This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിന്‍സ്ബര്‍ഗ്, അല്ലന്‍ (1926 - 1997)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗിന്‍സ്ബര്‍ഗ്, അല്ലന്‍ (1926 - 1997)

Ginsberg, Allen

അമേരിക്കന്‍ കവി. ലൂയി ഗിന്‍സ്ബര്‍ഗിന്റെയും നവോമി ലെവിയുടെയും മകനായി 1926 ജൂണ്‍ 3-ന് ന്യൂ ജേഴ്സിയിലെ നെവാര്‍കില്‍ ജനിച്ചു. കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് 1948-ല്‍ ബിരുദം നേടി. അമ്പതുകളില്‍ യൂറോപ്പിലും അറുപതുകളില്‍ വിദൂര പൂര്‍വരാജ്യങ്ങളിലും പര്യടനം നടത്തി. ഉത്തേജന ഔഷധങ്ങളും കാവ്യരചനയുമായുള്ള ബന്ധത്തെക്കുറിച്ചു പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ധ്യാനത്തിലും മയക്കുമരുന്നിലും തത്പരനായിരുന്ന ഇദ്ദേഹം ബ്ളാക്ക് മൌണ്ടന്‍ റിവ്യൂ, അഡ്വൈസറിഗുരു, ദ മരിജുവാന റിവ്യു തുടങ്ങിയവയുടെ എഡിറ്ററായി ജോലിനോക്കി. ശ്രീലങ്കയിലെ ബുദ്ധിസ്റ്റ് പഠനകേന്ദ്രമായ നരോപാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ (കൊളംബോ) ജാക്ക് കെറോവാക് സ്കൂളില്‍ കോ-ഡയറക്ടറായിരുന്നു. നോസ്റ്റിക്-മിസ്റ്റിക് (Gnostic - Mystic) കാവ്യരചനയില്‍ തത്പരനായിരുന്ന ഇദ്ദേഹത്തിന് കവിത 'ദിവ്യമായ ഉന്മാദ'മായിരുന്നു. ബ്ളൂസ് സംഗീത(Blues Music)ത്തിലും ആഭിമുഖ്യമുണ്ടായിരുന്ന ഗിന്‍സ്ബര്‍ഗ് വില്യം ബ്ളേക്കിന്റെ 'സോങ്സ് ഒഫ് ഇന്നസെന്‍സ് ആന്‍ഡ് എക്സ്പീരിയന്‍സ്' റ്റ്യൂണ്‍ നല്കി റെക്കോഡു ചെയ്തിട്ടുണ്ട്. യുദ്ധവിരുദ്ധ പ്രകടനം നടത്തിയതിനു പലതവണ അറസ്റ്റു ചെയ്യപ്പെട്ടു.

'ഹൗള്‍' എന്ന കവിതയുടെ പ്രസിദ്ധീകരണത്തോടെ (1955) ഇദ്ദേഹം ബീറ്റ് പ്രസ്ഥാനത്തിന്റെ നേതാവായി. ഭൗതികവാദത്തെ തിരസ്കരിക്കുകയും നിന്ദിതരും പീഡിതരുമായവരോട് സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്യുന്ന ഹൗള്‍ സമകാലീന അമേരിക്കന്‍ കവിതയിലെ പുതുമയാര്‍ന്ന ഒരു കാല്‍വയ്പായിരുന്നു. വാള്‍ട്ട് വിറ്റ്മാന്‍, വില്യം ബ്ളേക്ക് എന്നീ കവികളുടെയും ബൈബിളിന്റെയും സ്വാധീനം ഇതില്‍ കാണാം. കാദിഷ് ആന്‍ഡ് അദര്‍ പൊയംസിലെ (1961) 'കാദിഷ്' എന്ന കവിത ഹൃദയസ്പര്‍ശിയായ ഒരു ഭാവഗാനമാണ്. റിയാലിറ്റി സാന്റ്വിച്ചസ് (1963), അങ്കോര്‍ വാറ്റ് (1968), പ്ലാനെറ്റ് ന്യൂസ് (1968), ദ് ഫോള്‍ ഒഫ് അമേരിക്ക (1973), മൈന്‍ഡ് ബ്രീത്ത്സ് (1977), മോസ്റ്റ്ലി സിറ്റിങ് ഹൈക്കു (1978), സ്ട്രെയ്റ്റ് ഹാര്‍ട്ട്സ് ഡിലൈറ്റ് (1980) എന്നിയാണ് ഇദ്ദേഹത്തിന്റെ മറ്റു കവിതാ സമാഹാരങ്ങള്‍. വില്യം ബറോസുമൊത്ത് രചിച്ച യേജ് ലെറ്റേഴ്സ് (1963), ഇന്ത്യന്‍ ജേണല്‍സ് (1970), ഗെയ് സണ്‍ഷൈന്‍ ഇന്റര്‍വ്യൂ (1973), അല്ലന്‍ വെര്‍ബാറ്റിം (1974), ദ് വിഷന്‍ ഒഫ് ദ് ഗ്രെയ്റ്റ് റിമെംബറര്‍ (1974), ജേണല്‍സ് (1977) എന്നിവ ഗദ്യരചനകളാണ്.

കാവ്യരചനയില്‍ സാങ്കേതികത്തികവിനായി ഗിന്‍സ്ബര്‍ഗ് ശ്രദ്ധിക്കാറില്ല എന്നൊരു വിമര്‍ശനമുണ്ട്. പൊതുവേ ശോകം, സഹാനുഭൂതി എന്നിവയ്ക്കൊപ്പം ഹാസ്യാത്മകതയും സാമൂഹിക വിമര്‍ശനവും മതപരമായ ഉള്‍ക്കാഴ്ചയും എല്ലാം കലര്‍ത്തിയ ഒരു രചനാരീതിയാണിദ്ദേഹത്തിന്റേത്. ഭാരതം സന്ദര്‍ശിച്ചിട്ടുള്ള ഇദ്ദേഹത്തിനു പൗരസ്ത്യ സംസ്കാരവും മതചിന്തകളും ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടായില്ല എന്ന് ഇന്ത്യന്‍ ജേണല്‍സ് സൂചിപ്പിക്കുന്നു.

1997 ഏ. 5-ന് ഗിന്‍സ്ബര്‍ഗ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍