This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിബ്സ്, ജോസിയാ വിലാര്‍ഡ് (1839 - 1903)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗിബ്സ്, ജോസിയാ വിലാര്‍ഡ് (1839 - 1903)

Gibbs, Josiah Willard

സൈദ്ധാന്തിക ഭൗതികം, താപഗതിക വിജ്ഞാനം എന്നിവയില്‍ അവഗാഹം നേടിയ അമേരിക്കന്‍ ശാസ്ത്രകാരന്‍. 1839 ഫെ. 11-ന് കണക്റ്റിക്കട്ടിലുള്ള ന്യൂ ഹാവനിലാണ് ഗിബ്സ് ജനിച്ചത്. ജോസിയാ വിലാര്‍ഡ് ഗിബ്സ് എന്നാണ് പിതാവിന്റെ പേര്. ഹോപ്കിന്‍സ് ഗ്രാമര്‍ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഗിബ്സ് 1854-ല്‍ യേല്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. സഹൃദയനായ യുവാവായിരുന്നു ഗിബ്സ് എങ്കിലും ബുദ്ധിപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നതുകൊണ്ടും ആരോഗ്യം അത്ര മെച്ചമല്ലാതിരുന്നതുകൊണ്ടും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ അധികം ഏര്‍പ്പെട്ടിരുന്നില്ല. ബിരുദാനന്തരം ഗിബ്സ് എന്‍ജിനീയറിങ്ങില്‍ ഗവേഷണം ആരംഭിച്ചു. 1863-ല്‍ ഗിബ്സിന് പിഎച്ച്.ഡി. ബിരുദം ലഭിച്ചു. എന്‍ജിനീയറിങ്ങില്‍ പിഎച്ച്.ഡി. ലഭിക്കുന്ന ആദ്യത്തെ അമേരിക്കക്കാരനാണ് ഇദ്ദേഹം. അതേവര്‍ഷം തന്നെ യേലിലെ ട്യൂട്ടറായി ഇദ്ദേഹം നിയമിതനായി. അധ്യാപനവും പുതിയ ഗവേഷണപദ്ധതികളുമായി ഗിബ്സ് കഴിഞ്ഞുവന്നു. മാതാപിതാക്കളുടെ നിര്യാണത്തെത്തുടര്‍ന്ന് 1860-ല്‍ ഗിബ്സും സഹോദരിമാരും യൂറോപ്പിലെത്തി. മൂന്ന് വര്‍ഷക്കാലം അവിടെ ചെലവഴിച്ചു. യൂറോപ്പിലെ ഗണിത ശാസ്ത്രജ്ഞരുടെയും ഭൗതിക ശാസ്ത്രജ്ഞരുടെയും പ്രഭാഷണങ്ങളും പരീക്ഷണങ്ങളും മനസ്സിലാക്കാന്‍ ഗിബ്സിന് അക്കാലത്ത് സാധിച്ചു. ഹെയ്ഡന്‍ബര്‍ഗ് സര്‍വകലാശാലയില്‍ കിര്‍ക്കഫ് (Kirchhoff) ഹെംഹോള്‍ട്സ് (Helmholts) എന്നിവര്‍ ഇദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. തിരികെ നാട്ടിലെത്തിയപ്പോള്‍ ഒരു അമേരിക്കന്‍ എന്നതിനെക്കാള്‍ മാനസികമായി ഒരു യൂറോപ്യന്‍ ശാസ്ത്രജ്ഞനായി ഇദ്ദേഹം മാറിക്കഴിഞ്ഞിരുന്നു. ഇക്കാരണം കൊണ്ടുതന്നെ ജന്മദേശത്തു വ്യാപകമായ അംഗീകാരം വളരെ താമസിച്ചു മാത്രമേ ഗിബ്സിനു ലഭിച്ചുള്ളൂ.

1871-ല്‍ ഗിബ്സ് യേല്‍ സര്‍വകലാശാലയില്‍ ഗണിത ഭൗതികത്തിന്റെ പ്രൊഫസറായി നിയമിതനായി. ഗിബ്സ് ശാസ്ത്രരംഗത്തിന് നല്കിയ ആദ്യത്തെ മികച്ച സംഭാവന ഗ്രാഫിക്കല്‍ മെത്തേഡ്സ് ഇന്‍ ദ തെര്‍മോഡയനമിക്സ് ഒഫ് ഫ്ളൂയിഡ്സ് (1873) എന്ന പ്രബന്ധമാണ്. എ മെത്തേഡ് ഒഫ് ജ്യോമെട്രിക്കല്‍ റെപ്രസന്റേഷന്‍ ഒഫ് ദ തെര്‍മോഡയനമിക് പ്രോപ്പര്‍ട്ടീസ് ഒഫ് സബ്സ്റ്റന്‍സസ് (1873) എന്ന ഗ്രന്ഥം ഉന്നത നിലവാരം പുലര്‍ത്തുന്നു. ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പ്രബന്ധം ഓണ്‍ ദി ഇക്വിലിബ്രിയം ഒഫ് ഹെറ്ററോജെനസ് സബ്സ്റ്റന്‍സസ് (1876) ആണ്. ഗിബ്സിന്റെ സിദ്ധാന്തങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയ സ്കോട്ടിഷ് ഭൗതികശാസ്ത്രജ്ഞനായ ജെയിംസ് ക്ലാര്‍ക്ക് മാക്സ്വെല്‍ ഗിബ്സിന്റെ തെര്‍മോഡയനമിക് പ്രതലത്തിന്റെ ഒരു മാതൃക സ്വന്തം കൈകൊണ്ടു നിര്‍മിച്ച് ഇംഗ്ലണ്ടില്‍ നിന്ന് ഇദ്ദേഹത്തിന് അയച്ചുകൊടുത്തു.

ജീവിച്ചിരിക്കുമ്പോള്‍ ഗിബ്സിന്റെ പ്രതിഭ മനസ്സിലാക്കാനോ അംഗീകരിക്കാനോ യു.എസ്. ശാസ്ത്രജ്ഞര്‍ക്കു കഴിഞ്ഞിരുന്നില്ല. 1882-89 കാലത്ത് വിദ്യുത്കാന്തിക സിദ്ധാന്തത്തില്‍ പ്രമുഖമായ അഞ്ച് പ്രബന്ധങ്ങള്‍ ഗിബ്സ് പ്രസിദ്ധീകരിച്ചു. സാംഖ്യികബലതന്ത്രത്തില്‍ (Statistical mechanism) ഇദ്ദേഹത്തിന്റെ സംഭാവനകള്‍ പില്ക്കാലത്ത് ക്വാണ്ടം സിദ്ധാന്തത്തിനും മാക്സ്വെല്ലിന്റെ സിദ്ധാന്തങ്ങള്‍ക്കും ഉള്ള ഗണിത അടിത്തറപാകി. ഇദ്ദേഹത്തിന്റെ സാംഖ്യിക ബലതന്ത്രത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ എന്ന ഒടുവിലത്തെ കൃതി അതീവ സുന്ദരമാണ്. ഒരു സംഘം കഴിവുറ്റ വിദ്യാര്‍ഥികളുടെ സ്നേഹവും ആരാധനയും അനുഭവിച്ചുകൊണ്ട് യേലില്‍ ശാന്തമായ ഒരു ജീവിതമാണ് ഇദ്ദേഹം നയിച്ചത്. അമേരിക്കന്‍ ഭൗതികശാസ്ത്ര സൊസൈറ്റിയില്‍ ഇദ്ദേഹത്തിന് അംഗത്വംപോലും ഉണ്ടായിരുന്നില്ല. പക്ഷേ, ഇക്കാര്യത്തിലൊന്നും ഗിബ്സിന് നിരാശ തോന്നിയില്ല. താന്‍ കൈവരിച്ച ശാസ്ത്ര നേട്ടങ്ങളുടെ അനന്തസാധ്യതകളെപ്പറ്റി ഗിബ്സിന് നല്ല വിശ്വാസമുണ്ടായിരുന്നു. ഭാവിതലമുറ അതു മനസ്സിലാക്കുമെന്നും ഇദ്ദേഹത്തിനുറപ്പുണ്ടായിരുന്നു.

ഗിബ്സിന്റെ താപഗതിക വിജ്ഞാനസിദ്ധാന്തത്തിന്റെ (thermodynamic theory) പ്രയോഗം വഴി ഭൗതികരസതന്ത്രത്തിന്റെ ഒരു ഭാഗം എംപിരികം (empirical) എന്ന നിലയില്‍നിന്ന് നിഗമനാത്മകം (deductive) എന്ന നിലയിലേക്ക് ഉയര്‍ന്നു. രസതന്ത്രവ്യവസായങ്ങളില്‍ ഉള്‍ക്കൊണ്ട പരിമാണം കൃത്യമായി കണക്കുകൂട്ടി പ്രവചിക്കാന്‍ ഇദ്ദേഹത്തിന്റെ ശാസ്ത്രസിദ്ധാന്തങ്ങള്‍ ഉപയോഗപ്പെടുത്തുന്നു; ഇതുമൂലം ഫലപ്രാപ്തിയും കാര്യക്ഷമതയും വര്‍ധിപ്പിക്കാനും ചെലവു ചുരുക്കാനും കഴിയുന്നു. ശാസ്ത്ര ചരിത്രകാരനായ ഹെന്റി ആഡംസ് ഗിബ്സിനെ അമേരിക്കന്‍ ശാസ്ത്രരംഗത്തെ അതുല്യന്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. അവിവാഹിതനായിരുന്ന ഗിബ്സ് സഹോദരിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. 1903 ഏ. 28-ന് 64-ാമത്തെ വയസ്സില്‍ ന്യൂ ഹാവനില്‍ ഗിബ്സ് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍