This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗദാധരന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗദാധരന്‍

ന്യായശാസ്ത്രജ്ഞന്‍. ഗദാധരഭട്ടാചാര്യന്‍ എന്നും അറിയപ്പെടുന്നു. 17-ാം ശതകത്തില്‍ വംഗദേശത്ത് ജനിച്ചു. ഗംഗേശോപാധ്യായന്റെ തത്ത്വചിന്താമണി എന്ന നവ്യന്യായഗ്രന്ഥത്തിന് രഘുനാഥശിരോമണി ദീധിതി എന്നൊരു വ്യാഖ്യാനമെഴുതി. ഈ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കി ഗദാധരന്‍ ഗദാധരി എന്ന പേരില്‍ വിശിഷ്ടമായ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്. രഘുനാഥ ശിരോമണിയുടെ തന്നെ മറ്റു കൃതികള്‍ക്കും പക്ഷധരമിശ്രന്റെ ആലോകം, ഉദയനന്റെ കുസുമാഞ്ജലി തുടങ്ങിയ കൃതികള്‍ക്കും എഴുതിയ വ്യാഖ്യാനങ്ങള്‍ക്കു പുറമേ, അനേകം സ്വതന്ത്രകൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ശക്തിവാദം, നഞ്വാദവ്യാഖ്യ, വ്യുത്പത്തിവാദം, മുക്തിവാദം തുടങ്ങി പ്രസിദ്ധമായ അനേകം വാദഗ്രന്ഥങ്ങള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.

ഈ പേരില്‍ വേറെയും ഗ്രന്ഥകാരന്മാര്‍ പല കാലങ്ങളിലായി ജീവിച്ചിരുന്നു. പ്രധാനപ്പെട്ടവര്‍ ഇവരാണ്:

1. സ്മൃതി ഗ്രന്ഥരചയിതാവ്. 15-ാം ശതകത്തില്‍ ജീവിച്ചിരുന്നു. അച്ഛന്‍ നീലാംബരന്‍. ആചാരസാരം, കാലസാരം, വ്രതസാരം, ശുദ്ധിസാരം തുടങ്ങിയ വൈദികഗ്രന്ഥങ്ങള്‍ രചിച്ചു. ആശ്വലായന ഗൃഹ്യസൂത്രഭാഷ്യം, പാരസ്കരഗൃഹ്യസൂത്രഭാഷ്യം എന്നിവയും ഇദ്ദേഹത്തിന്റെതാണ്.

2. മമ്മടന്റെ കാവ്യപ്രകാശത്തിന് ടീക രചിച്ച നിരൂപകന്‍. ഇദ്ദേഹം ഗദാധര ചക്രവര്‍ത്തി എന്നും ഗദാധര ഭട്ടന്‍ എന്നും അറിയപ്പെട്ടിരുന്നു.

3. ശ്രീഹര്‍ഷന്റെ നൈഷധീയം മഹാകാവ്യത്തിന്റെ ഒരു വ്യാഖ്യാതാവ്.

4. രസികജീവനം എന്ന സുഭാഷിതഗ്രന്ഥത്തിന്റെയും രസപദ്മാകരം എന്ന കാവ്യശാസ്ത്രഗ്രന്ഥത്തിന്റെയും കര്‍ത്താവ്.

5. 15-ാം ശ. ഒടുവില്‍ ബംഗാളിലെ വൈഷ്ണവഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരകനായ ചൈതന്യന്റെ ഏറ്റവും അടുത്ത ശിഷ്യന്‍.

6. ശ്രീരാമകൃഷ്ണപരമഹംസന്റെ ആദ്യത്തെ പേര്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍