This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിരിനഗര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗിരിനഗര്‍

ഗുജറാത്തിലെ ഏറ്റവും ഉയരമേറിയതും ജൈനര്‍ക്ക് ഏറെ പവിത്രവുമായ പര്‍വതനഗരം. ജൈനരുടെ തീര്‍ഥാടന കേന്ദ്രം എന്ന നിലയിലാണ് ഗിരിനഗര്‍ ശ്രദ്ധേയമായിട്ടുള്ളത്. അശോകന്റെ കാലംമുതല്‍ തന്നെ ഈ പര്‍വതപ്രദേശം ഒരു തീര്‍ഥാടനകേന്ദ്രം എന്ന നിലയില്‍ പ്രസിദ്ധമായിരുന്നു. ബി.സി. 250 വരെ പഴക്കമുള്ള അശോകന്റെ ശിലാലിഖിതങ്ങളിലും രുദ്രദാമന്റെയും (150 എ.ഡി.) സ്കന്ദഗുപ്തന്റെയും (455 എ.ഡി.) ചരിത്ര രേഖകളിലും ഇതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. ഇന്ത്യയുടെ ചരിത്ര സ്മാരകങ്ങളില്‍ അമൂല്യമായ സ്ഥാനമാണ് ഈ നഗരത്തിനു നല്കിയിട്ടുള്ളത്.

'പര്‍വതനഗരം' എന്നര്‍ഥം വരുന്ന 'ഗിര്‍നാര്‍' എന്ന വാക്കില്‍ നിന്നാണ് ഗിരിനഗറിന്റെ നിഷ്പത്തി. സമുദ്രനിരപ്പില്‍നിന്ന് സു. 1,111 മീ. വരെ ഉയരമുള്ള ഈ പര്‍വതശിഖരം ഒരു ഗ്രാനൈറ്റ് ശിലയാല്‍ ആവൃതമാണ്. ജൈനക്ഷേത്രങ്ങള്‍ ധാരാളമായി കാണപ്പെടുന്ന ഈ പര്‍വതഭാഗത്തിന്റെ ശൃങ്ഗത്തില്‍ ചുറ്റുമതില്‍ കൊണ്ടു സംരക്ഷിക്കപ്പെട്ട രീതിയില്‍ 16 ക്ഷേത്രങ്ങള്‍ ഒരു കൂട്ടമായി കാണാം. നേമിനാഥ ക്ഷേത്രമാണ് ഇതില്‍ ഏറ്റവും പ്രധാനം. 1159-ല്‍ പണിതീര്‍ന്ന ഈ ക്ഷേത്രം 1278-ല്‍ പുനരുദ്ധരിക്കപ്പെട്ടു. മറ്റു പ്രധാന ക്ഷേത്രങ്ങളായ മല്ലിനാഥക്ഷേത്രവും (1230-ല്‍ തേജപാലനും വാസ്തുപാലനും ചേര്‍ന്ന് നിര്‍മിച്ചത്.) സംപ്രാജിരാജക്ഷേത്രവും (1158) ഇക്കൂട്ടത്തില്‍ത്തന്നെ. ബാക്കിയുള്ളവ 13-16 ശ.-ങ്ങളിലേതാണ്. അരിസ്തനേമി എന്നു പേരുള്ള ഒരു ജൈന ഋഷിയുടെ സമാധിസ്ഥലം കൂടിയാണിവിടം.

കത്തിയവാറിലെ ജുനഗഡില്‍നിന്ന് 16 കി.മീ. കിഴക്കായി സ്ഥിതിചെയ്യുന്ന ഈ പര്‍വതശിഖരങ്ങളില്‍ കാണപ്പെടുന്ന ജൈനക്ഷേത്രങ്ങള്‍ മിക്കതും ഇപ്പോള്‍ നാശോന്മുഖാവസ്ഥയിലാണ്. ഗിരിനഗര്‍കുന്നുകളില്‍ ഇടതിങ്ങിയ വനപ്രദേശങ്ങളും കണ്ടെത്താം. ഇന്ത്യന്‍ സിംഹങ്ങളുടെ വാസസ്ഥാനമെന്ന നിലയിലും പ്രശസ്തമാണ് ഈ വനങ്ങള്‍. സംരക്ഷിത വനങ്ങളാണ് ഇവയെല്ലാംതന്നെ. ഒരു ദേശീയ ഉദ്യാനവും ഇവിടെയുണ്ട്.

'നാസിക്കി'ലെ മാലിഗണിലുള്ള ജഗത്പുരി താലൂക്കിലെ ഒരു പുരാതന പട്ടണത്തിനും ഗിരിനഗര്‍ എന്നു പേരുണ്ട്. പുലികേശി കക-ന്റെ ലഹാനര്‍ ശാസനങ്ങളില്‍ ഇതേക്കുറിച്ചുള്ള പരാമര്‍ശം കാണാം. നോ: ഗിര്‍നാര്‍പ

(ജെ.കെ. അനിത; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍