This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാംഗുലി, ബിപിന്‍ ബിഹാരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാംഗുലി, ബിപിന്‍ ബിഹാരി

Ganguly, Bipin Behari (1887 - 1954)

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നേതാവ്. ഹൂഗ്ളി ഡിസ്റ്റ്രിക്റ്റിലുള്ള ബാഗന്‍ഡായില്‍ 1887 ന. 5-ന് ജനിച്ചു. പിതാവായ അക്ഷയനാഥിന്റെ പൊതുജനക്ഷേമപ്രവര്‍ത്തനങ്ങള്‍ ബിപിനെ വളരെ സ്വാധീനിച്ചിരുന്നു. ഗ്രാമത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പ്രവേശന പരീക്ഷ പാസ്സായി കൊല്‍ക്കത്ത സര്‍വകലാശാലയുടെ കീഴിലുള്ള റിപ്പണ്‍ കോളജില്‍ ഒരു വര്‍ഷത്തോളം പഠിച്ചു. ബംഗാള്‍ വിഭജനത്തിനെതിരായി പ്രക്ഷോഭണങ്ങളില്‍ പങ്കെടുക്കുകയും അങ്ങനെ വിദ്യാഭ്യാസം ഉപേക്ഷിക്കുകയും ചെയ്തു. ഇതിനിടയില്‍ ഒരു രഹസ്യ വിപ്ലവ സംഘടനയില്‍ അംഗമായി ചേര്‍ന്നിരുന്നു. ബിപിന്റെ ശേഷിച്ച ജീവിതം മുഴുവന്‍ മാതൃരാജ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. ഒന്നാം ലോക യുദ്ധകാലത്ത് ജര്‍മനിയില്‍ നിന്ന് ആയുധം ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒളിവില്‍പ്പോയ ഇദ്ദേഹത്തെ 1915-ല്‍ അറസ്റ്റു ചെയ്തു. 1920-21 കാലയളവില്‍ ബിപിന്‍ ദേശബന്ധു, ചിത്തരഞ്ജന്‍ ദാസിന്റെ സ്വാധീനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട് നിസ്സഹരണപ്രസ്ഥാനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് സുബാഷ് ചന്ദ്ര ബോസിനോടൊപ്പം അറസ്റ്റ് വരിച്ചു. ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തു എങ്കിലും ഗാന്ധിമാര്‍ഗത്തിലൂടെ വിദേശികള്‍ക്കെതിരെ സമരം ചെയ്യുന്നതിനോട് വിയോജിപ്പാണുണ്ടായിരുന്നത്. ഒളിവില്‍പ്പോയ വിപ്ലവകാരികളുമായി ബന്ധപ്പെട്ടു. അവര്‍ക്ക് എല്ലാ സഹായവും നല്കി. ഇതിന്റെ പേരില്‍ 1930-ല്‍ അറസ്റ്റ് ചെയ്ത് രണ്ടുവര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ചു. 1932-ല്‍ കൊല്‍ക്കത്ത കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച ഇദ്ദേഹം കൗണ്‍സിലറായി. 1942-ല്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് അറസ്റ്റുചെയ്യപ്പെട്ടു. 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ സ്വതന്ത്രനായി. സ്വാതന്ത്ര്യനന്തരം ബിപിന്‍ തന്റെ പ്രവര്‍ത്തന മേഖല സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും ബഹുജനോദ്ധാരണ പരിപാടികള്‍ക്കുമായി മാറ്റി. കോണ്‍ഗ്രസ് സേവാദള്‍, ന്യായസമാജ് ശിബിര്‍ എന്നിവ പടുത്തുയര്‍ത്താനും പ്രയത്നിച്ചു. ന്യായസമാജ് പത്രിക് എന്ന പ്രസിദ്ധീകരണവും ആരംഭിച്ചു. ആരോഗ്യകരമായ രീതിയില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ വളര്‍ത്തുന്നതിലും ഇദ്ദേഹം ശ്രദ്ധിച്ചു. 1952-ല്‍ ഇദ്ദേഹത്തെ വെസ്റ്റ് ബംഗാള്‍ ലെജിസ്ലേറ്റിവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുത്തു. 1954 ജനു. 14-ന് അന്തരിച്ചു.

(പി. സുഷമ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍