This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിരീഷ് കാസറവള്ളി (1950 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗിരീഷ് കാസറവള്ളി (1950 - )

ഗിരീഷ് കാസറവള്ളി

ഇന്ത്യന്‍ ചലച്ചിത്ര സംവിധായകന്‍. സംസ്കാരയിലാരംഭിച്ച കര്‍ണാടക നവ സിനിമയ്ക്കു ചലനാത്മകത പകര്‍ന്ന സമാന്തര സിനിമാ സംവിധായകരിലൊരാളാണ് ഗിരീഷ് കാസറവള്ളി. 1950-ല്‍ കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലെ കോസല്ലൂരില്‍ ഗണേഷ് റാവുവിന്റെയും ലക്ഷ്മിദേവിയുടെയും മകനായി ജനിച്ചു. യക്ഷഗാന കലാകാരനായ പിതാവില്‍ നിന്നും നന്നേ ചെറുപ്പത്തിലേ കലയോടുള്ള ആഭിമുഖ്യം ഗിരീഷ് കാസറവള്ളിയില്‍ പ്രകടമായിരുന്നു. മണിപ്പാലിലെ സ്കൂള്‍ ഒഫ് ഫാര്‍മസിയില്‍ നിന്നും ബി.ഫാം പൂര്‍ത്തിയാക്കിയ ഇദ്ദേഹം സിനിമയോടുള്ള ഹൃദ്യമായ ആഭിമുഖ്യം കൊണ്ടാണ് ചലച്ചിത്ര രംഗത്തേക്കു കടക്കുന്നത്. പൂണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു 1975-ല്‍ ബിരുദം നേടി. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് ഗിരീഷ് നിര്‍മിച്ച ഡിപ്ലോമ ചിത്രമായ അവശേഷ് മികച്ച പരീക്ഷണ ലഘുചിത്രത്തിനുള്ള ദേശീയ അവാര്‍ഡിനര്‍ഹമായി. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ബി.വി. കാരന്തിന്റെ ചോമനദുഡിയില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. ആദ്യ ചിത്രമായ 'ഘടശ്രാദ്ധ' അക്കൊല്ലത്തെ (1977) ദേശീയ അവാര്‍ഡ് നേടി. കര്‍ണാടകത്തിലെ നവ സിനിമയുടെ പൊതുസ്വഭാവങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ചിത്രമാണ് 'ഘടശ്രാദ്ധ'. പുരോഗതിക്കുനേരെ വിലങ്ങടിച്ചു നില്ക്കുന്ന ഒരു ഗ്രാമവും അവിടത്തെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമൊക്കെ ഈ ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നു. വിധവയോടുള്ള സമൂഹത്തിന്റെ സമീപനരീതി ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്.

ഗഥശ്രദ്ധ (1977), തബരനകഥെ (1987), മാനേ (1990), എക് ഖര്‍ (1991), ക്രൌര്യ (1996), തായി സഹേബാ (1997), ദ്വീപ (2002), ഹസീന (2004), നായി നേരാലു (2006), ഗുലാബി ടാക്കീസ് (2008) എന്നിവയാണ് ഇദ്ദേഹം ഇതുവരെ സംവിധാനം നിര്‍വഹിച്ചിട്ടുള്ള ചിത്രങ്ങള്‍. ഇതില്‍ 'ഗഥശ്രദ്ധ', 'തബരനകഥെ', 'തായി സഹേബാ', 'ദ്വീപാ' എന്നിവ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടുകയുണ്ടായി. 'ഹസീന'യ്ക്ക് 2005-ലെ മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും 'ബന്നാഡ വേഷ', 'ഗുലാബി ടാക്കീസ്' എന്നിവയ്ക്കു 1989, 2009 വര്‍ഷങ്ങളിലെ മികച്ച പ്രാദേശിക (കന്നഡ) ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. കൂടെ നിരവധി തവണ കര്‍ണാടക സര്‍ക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. കാസറവള്ളിയുടെ ചലച്ചിത്ര മേഖലയിലെ സംഭാവനകളെ മുന്‍നിര്‍ത്തി സൗത്ത് ഏഷ്യന്‍ സിനിമ ഫൌണ്ടേഷന്‍സ് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രിസ്റ്റല്‍ഗ്ളോബ് പുരസ്കാരം 2009-ല്‍ ലഭിച്ചു. ലോകത്തെ ഇതരഭാഗങ്ങളിലുള്ള ചലച്ചിത്രോത്സവങ്ങളിലൂടെ ഗിരീഷ് കാസറവള്ളിയുടെ ചലച്ചിത്രങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍