This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിരീഷ് പുത്തഞ്ചേരി (1961 - 2010)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗിരീഷ് പുത്തഞ്ചേരി (1961 - 2010)

ചലച്ചിത്ര ഗാനരചയിതാവ്, കവി, തിരക്കഥാകൃത്ത്. ജ്യോതിഷവൈദ്യപണ്ഡിതനായ പുളിക്കല്‍ കൃഷ്ണപ്പണിക്കരുടെയും കര്‍ണാടക സംഗീതവിദുഷിയായ മീനാക്ഷിയമ്മയുടെയും മകനായി 1961-ല്‍ കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിക്കടുത്ത് പുത്തഞ്ചേരിയില്‍ ജനിച്ചു. പുത്തഞ്ചേരി സര്‍ക്കാര്‍ എല്‍.പി. സ്കൂള്‍, മൊടക്കല്ലൂര്‍ യു.പി സ്കൂള്‍, പാലോറ സെക്കണ്ടറി സ്കൂള്‍; കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്ട് ആന്‍ഡ് സയന്‍സ് കോളജ് എന്നിവിടങ്ങളി-ലായിരുന്നു വിദ്യാഭ്യാസം. വിദ്യാഭ്യാസകാലത്തു തന്നെ കവിതാരചനയില്‍ കഴിവു തെളിയിച്ച ഗിരീഷ് തുടര്‍ന്ന് കോഴിക്കോട് ആകാശവാണിക്കും ഏതാനും സ്വകാര്യ റെക്കോഡിങ് കമ്പനികള്‍ക്കും വേണ്ടി ലളിതഗാനങ്ങള്‍ രചിക്കുകയുണ്ടായി. 1988-ല്‍ 'ചക്രവാളത്തിനപ്പുറം' എന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങള്‍ എഴുതിക്കൊണ്ട് ചലച്ചിത്രരംഗത്ത് എത്തി. 'ദേവാസുരം' (1993) എന്ന ചിത്രത്തിലെ 'സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍' എന്ന ഗാനം ഗിരീഷ് പുത്തഞ്ചേരിയെ മലയാള ചലച്ചിത്ര ഗാനരചയിതാക്കള്‍ക്കിടയില്‍ മുന്‍നിരക്കാരനാക്കി. തുടര്‍ന്ന് ശ്രദ്ധേയമായ ഒട്ടനവധി ഹിറ്റ് ഗാനങ്ങള്‍ സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിന്റെ വരികള്‍ക്കായി. ഏതാണ്ട് 328 ചിത്രങ്ങളിലായി 1556 ഗാനങ്ങള്‍ക്ക് രചന നിര്‍വഹിച്ചിട്ടുണ്ട്. 1995, 97, 99, 2001, 02, 04 വര്‍ഷങ്ങളില്‍ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന് അര്‍ഹനായി. ചലച്ചിത്രഗാനരചനയ്ക്ക് 2004, 06, 08 വര്‍ഷങ്ങളില്‍ ഏഷ്യാനെറ്റ് സിനിമാ അവാര്‍ഡ് ലഭ്യമായിട്ടുള്ളതിനുപുറമേ നിരവധിതവണ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്. കവി എന്ന നിലയിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. ഷഡ്ജം, തനിച്ചല്ല, എന്റെ പ്രിയപ്പെട്ട പാട്ടുകള്‍ എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കവിതാസമാഹാരങ്ങള്‍. 'മേലെപ്പറമ്പില്‍ ആണ്‍വീട്' എന്ന ചിത്രത്തിന്റെ കഥാരചനയ്ക്കു പുറമേ, 'കിന്നരിപ്പുഴയോരം', 'പല്ലാവൂര്‍ ദേവനാരായണന്‍', 'വടക്കുംനാഥന്‍' എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്.

തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്ന് 2010 ഫെ. 10-ന് അന്തരിച്ചു. അവസാനമായി ഗാനരചന നിര്‍വഹിച്ചത് ശിക്കാര്‍ (2010) എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു. സാധാരണ പദങ്ങള്‍ കൂട്ടിയിണക്കി അപൂര്‍വമായ അനുഭവം സമ്മാനിക്കുന്ന ഗാനരചയിതാവായാണ് ഗിരീഷ് പുത്തഞ്ചേരിയെ പൊതുവേ വിലയിരുത്തുന്നത്.

(വിജയകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍