This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാസ്കല്‍, എലിസബത്ത് (1810 - 65)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാസ്കല്‍, എലിസബത്ത് (1810 - 65)

Gskell, Elizabeth Cleghorn Stevenson

ഇംഗ്ലീഷ് നോവലിസ്റ്റും ജീവചരിത്രകാരിയും. ഷാര്‍ലറ്റ് ബ്രോണ്ടിയുടെ ജീവചരിത്രകാരി എന്ന നിലയിലാണ് ഇവര്‍ പ്രശസ്തയായത്. 1810 സെപ്. 29-ന് നട്ട്സ്ഫോഡില്‍ ജനിച്ചു. അദ്വൈതവാദിയായ വൈദികനായിരുന്നു പിതാവ് വില്യം സ്റ്റീവന്‍സണ്‍. യൂണിറ്റേറിയന്‍ മതവിഭാഗത്തിലെ പുരോഹിതനായ വില്യം 1832-ല്‍ ഗാസ്കലിനെ വിവാഹം കഴിച്ചു.

പുത്രന്റെ മരണം സൃഷ്ടിച്ച മാനസികാഘാതത്തില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ എലിസബത്ത് സാഹിത്യസൃഷ്ടിയിലേര്‍പ്പെട്ടു. തത്ഫലമായി പുറത്തുവന്നതാണ് എലിസബത്തിന്റെ പ്രഥമ നോവലായ മേരി ബര്‍ട്ടന്‍ (1848). 1840-കളിലെ വ്യാവസായികത്തകര്‍ച്ചയുടെ ഫലമായി തൊഴിലാളികളുടെ ജീവിതത്തിലുണ്ടായ അസ്വസ്ഥതകളാണ് നോവലിന്റെ പശ്ചാത്തലം. തൊഴിലുടമകളുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമെന്നു പറഞ്ഞ് കടുത്ത വിമര്‍ശനത്തിന് ഈ കൃതി വിധേയമായി. വിവാദം സൃഷ്ടിച്ച മറ്റൊരു നോവലായ റൂത്ത് (1853) പ്രലോഭനങ്ങള്‍ക്കു വഴിപ്പെട്ടു പിഴച്ചുപോയ റൂത്ത് ഹില്‍ട്ടന്‍ എന്ന നിഷ്ക്കളങ്കയായ പെണ്‍കുട്ടിയുടെ കഥ വിവരിക്കുന്നു. നോര്‍ത്ത് ആന്‍ഡ് സൗത്ത് (1855) എന്ന നോവലില്‍ ഇംഗ്ലണ്ടിന്റെ തെക്കും വടക്കും പ്രദേശങ്ങളിലുള്ള ജനങ്ങളുടെ ജീവിതത്തിലെ അന്തരമാണു പ്രതിപാദ്യം. മന്ത്രവാദിനിയെന്ന് മുദ്രകുത്തി കഴുകിലേറ്റപ്പെടുന്ന നിര്‍ദോഷിയായ ഒരു പെണ്‍കുട്ടിയെ ചിത്രീകരിക്കുന്ന ലോയ്സ് ദ വിച്ച് ഗാസ്കലിന്റെ ശ്രദ്ധേയമായ മറ്റൊരു നോവലാണ്. കസിന്‍ ഫില്ലിസ് (1863), സില്‍വിയാസ് ലവേഴ്സ് (1863), വൈവ്സ് ആന്‍ഡ് ഡോട്ടേഴ്സ് (അപൂര്‍ണം, 1866) എന്നിവയാണ് ഇതര നോവലുകള്‍. സ്ത്രീകളുടെ മനസ്സ് ദര്‍ശിക്കുന്നതിലും അപഗ്രഥിക്കുന്നതിലും എലിസബത്തിനുള്ള അസാമാന്യപാടവം വെളിപ്പെടുത്തുന്ന കൃതിയാണ്, ജീവചരിത്ര സാഹിത്യത്തിനു തന്നെ മുതല്‍ക്കൂട്ടായ ദ ലൈഫ് ഒഫ് ഷാര്‍ലറ്റ് ബ്രോണ്ടി (1857). 1865 ന. 12-ന് ആല്‍ടണില്‍ എലിസബത്ത് ഗാസ്കല്‍ അന്തരിച്ചു.

(എ.ബി. രഘുനാഥന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍