This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗണ്ഡാമക് സന്ധി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:26, 21 ഏപ്രില്‍ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണ്ഡാമക് സന്ധി

Gandamak Treaty

ബ്രിട്ടീഷുകാരും അഫ്ഗാന്‍കാരുമായി 1879 മേയില്‍ ഒപ്പുവച്ച സന്ധി. ഇന്ത്യയിലെ വൈസ്രോയിയായിരുന്ന ലിറ്റണ്‍ പ്രഭു (1831-91) അഫ്ഗാനിസ്താന്റെ തലസ്ഥാനത്ത് ഒരു ബ്രിട്ടീഷ് റസിഡന്റിനെ സ്വീകരിക്കുന്നതിന് അഫ്ഗാനിസ്താനിലെ അമീര്‍ ആയിരുന്ന ഷെര്‍ ആലിയോട് 1876-ല്‍ ആവശ്യപ്പെടുകയും അഫ്ഗാനിസ്താന്‍ ഇന്ത്യാ അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈന്യത്തിന്റെ വലുപ്പം കൂട്ടുവാന്‍ തീരുമാനിക്കുകയും ചെയ്തു. അതേവര്‍ഷംതന്നെ ലിറ്റണ്‍പ്രഭു ഖലാട്ടിലെ ഖാനുമായി ചെയ്ത സഖ്യത്തിന്റെ ഫലമായി ക്വെറ്റ കൈവശപ്പെടുത്തുന്നതിനും മുതിര്‍ന്നു. ഒരു ബ്രിട്ടീഷ് റസിഡന്റിനെ സ്വീകരിക്കുവാന്‍ അഫ്ഗാനിസ്താനിലെ ഷെര്‍ ആലിക്കു തീരെ താത്പര്യമില്ലായിരുന്നു. എന്നാല്‍ ഇതേകാലത്തുതന്നെ യൂറോപ്പില്‍ രാഷ്ട്രീയ പിരിമുറുക്കം കൂടിയതിന്റെ ഫലമായി 1876 ജൂലായില്‍ റഷ്യന്‍ സൈന്യം കാബൂളില്‍ പ്രവേശിച്ചു. ഇതില്‍ ആശങ്കാകുലനായ ലിറ്റണ്‍ പ്രഭു തന്റെ ഒരു പ്രതിനിധിയെ കാബൂളിലേക്ക് അയയ്ക്കാന്‍ നിര്‍ബന്ധിതനായി. ആലിമസ്ജിലെത്തിയ ബ്രിട്ടീഷ് പ്രതിപുരുഷനെ അഫ്ഗാന്‍കാര്‍ തടഞ്ഞതിന്റെ ഫലമായി ബ്രിട്ടീഷ് സൈന്യം അഫ്ഗാനിസ്താന്‍ ആക്രമിച്ചു. റഷ്യയ്ക്ക് ഇതില്‍ താത്പര്യമില്ലെന്നും അവര്‍ തന്നെ സഹായിക്കുകയില്ലെന്നും മനസ്സിലാക്കിയ ഷെര്‍ ആലി രംഗത്തുനിന്നു പലായനം ചെയ്തു. അടുത്തകൊല്ലം ആദ്യം ഷെര്‍ ആലി മൃതിയടയുകയും ചെയ്തു. ഈ സംഭവവികാസങ്ങളെത്തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ ഷെര്‍ ആലിയുടെ പുത്രനും അനന്തരാവകാശിയുമായിരുന്ന യാക്കൂബ്ഖാനുമായി ഒപ്പുവച്ചതാണ് ഗണ്ഡാമക് സന്ധി.

ഈ സന്ധിയനുസരിച്ച് ഖുറം, പിഷിന്‍, സിബി താഴ്വരകള്‍ ഇന്ത്യയോട് ചേര്‍ക്കപ്പെട്ടു; കാബൂളില്‍ ഒരു സ്ഥിരം ബ്രിട്ടീഷ് പ്രതിനിധി നിയമിതനായി. രാജ്യത്തിന്റെ പ്രധാനകേന്ദ്രങ്ങളില്‍ ഓരോ ഏജന്റുമാരും നിയോഗിക്കപ്പെട്ടു; ബ്രിട്ടീഷ് നിര്‍ദേശങ്ങളോടെ മാത്രം വിദേശകാര്യം നിയന്ത്രിക്കാമെന്ന് അഫ്ഗാന്‍ ഭരണാധികാരി സമ്മതിച്ചു; തിരിച്ച് യാക്കൂബ്ഖാനെ പിന്തുണയ്ക്കാമെന്നും പ്രതിവര്‍ഷം 6,00,000 രൂപ സഹായധനം നല്കാമെന്നും ബ്രിട്ടീഷുകാര്‍ സമ്മതിച്ചു. ഈ സന്ധിമൂലം അഫ്ഗാനിസ്താന്‍ ഇന്ത്യയുടെ ഒരു സാമന്ത രാജ്യമായി. ഗണ്ഡാമക് സന്ധി അഫ്ഗാന്‍ ജനതയുടെ വികാരങ്ങള്‍ മാനിച്ചിട്ടില്ലായിരുന്നു. തത്ഫലമായി ആറാഴ്ചയ്ക്കകംതന്നെ ജനത കലാപത്തിനൊരുങ്ങുകയും കാബൂളില്‍ റസിഡന്റായി നിയമിതനായ മേജര്‍ സര്‍ പിയറി ലൂയി കാവഗ്നരിയെ 1879 സെപ്. 3-ന് ബാലഹിസ്സാറില്‍ വധിക്കുകയും ചെയ്തു.

(എ.ജി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍