This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിര്‍നാര്‍ (രൈവതകം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗിര്‍നാര്‍ (രൈവതകം)

ഗുജറാത്തിലെ ഒരു പര്‍വതം. കത്തിയവാറിനടുത്ത് സോമനാഥില്‍ നിന്നു 65 കി.മീ. വ. ജൂനഗഡിനു സമീപം സ്ഥിതിചെയ്യുന്ന ഗിര്‍നാര്‍ കുന്നുകള്‍ക്ക് സമുദ്രനിരപ്പില്‍നിന്ന് സു. 1111 മീ. ഉയരമുണ്ട്. ജൈനമതക്കാരുടെ ആരാധനാകേന്ദ്രം എന്ന നിലയില്‍ പ്രസിദ്ധമായ ഈ കുന്നുകള്‍ ഏതാനും ശിലാശാസനങ്ങള്‍ കൊണ്ടും ശ്രദ്ധേയമാണ്. താഴ്വാരത്തിലുള്ള ഒരു പാറയില്‍ അശോകന്റെ ശാസനം (ബി.സി. 250) കാണാനുണ്ട്. പ്രദേശിക ഭരണാധികാരിയായിരുന്ന രുദ്രഭാമ ഡക്കാന്‍രാജാവിനെ പരാജയപ്പെടുത്തിയതിന്റെ വീരകഥകള്‍ വിവരിക്കുന്നതാണ് മറ്റൊരു ശിലാശാസനം (എ.ഡി. 150).

ജൈനമതക്കാരുടെ 22-ാമത്തെ തീര്‍ഥങ്കരന്‍ നിര്‍വാണം പ്രാപിച്ചത് ഗിര്‍നാര്‍ കുന്നുകളില്‍ വച്ചാണെന്നു വിശ്വസിക്കപ്പെടുന്നു. 12-ാം ശ.-ത്തില്‍ നിര്‍മിച്ച ഒരു ജൈന വിഗ്രഹവും ചാലൂക്യരാജാക്കന്മാരുടെ കാലത്തെ പ്രസിദ്ധങ്ങളായ നിരവധി ക്ഷേത്രങ്ങളും ഗിര്‍നാറിലുണ്ട്. ഈ ജൈനക്ഷേത്രങ്ങള്‍ അഴകിലും മിഴിവിലും വലുപ്പത്തിലും ഹൈന്ദവ വാസ്തുശില്പകലയുമായി വളരെയേറെ സാദൃശ്യം പുലര്‍ത്തുന്നു. ചിത്രപ്പണികളുള്ള കുംഭഗോപുരങ്ങള്‍, അതിമനോഹര ശില്പവേലകളോടുകൂടിയ തൂണുകള്‍, മാര്‍ബിള്‍ പതിച്ച് മനോഹരങ്ങളാക്കിയ മച്ചുകള്‍, ചാരുതയാര്‍ന്ന മുഖമണ്ഡപങ്ങള്‍, ഭംഗിയുള്ള ചെറിയ ശില്പങ്ങള്‍, ഭീമാകാരങ്ങളായ പ്രതിമകള്‍ എന്നിവ പുരാതന ഹൈന്ദവ ക്ഷേത്രങ്ങളുടെ സാദൃശ്യം അനുഭവപ്പെടുത്തുന്നു.

രൈവതം എന്നും കജ്ജയനൂപുരി എന്നും പുരാണപ്രസിദ്ധമായ പര്‍വതത്തിന്റെ ഇന്നത്തെ പേരാണ് ഗിര്‍നാര്‍. ഗേരുവനാഥ്, ദത്താത്രയ, കലിക മുതലായവ ഗിര്‍നാറിലെ പ്രധാനപ്പെട്ട ശൃംഗങ്ങളാണ്. ഒരിക്കല്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോടൊപ്പം പ്രഭാസക്ഷേത്രത്തില്‍ക്കൂടി സഞ്ചരിച്ചപ്പോള്‍ ഈ പര്‍വതത്തില്‍ വന്നിരുന്നതായി മഹാഭാരതം ആദിപര്‍വത്തില്‍ കാണുന്നു. രൈവതപര്‍വതത്തില്‍ യാദവന്മാര്‍ നടത്തിയ വലിയ ഉത്സവാഘോഷത്തില്‍ വച്ച് ശ്രീകൃഷ്ണന്റെ സഹോദരിയായ സുഭദ്രയെ അര്‍ജുനന്‍ അപഹരിച്ചതായി മഹാഭാരതം ആദിപര്‍വത്തില്‍ പരാമര്‍ശമുണ്ട് നോ: ഗിരിനഗര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍