This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാന്ധിയന്‍ സാമ്പത്തിക വ്യവസ്ഥിതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാന്ധിയന്‍ സാമ്പത്തിക വ്യവസ്ഥിതി

ഇന്ത്യയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി മഹാത്മാഗാന്ധി വിഭാവനം ചെയ്ത സാമ്പത്തിക ചിന്താപദ്ധതി. മഹാത്മാഗാന്ധിക്ക് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ദൃഢവും വ്യക്തവുമായ അഭിപ്രായങ്ങളുണ്ടായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക പ്രശ്നങ്ങളെപ്പറ്റി അദ്ദേഹം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ സിദ്ധാന്തങ്ങളും വ്യാഖ്യാനങ്ങളും അദ്ദേഹത്തിന്റെ പരസഹസ്രം ലേഖനങ്ങളിലും പ്രസംഗങ്ങളിലുമായി ചിതറിക്കിടക്കുന്നു. ഏറ്റവും കൂടുതല്‍ ധനം ആര്‍ജിക്കാനും സ്വാര്‍ഥത പുലര്‍ത്താനും മറ്റുള്ളവരെ ചൂഷണം ചെയ്യാനും പ്രേരിപ്പിക്കുന്ന ആധുനിക സാമ്പത്തികശാസ്ത്രത്തെ അദ്ദേഹം അപലപിച്ചിരുന്നു. മത്സരത്തിനുപകരം സഹകരണവും, സ്വാര്‍ഥതയ്ക്കുപകരം സമൂഹത്തിന്റെ ഉത്കര്‍ഷവും, ചൂഷണത്തിനുപകരം സേവനവുമാണ് ഗാന്ധിയന്‍ സാമ്പത്തികശാസ്ത്രം നിര്‍ദേശിക്കുന്നത്.

ഗാന്ധിജിയും ചര്‍ക്കയും

സാമ്പത്തിക കാര്യങ്ങളില്‍ മഹാത്മാഗാന്ധിയുടെ സമീപനം, നിലവിലിരുന്ന സാമ്പത്തികശാസ്ത്ര സിദ്ധാന്തങ്ങളോടുള്ള ഒരു വെല്ലുവിളി തന്നെയായിരുന്നു. സ്വാതന്ത്യ്രലബ്ധിക്കുശേഷം ഇന്ത്യയില്‍ ആവിഷ്കരിക്കപ്പെട്ട സാമ്പത്തിക പദ്ധതികളില്‍ ഗാന്ധിജിയുടെ സാമ്പത്തിക സിദ്ധാന്തങ്ങള്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. അഹിംസയും സത്യവുമാണ് മഹാത്മാഗാന്ധിയുടെ സാമ്പത്തികശാസ്ത്രത്തിന്റെ അടിക്കല്ലുകള്‍. ആധുനിക ഫാക്ടറി സംസ്കാരം അഹിംസയ്ക്ക് അനുരൂപമായ ഒരു അടിത്തറയല്ല. സ്വയംപര്യാപ്തമായ ഗ്രാമത്തില്‍ മാത്രമേ അഹിംസയുടെ വേരോടുകയുള്ളൂ. ഭൗതികപുരോഗതിയെ എല്ലാറ്റിനും ഉപരിയായി എണ്ണുന്നതിനെയും ധനസമ്പാദനത്തിനുവേണ്ടി സത്യ-ധര്‍മാദികള്‍ വെടിയുന്നതിനെയും ഗാന്ധിജി അതിശക്തമായി അപലപിച്ചു. എന്നാലും അദ്ദേഹം ദാരിദ്യ്രത്തിന്റെ ഉപാസകനായിരുന്നില്ല. പട്ടിണിയും ഇല്ലായ്മയും സദാചാരത്തെത്തന്നെ ഹനിക്കുമെന്നും ആവശ്യത്തിനുവേണ്ട ആഹാരവും വസ്ത്രവും പാര്‍പ്പിടവും ഓരോ വ്യക്തിക്കും ലഭിക്കണമെന്നും ഗാന്ധിജി പ്രഖ്യാപിച്ചു. സാമ്പത്തികമായി സ്വാതന്ത്യ്രം നേടാതെ ഇന്ത്യന്‍ ജനതയ്ക്കു യഥാര്‍ഥ 'സ്വരാജ്യം' കൈവരിക്കാനാവില്ല. ഗാന്ധിജിയുടെ ജീവിതംതന്നെ ഇന്ത്യന്‍ ജനതയെ കൊടും ദാരിദ്യ്രത്തില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള ഒരു യജ്ഞമായിരുന്നു.

വ്യക്തികളുടെ ശാരീരികാധ്വാനം കേന്ദ്രമാക്കിയുള്ള ഒരു സമ്പദ്വ്യവസ്ഥയാണ് ഗാന്ധിജി വിഭാവനം ചെയ്തത്. സ്വത്തിലും ആദായത്തിലുമുള്ള അസമത്വങ്ങള്‍ ഗാന്ധിജിക്ക് അരോചകങ്ങളായിരുന്നു. വന്‍തോതിലുള്ള വ്യവസായവും കൃഷിയുമല്ല, മറിച്ച് എല്ലാവരും ശരീരംകൊണ്ട് അധ്വാനിക്കുന്ന കുടില്‍ വ്യവസായങ്ങളും ഗ്രാമവ്യവസായങ്ങളും ചെറിയ തോതിലുള്ള കൃഷിയുമാണ് ഗാന്ധിജി വിഭാവനം ചെയ്ത സാമ്പത്തിക വ്യവസ്ഥയിലെ വ്യാപാരങ്ങള്‍. സ്വയംപര്യാപ്തമായ ഗ്രാമത്തില്‍ മാത്രമേ ഹിംസയും അസത്യവും കൂടാതെയുള്ള വ്യാപാരങ്ങള്‍ നടത്താന്‍ കഴിയൂ. ഈ വിശ്വാസപ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ് ഗാന്ധിജി ഗ്രാമീണ പുനരുദ്ധാരണത്തിന്റെ ലക്ഷ്യങ്ങളും മാര്‍ഗങ്ങളും ആവിഷ്കരിച്ചത്. ഇന്ത്യയിലെ രൂക്ഷമായ തൊഴിലില്ലായ്മയും ദാരിദ്യ്രവും പരിഹരിക്കാന്‍ കൈക്കൊണ്ടിട്ടുള്ള നൂല്‍നൂല്‍പ്പും നെയ്ത്തുമാണ് ഏറ്റവും പ്രായോഗികമാര്‍ഗം എന്ന് ഗാന്ധിജി ദൃഢമായി വിശ്വസിച്ചു. ഗ്രാമീണ മനോഭാവം വളരണമെങ്കില്‍ ചര്‍ക്കയില്‍ അടിയുറച്ച വിശ്വാസമുണ്ടായിരിക്കണം. ഗാന്ധിജി തന്റെ ജീവിതത്തിന്റെ ഏറിയ ഭാഗവും ചര്‍ക്ക പ്രചരിപ്പിക്കുന്നതിനു വിനിയോഗിച്ചു. തന്റെ ശ്രദ്ധ മുഴുവന്‍ ചര്‍ക്കയില്‍ ചെലുത്തിയതുകാരണം അദ്ദേഹം മറ്റു ഗ്രാമവ്യവസായങ്ങളെ അവഗണിച്ചില്ലേ എന്നുപോലും പലരും സംശയിക്കുന്നുണ്ട്.

വമ്പിച്ചതോതിലുള്ള യന്ത്രസംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വന്‍കിട വ്യവസായങ്ങള്‍ സ്ഥാപിക്കുന്നത് എല്ലാവിധത്തിലും ആപത്കരമാണെന്നു ഗാന്ധിജി കരുതി. എന്നാല്‍ യന്ത്രങ്ങളെ അപ്പാടെ അദ്ദേഹം വെറുത്തിരുന്നില്ല; ആ കാലഘട്ടത്തിലെ ഇന്ത്യയ്ക്ക് അവ അനുയോജ്യമല്ലെന്നേ അദ്ദേഹം വിധിച്ചുള്ളൂ. ചൂഷണത്തിനു വക നല്കാത്തതും അധ്വാനഭാരം കുറയ്ക്കുന്നതുമായ തയ്യല്‍ യന്ത്രം പോലുള്ള ലഘുയന്ത്രോപകരണങ്ങള്‍ക്ക് ഗാന്ധിജിയുടെ അംഗീകാരം ഉണ്ടായിരുന്നു. യന്ത്രോപകരണങ്ങള്‍ ധാരാളമായി പ്രയോഗിക്കപ്പെടുമ്പോള്‍ മാനുഷികമൂല്യങ്ങള്‍ പ്രായേണ അവഗണിക്കപ്പെടും. അധ്വാനിക്കുന്നവരെ ഞെക്കിപ്പിഴിഞ്ഞും ഉപഭോക്താക്കളെ വഞ്ചിച്ചും ലാഭം നേടുന്നതിന് വന്‍തോതിലുള്ള യന്ത്രപ്രയോഗം ഉള്‍ക്കൊള്ളുന്ന വ്യാവസായികോത്പാദനം പ്രേരണ നല്‍കും. ഇത് വ്യാപകമായ തൊഴിലില്ലായ്മയ്ക്കു വഴിതെളിക്കുമെന്നു മാത്രമല്ല, മനുഷ്യരെ അലസരാക്കുകയും ചെയ്യും. ഇക്കാരണങ്ങളാലാണ് കുടില്‍ വ്യവസായങ്ങളും ഗ്രാമവ്യവസായങ്ങളും മാത്രമേ യഥാര്‍ഥക്ഷേമം പുലര്‍ത്തുകയുള്ളൂ എന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നത്.

വിദേശനിര്‍മിത വസ്തുക്കള്‍ വര്‍ജിക്കുന്നതിനും സ്വദേശീയമായവ പ്രോത്സാഹിപ്പിക്കുന്നതിനും ഗാന്ധിജി ഒരു മഹായത്നം തന്നെ നടത്തിയിരുന്നു. ഖാദിയുടെ പ്രചാരണത്തിന് അദ്ദേഹം വലിയ പ്രാധാന്യം നല്കിയിരുന്നു. ഖാദിയുടെ പ്രവാചകനായ ഗാന്ധിജിക്ക്, നാടന്‍ സംരംഭമാണെങ്കില്‍ക്കൂടി, മില്‍ തുണിയും മില്‍ വ്യവസായവും അരോചകമായിരുന്നു. ജനസാമാന്യത്തെ ചൂഷണം ചെയ്യുന്നതിലും ഇന്ത്യയുടെ ദാരിദ്യ്രം വര്‍ധിപ്പിക്കുന്നതിലും മില്‍ വ്യവസായം മറ്റു വ്യവസായങ്ങളുടെ പിന്നിലായിരുന്നില്ല എന്നതു തന്നെയാണ് ഇതിനുകാരണം. സ്വദേശീവ്രതവും വിദേശസാധന ബഹിഷ്കരണവും അക്കാലത്തെ മുദ്രാവാക്യങ്ങളായിത്തീര്‍ന്നു. ഇന്നും ഇവയ്ക്കു പ്രസക്തിയുണ്ട്.

ഇന്ത്യയിലെ തൊഴിലാളി സംഘടനാപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ഗാന്ധിജി നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. എങ്കിലും ഹിംസാത്മകമായ പണിമുടക്കുകള്‍ തൊഴിലാളികള്‍ക്കുതന്നെ ഹാനികരമാണെന്ന് അദ്ദേഹം കരുതി. തൊഴിലാളികളെ വ്യവസായ സംരംഭങ്ങളുടെ യഥാര്‍ഥ ഉടമസ്ഥരായി ഗണിക്കാനും അവര്‍ക്കുവേണ്ട സകല സൗകര്യങ്ങളും നല്കി അവരുടെ സഹകരണം ആര്‍ജിക്കുവാനും മുതലാളിമാരെ ഗാന്ധിജി ഉദ്ബോധിപ്പിച്ചു. ഇന്ത്യയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ പാശ്ചാത്യമാതൃകയില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതു തെറ്റാണെന്ന് ഗാന്ധിജി വ്യക്തമാക്കി.

എല്ലാ സാമ്പത്തിക സംരംഭങ്ങള്‍ക്കും മൂലധനം ആവശ്യമാണെന്നു ഗാന്ധിജി അംഗീകരിച്ചെങ്കിലും മുതലാളിത്ത വ്യവസ്ഥിതി അദ്ദേഹത്തിനു സ്വീകാര്യമായിരുന്നില്ല. അതുപോലെതന്നെ, പാശ്ചാത്യമാതൃകയിലുള്ള സോഷ്യലിസവും കമ്യൂണിസവും ഗാന്ധിജി അനഭിലഷണീയമായി കരുതി. ഈ രണ്ടിനും ആധാരമായ സ്വാര്‍ഥതത്പരതയും വര്‍ഗവൈരവും ഹിംസയും ഭാരതീയ ജനതയുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും യോജിച്ചതല്ലെന്ന് ഗാന്ധിജി വിധിച്ചു. താനൊരു സോഷ്യലിസ്റ്റാണെന്നു ഗാന്ധിജി സ്വയം വിശേഷിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം വര്‍ഗസമരത്തില്‍ വിശ്വസിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ എല്ലാ മനുഷ്യരും ഒരുപോലെയാണ്. അതില്‍ എല്ലാവര്‍ക്കും - അതായത്, പ്രഭുവിനും കര്‍ഷകനും പണക്കാരനും പാവപ്പെട്ടവനും മുതലാളിക്കും തൊഴിലാളിക്കും - തുല്യമായ ജീവിതസൗകര്യങ്ങളുണ്ടായിരിക്കും. അഹിംസയിലും സത്യത്തിലും കൂടി മാത്രമേ ഇത്തരത്തിലുള്ള യഥാര്‍ഥ സോഷ്യലിസം സ്ഥാപിക്കാന്‍ കഴിയൂ. ഇങ്ങനെ അഹിംസയ്ക്കു നിരക്കുന്ന ഒരു മാര്‍ഗമാണ് മുതലാളിമാരും സെമിന്ദാര്‍മാരും യഥാര്‍ഥത്തില്‍ സമുദായത്തിന്റേതായ ഭൂസ്വത്തിന്റെയും മൂലധനത്തിന്റെയും 'ട്രസ്റ്റി'കളായി വര്‍ത്തിക്കുകയെന്നത്. ട്രസ്റ്റികള്‍ മിതമായ ആവശ്യത്തിനുള്ള വകമാത്രം എടുത്തുകൊണ്ട്, ബാക്കിയുള്ളത് മുഴുവന്‍ സമൂഹത്തിന്റെ പൊതുക്ഷേമത്തിന് വിനിയോഗിക്കണം.

ഗാന്ധിജി വിഭാവനം ചെയ്തിരുന്ന അടിസ്ഥാന വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്തിന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളെയും സാംസ്കാരിക പൈതൃകങ്ങളെയും കണക്കിലെടുത്തുകൊണ്ടുള്ളതായിരുന്നു. തൊഴില്‍പരമായ വിദ്യാഭ്യാസത്തിന് അദ്ദേഹം എന്നും പ്രാധാന്യം നല്കിയിരുന്നു.

ആത്യന്തികമായ ശാന്തിയും സംതൃപ്തിയും കൈവരുത്തുന്ന വ്യവസ്ഥിതി സര്‍വോദയവും സമഗ്ര ഗ്രാമസേവയും ഉള്‍ക്കൊണ്ട ഗ്രാമസ്വരാജ് (പഞ്ചായത്തീരാജ്) ആണെന്നു ഗാന്ധിജി വിഭാവനം ചെയ്തു. ഗ്രാമത്തെ കേന്ദ്രമാക്കിക്കൊണ്ടുള്ള കൃഷി, കൈത്തൊഴിലുകള്‍, ഗ്രാമീണ വ്യവസായങ്ങള്‍ തുടങ്ങിയവയില്‍ അധിഷ്ഠിതമായ ഒരു സാമ്പത്തിക ശ്രമത്തെയാണ് ഗാന്ധിജി അനുകൂലിച്ചത്. സ്വതന്ത്രവും സ്വയം പര്യാപ്തവുമായ ഇത്തരം ഗ്രാമത്തില്‍ ലളിതജീവിതം നയിക്കുന്നവരും ത്യാഗനിരതരുമായ സര്‍വോദയ പ്രവര്‍ത്തകര്‍ രാഷ്ട്രനിര്‍മാണ പരിപാടിയില്‍ വ്യാപൃതരായിരിക്കും. ഖാദിപ്രവര്‍ത്തനം, അയിത്തോച്ചാടനം, സാമൂഹിക സൗഹാര്‍ദ സംസ്ഥാപനം, മദ്യവര്‍ജനം, ഗ്രാമവ്യവസായ പരിപോഷണം തുടങ്ങിയ കാര്യങ്ങളില്‍ അവര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതാണ്. തങ്ങള്‍ക്കാവശ്യമുള്ള ഭക്ഷ്യവസ്തുക്കളും വസ്ത്രനിര്‍മാണത്തിനുള്ള പഞ്ഞിയും ഗ്രാമീണര്‍ ഗ്രാമങ്ങളില്‍ത്തന്നെ ഉത്പാദിപ്പിക്കും. ഗ്രാമതലത്തിലുള്ള ഉത്പാദനം കഴിയുന്നതും സഹകരണാടിസ്ഥാനത്തില്‍ സംഘടിപ്പിക്കും. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ജലവിതരണം തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിന്റെ ചുമതലയിലായിരിക്കും നടക്കുന്നത്. പ്രായപൂര്‍ത്തി വോട്ടവകാശമുപയോഗിച്ച് ഓരോ വര്‍ഷവും തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചു പേരടങ്ങുന്ന ഗ്രാമപഞ്ചായത്തായിരിക്കും ഓരോ ഗ്രാമത്തിന്റെയും നിയമനിര്‍മാണം, നീതിന്യായം, ഭരണം എന്നിവയെ സംബന്ധിച്ച ചുമതലകള്‍ നിര്‍വഹിക്കുക. ഇപ്രകാരം സത്യം, അഹിംസ, ലാളിത്യം, സ്വാശ്രയത്വം എന്നിവയ്ക്ക് ഊന്നല്‍ നല്കിക്കൊണ്ടുള്ള ഒരു ഗ്രാമ സമ്പദ്വ്യവസ്ഥയാണ് മഹാത്മാഗാന്ധി വിഭാവനം ചെയ്തത്.

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍