This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാഡ്ഗില്‍, മാധവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാഡ്ഗില്‍, മാധവ്

Gadgil, Madhav (1942 - )

മാധവ് ഗാഡ്ഗില്‍

ഭാരതീയ പരിസ്ഥിതി ശാസ്ത്രജ്ഞന്‍. 1942-ല്‍ മഹാരാഷ്ട്രയില്‍ ജനിച്ചു. ഗാഡ്ഗില്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ സസ്യജന്തുജാലങ്ങളോട് അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസകാലത്ത് ജന്തുസ്വഭാവത്തെക്കുറിച്ച് ഇദ്ദേഹം എഴുതിയ നിരവധി ലേഖനങ്ങള്‍ സ്കൂള്‍ മാസികകളില്‍ പ്രസിദ്ധീകരിച്ചുവന്നിരുന്നു. പൂണെ, ബോംബെ സര്‍വകലാശാലകളില്‍ നിന്നും ജീവശാസ്ത്രപഠനം പൂര്‍ത്തിയാക്കി. പരിസ്ഥിതിപഠനത്തില്‍ ആകൃഷ്ടനായ ഗാഡ്ഗില്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് മാത്തമാറ്റിക്കല്‍ ഇക്കോളജിയില്‍ ഗവേഷണ ബിരുദം കരസ്ഥമാക്കി. പോപ്പുലേഷന്‍ ബയോളജി, കണ്‍സര്‍വേഷന്‍ ബയോളജി, ഹ്യൂമന്‍ ഇക്കോളജി തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണം നടത്തിയ ഇദ്ദേഹത്തിന്റെ ഇരുന്നൂറോളം ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1973-2004 കാലഘട്ടങ്ങളില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചു. 1978-ല്‍ കര്‍ണാടക ഗവണ്‍മെന്റിന്റെ സഹായത്തോടെ ബാംബൂ സ്രോതസ്സുകളെക്കുറിച്ച് ഗവേഷണ പഠനങ്ങളിലേര്‍പ്പെട്ടു. 1986-ല്‍ രാജ്യത്തിലെതന്നെ ആദ്യ ബയോസ്ഫിയര്‍ റിസര്‍വ് നീലഗിരിയില്‍ സ്ഥാപിക്കുന്നതില്‍ ഇദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമാണ്. പശ്ചിമഘട്ടത്തിലെ സസ്യജന്തുജാല ഗവേഷണങ്ങളിലും പരിണാമജീവശാസ്ത്രത്തിലും ഇദ്ദേഹം നല്കിയ സംഭാവനകള്‍ നിരവധിയാണ്. 1986-90-ല്‍ സയന്‍സ് അഡ്വൈസറി കൗണ്‍സിലിലെ അംഗമായും എന്‍സിഇആര്‍ടിയുടെ പരിസ്ഥിതി വിദ്യാഭ്യാസശാഖയുടെ ചെയര്‍മാനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ശാന്തിസ്വരൂപ് ഭട്നാഗര്‍ അവാര്‍ഡ്, വിക്രം സാരാഭായ്- ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ അവാര്‍ഡുകള്‍, വോള്‍വോ എന്‍വയോണ്‍മെന്റ് പ്രൈസ്, കര്‍ണാടകയുടെ രാജ്യോത്സവ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍ എന്നിവ നല്കി ആദരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ജൈവവൈവിധ്യആക്റ്റിന്റെ രൂപീകരണകമ്മിറ്റി അംഗമായിരുന്ന (2002) ഇദ്ദേഹം ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി, ഇന്ത്യന്‍ അക്കാദമി ഒഫ് സയന്‍സ് എന്നിവയില്‍ ഫെലോ, ബ്രിട്ടീഷ് ഇക്കോളജിക്കല്‍ സൊസൈറ്റി, ഇക്കോളജിക്കല്‍ സൊസൈറ്റി ഒഫ് അമേരിക്ക എന്നിവയുടെ ഓണററി അംഗം എന്നീ നിലകളിലുള്ള പ്രവര്‍ത്തനത്തോടൊപ്പം ഇപ്പോള്‍ (2011) നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചുവരുന്നു.

(റാണി ജോസഫ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍