This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗതാഗത എന്‍ജിനീയറിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Transport Engineering)
(Transport Engineering)
 
വരി 1: വരി 1:
==ഗതാഗത എന്‍ജിനീയറിങ് ==
==ഗതാഗത എന്‍ജിനീയറിങ് ==
-
==Transport Engineering==
+
===Transport Engineering===
റോഡുഗതാഗത നിയന്ത്രണത്തെ സംബന്ധിച്ച എന്‍ജിനീയറിങ് ശാഖ. റോഡുകളില്‍ക്കൂടി ഓടുന്ന വാഹനങ്ങളുടെയും വാഹനങ്ങളിലും കാല്‍നടയായും റോഡില്‍ക്കൂടി യാത്രചെയ്യുന്നവരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുവേണ്ടി പല തരത്തിലുള്ള ഗതാഗതനിയന്ത്രണങ്ങള്‍ നിലവിലുണ്ട്.  
റോഡുഗതാഗത നിയന്ത്രണത്തെ സംബന്ധിച്ച എന്‍ജിനീയറിങ് ശാഖ. റോഡുകളില്‍ക്കൂടി ഓടുന്ന വാഹനങ്ങളുടെയും വാഹനങ്ങളിലും കാല്‍നടയായും റോഡില്‍ക്കൂടി യാത്രചെയ്യുന്നവരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുവേണ്ടി പല തരത്തിലുള്ള ഗതാഗതനിയന്ത്രണങ്ങള്‍ നിലവിലുണ്ട്.  

Current revision as of 05:28, 21 ഏപ്രില്‍ 2016

ഗതാഗത എന്‍ജിനീയറിങ്

Transport Engineering

റോഡുഗതാഗത നിയന്ത്രണത്തെ സംബന്ധിച്ച എന്‍ജിനീയറിങ് ശാഖ. റോഡുകളില്‍ക്കൂടി ഓടുന്ന വാഹനങ്ങളുടെയും വാഹനങ്ങളിലും കാല്‍നടയായും റോഡില്‍ക്കൂടി യാത്രചെയ്യുന്നവരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുവേണ്ടി പല തരത്തിലുള്ള ഗതാഗതനിയന്ത്രണങ്ങള്‍ നിലവിലുണ്ട്.

ഗതാഗതനിയന്ത്രണത്തിനു പ്രധാനമായി താഴെപ്പറയുന്ന അഞ്ച് എന്‍ജിനീയറിങ് മാര്‍ഗങ്ങളാണ് ഉപയോഗപ്പെടുത്തിവരുന്നത്: (1) വണ്‍വേ (one way) റൂട്ടുകള്‍, എല്ലാത്തരം വാഹനങ്ങള്‍ക്കും പോകാവുന്ന റൂട്ടുകള്‍, ട്രക്കുകള്‍ക്കും ബസ്സുകള്‍ക്കും മാത്രം പോകാവുന്ന റൂട്ടുകള്‍ തുടങ്ങിയ തരത്തില്‍ റൂട്ടുകള്‍ നിശ്ചയിക്കല്‍; (2) വാഹനങ്ങള്‍ പാര്‍ക്കുചെയ്യാനുള്ള സ്ഥാനനിര്‍ണയം, വാഹനങ്ങളിലെ ഭാരനിയന്ത്രണം, വേഗതാനിയന്ത്രണം എന്നിവ സംബന്ധിച്ച ഗതാഗത നിയമങ്ങള്‍; (3) സിഗ്നലുകള്‍, അടയാളങ്ങള്‍ മുതലായ മാര്‍ഗങ്ങള്‍; (4) ട്രാഫിക് ഐലന്‍ഡുകള്‍, റോഡിനു വീതി കുറഞ്ഞയിടങ്ങളില്‍ വീതികൂട്ടല്‍ മുതലായവ; (5) GPS കളുടെ സഹായത്തോടെയുള്ള ട്രാഫിക് പ്ലാനിങ്.

ഗതാഗതറൂട്ടിങ്. നഗരത്തിലെ ഓരോ തെരുവിന്റെയും ഗതാഗതസൗകര്യവും പ്രത്യേകതകളും തെരുവുകളിലൂടെ നിലവിലുള്ള ഗതാഗതത്തിരക്കും ശാസ്ത്രീയമായി പഠിച്ചിരിക്കേണ്ടത് ഗതാഗതറൂട്ടുകള്‍ നിശ്ചയിക്കുന്നതിന് ആവശ്യമാണ്. വണ്‍വേറൂട്ടുകളും പ്രത്യേകതരം വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള റൂട്ടുകളും മറ്റും നിശ്ചയിക്കുന്നതിന് ഇത്തരം പഠനങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതാണ്. തെരുവുകളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഇത്തരം പഠനങ്ങള്‍ ഉപകരിക്കും.

ആധുനിക ഗതാഗത എന്‍ജിനീയറിങ് തത്ത്വമനുസരിച്ച് കഴിയുന്നതും ഓരോതരം വാഹനങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം റോഡുകളാണ് ഗതാഗതത്തിനുപയോഗിക്കേണ്ടത്. ഇതുമൂലം റോഡുഗതാഗതത്തിന്റെ ക്ഷമത ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിയും. എന്നാല്‍, ഇതു പൂര്‍ണമായി പ്രായോഗികമാക്കാന്‍ പല നഗരങ്ങളിലും സാധ്യമല്ല. എങ്കിലും, യാത്രയ്ക്കുപയോഗിക്കുന്ന ബസ്സുകളും കാറുകളും മറ്റും ഓടുന്ന റൂട്ടുകളില്‍ക്കൂടി ചരക്കുകയറ്റിയിറക്കിനുള്ള ലോറികളും ട്രക്കുകളും മറ്റും ഓടിക്കാതിരിക്കാനും, ചരക്ക് കയറ്റിറക്കിനുദ്ദേശിക്കപ്പെട്ടിട്ടുള്ള റൂട്ടുകളില്‍ യാത്രയ്ക്കുള്ള വാഹനങ്ങള്‍ ഓടിക്കാതിരിക്കാനും പല നഗരങ്ങളിലും സംവിധാനം ഏര്‍പ്പെടുത്തുക സാധ്യമാണ്. ഇരുചക്രവാഹനങ്ങള്‍ക്കായി പ്രത്യേക ലെയ്നുകള്‍ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും കാണാവുന്നതാണ്. റോഡുകള്‍ക്കുദ്ദേശിക്കപ്പെട്ടിട്ടുള്ള നിലവാരമനുസരിച്ചുള്ള വീതി, തിരിവ് മുതലായവ ഇല്ലാത്ത റോഡുകള്‍ നിശ്ചിത നിലവാരമുള്ളതാക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളും ആവശ്യമാണ്. നഗരത്തില്‍ നിലവിലുള്ള തെരുവുകള്‍ യാത്രയ്ക്കുള്ള വാഹനങ്ങള്‍ക്കും ചരക്ക് കയറ്റിറക്കിനുള്ള വാഹനങ്ങള്‍ക്കും മറ്റും പ്രത്യേകം പ്രത്യേകം റൂട്ടുകള്‍ നിശ്ചയിക്കാന്‍ പാകത്തിലല്ലെങ്കില്‍ ഉചിതമായ പുതിയ റോഡുകള്‍ നിര്‍മിച്ച് ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും. വന്‍നഗരങ്ങളില്‍ അണ്ടര്‍ഗ്രൌണ്ട് റോഡുകളും തറനിരപ്പിനു മുകളില്‍ തൂണുകള്‍ താങ്ങുന്നതരം റോഡുകളും പുതുതായി നിര്‍മിച്ച് ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ്. വീതികൂടിയ തിരക്കുള്ള വീഥികളില്‍ ഒരേ ലെയ്നിലും വാഹനം ഓടിക്കാവുന്ന മാക്സിമം-മിനിമം വേഗതകള്‍ പാലിക്കുകയും പ്രധാനമാണ്.

നഗരഹൃദയത്തില്‍ക്കൂടി കടന്നുപോകുന്ന വാഹനങ്ങളെല്ലാം ബന്ധപ്പെട്ട നഗരം ലക്ഷ്യസ്ഥാനമാക്കിയിട്ടുള്ളവയാകണമെന്നില്ല. ദൂരസ്ഥമായ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് നഗരഹൃദയത്തില്‍ക്കൂടി കടന്നുപോയേ പറ്റൂ എന്നതുകൊണ്ടുമാത്രം അപ്രകാരം പോകുന്ന വാഹനങ്ങളും ഉണ്ട്. സൗകര്യപ്രദമായ ബൈപാസുകള്‍ നിര്‍മിച്ച് ഇത്തരം വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ അവസരം നല്കിയാല്‍ നഗരഹൃദയത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞേക്കും. കൊച്ചിനഗരത്തില്‍ ഇടപ്പള്ളിയില്‍നിന്നാരംഭിക്കുന്ന ബൈപാസ് ഉദാഹരണമാണ്.

റോഡുകളില്‍ ട്രാഫിക് സിഗ്നലുകളും വാഹനങ്ങള്‍ നിര്‍ത്താനുള്ള സ്ഥലം നിര്‍ദേശിക്കുന്ന ബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നത് തികച്ചും ആവശ്യമാണ്. ഉചിതമായ സ്ഥലങ്ങളില്‍ അനുയോജ്യമായ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കുന്നതുകൊണ്ട് പല അപകടങ്ങളും ഒഴിവാക്കാനും യാത്ര സുഗമമാക്കാനും കഴിയുന്നതാണ്. റോഡുകള്‍ വേണ്ടത്ര വീതിയും സൗകര്യവുമുള്ളതാക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. പരമാവധി വേഗത ഉറപ്പുവരുത്തുന്ന തരത്തിലായിരിക്കണം പ്രധാന റോഡുകളെല്ലാം.

വണ്‍വേസ്ട്രീറ്റ് സമ്പ്രദായം റോഡുകളിലെ അനുചിതമായ തടസ്സങ്ങളും തിരക്കും ഒഴിവാക്കാന്‍ ഉപകരിക്കും. ട്രാഫിക് സിഗ്നലുകളുടെ നിശ്ചിത സമയത്തേക്കുള്ള ഇടവിട്ടുള്ള പ്രവര്‍ത്തനം മൂലം ഉളവാകുന്ന പ്രയാസങ്ങള്‍ വണ്‍വേട്രാഫിക് സമ്പ്രദായംമൂലം ഒഴിവാക്കാന്‍ കഴിയുന്നതിനു പുറമേ വാഹനങ്ങള്‍ പരമാവധി വേഗത്തില്‍ ഓടിച്ചുപോവാനും ഇതുമൂലം കഴിയുന്നു. റോഡ് ഗതാഗതം കൂടുതല്‍ സുരക്ഷിതത്വമുള്ളതാകുന്നതിനും ഇത് സഹായിക്കുന്നു. ഏറ്റവും അധികം ഗതാഗതത്തിരക്കുള്ളപ്പോള്‍ മാത്രം ചില റോഡുകള്‍ വണ്‍വേ ആയി ഉപയോഗിക്കുന്ന സമ്പ്രദായവും ചില വികസിതരാജ്യങ്ങളില്‍ പ്രചാരത്തിലുണ്ട്. ഇത്തരം സംവിധാനമുള്ള റോഡുകളില്‍ വളരെ ശ്രദ്ധാപൂര്‍വം സിഗ്നലുകളും ബോര്‍ഡുകളും സ്ഥാപിക്കേണ്ടതുണ്ട്. ചിക്കാഗോവിലും സെന്റ് ലൂയിസ് നഗരത്തിലുമാണ് ഈ സമ്പ്രദായം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയിട്ടുള്ളത്.

ചരക്കുകയറ്റിയ ലോറികളും ട്രക്കുകളും പോകുന്നതിനുള്ള റോഡുകള്‍ അനുയോജ്യമായ നിലവാരമുള്ളതായിരിക്കണം.കഴിയുന്നതും ചരക്കുകയറ്റിയ വാഹനങ്ങള്‍ക്കു മാത്രമുള്ളവയാകുന്നതും നല്ലതാണ്. എന്നാല്‍, പരിമിതമായ തോതില്‍ മറ്റു വാനങ്ങളെയും പ്രസ്തുത റോഡുകളില്‍ക്കൂടി കടന്നുപോകാന്‍ അനുവദിക്കാവുന്നതാണ്.

നാഷ് വില്ലെ, ന്യൂഓര്‍ലിയന്‍സ്, ഫിലാഡല്‍ഫിയാ തുടങ്ങിയ നഗരങ്ങളില്‍ ബസ്സുകള്‍ക്കു മാത്രമായുള്ള തെരുവീഥികളുണ്ട്.

ഗതാഗത നിയമങ്ങള്‍. വാഹനങ്ങള്‍ പാര്‍ക്കുചെയ്യല്‍, ഭാരം കയറ്റല്‍, വളവു തിരിയല്‍, വേഗത, കാല്‍നടയാത്രക്കാരുടെ യാത്രാമാര്‍ഗങ്ങളും റോഡുമുറിച്ചു കടക്കലും തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച നിയമങ്ങളും ഗതാഗത എന്‍ജിനീയറിങ്ങിന്റെ പരിധിയില്‍ വരുന്നു. ഗതാഗതത്തിന് തടസ്സമുണ്ടാകുമെന്ന് ബോധ്യമുള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ അനുവദിക്കുന്നതല്ല. ചില റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനെ സ്ഥിരമായി നിരോധിക്കുമ്പോള്‍, മറ്റു ചില റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനെ തിരക്കുളള സമയങ്ങളില്‍ മാത്രം നിരോധിക്കുകയും, അല്ലാത്തപ്പോള്‍ നിശ്ചിതസ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നു. പ്രധാനറോഡില്‍ നിന്ന് അല്പം അകന്ന് വാഹനങ്ങള്‍ക്ക് പാര്‍ക്കുചെയ്യാനുള്ള സൗകര്യം ഉണ്ടാക്കുന്നതാണ് അഭികാമ്യം. ആധുനിക നഗരാസൂത്രണരീതിയനുസരിച്ചുള്ള തെരുവീഥികളിലെല്ലാം ഇത്തരം പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉണ്ടാക്കുകയാണ് പതിവ്.

വാഹനങ്ങള്‍ ഇരുവശങ്ങളിലേക്കോ പിന്നിലേക്കോ തിരിയുന്നതിനുള്ള നിയന്ത്രണങ്ങളും ചിലപ്പോള്‍ ആവശ്യമായിവരും. വളരെയേറെ വാഹനത്തിരക്കുളള സമയങ്ങളിലാണ് ഇത്തരം നിയന്ത്രണങ്ങള്‍ അനിവാര്യമായിത്തീരുന്നത്. ഭാഗികമായി മാത്രം ഇത്തരം നിയന്ത്രണങ്ങള്‍ ആവശ്യമായി വരുമ്പോള്‍ ട്രാഫിക് പൊലീസ് രംഗത്തിറങ്ങി നിയന്ത്രണം പ്രാവര്‍ത്തികമാക്കുകയേ തരമുള്ളു. എന്നാല്‍, സ്ഥിരമായി ഇത്തരം നിയന്ത്രണം ആവശ്യമുള്ള റോഡുകളിലാവട്ടെ സിഗ്നലുകളും ബോര്‍ഡുകളും സ്ഥിരമായി സ്ഥാപിച്ചും നിയന്ത്രണം ഫലപ്രദമാക്കാവുന്നതാണ്.

കാല്‍നടയാത്രക്കാര്‍ക്ക് റോഡുമുറിച്ചു കടക്കുന്നതിന് ഇടയ്ക്കിടെ സമയം കൊടുക്കേണ്ടിവരും. എന്നാല്‍, യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന തരത്തിലും വാഹനങ്ങളുടെ ഓട്ടത്തെ ഗണ്യമായി തടസ്സപ്പെടുത്താത്ത തരത്തിലും വേണം ഇതു നിര്‍വഹിക്കാന്‍. ഓട്ടോമാറ്റിക് സിഗ്നലുകളുപയോഗിച്ചും ട്രാഫിക് പൊലീസ് നേരിട്ടുനിയന്ത്രിച്ചും ഇത് സാധിക്കാവുന്നതാണ്. യാത്രക്കാര്‍ കൂടെക്കൂടെ സിഗ്നലുകള്‍ പൂര്‍ണമായി വകവയ്ക്കാതിരിക്കുകയോ പൊലീസിന്റെ നിയന്ത്രണത്തെ മറികടക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന ഇടങ്ങളില്‍ മുറിച്ചുകടക്കാന്‍ വയ്യാത്തവിധത്തിലുള്ളതും എടുത്തുമാറ്റാവുന്നതും ആയ വേലികളും മറ്റു തടസ്സങ്ങളും വച്ച് അനധികൃതമായി റോഡുമുറിച്ചു കടക്കുന്ന പ്രവണത തടയാറുണ്ട്. റോഡുമുറിച്ചു കടക്കേേണ്ട സ്ഥലങ്ങളില്‍ റോഡിനു കുറുകെ വരയിട്ട് (Zebra line) യാത്രക്കാര്‍ക്കു മാര്‍ഗനിര്‍ദേശം നല്കാവുന്നതുമാണ്.

വേഗതാനിയന്ത്രണനിയമങ്ങള്‍ കണിശമായി പാലിക്കപ്പെടേണ്ടത് ഗതാഗത സുരക്ഷിതത്വത്തിന് അനിവാര്യമാണ്. വേഗതാമേഖലകള്‍ തിരിക്കുന്നത് കൂടുതല്‍ ഫലപ്രദമാണെന്ന് അനുഭവബോധ്യമായിട്ടുണ്ട്. സ്കൂളുകള്‍ ഉള്ള മേഖലകളില്‍ ഏറ്റവും കുറഞ്ഞ വേഗതയില്‍ വേണം വാഹനങ്ങള്‍ ഓടിക്കേണ്ടത്. ഏറ്റവും കൂടിയവേഗത പരമാവധി എത്രവരെയാവാമെന്നും നിയമമുണ്ടായിരിക്കണം. പരമാവധി വേഗതസംബന്ധിച്ച നിയമം ലംഘിക്കുന്നവരുടെ പേരില്‍ കര്‍ശനമായ നടപടികള്‍ അപ്പപ്പോള്‍ സ്വീകരിക്കാനുള്ള സംവിധാനവും ഉണ്ടായിരിക്കണം.

പ്രകൃതിക്ഷോഭംമൂലമോ മറ്റു കാരണങ്ങളാലോ റോഡുകളില്‍ തടസ്സമുണ്ടായാല്‍ വാഹനം ഓടിക്കുന്നവരെ വിവരമറിയിക്കാനുള്ള ഏര്‍പ്പാട് ഉണ്ടായിരിക്കണം.

ഗതാഗതനിയന്ത്രണ ഉപാധികള്‍. സിഗ്നലുകള്‍, ബോര്‍ഡുകള്‍, റോഡിലെ മാര്‍ക്കുകള്‍ മുതലായവ ഉപയോഗപ്പെടുത്തി ഗതാഗത നിയന്ത്രണം സാധിക്കുന്ന സമ്പ്രദായമാണ്. കൂടുതല്‍ സ്ഥലങ്ങളിലും പ്രചാരത്തിലുള്ളതെങ്കിലും ഓട്ടോമാറ്റിക് ഉപകരണങ്ങള്‍ ഗതാഗതനിയന്ത്രണത്തിന് കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന രീതി വ്യാപകമായി പ്രചാരത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്.

കംപ്യൂട്ടറുകളും റിമോട്ട് സെന്‍സിങ് ഉപാധികളും ഉപയോഗപ്പെടുത്തുന്നതുമൂലം ഗതാഗതപ്രശ്നങ്ങള്‍ ശാസ്ത്രീയമായും വളരെ വേഗത്തിലും വിശകലനം ചെയ്യാന്‍ ഇന്ന് എളുപ്പമായിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ വികാസഫലമായി ഒരു തെരുവിലെ ഗതാഗതനിയന്ത്രണത്തിനുള്ള ഉപാധി സജ്ജീകരിക്കുന്നതിനു പകരം ഏതാനും തെരുവുകളിലെ ഗതാഗതനിയന്ത്രണം സാധ്യമാക്കുന്നതും പരസ്പരം ബന്ധപ്പെടുത്തി ഉപയോഗപ്പെടുത്താവുന്നതുമായ ഇലക്ട്രോണികോപകരണങ്ങള്‍ സ്ഥാപിച്ചു പ്രവര്‍ത്തിക്കുന്നതിനു കഴിയുമെന്നായിരിക്കുന്നു. ലണ്ടന്‍, ഗ്ളാസ്ഗോ, ടൊറന്റോ എന്നീ നഗരങ്ങളില്‍ ഇത്തരം സംയുക്ത ഇലക്ട്രോണികോപാധികള്‍ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.

ഡ്രൈവര്‍മാര്‍ക്ക് ലക്ഷ്യസ്ഥാനത്തേക്കുള്ള ശരിയായ മാര്‍ഗനിര്‍ദേശം നല്കുന്നതിനും വഴിയിലുള്ള തടസ്സങ്ങള്‍, വളവുതിരിവുകള്‍, വരമ്പുകള്‍ (bumps) മുതലായവയെക്കുറിച്ച് മുന്നറിയിപ്പു നല്കുന്നതിനും ഉപയോഗിച്ചുവരുന്ന സൈന്‍ബോര്‍ഡുകള്‍ക്കും ഇന്ന് ഒട്ടേറെ പരിഷ്കരണങ്ങളുണ്ടായിട്ടുണ്ട്. ദീര്‍ഘകാലം കേടുകൂടാതെ നിലനില്ക്കത്തക്ക ലോഹങ്ങളും നിര്‍മാണ പദാര്‍ഥങ്ങളുമാണ് ഇത്തരം സൈന്‍ബോര്‍ഡുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചുവരുന്നത്.

റോഡുവക്കുകളില്‍ ഉപയോഗിക്കേണ്ട സൈന്‍ബോര്‍ഡുകളെ സംബന്ധിച്ചും അവയില്‍ ഓരോന്നിന്റെയും സൂചകങ്ങളെന്ന നിലയില്‍ കൊടുക്കേണ്ട അടയാളങ്ങളുടെ രൂപം, വലുപ്പം, നിറം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചും അന്താരാഷ്ട്ര നിലവാരത്തില്‍ പ്രമാണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ശ്രമം മിക്കവാറും പൂര്‍ത്തിയാക്കിയിട്ടുണ്ട്. എങ്കിലും, പ്രമാണവത്കരിക്കപ്പെട്ടിട്ടുള്ള സമ്പ്രദായം എല്ലാ രാജ്യങ്ങളും സ്വീകരിക്കാന്‍ ഇനിയും കുറേക്കൂടി കഴിയേണ്ടിവരും. വികസിതരാജ്യങ്ങളില്‍ പലതും ഈ സമ്പ്രദായം ഇതിനകം പ്രാവര്‍ത്തികമാക്കി കഴിഞ്ഞിട്ടുണ്ട്.

റോഡിനു നടുക്കുകൂടിയും പദയാത്രികര്‍ക്ക് റോഡുമുറിച്ചുകടക്കേണ്ടിടങ്ങളില്‍ റോഡിനു കുറുകെയും എളുപ്പം മാഞ്ഞുപോകാത്ത രീതിയില്‍ വരകളിടുന്നത് പലതുകൊണ്ടും സൗകര്യപ്രദമായിരിക്കും. മറ്റേതെങ്കിലും മാര്‍ഗം അവലംബിക്കുന്നതിനെക്കാള്‍ ഇപ്രകാരം മാര്‍ക്ക് ചെയ്യുന്ന രീതി റോഡിന്റെ ഇടം നഷ്ടപ്പെടുത്താതിരിക്കാന്‍ ഉപകരിക്കും.

മറ്റ് ഉപാധികള്‍. രണ്ടോ രണ്ടിലധികമോ റോഡുകള്‍ വന്നുചേരുന്ന മുക്കുകളില്‍ അനിയന്ത്രിതമായ തിരക്കും ആശയക്കുഴപ്പവും സ്വാഭാവികമായിരിക്കും. ഇവിടെ ട്രാഫിക് ഐലന്‍ഡുകള്‍ നിര്‍മിച്ച് ഉചിതമായ സ്ഥലങ്ങളില്‍ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കു സുഗമമായും സുരക്ഷിതമായും തിരിഞ്ഞുപോകാന്‍ കഴിയും. ഇത്തരത്തിലുള്ള പുതിയ ട്രാഫിക് ഐലഡറുകള്‍ നിര്‍മിക്കുമ്പോള്‍ റോഡുകള്‍ ഇടുങ്ങിപ്പോവാതിരക്കാനും മറ്റു റോഡുകളില്‍നിന്നു വരുന്ന വാഹനങ്ങള്‍ കാണാനുള്ള സൗകര്യമുണ്ടായിരിക്കുന്നതിനും തടസ്സമുണ്ടാക്കുന്നതരം തിരിവുകള്‍ ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതാണ്. ബെല്‍മൌത്തുകള്‍ (Bell mouths) നിര്‍മിക്കുന്നത് ഗതാഗതം സുഗമമാക്കാനുപകരിക്കും. പദയാത്രക്കാര്‍ക്കുവേണ്ടി റോഡിനിരുവശവും ഉയര്‍ക്കെട്ടാന്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ അപ്രകാരം ചെയ്യേണ്ടതും വാഹനങ്ങളെ അതില്‍ക്കൂടി ഓടാന്‍ അനുവദിച്ചുകൂടാത്തതുമാണ്. പ്രധാനറോഡിലെ അനിയന്ത്രിതമായ തിക്കുംതിരക്കും ഒഴിവാക്കാന്‍ ഫ്ളൈ ഓവറുകളും ഭൂഗര്‍ഭ റോഡുകളും നിര്‍മിച്ചുപയോഗിക്കപ്പെടുത്തുന്ന രീതിയും പ്രചാരത്തില്‍ വന്നുകൊണ്ടിരിക്കുന്നു. ജിയോ പൊസിഷനിങ് സംവിധാനങ്ങള്‍ (GPS) ഉപയോഗിച്ച് തിരക്കേറിയതോ തടസ്സങ്ങളുള്ളതോ ആയ റോഡുകള്‍ ഒഴിവാക്കി, സുഗമമായ മറ്റു വഴികള്‍ കണ്ടെത്താന്‍ വാഹനങ്ങള്‍ ഓടിക്കുന്നവരെ സഹായിക്കാനും ഇന്നു സാധ്യമാണ്. ഗതാഗതനിയന്ത്രണത്തിന് എതെല്ലാം ഉപാധികള്‍ വ്യാപകമായി ഉപയോഗപ്പെടുത്തിയാലും സുരക്ഷിതവും കാര്യക്ഷമമവുമായ ഗതാഗതത്തിന് ട്രാഫിക് പൊലീസിന്റെ സേവനം ഒഴിച്ചുകൂടാനാവാത്തതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍