This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാര്‍ഡിനര്‍, ആല്‍ഫ്രഡ് ജോര്‍ജ് (1865 - 1946)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാര്‍ഡിനര്‍, ആല്‍ഫ്രഡ് ജോര്‍ജ് (1865 - 1946)

Gardiner Alfred George

ഇംഗ്ലീഷ് ഉപന്യാസകാരന്‍. 1865 ജൂണ്‍ 2-ന് എസ്സെക്സിലെ ചെംസ്ഫോഡില്‍ ആല്‍ഫ്രഡ് ജോര്‍ജ് ഗാര്‍ഡിനര്‍ ജനിച്ചു. പത്രപ്രവര്‍ത്തകനായാണു ജീവിതം ആരംഭിച്ചത്. പ്രാദേശിക പത്രപ്രവര്‍ത്തനത്തില്‍ നിന്നു ലഭിച്ച പ്രായോഗിക ജ്ഞാനവുമായി ഡെയിലി ന്യൂസ് പത്രത്തില്‍ ചേര്‍ന്നു. 1902 മുതല്‍ 1919 വരെ ഡെയ്ലി ന്യൂസിന്റെ പത്രാധിപരായിരുന്നു. ദ് സ്റ്റാര്‍ എന്ന പത്രത്തിനുവേണ്ടിയും ഇക്കാലത്ത് ലേഖനങ്ങള്‍ എഴുതി. 'ആല്‍ഫാ ഒഫ് ദ് പ്ളൌ' എന്ന തൂലികാനാമത്തിലാണ് രചനകള്‍ പ്രസിദ്ധീകരിച്ചത്. ഈ ലേഖനങ്ങള്‍ പെബ്ള്‍സ് ഓണ്‍ ദ് ഷോര്‍ (1915), ലീവ്സ് ഇന്‍ ദ് വിന്‍ഡ് (1918), വിന്‍ഡ്ഫോള്‍സ് (1920), മെനീഫറോസ് (1924) എന്നീ ഗ്രന്ഥങ്ങളില്‍ സമാഹരിച്ചിരിക്കുന്നു. പ്രസിദ്ധരായ കുറെ സമകാലികരെക്കുറിച്ചു പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളാണ് പ്രോഫറ്റ്സ്, പ്രീസ്റ്റ്സ്, കിങ്സ് (1908), പില്ലേഴ്സ് ഒഫ് സൊസൈറ്റി (1913), ദ് വാര്‍ ലോര്‍ഡ്സ് (1915), സേര്‍ട്ടണ്‍ പീപ്പ്ള്‍ ഒഫ് ഇമ്പോര്‍ട്ടന്‍സ് (1926) എന്നിവ. സര്‍ വില്യം ഹാര്‍കോട്ടിന്റെയും ജോര്‍ജ് കാഡ്ബറിയുടെയും ജീവിതകഥകള്‍ (1923) ഇദ്ദേഹം എഴുതിയിട്ടുണ്ട്. പ്രസന്നവും ദീപ്തവുമാണ് ഗാര്‍ഡിനറുടെ ഗദ്യശൈലി. പാരായണക്ഷമതയാണ് ഇദ്ദേഹത്തിന്റെ ഉപന്യാസങ്ങളുടെ പ്രത്യേകത. നര്‍മബോധവും മാനവിക വിഷയങ്ങളിലുള്ള താത്പര്യവും ഗാര്‍ഡിനറുടെ ലേഖനങ്ങളെ ആകര്‍ഷകമാക്കുന്നു.

1946-ല്‍ ഗാര്‍ഡിനര്‍ അന്തരിച്ചു.

(എ.ബി. രഘുനാഥന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍