This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗഡാബാകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:56, 21 ഏപ്രില്‍ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗഡാബാകള്‍

Gadabas

ഇന്ത്യയിലെ ഒരു ഗോത്രവര്‍ഗം. ഒഡിഷയിലെ കൊറാപുട്ടിലും ആന്ധ്രപ്രദേശിലും കാണുന്ന ഈ വര്‍ഗക്കാര്‍ ഏകദേശം 1,16,323-ഓളം വരും. ഗഡാബാകള്‍ക്കിടയില്‍ ഭാഷ, ആചാരം, വേഷവിധാനം എന്നിവയില്‍ വ്യത്യസ്തരായവര്‍ ഉണ്ടെങ്കിലും ഇവരെല്ലാം ഗഡാബാകള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. മുണ്ടാരിഭാഷയായ ഗഡബ അല്ലെങ്കില്‍ ഗടബ് ആണ് ഇവരുടെ സംസാരഭാഷ.

കൃഷിയും കാലിവളര്‍ത്തലുമാണ് ഇവരുടെ പ്രധാന തൊഴില്‍. നെല്‍ക്കൃഷിയില്‍ ഇവര്‍ തത്പരരാണെങ്കിലും ജലസേചനസൗകര്യമില്ലായ്മ ഒരു വലിയ പ്രശ്നമാണ്. മീന്‍പിടിത്തം, വേട്ടയാടല്‍ ഇവ നടത്തുന്നുണ്ടെങ്കിലും ജീവിതമാര്‍ഗമായി ഇവര്‍ സ്വീകരിച്ചിട്ടില്ല. അമ്പും വില്ലും ഗഡാബാകള്‍ കൈവശം വയ്ക്കുകയും ഓരോ വര്‍ഷവും ആഘോഷിക്കാറുള്ള വസന്തോത്സവത്തില്‍ വേട്ടയാടി തങ്ങളുടെ പാരമ്പര്യത്തെ അനുസ്മരിക്കുകയും ചെയ്യുന്നു. പൊതുവേ ഇവര്‍ നിറമുള്ള വസ്ത്രം ധരിക്കുകയും ശരീരത്തില്‍ പച്ചകുത്തുകയും തലമുടി അലങ്കരിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ പിച്ചളയിലും അലുമിനിയത്തിലുമുള്ള ആഭരണങ്ങള്‍ ധരിക്കാറുണ്ട്. സ്ത്രീകള്‍ തങ്ങള്‍ക്കാവശ്യമുള്ള വസ്ത്രങ്ങള്‍ സ്വയം നെയ്തെടുക്കുകയും വിവിധവര്‍ണങ്ങളില്‍ മോടി പിടിപ്പിക്കുകയും ചെയ്യുന്നു. വസ്ത്രങ്ങള്‍ നെയ്യുക എന്നത് ഇവരുടെ ഒരു പാരമ്പര്യത്തൊഴിലാണെങ്കിലും കാലം പുരോഗമിച്ചതോടെ യന്ത്രസഹായത്താല്‍ വസ്ത്രങ്ങള്‍ നിര്‍മിക്കുന്നതില്‍ ഇവരുടെ ശ്രദ്ധ പതിഞ്ഞിരിക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 900 മീ. ഉയരത്തിലും ഒറ്റപ്പെട്ട താഴ്വരകളിലുമാണ് ഗഡാബാഗ്രാമങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഇവരുടെ ഗൃഹങ്ങള്‍ ഇണച്ച് നിര്‍മിക്കപ്പെട്ടതും ഒറ്റയടിപ്പാതകളാല്‍ വേര്‍തിരിക്കപ്പെട്ടതുമാണ്. ചെളിയും കല്ലും ചുള്ളിയുംകൊണ്ടു നിര്‍മിച്ച ഗൃഹങ്ങള്‍ പുല്ലുകൊണ്ടു മേഞ്ഞതും ദീര്‍ഘചതുരത്തിലുള്ളതുമാണ്. മേല്‍ക്കൂരയില്‍ ഓട് മേയുന്ന പതിവ് ഇപ്പോള്‍ ഉണ്ട്.

മൂന്നോ നാലോ ഗഡാബാകുടുംബങ്ങള്‍ ചേര്‍ന്നാല്‍ ഒരു സമൂഹമായി. ഓരോ സമൂഹവും ഏതെങ്കിലും മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ പേരില്‍ അറിയപ്പെടുന്നു. ഓരോ സമൂഹത്തിലെയും ആളുകള്‍ അവരുടെ ജന്തുക്കളുടെ ചിത്രങ്ങള്‍ ദേഹത്ത് പച്ചകുത്തുന്നു. ഒരേ ഗോത്രത്തിലള്ളവര്‍ വിവാഹിതരാകാറില്ല. എന്നാല്‍ അപൂര്‍വമായി ഇതും അനുവദനീയമാണ്. ഗഡാബാ യുവതീയുവാക്കന്മാര്‍ ഒരു യുവാവിന്റെ നേതൃത്വത്തില്‍ മറ്റൊരു കുടുംബത്തില്‍പ്പോയി ജോലി ചെയ്യുകയും ഈ ആദായംകൊണ്ട് ആചാരാനുഷ്ഠാനങ്ങള്‍ നടത്തുകയും പതിവാണ്. ഗ്രാമത്തലവന് വലിയ അധികാരമൊന്നും ഇല്ല. സാമ്പത്തികസ്ഥിതിയും കഴിവുമുള്ള ആളുകളാണ് ഇവരില്‍ പ്രമാണികള്‍.

മരിച്ചവരുടെ ആത്മാവ് കുടുംബത്തില്‍ ആപത്തുകളും അസുഖങ്ങളും ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്ന ഇവര്‍ ഇതിന്റെ നിവാരണത്തിനായി സദ്യ നടത്തുകയും കാള, പോത്ത് മുതലായവയെ കുരുതികൊടുക്കുകയും ചെയ്യുന്നു. മരിച്ചവരുടെ സ്മരണയ്ക്കായി ഇവര്‍ കല്‍പ്പലകകള്‍ സ്ഥാപിക്കാറുണ്ട്. മറ്റു പല ഗോത്രവര്‍ഗക്കാരെയുംപോലെ ഇവരുടെയും സാമ്പത്തിക സ്ഥിതി മെച്ചമല്ല. ഇവര്‍ കഠിനാധ്വാനം ചെയ്ത് നല്ല വിളവുകള്‍ ഉത്പാദിപ്പിക്കുന്നു. എന്നാല്‍ വരുമാനത്തില്‍ ഏറിയപങ്കും തങ്ങളുടെ പ്രശസ്തി നിലനിര്‍ത്താന്‍ പിതൃസദ്യയ്ക്കും മറ്റു ചടങ്ങുകള്‍ക്കുമായി ചെലവഴിക്കുന്നു.

പുതിയ തലമുറയില്‍പ്പെട്ട ഗഡാബകാര്‍ വസ്ത്രധാരണത്തിലും ജീവിതരീതികളിലും മാറ്റംവരുത്തുകയും ഒഡിയ ഭാഷ സംസാരിക്കുകയും ചെയ്യുന്നു. നാട്ടുനടപ്പനുസരിച്ചുള്ള പല ഉത്സവങ്ങളും ആചാരങ്ങളും അന്യം നിന്നുപോയിരിക്കുന്നു.

(ഡോ. റ്റി.വി. പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍