This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോണിയൊമീറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോണിയൊമീറ്റര്‍

കോണ്‍ട്രാക്റ്റ് ഗോണിയൊമീറ്റര്‍ (പെന്‍ഫീല്‍ഡ് രൂപകല്പന ചെയ്ത്ത്)

ക്രിസ്റ്റലുകളുടെ അന്തര്‍മുഖ കോണുകള്‍ (interfacial angles) പോലുള്ള ഘനകോണുകള്‍ അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം. പലതരം ഗോണിയൊമീറ്ററുകള്‍ പ്രചാരത്തിലുണ്ടെങ്കിലും സാധാരണ ഉപയോഗിക്കാറുള്ള പ്രധാനപ്പെട്ട രണ്ടു തരമാണ് കോണ്‍ടാക്റ്റ് അഥവാ സ്പര്‍ശ ഗോണിയൊമീറ്റര്‍, റിഫ്ളക്റ്റിങ് അഥവാ പ്രതിഫലന ഗോണിയൊമീറ്റര്‍ എന്നിവ. ഇവയില്‍ ഏറ്റവും ലഘുവായ ഉപകരണം കോണ്‍ടാക്റ്റ് ഗോണിയൊമീറ്ററാണ്. പ്രതലം നന്നായി മിനുസപ്പെടുത്താത്ത വന്‍ക്രിസ്റ്റലുകളുടെ അന്തര്‍മുഖ കോണുകള്‍ അളക്കുന്നതിനാണ് ഇത്തരത്തിലുള്ളവ ഉപയോഗിക്കുന്നത്. അര്‍ധവൃത്താകൃതിയില്‍ ഡിഗ്രി അങ്കനം ചെയ്തിട്ടുള്ള ചാപം  പതിപ്പിച്ച  ഒരു കാര്‍ഡും, അതിന്റെ മധ്യത്തിലായി ആവശ്യാനുസൃതം ഏതു ദിശയിലേക്കും തിരിക്കാവുന്നവിധം ഘടിപ്പിച്ചിട്ടുള്ള രണ്ടു സെല്ലുലോയ്ഡ് ദണ്ഡുകളുമാണ് ഉപകരണത്തിന്റെ മുഖ്യഭാഗങ്ങള്‍. കാര്‍ഡിന്റെ താഴ്ഭാഗവും സെല്ലുലോയ്ഡ് ദണ്ഡിന്റെ കറുപ്പിച്ച അറ്റവും അന്തര്‍മുഖകോണ്‍ കാണേണ്ടുന്ന രണ്ടു പ്രതലങ്ങളിലായി കഴിയുന്നിടത്തോളം ചേര്‍ത്തുവച്ചിരിക്കും. കോണിന്റെ അളവ് ദണ്ഡ് തിരിയുന്നതിനനുസൃതമായി കാര്‍ഡില്‍ നോക്കി മനസ്സിലാക്കാം. ഗോണിയൊമീറ്ററിന്റെ താഴ്ഭാഗം ക്രിസ്റ്റലിന്റെ രണ്ടു പ്രതലങ്ങളുടെ ഇടയ്ക്കുള്ള വക്കിനു ലംബമായിരിക്കണം.

കോണ്‍ടാക്റ്റ് ഗോണിയൊമീറ്ററുകള്‍ പല മാതൃകയിലുണ്ട്. ലഘുവായ ഈ ഉപകരണത്തിന് ജന്മം നല്കിയ എസ്. എല്‍. പെന്‍ഫീല്‍ഡ് എന്ന ശാസ്ത്രജ്ഞന്റെ പേരിനോട് ചേര്‍ത്ത് ഇതിനെ 'പെന്‍ഫീല്‍ഡ് ഗോണിയൊമീറ്റര്‍' എന്നും പറയുന്നു. ഇത്തരം ഗോണിയൊമീറ്ററുകള്‍ ഉപയോഗിച്ചുള്ള അളവുകള്‍ അത്ര കൃത്യമല്ല.

റിഫ്ളക്റ്റിങ് ഗോളിയോമീറ്റര്‍

പ്രതലങ്ങള്‍ നന്നായി മുനുസപ്പെടുത്തിയ ക്രിസ്റ്റലുകളുടെ അന്തര്‍മുഖ കോണുകള്‍ ഏറെ കൃത്യമായി അളക്കുന്നതിന് ഉപയോഗിക്കുന്നവയാണ് റിഫ്ളെക്റ്റിങ് ഗോണിയൊ മീറ്ററുകള്‍. ചെറുക്രിസ്റ്റലുകളുടെ അന്തര്‍മുഖകോണ്‍ അളക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഉപകരണമാണിത്. 1809-ല്‍ വൊളാസ്റ്റണ്‍ എന്ന ശാസ്ത്രജ്ഞനാണ് റിഫ്ളക്റ്റിങ് ഗോണിയൊമീറ്ററിന് രൂപം നല്കിയത്. അന്നത്തേതിന് പലവിധ രൂപാന്തരങ്ങള്‍ സംഭവിച്ചതിന് ശേഷമുള്ള മാതൃകകളാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്. ഒരു കോളിമേറ്ററിലൂടെ കടന്നു വരുന്ന പ്രകാശ രശ്മികളെ പ്രതിഫലിപ്പിക്കാനുള്ള ക്രിസ്റ്റലുകളുടെ കഴിവാണ് ഇത്തരം ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തിനാധാരം. അങ്കനം ചെയ്യപ്പെട്ട ഒരു വൃത്തത്തില്‍ ഉറപ്പിച്ച ക്രിസ്റ്റലിനെ ഒരു പ്രത്യേക അക്ഷം കേന്ദ്രമാക്കി തിരിക്കുമ്പോള്‍ ഒരു വശത്തുണ്ടാകുന്ന പ്രതിബിംബത്തോടൊപ്പം അടുത്ത വശത്തുനിന്നുണ്ടാകുന്ന പ്രതിബിംബവും കാണാന്‍ കഴിയുന്നു. വൃത്തം തിരിയുന്ന കോണ്‍ ഇതില്‍ നിന്ന് നേരിട്ട് മനസ്സിലാക്കുകയുമാവാം. റിഫ്ളക്റ്റിങ് ഗോണിയൊമീറ്ററുകള്‍ മില്ലര്‍ സിസ്റ്റമനുസരിച്ച് ക്രിസ്റ്റല്‍പഠനം നടത്തുന്നതിന് അനുയോജ്യമായ കോണളവ് തരുന്നു. പ്രകാശശാസ്ത്രത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതിനാല്‍ ഇത്തരം ഗോണിയൊമീറ്ററുകളെ ഓപ്റ്റിക്കല്‍ ഗോണിയൊമീറ്ററുകള്‍ എന്നും വിവരിക്കാറുണ്ട്.

തിരശ്ചീന (horizontal) ഗോണിയൊമീറ്റര്‍, തീയൊഡലൈറ്റ് (theodolite) ഗോണിയൊമീറ്റര്‍ തുടങ്ങിയവയാണ് മറ്റിനങ്ങള്‍. തീയൊഡലൈറ്റ് ഗോണിയൊമീറ്ററുകള്‍ വളരെയധികം പ്രവര്‍ത്തനമേന്മകളുള്ളതാണ്.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍