This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗണ്‍കോട്ടണ്‍ (വെടിപ്പഞ്ഞി)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗണ്‍കോട്ടണ്‍ (വെടിപ്പഞ്ഞി)

നൈട്രോ സെല്ലുലോസ് അഥവാ സെല്ലുലോസ് നൈട്രേറ്റ് എന്ന രാസപദാര്‍ഥം. ശക്തമായ ഒരു വിസ്ഫോടകമാണിത്. സെല്ലുലോസ് സാന്ദ്ര സള്‍ഫ്യൂറിക് അമ്ളത്തിന്റെ സാന്നിധ്യത്തില്‍ സാന്ദ്ര നൈട്രിക്കമ്ളവുമായി പ്രതിപ്രവര്‍ത്തിപ്പിച്ചാണ് നൈട്രോ സെല്ലുലോസ് തയ്യാറാക്കുന്നത്. ഇത് യഥാര്‍ഥത്തില്‍ ഒരു നൈട്രോ യൌഗികമല്ല, ഒരു എസ്റ്ററാണ് (CO NO2 ഗ്രൂപ്പ് അടങ്ങിയത്). പൈറോക്സിലിന്‍, പൈറോകോട്ടണ്‍, ഗണ്‍കോട്ടണ്‍ എന്നിങ്ങനെ മൂന്നുതരം നൈട്രോ സെല്ലുലോസുകള്‍ ലഭ്യമാണെങ്കിലും നൈട്രജന്റെ ശതമാനം ഏറ്റവും അധികമുള്ളത് ഗണ്‍കോട്ടനിലായിരിക്കും. ഗണ്‍കോട്ടണില്‍ 12.6 ശതമാനത്തില്‍ കുറയാതെ നൈട്രജന്‍ അടങ്ങിയിരിക്കും. സാധാരണ പഞ്ഞിയില്‍ നിന്നോ പഞ്ഞിയുടെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചോ വെടിപ്പഞ്ഞി നിര്‍മിക്കാം.

അയഞ്ഞ വെടിപ്പഞ്ഞിക്കു തീകൊളുത്തിയാല്‍ അത് അതിവേഗം കത്തും. വെടിപ്പഞ്ഞിയുടെ തന്മാത്രകള്‍ വര്‍ധിച്ച ഊര്‍ജത്തോടുകൂടി പൊട്ടിത്തെറിക്കുന്നതാണ്. വെടിപ്പഞ്ഞിക്കു സ്ഫോടനം സംഭവിക്കുമ്പോള്‍ നൈട്രജന്‍, കാര്‍ബണിന്റെ ഓക്സൈഡുകള്‍, ജലബാഷ്പം എന്നിവയാണ് ഉണ്ടാകുന്നത്. ഇവയ്ക്കു നിറമില്ലാത്തതിനാല്‍ വെടിപ്പഞ്ഞിയുടെ സ്ഫോടനത്തില്‍ പുക ഉണ്ടാവുകയില്ല. നനഞ്ഞിരുന്നാലും ഉപയോഗപ്രദമാണെന്നതാണ് ഒരു സ്ഫോടകവസ്തുവെന്ന നിലയില്‍ വെടിപ്പഞ്ഞിക്കുള്ള പ്രാധാന്യം. നനഞ്ഞ വെടിപ്പഞ്ഞി ഡിറ്റണേറ്ററുകളുടെ സാന്നിധ്യത്തില്‍ സാധാരണപോലെ സ്ഫോടനം ഉണ്ടാക്കും. ടോര്‍പ്പിഡോകളിലും കടല്‍മൈനുകളിലും ഇത്തരം വെടിപ്പഞ്ഞി ഉപയോഗിക്കാം. സെക്കന്‍ഡിന്റെ പതിനായിരത്തില്‍ ഒരംശം സമയംകൊണ്ട് ഒരു കിലോ ഗ്രാം വെടിപ്പഞ്ഞി കത്തിത്തീരുന്നതാണ്. വെടിപ്പഞ്ഞി അസംസ്കൃത വസ്തുവായി ഉപയോഗിച്ചു നിര്‍മിച്ചിട്ടുള്ള മറ്റു ചില വിസ്ഫോടകങ്ങളാണ് ന്യൂസ്കീന്‍, കോര്‍ഡൈറ്റ് തുടങ്ങിയവ.

സെല്ലുലോസ് നൈട്രേറ്റിലെ നൈട്രജന്റെ ശതമാനം ഗുണധര്‍മത്തിന്റെ ഒരു പ്രധാനഘടകമാണ്. 12.6 മുതല്‍ 13.4 ശതമാനം വരെ നൈട്രജന്‍ ഉള്ളവ വെടിപ്പഞ്ഞിയും റോക്കറ്റ് പ്രൊപ്പലന്റും ആയി ഉപയോഗിക്കുന്നു. ജെലാറ്റിന്‍ ഡൈനാമൈറ്റ്, കൊളോഡിയോണ്‍, ലാക്കര്‍ഫിനിഷ് എന്നിവയ്ക്കുള്ള സെല്ലുലോസ് നൈട്രേറ്റില്‍ 11.8 മുതല്‍ 12.2 ശതമാനം വരെ നൈട്രജന്‍ അടങ്ങിയിരിക്കുന്നു. ഈര്‍പ്പരഹിത പേപ്പര്‍ നിര്‍മിക്കാനും വേഗത്തില്‍ ഉണങ്ങുന്ന അച്ചടിമഷി നിര്‍മിക്കാനും ഉപയോഗിക്കുന്ന സെല്ലുലോസ് നൈട്രേറ്റില്‍ 11.3 മുതല്‍ 11.7 വരെ ശതമാനവും 10.9 മുതല്‍ 11.2 വരെ ശതമാനവും വീതം നൈട്രജന്‍ അടങ്ങിയിരിക്കുന്നു.

(ചുനക്കര ഗോപാലകൃഷ്ണന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍