This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗണിതനിര്‍ണയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗണിതനിര്‍ണയം

ജ്യോതിശ്ശാസ്ത്രഗ്രന്ഥം. പുലിയൂര്‍ പി.എസ്. പുരുഷോത്തമന്‍ നമ്പൂതിരി രചിച്ച ഈ കൃതി പഞ്ചബോധപ്രകാശിക എന്ന ഭാഷാവ്യാഖ്യാനത്തോടെ ഇ.എന്‍. പരമേശ്വരന്‍ നമ്പൂതിരി 1930-ല്‍ കൊല്ലം വി.വി. പ്രസ്സില്‍ നിന്നു പ്രസാധനം ചെയ്തു. ഇതില്‍ പഞ്ചാംഗാധികാരം, മധ്യമാധികാരം, സ്ഫുടക്രിയാധികാരം, ത്രിപ്രശ്നാധികാരം, പാതാധികാരം, ഉദയാസ്തമയാധികാരം, ഛായാധികാരം, ഗ്രഹണാധികാരം, ചന്ദ്രഗണിതാധികാരം, കോഷ്ഠകാധികാരം, വിശേഷാധികാരം എന്നിങ്ങനെ 11 അധ്യായങ്ങളുണ്ട്. ജ്യോതിശ്ശാസ്ത്രപരമായ പല കണക്കുകളും പട്ടികകളായി ഇതില്‍ ചേര്‍ത്തിരിക്കുന്നു. ചന്ദ്രന്റെ ഭുജാന്തരം, ച്യുതി, തിഥി, പരിണതി (annual equation, evection, variation, reduction to ellipse) എന്നു തുടങ്ങി ചന്ദ്രഗ്രഹണം വരെ സൂക്ഷ്മത വേണ്ടതായ 11 കാര്യങ്ങളാണ് ഗണിതനിര്‍ണയത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുള്ളത്. ആധുനിക ഗണിതത്തിന്റെ ഉപപത്തികള്‍ പലതിലും ചേര്‍ത്തുകാണാം; പ്രത്യേകിച്ച് ത്രികോണമിതിയില്‍ നിന്നുള്ളവ.

ദൃക്പരഹിതാദി പ്രാചീന ഗണിതപദ്ധതികള്‍ അപേക്ഷിച്ച് ഗണിതനിര്‍ണയത്തില്‍ പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. സൂര്യാദിഗ്രഹങ്ങളുടെ മധ്യമഗതിയില്‍വന്നിട്ടുള്ള വ്യത്യാസം നിമിത്തം സൗരവര്‍ഷപ്രമാണത്തെയും ഗ്രഹമധ്യമങ്ങള്‍, ചന്ദ്രധ്രുവം, ധ്രുവസംസ്കാരഹാരകം എന്നിവ കണ്ടുപിടിക്കുന്നതിനുള്ള ഗുണകാരഹാരകങ്ങളും ഈ ഗ്രന്ഥത്തില്‍ ഭേദപ്പെടുത്തി ചേര്‍ത്തിട്ടുണ്ട്. ഇതിനായി തുടര്‍ഭിന്നസംഖ്യാ (continued fraction) സമ്പ്രദായം പ്രയോജനപ്പെടുത്തി. ഗ്രഹങ്ങളുടെ കേന്ദ്രച്യുതിയില്‍ വന്നിട്ടുള്ള വ്യത്യാസം നിമിത്തം 'ഗീര്‍ന്നഃ ശ്രേയഃ' തുടങ്ങിയ പഞ്ചാംഗവാക്യങ്ങള്‍, യോഗ്യാദിവാക്യങ്ങള്‍, സംക്രമകാലസൂര്യമധ്യമങ്ങള്‍, സംക്രാന്തിവാക്യങ്ങള്‍, നക്ഷത്രവാക്യങ്ങള്‍ എന്നിവയും പരിഷ്കരിച്ചിരിക്കുന്നു.

ജ്യോതിശ്ശാസ്ത്രത്തില്‍ നിലവിലിരുന്ന പല കണക്കുകളും ആധുനിക ഗണിതത്തിന്റെ സഹായത്തോടെ ഈ ഗ്രന്ഥത്തില്‍ പരിഷ്കരിച്ചിരിക്കുന്നു. ഇതിനു പാശ്ചാത്യ ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളും പട്ടികകളും ഗോളീയത്രികോണമിതി, കോണികകള്‍, കലനം എന്നിവയും ഗ്രന്ഥകാരന്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

(ഡോ. എ.സി. വാസു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍