This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിയാപ്, വോ ന്ഗൂയെന്‍ (1912 - 81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗിയാപ്, വോ ന്ഗൂയെന്‍ (1912 - 81)

Giap, Vo Nguyen

വിയറ്റ്നാംകാരനായ കമ്യൂണിസ്റ്റ് ഗറില്ലായുദ്ധതന്ത്രജ്ഞനും സൈനിക ശാസ്ത്രജ്ഞനും. 1912-ല്‍ വിയ്റ്റ്നാമിലെ ക്വാന്‍ങ് ബിനില്‍ ഒരിടത്തരം കുടുംബത്തില്‍ ജനിച്ചു. ഹ്യൂയിലെ ക്യോക് കോളജിലെ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ഫ്രഞ്ചുവിരുദ്ധ പ്രസ്ഥാനത്തില്‍ സജീവമായി. അക്കാലത്താണ് ഹോചിമിന്‍ രചിച്ച ചില ലഘുലേഖകള്‍ വായിക്കാനിടയായത്. ഈ ലഘുലേഖകളാണ് ഗിയാപിനെ ഒരു കമ്യൂണിസ്റ്റാക്കിത്തീര്‍ത്തത്. ഹനോയ് സര്‍വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം ചരിത്രാധ്യാപകനായി ജോലിനോക്കി.

വോ ന്ഗൂയെന്‍ ഗിയാപ്

1930-ല്‍ ഹോങ്കോങ്ങില്‍വച്ച് ഹോചിമിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഇന്തോ-ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്നു ഗിയാപ്. അധികം വൈകാതെ ഗിയാപിനെ ഫ്രഞ്ചുകാര്‍ ജയിലിലടച്ചു. ഫ്രഞ്ചുജയിലിലെ ജീവിതകാലത്താണ് ഗിയാപ് തന്റെ ഭാവിവധുവിനെ കണ്ടെത്തിയത്. ജയില്‍വിമുക്തനായ ഗിയാപ്, ഹാനോയ് യൂണിവേഴ്സിറ്റിയില്‍നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടി. തുടര്‍ന്ന് താങ്ലോങ് കോളജില്‍ ചരിത്രാധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ചരിത്രാധ്യാപകനെന്ന നിലയില്‍ വിയറ്റ്നാമിന്റെ കഴിഞ്ഞകാല ചരിത്രവും സമകാലീന ചരിത്രവും ഇദ്ദേഹത്തിനു പഠിക്കേണ്ടിവന്നു. ഈ പഠനങ്ങള്‍ ഇദ്ദേഹത്തെ ഒരു തികഞ്ഞ ദേശീയവാദിയും, വിയറ്റ്നാമിന്റെ ചൂഷകരായ ഫ്രഞ്ച് സാമ്രാജ്യത്വത്തോടും ചൈനീസ് സാമ്രാജ്യത്വത്തോടും കടുത്ത വിരോധമുള്ളവനുമാക്കിത്തീര്‍ത്തു. ഏറ്റവും മികച്ച യുദ്ധവിദഗ്ധരില്‍ ഒരാളെന്ന നിലയില്‍ നെപ്പോളിയനോട് ഗിയാപിന് അതിരറ്റ ബഹുമാനമാണുണ്ടായിരുന്നത്. പിന്നീട്, നെപ്പോളിയന്റെ പല യുദ്ധതന്ത്രങ്ങളും ഗിയാപ് സ്വായത്തമാക്കുകയും പരിഷ്കരിച്ചു പ്രയോഗത്തില്‍ വരുത്തുകയും ചെയ്തിട്ടുണ്ട്.

രണ്ടാം ലോകയുദ്ധകാലത്ത് ഗിയാപ് ചൈനയിലേക്കു പലായനം ചെയ്യുകയും അവിടെ ഹോചിമിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിയറ്റ്നാം ഇന്‍ഡിപെന്‍ഡന്‍സ് ലീഗി(വിയറ്റ്മിന്‍)ല്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഇന്ന് ഉത്തര വിയറ്റ്നാം എന്നറിയപ്പെടുന്ന അന്നത്തെ വടക്കന്‍ ടോല്‍ക്കിനിലെ ഗറില്ലാ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഗിയാപ് ഏറ്റെടുത്തു. ഇതിനിടയില്‍ ഗിയാപിന്റെ ഭാര്യയെയും സഹോദരിയെയും ഫ്രഞ്ചുഗവണ്‍മെന്റ് അറസ്റ്റ് ചെയ്തു തടവിലാക്കി. ഇവര്‍ രണ്ടു പേരും ഭീകരമായ മര്‍ദനമേറ്റ് ജയിലില്‍ വച്ചുതന്നെ മൃതിയടഞ്ഞു. ഇത് ഗിയാപിലെ ഫ്രഞ്ചു വിരോധത്തെ ആളിക്കത്തിക്കാനിടയാക്കി.

1945-ല്‍ ഹോചിമിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഗവണ്‍മെന്റില്‍ ഗിയാപ് പ്രതിരോധ വകുപ്പുമന്ത്രിയായി നിയോഗിക്കപ്പെട്ടു. ഗിയാപിന്റെ അനിയന്ത്രിതമായ ഫ്രഞ്ചു വിരോധം കാരണം, 1946-ല്‍ ഫ്രഞ്ചു ഗവണ്‍മെന്റുമായി കൂടിയാലോചനയ്ക്കു നിയോഗിക്കപ്പെട്ട പ്രതിനിധി സംഘത്തില്‍നിന്നു ഗിയാപിനെ ഒഴിവാക്കാന്‍ ഹോചിമിന്‍ നിര്‍ബന്ധിതനാവുകയുണ്ടായി.

ഗിയാപിന്റെ നേതൃത്വത്തിലുള്ള വിയറ്റ്നാം ജനകീയ സൈന്യവും ഫ്രഞ്ചുസൈന്യവും തമ്മില്‍ എട്ടുവര്‍ഷക്കാലം നീണ്ടുനിന്ന ഏറ്റുമുട്ടലുകളിലെ ഗിയാപിന്റെ വിജയങ്ങള്‍ ഇദ്ദേഹത്തിന്റെ സൈനിക നേതൃത്വപരമായ കഴിവുകള്‍ക്കുള്ള നിത്യ സ്മാരകങ്ങളാണ്. ദീന്‍ ബീന് ഫുവില്‍ വച്ച് 1954-ല്‍ ഗിയാപ് കൈവരിച്ച വിജയം കൂടിയായപ്പോള്‍ ഹോചിമിന്‍ കഴിഞ്ഞാല്‍ ഏറ്റവും മഹാനായ വിയറ്റ്നാം നേതാവായി ഗിയാപിനെ ജനങ്ങള്‍ അംഗീകരിക്കാന്‍ തുടങ്ങി. അതോടെ, ലോകത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഒരു സൈനിക തന്ത്രജ്ഞനായും ഇദ്ദേഹം അറിയപ്പെട്ടു.

1954-ല്‍ വിയറ്റ്നാം വിഭജിക്കപ്പെട്ടു. തുടര്‍ന്ന് ഉത്തര വിയറ്റ്നാമിന്റെ പ്രതിരോധമന്ത്രി, സൈനിക മേധാവി, വൈസ് പ്രീമിയര്‍ എന്നീ മൂന്നു സ്ഥാനങ്ങള്‍ ഒരേ സമയത്ത് ഇദ്ദേഹത്തിന്റെ ചുമതലയിലായി. വിയറ്റ്നാമീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി(ലാവോഡോങ് തൊഴിലാളി പാര്‍ട്ടി)യുടെ പോളിറ്റ് ബ്യൂറോ അംഗമായും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

ഗിയാപിന്റെ യുദ്ധതന്ത്രങ്ങളാണ് 1975-ല്‍ വിയറ്റ്നാം തലസ്ഥാനമായ സൈഗോണിന്റെ പതനത്തിന് കാരണമായതും വിയറ്റ്നാമീസ് റിപ്പബ്ലിക്കിന്റെ ഒടുവിലത്തെ പ്രസിഡന്റായ ദുപോങ്ങ് മിങ്ചിനെ ജീവനോടെ പിടികൂടുവാന്‍ ഇടയാക്കിയതും. വിയറ്റ്നാമിന്റെ ഏകീകരണത്തോടെ 1976-ല്‍ ഗിയാപിന്റെ നേതൃത്വത്തില്‍ ജൂലൈയില്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഒഫ് വിയറ്റ്നാം സ്ഥാപിതമായി. പുതിയ സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രി, ദേശീയ പ്രതിരോധമന്ത്രി സ്ഥാനങ്ങള്‍ ഇദ്ദേഹം വഹിച്ചു. 1980-ല്‍ പ്രതിരോധമന്ത്രി സ്ഥാനത്തുനിന്നും 1982-ല്‍ പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടുവെങ്കിലും ഉപപ്രധാനമന്ത്രി, പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയംഗം എന്നീ നിലകളില്‍ തുടര്‍ന്നുപ്രവര്‍ത്തിച്ചു.

ഗിയാപ് അറിയപ്പെടുന്ന ഒരെഴുത്തുകാരന്‍ കൂടിയാണ്. ഗിയാപിന്റെ സൈനിക ശാസ്ത്ര സംബന്ധമായ ഏതാനും കൃതികള്‍ ആധികാരിക സ്വഭാവമുള്ളവയായി കരുതപ്പെടുന്നു. ഗറില്ലാ യുദ്ധമുറയെ സംബന്ധിച്ച ഗിയാപിന്റെ കൃതികള്‍ വിശ്വപ്രസിദ്ധങ്ങളും ഗറില്ലകളുടെ താത്ത്വിക ഗ്രന്ഥങ്ങളുമാണ്. ഗിയാപ് രചിച്ച ജനകീയ യുദ്ധം, ജനകീയ സൈന്യം എന്നീ കൃതികള്‍ ലോകത്തിലെ പല സൈനിക കോളജുകളിലും പഠന സഹായിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

1981-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍