This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുജ്റാല്‍, ഇന്ദര്‍കുമാര്‍ (1919 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുജ്റാല്‍, ഇന്ദര്‍കുമാര്‍ (1919 - )

ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രിയും നയതന്ത്രജ്ഞനും. രാജ്യസഭാംഗമായിരിക്കെ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ വ്യക്തി, ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണവും സൗഹൃദവും ദൃഢമാക്കുവാന്‍ ലക്ഷ്യംവച്ചുള്ള വിദേശനയത്തിന്റെ ഉപജ്ഞാതാവ് എന്നീ നിലകളിലും ഏറെ ശ്രദ്ധേയനാണ് ഐ.കെ. ഗുജ്റാല്‍.

ഐ.കെ.ഗുജറാള്‍

പശ്ചിമ പഞ്ചാബിലെ ഝലമില്‍ (നിലവില്‍ പാകിസ്താന്റെഭാഗം) 1919 ഡി. 4-ന് അവതാര്‍ നാരായണ്‍, പുഷ്പ ദമ്പതിമാരുടെ മകനായി ജനിച്ചു. എം.എ., ബി.കോം, പിഎച്ച്.ഡി, ഡി.ലിറ്റ് ബിരുദങ്ങള്‍ നേടിയിട്ടുള്ള ഇദ്ദേഹം, വിദ്യാര്‍ഥിയായിരിക്കെ ലാഹോറിലെ ഹെയ്ലി കോളജില്‍ വിദ്യാര്‍ഥി യൂണിയന്റെ പ്രസിഡന്റും പഞ്ചാബ് സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ സജീവ പങ്കാളികളായിരുന്ന കുടുംബത്തിലെ അംഗമെന്ന നിലയില്‍ ഗാന്ധിജിയുടെ സത്യാഗ്രഹ സമരപരിപാടികളില്‍ ആകൃഷ്ടനായ ഗുജ്റാല്‍, പതിനൊന്നാം വയസ്സില്‍ (1931) സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനും ഝലം നഗരത്തിലെ കുട്ടികളെ പങ്കാളികളാക്കി സമരം നയിച്ചതിനും മറ്റുമായി നിരവധി തവണ അറസ്റ്റ് ചെയ്യപ്പെടുകയും പൊലീസ് മര്‍ദനം ഏല്ക്കുകയും ചെയ്തു. 1942 ആഗസ്റ്റില്‍ ക്വിറ്റ്ഇന്ത്യാസമരത്തില്‍ അണിനിരന്നപ്പോള്‍ അമ്മയോടൊപ്പം ജയിലില്‍ അടയ്ക്കപ്പെട്ടു. 1945-ല്‍ എഴുത്തുകാരി കൂടിയായ ഷൈലയെ വിവാഹം ചെയ്തു. സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്നുണ്ടായ ഇന്ത്യാ-പാക് വിഭജനത്തിന്റെ ഫലമായി പാകിസ്താനില്‍ നിന്നും ഡല്‍ഹിയിലേക്ക് താമസം മാറ്റുവാന്‍ ഗുജ്റാലും കുടുംബവും നിര്‍ബന്ധിതരായി.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ വ്യക്തിത്വത്തിലും ആശയങ്ങളിലും ആകൃഷ്ടനായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേരുകയും രാഷ്ട്രീയ, സാമൂഹിക മാറ്റങ്ങള്‍ക്കായി യത്നിക്കുകയും ചെയ്ത ഇദ്ദേഹം, ഡല്‍ഹിയിലെ അഭയാര്‍ഥി ക്യാമ്പിലെ അന്തേവാസികള്‍ക്ക് ജോലി, വാസസ്ഥലം എന്നിവ കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങളില്‍ 1957-64 കാലയളവില്‍ ഏര്‍പ്പെടുകയും ഡല്‍ഹി മുനിസിപ്പാലിറ്റിയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ചെയ്തു.

ലോക്സഭാംഗമായിരിക്കെ 1964 മുതല്‍ 76 വരെ ഇന്ദിരാഗാന്ധി നേതൃത്വം നല്കിയ മന്ത്രിസഭയില്‍ വാര്‍ത്താ വിതരണം, സംപ്രേഷണം, പാര്‍ലമെന്ററികാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. 1975-76-ല്‍ അടിയന്തിരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ്ഗാന്ധി വാര്‍ത്താ സംപ്രേഷണത്തില്‍ ഇടപെടുവാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മന്ത്രിപദത്തില്‍ നിന്നൊഴിഞ്ഞ ഗുജ്റാല്‍ 1976-80 കാലയളവില്‍ സോവിയറ്റ് യൂണിയനില്‍ (യു.എസ്.എസ്.ആര്‍.) ഇന്ത്യന്‍ അംബാസിഡറായി സേവനമനുഷ്ഠിച്ചു.

80-കളുടെ മധ്യത്തോടെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും വിടപറഞ്ഞ് ജനതാദളില്‍ ചേര്‍ന്ന ഗുജ്റാല്‍ 1989-ല്‍ പഞ്ചാബിലെ ജലന്ധര്‍ നിയോജക മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെടുകയും വി.പി. സിങ് മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു. കുവൈത്തിലെ ഇറാഖ് അധിനിവേശം, 1991-ലെ ഒന്നാം ഗള്‍ഫ് യുദ്ധം എന്നിവയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയതും ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാംഹുസൈനുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടതും ഗുജ്റാളായിരുന്നു. 1991-ലെ ഉപതെരഞ്ഞെടുപ്പില്‍ ബിഹാറിലെ പാറ്റ്ന നിയോജകമണ്ഡലത്തില്‍ സമാജ്വാദിപാര്‍ട്ടിയുടെ യശ്വന്ത് സിന്‍ഹയ്ക്കെതിരെ നിന്നു മത്സരിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ കൃത്രിമത്വം നടന്നുവെന്നാരോപിച്ച് പ്രസ്തുത തെരഞ്ഞെടുപ്പ് റദ്ദുചെയ്യപ്പെടുകയുണ്ടായി.

1992-ല്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ഗുജ്റാല്‍, ഈ കാലഘട്ടത്തില്‍ ജനതാദളിന്റെ പ്രധാന നേതാക്കളിലൊരാളായി ഉയര്‍ന്നു. 1996-ല്‍ എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തില്‍ രൂപീകൃതമായ ഐക്യമുന്നണി സര്‍ക്കാരില്‍ ഗുജ്റാല്‍ വിദേശകാര്യവകുപ്പുമന്ത്രിയായിരിക്കെയാണ് (കുറച്ചുകാലത്തേക്ക് ജലസേചനവകുപ്പിന്റേയും അധികചുമതലയുണ്ടായിരുന്നു.) ഇന്ത്യയുടെ വിദേശകാര്യ ചരിത്രത്തിലെ ശ്രദ്ധേയമായ 'ഗുജ്റാല്‍ സിദ്ധാന്ത'ത്തിന് അന്തരീക്ഷമൊരുങ്ങിയത്.

ഐക്യമുന്നണി സര്‍ക്കാരിന് നല്‍കിവന്ന പിന്തുണ കോണ്‍ഗ്രസ് പിന്‍വലിക്കപ്പെട്ടതോടെ 1997 ഏപ്രിലില്‍ എച്ച്.ഡി. ദേവഗൌഡ സര്‍ക്കാര്‍ നിലംപൊത്തി. പെടുന്നനെയുള്ള ഒരു തെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനായി കോണ്‍ഗ്രസ്സും ജനതാദളും ധാരണയിലെത്തിയത് ഐ.കെ. ഗുജ്റാലിനെ പ്രധാനമന്ത്രിസ്ഥാത്തേയ്ക്കു നിയോഗിച്ചുകൊണ്ടായിരുന്നു. 1997-ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ അമ്പതാംവാര്‍ഷികം ആഘോഷിച്ച വേളയില്‍ പ്രധാനമന്ത്രിയായിരുന്നത് ഗുജ്റാളായിരുന്നു. അതേസമയം കക്ഷി-രാഷ്ട്രീയ അതിപ്രസരണങ്ങളാല്‍ കലുഷമായിരുന്നു ഗുജ്റാളിന്റെ ഭരണകാലം. ലാലുപ്രസാദ് യാദവ് ഉള്‍പ്പെട്ട കാലിത്തീറ്റ കുംഭകോണം, രാഷ്ട്രീയ ജനതാദളിന്റെ രൂപീകരണം, യു.പി.യിലെ കല്യാണ്‍ സിങ് സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ശ്രമങ്ങള്‍, രാജീവ് ഗാന്ധിയുടെ കൊലപാതകത്തെ സംബന്ധിച്ചുള്ള അന്വേഷണ (ജയിന്‍ കമ്മീഷന്‍) റിപ്പോര്‍ട്ട് തുടങ്ങി ഒട്ടനവധി പ്രതിസന്ധികള്‍ക്കൊടുവില്‍ 1997 നവംബറില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഐക്യമുന്നണി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഗുജ്റാല്‍ പ്രധാനമന്ത്രി പദം രാജിവക്കുകയും രാഷ്ട്രപതിയുടെ അഭ്യര്‍ഥനപ്രകാരം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ തത്സ്ഥാനത്ത് തുടരുകയും ചെയ്തു.

ഇന്ത്യയുടെ ഭരണചരിത്രത്തില്‍ പ്രധാനമന്ത്രിയായിരിക്കെത്തന്നെ വിദേശകാര്യ വകുപ്പിന്റെ കൂടി ചുമതല വഹിച്ചിട്ടുള്ളത് നെഹ്റുവും ഗുജ്റാളും മാത്രമാണ്. ജമ്മുകാശ്മീരിനെ ചൊല്ലി അരനൂറ്റാണ്ടിലേറെ നിലനിന്നു പോരുന്ന ഇന്ത്യ-പാക് ഭിന്നതകള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താനാകുമെന്ന് ഇദ്ദേഹം വിശ്വസിച്ചു. കാശ്മീരിനെ സംബന്ധിച്ച ഭിന്നതകള്‍ പരിഹരിക്കുന്നതിനായി പ്രധാനമന്ത്രിയായിരുന്ന കാലത്ത് സമാധാനം കൈവരുത്തുവാനും ദുരന്തങ്ങള്‍ ഒഴിവാക്കാനും സ്വമേധയാ നിരവധി ക്രിയാത്മക നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി. നേപ്പാള്‍, ബാംഗ്ളദേശ്, ഭൂട്ടാന്‍, മാലിദ്വീപ്, ശ്രീലങ്ക ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ അയല്‍രാജ്യങ്ങളുമായി സമാധാനവും സൗഹൃദവും ലക്ഷ്യംവച്ചുകൊണ്ടുള്ള ഗുജ്റാളിന്റെ ക്രിയാത്മക നയമായ ഗുജ്റാള്‍ സിദ്ധാന്തം (Gujral Doctrine) ഇന്ത്യയുടെ നയതന്ത്രചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ്. 1998-ല്‍ വാജ്പേയ് സര്‍ക്കാര്‍ പൊഖ്റാനില്‍ ആണവ പരീക്ഷണം നടത്തിയപ്പോള്‍ ഗുജ്റാല്‍ തന്റെ വിമര്‍ശനം തുറന്നുപറഞ്ഞിരുന്നു.

ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തെ (1996) ഉള്‍പ്പെടെ ഒട്ടനവധി അന്താരാഷ്ട്രവേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും നയിക്കുകയും വക്താവായി സംസാരിക്കുകയും മികവുറ്റരീതിയില്‍ ഇന്ത്യയുടെ സാന്നിധ്യമറിയിക്കുകയും ചെയ്യാന്‍ ഗുജ്റാളിനു കഴിഞ്ഞു. 1999-ലെ തെരഞ്ഞെടുപ്പോടെ ഗുജ്റാല്‍ രാഷ്ട്രീയത്തില്‍ സജീവമല്ലാതായി. എന്നിരുന്നാലും ഇന്ത്യ-പാക് ഫ്രണ്ട്ഷിപ്പ് സൊസൈറ്റി, ഡല്‍ഹി ആര്‍ട്ട് തീയറ്റര്‍ തുടങ്ങിയ സാമൂഹിക-സാംസ്കാരികവേദികളില്‍ ഇദ്ദേഹം ഇന്നും നിറസാന്നിധ്യമാണ്. പ്രശസ്ത ചരിത്രകാരനും ശില്പിയുമായ സതീഷ് ഗുജ്റാല്‍ ഇദ്ദേഹത്തിന്റെ സഹോദരനാണ്. മൂത്തമകന്‍ നരേശ് ഗുജ്റാല്‍ ലോക്സഭാംഗമായിരുന്നു. ഇന്ത്യയുടെ വിദേശനയത്തെ സംബന്ധിച്ച് ഇദ്ദേഹം രചിച്ച എ ഫോറിന്‍ പോളിസി ഫോര്‍ ഇന്ത്യ എന്ന പ്രബന്ധം (1998) ഇന്ത്യാ ഗവണ്‍മെന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍