This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാരിക്, ഡേവിഡ് (1717 - 79)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാരിക്, ഡേവിഡ് (1717 - 79)

Garrick, David

ബ്രിട്ടീഷ് നടനും നാടകകൃത്തും. ഇംഗ്ളണ്ടിലെ ഹെറിഫെഡില്‍ ക്യാപ്റ്റനായിരുന്ന പീറ്റര്‍ ഗാരിക്കിന്റെയും ഐറിഷ് പുരോഹിതന്റെ പുത്രി അരബെല്ല ക്ലഫിന്റെയും പുത്രനായി 1717 ഫെ. 19-ന് ഡേവിഡ് ഗാരിക് ജനിച്ചു. കുറച്ചുകാലം ലിച്ഫീല്‍ഡ് ഗ്രാമര്‍ സ്കൂളില്‍ പഠിച്ചു. പിന്നീട് ഡോ. സാമുവേല്‍ ജോണ്‍സണ്‍ എഡിയലില്‍ ആരംഭിച്ച അക്കാദമിയില്‍ ചേര്‍ന്നു. അധികനാള്‍ ഈ സ്ഥാപനം നടത്തിക്കൊണ്ടുപോകുവാന്‍ ഡോ. ജോണ്‍സണു കഴിഞ്ഞില്ല. തുടര്‍ന്ന് 1737-ല്‍ ഗാരിക് നിയമം പഠിക്കാനായി ലണ്ടനിലേക്കു പുറപ്പെട്ടു. പിതാവിന്റെ നിര്യാണത്തോടെ (1737-മാ.) ഗാരിക് പഠനം മതിയാക്കി മൂത്തസഹോദരനോടൊപ്പം വീഞ്ഞു വ്യാപാരം ആരംഭിച്ചു. യാത്രകള്‍ക്കിടയില്‍ ചാള്‍സ് മക്ലിന്‍ എന്ന നടനും ഡ്രൂറിലെയിന്‍ തിയെറ്റര്‍ മാനേജര്‍ ചാള്‍സ് ഫിറ്റ്വുഡും ഉള്‍പ്പെടെ പലരെയും പരിചയപ്പെട്ടു. ഗാരിക് തന്റെ മുഴുവന്‍ ശ്രദ്ധയും നാടകരംഗത്ത് പതിപ്പിച്ചു തുടങ്ങി. 1741 മാര്‍ച്ചില്‍ ഗുഡ്മാന്‍സ് ഫീല്‍ഡില്‍ ഉള്ള ഒരു തിയെറ്ററില്‍ അരങ്ങേറ്റം നടത്തി. അക്കാലത്ത് നാടകരംഗം പൊതുവേ അവജ്ഞയോടെ വീക്ഷിക്കപ്പെട്ടിരുന്നതുകൊണ്ട് ഷെയ്ക്സ്പിയറിന്റെ റിച്ചേഡ് (Richard) മൂന്നാമനായി അഭിനയിച്ച് ഖ്യാതിനേടുന്നതുവരെ താന്‍ തിരഞ്ഞെടുത്ത തൊഴില്‍രംഗത്തെപ്പറ്റി ബന്ധുക്കളെ അറിയിക്കുവാന്‍ ഗാരിക് ധൈര്യപ്പെട്ടില്ല.

ആദ്യവര്‍ഷംതന്നെ (19-ാം വയസ്സില്‍) വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഗാരിക് ജനശ്രദ്ധനേടി. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലണ്ടനിലെ പ്രശസ്തമായ കവെന്റ് ഗാര്‍ഡന്‍, ഡ്രൂറിലെയിന്‍ എന്നീ തിയെറ്ററുകളിലും അയര്‍ലന്‍ഡിലെ ഡബ്ലിനിലും അഭിനയിച്ചു. 1747-ല്‍ ജയിംസ് ലെയ്സി എന്ന നടനുമായി പങ്കുചേര്‍ന്ന് ഡ്രൂറിലെയിന്‍ തിയെറ്റര്‍ വാങ്ങി. 1747 മുതല്‍ 76 വരെയുള്ള 29 വര്‍ഷക്കാലം നടനും മാനേജരുമായിക്കഴിഞ്ഞു. ഈ കാലഘട്ടത്തില്‍ ബ്രിട്ടീഷ് നാടകവേദിയില്‍ വിപ്ളവകരമായ പല മാറ്റങ്ങളും വരുത്തി. 1749 ജൂണ്‍ 22-ന് ഇദ്ദേഹം വിയന്നീസ് നര്‍ത്തകിയായ ഈവ മരിയ വെയ്ജലിനെ വിവാഹം കഴിച്ചു.

1763-ല്‍ ഭാര്യയോടൊപ്പം യൂറോപ്യന്‍ പര്യടനം നടത്തി മടങ്ങിവന്ന ഗാരിക് അഭിനയം തുടര്‍ന്നെങ്കിലും പുതിയ റോളുകളൊന്നും സ്വീകരിച്ചില്ല. 90 വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗാരിക് 80-ഓളം പൂര്‍വരംഗങ്ങളും (prologue) സമാപന പ്രഭാഷണങ്ങളും (epilogue) രചിച്ചിട്ടുണ്ട്. ഇദ്ദേഹം സ്വയം രചിക്കുകയോ വ്യത്യാസങ്ങള്‍ വരുത്തുകയോ ചെയ്തിട്ടുള്ള 35-ലധികം നാടകങ്ങളുണ്ട്. കഥാപാത്രങ്ങള്‍ക്കു പ്രാമുഖ്യം നല്കിക്കൊണ്ടുള്ള അഭിനയശൈലിയാണ് ഇദ്ദേഹം അവലംബിച്ചത്. അവതരണത്തിലും രംഗസങ്കേതങ്ങളിലും (stage technique) അനവധി മാറ്റങ്ങള്‍ ഗാരിക് വരുത്തി. സ്റ്റേജില്‍ കാണികള്‍ക്ക് ഇരിപ്പിടങ്ങള്‍ നല്കുക, വൈകി  എത്തുകയോ നേരത്തെ പോകുകയോ ചെയ്താല്‍ പ്രവേശന ഫീസില്‍ കുറവ് വരുത്തുക തുടങ്ങിയ നടപടികള്‍ ഇദ്ദേഹം  ഇല്ലാതാക്കി. ഷെയ്ക്സ്പിയറുടെ ബെനഡിക് (മച്ച് അഡോ എബൗട്ട് നതിങ്), പ്രിന്‍സ് ഒഫ് ഡെന്മാര്‍ക്ക് (ഹാംലറ്റ്), റിച്ചേര്‍ഡ് മൂന്നാമന്‍ (റിച്ചേഡ് III), ലിയര്‍ (കിങ് ലിയര്‍) തുടങ്ങിയ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു വിടവാങ്ങല്‍ നാടകപരമ്പര 1765-ല്‍ ഇദ്ദേഹം അവതരിപ്പിച്ചു. 1779 ജനു. 20-ന് അഡല്‍ഫിറ്ററസില്‍വച്ച് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍