This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗദ്ദര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:32, 21 ഏപ്രില്‍ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗദ്ദര്‍

Gaddar (1949 - )

ഗദ്ദര്‍

ജനകീയഗായകന്‍, കവി, വിപ്ലവകാരി, നാടന്‍കലാകാരന്‍, ദലിത് ആക്ടിവിസ്റ്റ്. ഗഡ്ഗസമാനമായ പാട്ടുകളിലൂടെ അടിച്ചമര്‍ത്തപ്പെട്ട ജനതയെ വിമോചനത്തിന്റെ വാഗ്ദത്തഭൂമിയിലേക്ക് വഴിനടത്തുന്ന വിപ്ലവകലാകാരനായാണ് ഗദ്ദര്‍ പൊതുവില്‍ അറിയപ്പെടുന്നത്.

1949-ല്‍ ആന്ധ്രപ്രദേശിലെ മേഥക് ജില്ലയിലെ തൂപ്രോണ്‍ എന്ന ഗ്രാമത്തില്‍ ശേഷയ്യയുടെയും ലാച്ചുവമ്മയുടെയും ഇളയമകനായി ജനിച്ചു. ഒരു ദരിദ്ര ദലിത് കര്‍ഷകുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. മഹാരാഷ്ട്രയില്‍ കല്‍പ്പണിക്കാരനായിരുന്ന ശേഷയ്യയ്ക്ക് ഡോ. അംബേദ്കര്‍ എന്നും അടങ്ങാത്ത ആവേശമായിരുന്നു. ശേഷയ്യ മകന് നല്‍കിയ വിറ്റല്റാവു എന്ന പേരിനു പിന്നിലും ജാതിവിരുദ്ധത ലക്ഷ്യമാക്കിയിരുന്നു. അക്കാലത്ത് സവര്‍ണര്‍ക്ക് മാത്രം നല്‍കിപ്പോന്ന പേരിലെ റാവു എന്ന സംബോധന സ്കൂളില്‍ എത്തിയ വിറ്റല്റാവുവില്‍ നിന്നും സ്കൂള്‍അധികൃതര്‍ എടുത്തുമാറ്റി. പഠനത്തില്‍ മിടുക്കനായിരുന്ന വിറ്റലിന് കൊടിയ ജാതിപീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്നു. വിശപ്പും അവഗണനയും വിറ്റലില്‍ ചെറുത്തുനില്പിന്റെ ആത്മധൈര്യം പകര്‍ന്നു. ശേഷയ്യ തന്റെ മക്കള്‍ക്ക് മറാഠി പാട്ടുകള്‍ പാടിക്കൊടുക്കുമായിരുന്നു. വിറ്റല് വിദ്യാര്‍ഥിയായിരിക്കെത്തന്നെ കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന അച്ഛന്‍ മരിച്ചു. തുടര്‍ന്ന് കൂലിവേല ചെയ്താണ് ലാച്ചുവമ്മ അഞ്ചുമക്കളെയും വളര്‍ത്തിയത്. ജനങ്ങളെ വാക്കുകൊണ്ടും താളംകൊണ്ടും തന്നിലേക്ക് അടുപ്പിക്കുന്ന കഴിവ് ഗദ്ദര്‍ സ്വാംശീകരിച്ചത് അമ്മയില്‍ നിന്നാണ്. 1986-ല്‍ ഗദ്ദര്‍ എച്ച്.എസ്.ഡി. പരീക്ഷ പാസാകുമ്പോള്‍. പ്രസ്തുത സ്കൂളില്‍ എച്ച്.എസ്.ഡി. പാസാകുന്ന ആദ്യ ദലിത് വിദ്യാര്‍ഥിയായിരുന്നു വിറ്റല്. പ്രീ-യൂണിവേഴ്സിറ്റി പരീക്ഷ 77 ശതമാനം മാര്‍ക്കോടെ പാസായതിനെത്തുടര്‍ന്ന് ഉസ്മാനിയ സര്‍വകലാശാലയ്ക്ക് കീഴിലുള്ള എന്‍ജിനീയറിങ് കോളജില്‍ ചേര്‍ന്നുവെങ്കിലും വീട്ടിലെ ദാരിദ്യ്രംമൂലം പഠനംപാതിവഴി ഉപേക്ഷിച്ചു. തൊഴില്‍തേടി അലഞ്ഞു നടക്കുന്നതിനിടയില്‍ വാര്‍ത്താവിതരണപ്രക്ഷേപണ വകുപ്പിനുകീഴില്‍ പൊതുജനസമ്പര്‍ക്ക പരിപാടി അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. ഇതിനായി ബാബുജി ബുരകഥാ പാര്‍ട്ടി എന്നൊരു കലാസംഘമുണ്ടാക്കി. കാര്യമായ വരുമാനമൊന്നും ലഭിച്ചിരുന്നില്ലെങ്കിലും ജനങ്ങളുമായി നിരന്തരം സംവദിക്കാനും ആള്‍ക്കൂട്ടത്തിന്റെ മനഃശാസ്ത്രം മനസ്സിലാക്കാനും പൊതുജനസമ്പര്‍ക്ക പരിപാടിയിലൂടെ ഇദ്ദേഹത്തിന് സാധിച്ചു.

1969-ല്‍ പ്രത്യേക തെലുങ്കാന സംസ്ഥാനത്തിനായുള്ള സമരത്തിലൂടെയാണ് ഗദ്ദര്‍ രാഷ്ട്രീയരംഗത്ത് ചുവടുറപ്പിക്കുന്നത്. സമരപ്രചാരണത്തിനായി ഗദ്ദറും സുഹൃത്തുക്കളും ചേര്‍ന്ന് 'തെലുങ്കാന ഗോല സുന്ധലു' എന്ന പേരില്‍ ഒരു ബുരകഥാ സംഘമുണ്ടാക്കി ഗ്രാമങ്ങള്‍തോറും സഞ്ചരിച്ചു. പിന്നീട്, ബി. നരസിംഹറാവുവിന്റെ ആര്‍ട് ലവേഴ്സ് അസോസിയേഷനിലൂടെ ഗദ്ദര്‍ തന്റെ രാഷ്ട്രീയ-കലാപ്രവര്‍ത്തനം ശക്തമാക്കി. അസോസിയേഷനുവേണ്ടി തയ്യാറാക്കിയ 'അപ്യരോ റിയ...' എന്ന ഗാനം ഗദ്ദറിനെ കൂടുതല്‍ ജനപ്രിയനാക്കി. പാട്ട് ജനകീയമായതോടെ അവ പുസ്തകരൂപത്തിലും പുറത്തിറങ്ങി. ഈ പുസ്തകത്തിലാണ് ഗദ്ദര്‍ എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. പഞ്ചാബില്‍ ബ്രിട്ടീഷുകാരോട് പോരാടിയ ഗദ്ദര്‍ പാര്‍ട്ടിയോടുള്ള ബഹുമാനസൂചകമായാണ് വിറ്റല്റാവു, ഗദ്ദര്‍ എന്ന പുതിയ പേര് സ്വീകരിച്ചത്.

1969-70-ല്‍ ആന്ധ്രയിലെ ശ്രീകാകുളം സമരത്തിലൂടെ ഗദ്ദര്‍ മാവോയിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനാകുകയും നക്സലൈറ്റ് പ്രസ്ഥാനത്തില്‍ എത്തുകയും ചെയ്തു. പിന്നീട് ഗദ്ദറിന് കാനറാ ബാങ്കില്‍ ജോലി കിട്ടിയെങ്കിലും വിപ്ലവം എന്ന സ്വപ്നസാഫല്യത്തിനായി അത് ഉപേക്ഷിച്ചു. വിപ്ലവാശയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ 1972-ല്‍ ബി. നരസിംഹറാവുവുമൊന്നിച്ച് നാട്യ പ്രജാമണ്ഡലി രൂപവത്കരിച്ചു. നിരോധിക്കപ്പെട്ടിരുന്ന ഈ സംഘടനയുടെ വിലക്ക് 1990-ല്‍ ഒഴിവായ ഘട്ടത്തില്‍ 1990 ഫെബ്രുവരി 20-ന് നിസാം കോളജ് ഗ്രൌണ്ടില്‍ നടന്ന ഗദ്ദറിന്റെ പരിപാടി കാണുവാന്‍ രണ്ടുലക്ഷത്തിലധികം ആളുകളാണ് എത്തിച്ചേര്‍ന്നത്. ബി.ബി.സി.യും വോയ്സ് ഒഫ് അമേരിക്കയും ഈ പരിപാടി ലോകം മുഴുവന്‍ പ്രക്ഷേപണം ചെയ്തു.

പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ പോരാളിയും ദലിത് ആക്റ്റിവിസ്റ്റുമായ ഗദ്ദര്‍ നാളിതുവരെ നിരവധി ആക്രമണങ്ങളെയും കൊലപാതകശ്രമങ്ങളെയും പൊലീസിന്റെ പീഡനങ്ങളെയും അതിജീവിച്ചിട്ടുണ്ട്. ആറുതവണ ജയില്‍വാസവും നിരവധി തവണ ഒളിവിലും കഴിഞ്ഞിട്ടുണ്ട്. 1977 ഏ. 6-ന് ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നില്‍വച്ച് ശത്രുക്കള്‍ ഇദ്ദേഹത്തിനു നേരെ നിറയൊഴിച്ചു. ശരീരത്തില്‍ തറഞ്ഞ അഞ്ചു ബുള്ളറ്റുകളില്‍ നാലെണ്ണം മാത്രമേ നീക്കം ചെയ്യാനായുള്ളൂ. ശരീരത്തില്‍ ശേഷിച്ച ഒരു ബുള്ളറ്റുമായാണ് ഗദ്ദര്‍ ഇപ്പോഴും കവിത ചൊല്ലുന്നത്.

കുപ്പായത്തിനു മേലെ ചുവന്ന കരയുള്ള ഒരു കറുത്ത കമ്പിളിപ്പുതപ്പ് ഒരു തോളിലൂടെ ഇട്ടിരിക്കും. കഴുത്തില്‍ വെളുത്ത വരയുള്ള ഒരു ചുവന്ന മുണ്ട് ചുറ്റി, കൈയില്‍ മുളവടിയില്‍ ചെങ്കൊടിയും കാലില്‍ ചിലങ്കയും അണിഞ്ഞാണ് ഗദ്ദര്‍ പരിപാടികളില്‍, പ്രത്യക്ഷപ്പെടാറ്. 'ഗോലദോത്തി' എന്നു വിളിക്കപ്പെടുന്ന ഈ വേഷം ആന്ധ്രയുടെ ഗോത്രസ്മൃതികളുടെ വീണ്ടെടുപ്പാണെന്ന് അനുസ്മരിക്കപ്പെട്ടിട്ടുണ്ട്. തപ്പും തുടിയും ഗദ്ദര്‍ഗാനങ്ങള്‍ക്ക് താളമൊരുക്കുന്നു. ആറും ഏഴും മണിക്കൂര്‍ തിമര്‍ത്തുപെയ്യുന്ന ഗാനങ്ങള്‍ ലക്ഷക്കണക്കിന് ആളുകളില്‍ വിപ്ലവാവേശമുണര്‍ത്തുന്നവയാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%A6%E0%B5%8D%E0%B4%A6%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍