This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോഡ്വിന്‍-ആസ്റ്റന്‍, ഹെന്റി ഹാവര്‍ഷാം (1834 - 1923)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോഡ്വിന്‍-ആസ്റ്റന്‍, ഹെന്റി ഹാവര്‍ഷാം (1834 - 1923)

Godwin-Asten, Henry Harversham

ബ്രിട്ടീഷ് പര്‍വത-പര്യവേക്ഷകനും ശാസ്ത്രജ്ഞനും. ഇംഗ്ലണ്ടിലെ റ്റീന്‍മത്ത് എന്ന സ്ഥലത്ത് 1834 ജൂല. 6-ന് ജനിച്ചു. സാന്‍ഡേഴ്സ്റ്റിലെ റോയല്‍ മിലിറ്ററി കോളജില്‍ പരിശീലനം നേടിയ ഗോഡ്വിന്‍-ആസ്റ്റന്‍ 1851-ല്‍ പട്ടാളത്തില്‍ ചേര്‍ന്നു.

ബ്രിട്ടീഷ് ഗവണ്‍മെന്റ് തുടങ്ങിവച്ച 'ഗ്രേറ്റ് ട്രിഗണോമെട്രിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ'യില്‍, കേണല്‍ തോമസ് ജോര്‍ജ് മോണ്ട് ഗോമറിയുടെ സഹായിയായി 1857-ല്‍ ഗോഡ്വിന്‍-ആസ്റ്റന്‍ നിയമിക്കപ്പെട്ടു. കാശ്മീരിന്റെ പ്രഥമ സര്‍വേ നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. കാശ്മീരില്‍, എത്തിപ്പറ്റാന്‍ പ്രയാസമായ ഉയരങ്ങളിലുള്ള അനേകം പര്‍വതശൃങ്ഗങ്ങളുടെ സ്ഥാനനിര്‍ണയം ഗോഡ്വിന്‍-ആസ്റ്റന്‍ നടത്തിയിട്ടുണ്ട്. 1860-കളില്‍ കാറക്കോറം മലനിരകളെക്കുറിച്ചുള്ള പഠനം ആരംഭിച്ചു. 1861-ല്‍ ബാള്‍ട്ടറോ ഹിമാനിയെയും അതിനുചുറ്റുമുള്ള മലനിരകളെയും പഠിച്ച് ഇദ്ദേഹം ആദ്യത്തെ മാപ്പുണ്ടാക്കുകയും വിശദമായ വിവരങ്ങള്‍ നല്കുകയും ചെയ്തു. ലോകത്തില്‍ രണ്ടാമത്തെ ഉയരം കൂടിയ പര്‍വത ശൃങ്ഗത്തെയും ഇദ്ദേഹം കണ്ടെത്തി. കുറേദൂരത്തുനിന്ന് മോണ്ട്ഗോമറി മുമ്പുതന്നെ ഇതിനെ തിരിച്ചറിഞ്ഞിരുന്നു. സര്‍വേ ആവശ്യങ്ങള്‍ക്കായി ഈ ശൃങ്ഗത്തിന് 'കെ-റ്റൂ' (K2) എന്ന് അവര്‍ പേരു നല്കി. ഹിമാലയ പര്‍വതത്തിന്റെ വിവിധ ശൃങ്ഗങ്ങളില്‍ ഗോഡ്വിന്‍-ആസ്റ്റന്‍ പലതവണ കയറിയിറങ്ങിയിട്ടുണ്ട്.

1877 ആയപ്പോഴേക്കും രോഗഗ്രസ്തനായിക്കഴിഞ്ഞ ഗോഡ്വിന്‍-ആസ്റ്റന് ഇംഗ്ലണ്ടിലേക്കു മടങ്ങേണ്ടിവന്നു. എന്നാല്‍ ഇംഗ്ലണ്ടിലെത്തിയിട്ടും ഹിമാലയത്തിന്റെ സ്ഥല വിവരങ്ങളും പ്രകൃതി ചരിത്രവും ഇദ്ദേഹത്തിന്റെ താത്പര്യപൂര്‍വമായ പഠന വിഷയങ്ങളായിത്തന്നെ തുടര്‍ന്നു. 1888-ല്‍ 'കെ-റ്റൂ'വിന് ഇദ്ദേഹത്തിന്റെ പേരു നല്കണമെന്ന ഒരു നിര്‍ദേശം ഉയര്‍ന്നു വന്നെങ്കിലും അതിനു ഔദ്യോഗികാനുമതി ലഭിച്ചില്ല. പക്ഷേ അനൗദ്യോഗികമായി കെ-റ്റൂ 'ഗോഡ്വിന്‍-ആസ്റ്റന്‍ കൊടുമുടി' എന്നുതന്നെയാണ് കൂടുതലായും അറിയപ്പെടുന്നത്. കെ-റ്റൂ ശൃങ്ഗത്തിന്റെ അടിവാരത്തുള്ള ഹിമാനിയായ ബാള്‍ട്ടറോയ്ക്ക് ഔദ്യോഗികമായിത്തന്നെ ഇദ്ദേഹത്തിന്റെ പേരു നല്കപ്പെട്ടു.

ഇംഗ്ലണ്ടിലെ സറേയിലുള്ള ഗൊഡാല്‍മിങ്ങില്‍ 1923 ഡി. 2-നു ഗോഡ്വിന്‍-ആസ്റ്റന്‍ ചരമമടഞ്ഞു. നോ: ഗോഡ്വിന്‍-ആസ്റ്റന്‍ കൊടുമുടി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍