This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗസ്നവി, അബ്ദുല്‍ഹലീം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗസ്നവി, അബ്ദുല്‍ഹലീം

Ghaznavi, Abdul Halim (1876 -1953)

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനിയും വ്യവസായ പ്രമുഖനും. ബംഗ്ലാദേശില്‍പ്പെട്ട മൈമെന്‍സിങ് ജില്ലയില്‍ തന്‍ഗയിലില്‍ 1876 ന. 11-ന് ജനിച്ചു.

കൊല്‍ക്കത്തയിലെ സിറ്റികോളജ് സ്കൂളിലും സെന്റ് സേവിയേഴ്സ് കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പൊതു ജീവിതം കൊല്‍ക്കത്തയിലാണ് ആരംഭിച്ചത്.

20-ാം ശതകത്തിന്റെ ആദ്യം മുതല്ക്കുതന്നെ സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനായ ഇദ്ദേഹത്തിന്റെ നേതാവ് സുരേന്ദ്രനാഥ് ബാനര്‍ജിയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 1905 മുതല്ക്കുള്ള എല്ലാ സമ്മേളനത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ബംഗാള്‍ വിഭജനത്തിനെതിരായി ശക്തമായ എതിര്‍പ്പ് സംഘടിപ്പിക്കുന്നതില്‍ ഇദ്ദേഹം നേതൃത്വം നല്കി. സ്വദേശി സാധനങ്ങള്‍ വില്ക്കുന്നതിനായി ഇദ്ദേഹം കൊല്‍ക്കത്തയില്‍ യുണൈറ്റഡ് ബംഗാള്‍ സ്റ്റോര്‍ തുറന്നു. വമ്പിച്ച നഷ്ടം സഹിച്ചാണ് അത് നടത്തിക്കൊണ്ടുപോയത്. 1907-ലെ സൂററ്റ് പിളര്‍പ്പിനുശേഷം ഇദ്ദേഹം കോണ്‍ഗ്രസ്സില്‍ നിന്നു പിന്മാറി സ്വദേശി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ വിഭാഗീയമായ ഒരു പ്രവര്‍ ത്തനത്തിലും ഇദ്ദേഹം പങ്കെടുത്തില്ല. 1926 മുതല്‍ 1945 വരെ കേന്ദ്ര നിയമസഭയിലെ ഒരംഗമായിരുന്ന ഗസ്നവി ലണ്ടനില്‍ നടന്ന മൂന്നു വട്ടമേശസമ്മേളനങ്ങളിലും പ്രതിനിധിയായിരുന്നു.

ബര്‍മ വിഭജന കമ്മിറ്റി (1930), മൈനോറിറ്റീസ് കമ്മിറ്റി (1930-32), ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി (1933) തുടങ്ങിയ സമിതികളില്‍ ഇദ്ദേഹം അംഗമായിരുന്നു. ഇദ്ദേഹം ഡാക്കാ, അലിഗഡ് യൂണിവേഴ്സിറ്റികളിലെ കോര്‍ട്ടുകളില്‍ അംഗമായി പ്രവര്‍ത്തിച്ചിരുന്നു. കൊല്‍ക്കത്തയിലെ ഷെറീഫ് ആയിരുന്ന (1934-35) ഗസ്നവിക് 1935-ല്‍ 'സര്‍' സ്ഥാനം ലഭിച്ചു. കൊല്‍ക്കത്തയിലെ ഒരു പ്രമുഖ വ്യാപാരിയായി ഉയര്‍ന്ന ഇദ്ദേഹം മുസ്ലിം ചേംബര്‍ ഒഫ് കോമേഴ്സിന്റെയും (1939-40) ഇന്ത്യന്‍ ചേംബര്‍ ഒഫ് കോമേഴ്സിന്റെയും (1945-46) പ്രസിഡന്റായിരുന്നു. ഇന്ത്യന്‍ സ്റ്റീംഷിപ്പ് കമ്പനിയുടെ അധ്യക്ഷനായും ഗസ്നവി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1953 ജൂണ്‍ 18-ന് കിഴക്കന്‍ പാകിസ്താനില്‍ അന്തരിച്ചു.

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍