This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിനിപ്പുഴു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗിനിപ്പുഴു

സസ്തനികളുടെ ശരീരത്തിനുള്ളില്‍ കാണപ്പെടുന്ന ഒരു പരാദം. ശാ.നാ. ഡ്രാക്കണ്‍കുലസ് മെഡിനെന്‍സിസ് (Dracunculus medinensis). മെഡിന(Medina)പ്പുഴു, ഡ്രാഗണ്‍ പുഴു എന്നീ പേരുകളിലും അറിയപ്പെടുന്നു. ആഷ്ഹെല്‍മിന്തസ് (Ashelminthes) ജന്തുഫൈലത്തിലെ നിമാറ്റോഡാ വര്‍ഗത്തില്‍പ്പെട്ട ഉരുളന്‍ വിരകളാണിവ. നീണ്ടശരീരത്തോടുകൂടിയ ഇവ മനുഷ്യരിലും മറ്റുചില സസ്തനികളിലും കാണപ്പെടുന്നു. ഏഷ്യയിലും ആഫ്രിക്കയിലുമാണിവ ധാരാളമായിട്ടുള്ളത്. ആതിഥേയ ജീവിയുടെ ശരീരാവയവങ്ങളിലെ സംയോജകകലയ്ക്കുള്ളില്‍ ഇവ വളരുന്നു. പെണ്‍വിരയ്ക്ക് ഏതാണ്ട് 120 സെ.മീ. വരെ നീളമുണ്ടാകും. ആണ്‍വിരകള്‍ എണ്ണത്തില്‍ വളരെ കുറവായേ കണ്ടുവരുന്നുള്ളു. ഇവയ്ക്ക് 12 മുതല്‍ 30 വരെ മി.മീ. മാത്രമേ നീളമുണ്ടാവുകയുള്ളു. പ്രജനനത്തിനുശേഷം ആണ്‍പുഴു നശിക്കുന്നു. പെണ്‍പുഴുക്കള്‍ 14 മാസം വരെ ജീവിച്ചിരിക്കും. പ്രജനനഘട്ടം അടുക്കുമ്പോള്‍ ഇവ ആതിഥേയജീവിയുടെ ത്വക്കിനടിയിലെത്തിച്ചേരുകയും അവിടെ ത്വക്കില്‍ ചെറിയ മുറിവുണ്ടാക്കുകയും ചെയ്യും. ഈ ഭാഗത്ത് ഒരു വീക്കം ഉണ്ടാവുകയും അത് വലുതായി അവസാനം പൊട്ടുകയും ചെയ്യുന്നു. ഇതില്‍നിന്നും ഒലിച്ചിറങ്ങുന്ന ദ്രാവകത്തോടൊപ്പം ആയിരക്കണക്കിന് ഗിനിപ്പുഴുലാര്‍വകളും സ്വതന്ത്രമാക്കപ്പെടുന്നു. ആതിഥേയജീവി ജലസമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ ഈ ലാര്‍വകള്‍ ജലത്തിലേക്കു കടക്കുന്നു. ശുദ്ധജലജീവികളായ ചെറിയ ക്രസ്റ്റേഷ്യാ വര്‍ഗജീവികള്‍ ജലത്തില്‍ സ്വതന്ത്രമാക്കപ്പെട്ട ചെറുപുഴുക്കളെ വിഴുങ്ങുന്നതോടെ വികാസത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നു. കുടിവെള്ളത്തില്‍ ഇത്തരം സൂക്ഷ്മക്രസ്റ്റേഷ്യാ വര്‍ഗങ്ങള്‍ എത്തിച്ചേര്‍ന്നാല്‍ അതിലൂടെ ഈ പുഴുക്കള്‍ മനുഷ്യരുടെയും മറ്റ് സസ്തനികളുടെയും ഉള്ളിലെത്തിച്ചേരും. അവിടെ ഈ ലാര്‍വകള്‍ ആമാശയസ്തരം തുരന്ന് ഉള്ളില്‍ക്കടക്കുകയും രക്തചംക്രമണവുമായി ബന്ധപ്പെടുകയും ചെയ്യുന്നു. അതുവഴി ഇത് സംയോജകകലകളിലെത്തിച്ചേര്‍ന്ന് അടുത്തഘട്ടത്തിന്റെ ആരംഭം കുറിക്കുന്നു: പൂര്‍ണ വളര്‍ച്ചയെത്തിയ ഗിനിപ്പുഴുക്കളെ ആതിഥേയ ജീവിയുടെ ശരീരത്തില്‍നിന്നും ശാസ്ത്രക്രിയവഴിയാണ് നീക്കം ചെയ്യാറുള്ളത്. ആതിഥേയ ജീവിയുടെ തൊലിപ്പുറത്ത് പെണ്‍പുഴുക്കള്‍ ഉണ്ടാക്കുന്ന ദ്വാരത്തിലൂടെ പ്രത്യേക ഉപകരണങ്ങള്‍ വഴി ഇവയെ വലിച്ചെടുത്ത് നശിപ്പിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍