This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിന്നസ്, അലക് (1914 - 2000)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗിന്നസ്, അലക് (1914 - 2000)

Guinness, Alec

അലക്ഗിന്നസ്

ബ്രിട്ടീഷ് നാടക-ചലച്ചിത്രനടന്‍. നാടകരംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്കിയശേഷമാണ് ഇദ്ദേഹം സിനിമയിലേക്കു കടന്നത്. 1914 ഏ. 2-ന് ലണ്ടനില്‍ ജനിച്ചു. മുപ്പതുകളുടെ മധ്യത്തില്‍ നാടകനടനായി ഫേ കോംപ്ടണ്‍ സ്റ്റുഡിയോ ഒഫ് ഡ്രമാറ്റിക് ആര്‍ട്ടിലാണ് ഇദ്ദേഹം അഭിനയകലയുടെ പ്രാഥമിക പാഠങ്ങള്‍ പഠിച്ചത്. ട്വെല്‍ഫ്ത്ത് നൈറ്റ്, ഹാംലെറ്റ് മുതലായ ഷെയ്ക്സ്പീരിയന്‍ നാടകങ്ങളിലെ അഭിനയമാണ് ഗിന്നസിനെ ശ്രദ്ധേയനാക്കിയത്. 1946-ല്‍ ചലച്ചിത്രരംഗത്ത് എത്തി. ചാള്‍സ് ഡിക്കന്‍സിന്റെ ഗ്രേറ്റ് എക്സ്പെക്റ്റേഷന്‍സിനു ഡേവിഡ് ലീന്‍ തയ്യാറാക്കിയ ചലച്ചിത്രരൂപത്തിലാണ് ഗിന്നസ് ആദ്യമായി അഭിനയിച്ചത്. കൈന്‍ഡ് ഹാര്‍ട്ട്സ് ആന്‍ഡ് കോര്‍നെറ്റ്സിലെ അഭിനയം ഇദ്ദേഹത്തെ അന്തര്‍ദേശീയ ശ്രദ്ധയിലേക്കു കൊണ്ടുവന്നു. ഗ്രേറ്റ് എക്സ്പെക്റ്റേഷന്‍സിനെത്തുടര്‍ന്ന് ഒളിവര്‍ ട്വിസ്റ്റിലും അഭിനയിച്ചതോടെ ഡിക്കന്‍സിന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ കിടയറ്റവനെന്ന പ്രശസ്തി നേടി. വൈവിധ്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ ഗിന്നസ്സിനുള്ള പ്രാഗല്ഭ്യത്തിനു തെളിലാണ് ദ ലാവന്‍ഡര്‍ ഹില്‍ മോബ്, ദ മാന്‍ ഇന്‍ ദ വൈറ്റ് സ്യൂട്ട്, ദ ലേഡി കില്ലേഴ്സ് തുടങ്ങിയ ഹാസ്യരസപ്രധാനമായ ചിത്രങ്ങളില്‍ ഇദ്ദേഹം കൈകാര്യം ചെയ്തവേഷങ്ങള്‍. തുടര്‍ന്ന് ഇദ്ദേഹം ഡേവിഡ് ലീനിന്റെ മാസ്റ്റര്‍പീസുകളായ ദ് ബ്രിഡ്ജ് ഓണ്‍ ദ റിവര്‍ ക്വായിയിലും ലോറന്‍സ് ഒഫ് അറേബ്യയിലും അഭിനയിച്ചു. ദ ബ്രിഡ്ജ് ഓണ്‍ ദ റിവര്‍ ക്വായിയിലെ അഭിനയത്തിന് 1957-ലെ ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചു. ബ്രിട്ടണ്‍ ഇദ്ദേഹത്തിന് 'സര്‍' ബിരുദം സമ്മാനിച്ചിട്ടുണ്ട്.

ചലച്ചിത്രരംഗത്ത് ഇദ്ദേഹം നല്കിയ പ്രശംസനീയമായ സേവനത്തെ മുന്‍നിര്‍ത്തി 1979-ല്‍ സ്പെഷ്യല്‍ ഓസ്കാര്‍ അവാര്‍ഡ് ഗിന്നസിന് നല്കുകയുണ്ടായി. 2000 ആഗ. 5-ന് ഇദ്ദേഹം അന്തരിച്ചു.

(വിജയകൃഷ്ണന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍