This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗബ്രിയേലി, ഗിയോവന്നി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗബ്രിയേലി, ഗിയോവന്നി

Gabrieli, Giovanni (1557 - 1612)

വെനീഷ്യന്‍ സംഗീത സംവിധായകന്‍. 1557-ല്‍ വെനീസില്‍ ജനിച്ചു. മ്യൂണിച്ചില്‍ അല്പകാലം ജോലി നോക്കിയശേഷം, അമ്മാവനും ഗുരുവും പ്രശസ്ത സംഗീതജ്ഞനുമായ ആന്ദ്രിയാ ഗബ്രിയേലിയുടെ കീഴില്‍ വെനീസിലെ സെന്റ് മാര്‍ക് കത്തീഡ്രലില്‍ ഓര്‍ഗനിസ്റ്റായി ചേര്‍ന്നു. ഗുരുവിനെപ്പോലെ വാദ്യ സംഗീതത്തിലും അനുഷ്ഠാന സംഗീതത്തിലും പ്രാവീണ്യം നേടുകയും പുതിയ പലരീതികളും പരീക്ഷിച്ചു വിജയം കൈവരിക്കുകയും ചെയ്തു.

ആഡ്രിയന്‍ വില്ലര്‍ട്ടും ആന്ദ്രിയാ ഗബ്രിയേലിയും മറ്റും പിന്തുടര്‍ന്നുപോന്ന മോട്ടറ്റ് (Motet) സംഗീതം പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നത് ഗിയോവന്നിയിലാണ്. ഈ വിഭാഗത്തിലെ പ്രകൃഷ്ടമായ രചനയാണ് സാക്രെ സിംഫണിയെ (Sacre Symphoniae).

ഉപകരണ സംഗീത ശില്പങ്ങളില്‍ കന്‍സോണകളും (Canzonas) റിസര്‍സാറുകളും (Ricercars) സോണറ്റുകളും (Sonata) ഉള്‍പ്പെടുന്നു. പില്ക്കാല ബാരക് (Baroque )പാരമ്പര്യത്തിന്റെ മുന്‍ഗാമികളായി ഇദ്ദേഹത്തിന്റെ ഏകപ്രമേയാധിഷ്ഠിതമായ റിസര്‍സാറുകളെ കണക്കാക്കുന്നു. ഗിയോവന്നിയുടെ സോണറ്റാപിയാനോ എഫോര്‍ട്ടെ എന്ന ശില്പ ശീര്‍ഷകത്തിലാണ് സോണറ്റ എന്ന പദം ആദ്യമായി പ്രയോഗിച്ചു കാണുന്നത്.

16-ാം ശതകത്തിലെ നവോത്ഥാന കാലഘട്ടത്തില്‍ നിന്നും 17-ാം ശതകത്തിലെ ബാരക് ഘട്ടത്തിലേക്കുള്ള ഇറ്റാലിയന്‍ സംഗീതത്തിന്റെ വികാസപരിണാമദശകളുടെ ദര്‍പ്പണങ്ങളാണ് ഗബ്രിയേലിയുടെ സംഗീതികകള്‍. ഗായകരുടെയും വാദ്യമേളക്കാരുടെയും വിവിധ സംഘങ്ങള്‍ ഒരേസമയം വ്യത്യസ്ത സ്ഥായികളില്‍ ഉയര്‍ത്തുന്ന സ്വരനാദങ്ങളുടെ വൈശിഷ്ട്യപൂര്‍ണമായ ചേരുവ കൊണ്ട് സമ്പന്നമായ ഗിയോവന്നിസംഗീതം 17-ാം ശതകത്തിലെ ജര്‍മന്‍-ഇറ്റാലിയന്‍ സംഗീതവിദഗ്ധരെ മുഴുവന്‍ സ്വാധീനിക്കാന്‍ പോന്നതായിരുന്നു. 1612 ആഗ. 12-ന് വെനീസില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍