്റവും മുന്തിയ വിഭാഗം രാജകുടുംബങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രാജ് ഗോണ്ഡുകളാണ്. മധ്യപ്രദേശിന്റെ തെക്കേയറ്റത്തെ ജില്ലയായ ബസ്തറിലെ ഗിരിപ്രദേശങ്ങളില്‍ മൂന്നു പ്രശസ്ത ഗോണ്ഡ് ഗോത്രങ്ങളുണ്ട്. ഇവര്‍ തനതായ ഗോണ്ഡ് സംസ്കാരവും ഭാഷയും കൈവെടിഞ്ഞിട്ടില്ല. കൃഷിയാണ് ഇവരുടെ പ്രധാന ഉപജീവനമാര്‍ഗം. മത്സ്യബന്ധനം, വേട്ടയാടല്‍, മരംവെട്ട്, കുട്ട നിര്‍മാണം എന്നീ തൊഴിലുകളിലും ഇവര്‍ ഏര്‍പ്പെടുന്നുണ്ട്.

ജാതിഹിന്ദുക്കളുമായി സമ്പര്‍ക്കത്തിലാണെങ്കിലും രാജ് ഗോണ്ഡുകള്‍ ബ്രാഹ്മണരുടെ മേധാവിത്വം അംഗീകരിക്കുന്നില്ല. ഗോഹത്യാനിരോധനം തുടങ്ങിയ ഹിന്ദു നിയമങ്ങള്‍ ഇവര്‍ക്കു ബാധകവുമല്ല.

ഗോണ്ഡുകളില്‍ നല്ലൊരു വിഭാഗം തദ്ദേശീയരുമായി ഇടപഴകി ഹിന്ദുസംസ്കാരം കൈക്കൊണ്ടിട്ടുണ്ട്. പലയിടങ്ങളിലും ബഹുജാതി വ്യവസ്ഥയില്‍ ഒരു പ്രത്യേക ജാതിയായി ഇവര്‍ നിലകൊള്ളുന്നു. ഛത്തീസ്ഗഡ് പ്രദേശത്തെ ഗോണ്ഡുകള്‍ തദ്ദേശീയ ജീവിതശൈലി സ്വീകരിച്ചിട്ടുണ്ടെന്നു മാത്രമല്ല, ഗോണ്ഡിഭാഷ കൈവെടിഞ്ഞ് പ്രാദേശിക ഭാഷകള്‍ സംസാരിക്കുകയും ചെയ്യുന്നു. ആ പ്രദേശങ്ങളിലുള്ള ജാതിശ്രേണിയില്‍ താഴേക്കിടയിലാണ് ഗോണ്ഡുകള്‍ എങ്കിലും ഗിരിപ്രദേശങ്ങളില്‍ വസിക്കുന്ന ഗോണ്ഡുകളെക്കാള്‍ ഉയര്‍ന്നവരാണെന്ന് അവര്‍ ധരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍