This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിരി, വി.വി. (1894 - 1980)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗിരി, വി.വി. (1894 - 1980)

ഇന്ത്യയിലെ മുന്‍ രാഷ്ട്രപതി. ഒറീസയിലുള്ള ഗഞ്ചം ഡിസ്ട്രിക്ടിലെ ബര്‍ഹാംപൂരില്‍ 1894 ആഗ. 10-ന് വരാഹഗിരി വെങ്കിട്ടഗിരി ജനിച്ചു. ഇദ്ദേഹത്തിന്റെ അച്ഛന്‍ വി.വി. ജഗയ്യപാന്തലൂലു ഒരു വക്കീലായിരുന്നു. ദേശീയ പ്രസ്ഥാനത്തില്‍ ഇദ്ദേഹം നല്ലൊരു പങ്കു വഹിച്ചു. കുടുംബത്തിലെ അന്തരീക്ഷവും അച്ഛന്റെ പ്രവര്‍ത്തനങ്ങളും വി.വി. ഗിരിയെ വളരെ സ്വാധീനിച്ചിരുന്നു.

വി.വി.ഗിരി

ബര്‍ഹാംപൂര്‍ സ്കൂളിലും കോളജിലും വിദ്യാഭ്യാസം നിര്‍വഹിച്ചശേഷം ഉന്നത വിദ്യാഭ്യാസത്തിനായി  അയര്‍ലണ്ടില്‍ പോയി. ഡബ്ലിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബാരിസ്റ്റര്‍ ബിരുദം സമ്പാദിച്ചു.

തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനായിരുന്നു ഗിരി 1916-ല്‍ ഇന്ത്യയിലേക്കു മടങ്ങിയത്. അയര്‍ലണ്ടിലെ തൊഴിലാളി പ്രസ്ഥാനം  ഗിരിയെ നന്നായി സ്വാധീനിച്ചിരുന്നു. ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷം ഇദ്ദേഹം തൊഴിലാളി പ്രസ്ഥാനങ്ങളില്‍ ശ്രദ്ധ  കേന്ദ്രീകരിച്ചു. ബര്‍ഹാംപൂരില്‍ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടുവെങ്കിലും ദേശീയ പ്രസ്ഥാനത്തിലും സജീവമായി പങ്കുകൊണ്ടു. ഹോംറൂള്‍ പ്രസ്ഥാനത്തിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലും ഇദ്ദേഹം ചേര്‍ന്നു. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തോടു ബന്ധപ്പെട്ട് ഗിരിയെ അറസ്റ്റ് ചെയ്തു ശിക്ഷിച്ചു.

1922 ആയപ്പോഴേക്കും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല മുഖ്യമായും തൊഴിലാളി പ്രസ്ഥാനത്തിലേക്കു തിരിഞ്ഞു. 1923-ല്‍ ആള്‍ ഇന്ത്യാ റെയില്‍വേമെന്‍സ് ഫെഡറേഷന്‍ രൂപവത്കരിച്ചു. അതിന്റെ പ്രസിഡന്റായി ഇദ്ദേഹത്തെ രണ്ടു പ്രാവശ്യം (1926-ലും 1942-ലും) തെരഞ്ഞെടുത്തു. ജനീവയില്‍ 1927-ല്‍ നടന്ന അന്താരാഷ്ട്ര തൊഴിലാളി സമ്മേളനത്തില്‍ പങ്കെടുത്തു. തൊഴിലാളികളുടെ പ്രതിനിധിയായി രണ്ടാം വട്ടമേശ സമ്മേളനത്തിലും പങ്കുകൊണ്ടു.

നിയമലംഘന പ്രസ്ഥാനത്തിന് തൊഴിലാളികളുടെ സഹായം ലഭിക്കുവാന്‍ വേണ്ടി ഗിരി അവരുടെ ഇടയില്‍ പ്രവര്‍ത്തിച്ചു. 1934 മുതല്‍ 1937 വരെ ഇന്ത്യയിലെ നിയമനിര്‍മാണ സഭയില്‍ ഇദ്ദേഹം അംഗമായിരുന്നു. 1936-ല്‍ ചെന്നൈയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് സി. രാജഗോപാലാചാരിയുടെ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായി. 1946-ല്‍ പ്രകാശം മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായി സേവനമനുഷ്ഠിച്ചു. പിന്നീട് സിലോണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി.

1952-ലെ പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ച് നെഹ്റുവിന്റെ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായി. 1954-ല്‍ ഇദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു. തുടര്‍ന്ന് 1957-ല്‍ ഇദ്ദേഹത്തെ ഉത്തര്‍പ്രദേശ് ഗവര്‍ണറായി നിയമിച്ചു. 1861 മുതല്‍ 1965 വരെ കേരള ഗവര്‍ണറായി സേവനമനുഷ്ഠിച്ചു. അതിനുശേഷം കുറേക്കാലം കര്‍ണാടക ഗവര്‍ണറായും പ്രവര്‍ത്തിക്കുകയുണ്ടായി 1967-ല്‍ വി.വി. ഗിരി ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 1969-ല്‍ രാഷ്ട്രപതിയായിരുന്ന ഡോ. സക്കീര്‍ ഹുസൈന്റെ നിര്യാണത്തെത്തുടര്‍ന്ന് ഇദ്ദേഹം രാഷ്ട്രപതിയായി അവരോധിതനായി. 1969-ല്‍ ഇന്ത്യയുടെ നാലാമത്തെ പ്രസിഡന്റായി വി.വി. ഗിരിയെ തെരഞ്ഞെടുത്തു.

വ്യാവസായിക ബന്ധങ്ങളെക്കുറിച്ചും ഇന്ത്യന്‍ വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളി പ്രശ്നങ്ങളെക്കുറിച്ചും രണ്ടു ഗ്രന്ഥങ്ങള്‍ വി.വി. ഗിരി രചിച്ചു. 1980 ജൂണ്‍ 24-ന് ഗിരി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍