This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാലിബ്, മിര്‍സാ (1797 - 1869)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാലിബ്, മിര്‍സാ (1797 - 1869)

ഉര്‍ദുകവി. മിര്‍സാ മുഹമ്മദ് അസദുള്ളാഖാന്‍ ഗാലിബ് എന്നാണു പൂര്‍ണമായ പേര്. അബ്ദുള്ള ബഗ്ഖാന്റെയും ഇസ്സദ്-അന്‍-നിസാബീഗത്തിന്റെയും പുത്രനായി 1797 ഡി. 27-ന് ആഗ്രയില്‍ ജനിച്ചു.

മിര്‍സാ ഗാലിബ്

അസദ്ദുള്ളാ ഖാന്‍ എന്നാണ് ആദ്യനാമം. പാരമ്പര്യരീതിയില്‍ മുഹമ്മദ്-മു.അസാമിന്റെ ശിഷ്യനായി പ്രാചീന പേര്‍ഷ്യന്‍ സാഹിത്യം പഠിച്ചു. ഈ വിഷയത്തില്‍ ഉപരിപഠനം നടത്തിയത് തന്റെ കുടുംബത്തില്‍ 1810 മുതല്‍ രണ്ടു വര്‍ഷം താമസിച്ച പേര്‍ഷ്യന്‍ സഞ്ചാരിയായ അബ്ദുള്‍ സമദില്‍ നിന്നാണ്. പ്രസിദ്ധ ഉര്‍ദുകവിയായിരുന്ന ഇലാഹിബക്ഷ്ഖാന്‍ മാരൂഫിന്റെ പുത്രി ഉമ്റു ബീഗത്തെ 1810-ല്‍ ഇദ്ദേഹം വിവാഹം ചെയ്തു.

1812-ല്‍ ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കി. കഠിന പ്രയത്നത്തിലൂടെ സ്വായത്തമാക്കിയ വ്യുത്പത്തികൊണ്ടും രാജകുടുംബവുമായുണ്ടായിരുന്ന ബന്ധംകൊണ്ടും സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലുള്ള ഉന്നത വ്യക്തികളുമായി അടുത്തിടപഴകുവാന്‍ ഗാലിബിന് അവസരം ലഭിച്ചു. 1850-ല്‍ ഒടുവിലത്തെ മുഗള്‍ രാജാവായ ബഹദൂര്‍ഷാ സഫര്‍ കക ഇദ്ദേഹത്തെ തീമൂര്‍ രാജകുടുംബത്തിന്റെ ചരിത്രം എഴുതുന്നതിന് നിയോഗിച്ചു. 1854-ല്‍ രാജാവിന്റെ സാഹിത്യോപദേഷ്ടാവായി ഗാലിബ് നിയമിതനായി.

ഗാലിബ് ഉര്‍ദുവിലും പേര്‍ഷ്യനിലും സാഹിത്യരചന നടത്തി. ഉര്‍ദുവില്‍ 5000 ഈരടികള്‍ രചിച്ചു. സുഹൃത്തുക്കള്‍ക്കും ശിഷ്യന്മാര്‍ക്കുമായി ഇദ്ദേഹം എഴുതിയ കത്തുകള്‍ സമാഹരിച്ചതാണ് ഉര്‍ദു-ഇ-മു അല്ലാ (രണ്ടു ഭാഗങ്ങള്‍), ഉദ്-ഇ-ഹിന്ദി എന്നീ ഗ്രന്ഥങ്ങള്‍. പേര്‍ഷ്യനിലാണ് കൂടുതല്‍ എഴുതിയത്. 11000 ഈരടികള്‍ അടങ്ങിയ ദിവാന്‍-ഉ പുറമേ പഞ്ച്-അഹങ് (പേര്‍ഷ്യന്‍ വ്യാകരണം, കവിതകള്‍, കത്തുകള്‍ എന്നിവ അടങ്ങിയത്.), മിഹ്ര്‍-ഇ-നിമ്റോസ് (മുഗള്‍ സാമ്രാജ്യത്തിന്റെ ചരിത്രം-ഒന്നാം ഭാഗം, 1854), ദസ്താന്‍ബൂ (ഡല്‍ഹി കലാപകാലത്തെ ചില സംഭവങ്ങള്‍), ക്വാതി ബര്‍വാന്‍ (പേര്‍ഷ്യന്‍ മഹാ നിഘണ്ടുവായ ബര്‍ഹന്‍-ഇ-ക്വാതിയുടെ വിമര്‍ശനം, 1862) എന്നീ കൃതികളും പേര്‍ഷ്യന്‍ ഭാഷയിലാണ്. പേര്‍ഷ്യന്‍ കവിതയുടെ സ്വാധീനത്തിനു വിധേയമായി പ്രേമസങ്കല്പങ്ങളിലും മായിക ജീവിതകാമനകളിലും മുങ്ങിപ്പോയ ഉര്‍ദു കവിതയ്ക്ക് ജീവിത സങ്കീര്‍ണതകളുടെ കരുത്തും മത-ദൈവതത്ത്വ ചിന്താധാരകളുടെ ചൈതന്യവും നല്കി എന്നതാണ് ഗാലിബിന്റെ മികച്ച സംഭാവന. 1869 ഫെ. 15-ന് മിര്‍സാ ഗാലിബ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍