This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗഞ്ജാം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗഞ്ജാം

ഭാരതത്തില്‍ ഒഡിഷ സംസ്ഥാനത്തിലെ ഒരു ജില്ല. ഉത്തര അക്ഷാംശം 18o12' മുതല്‍ 20o 26' വരെയും പൂര്‍വരേഖാംശം 83o 30' മുതല്‍ 85o 12' വരെയും ഏതാണ്ട് ത്രികോണാകൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഗഞ്ജാംജില്ലയുടെ വിസ്തീര്‍ണം: 21,432 ച.കി.മീ.; ജനസംഖ്യ: 35,20,151 (2011).

ഗഞ്ജാം എന്ന പദത്തിന് ഒഡിയാ ഭാഷയില്‍ 'സര്‍വവിഭവങ്ങളുടെയും കലവറ' എന്നാണര്‍ഥം. ബംഗാള്‍ ഉള്‍ക്കടലിനോടു തൊട്ടുകിടക്കുന്ന ഈ ജില്ലയുടെ ഉള്‍ഭാഗം ഒട്ടുമുക്കാലും മലമ്പ്രദേശങ്ങളും, ഈ മലകള്‍ക്കിടയ്ക്കുള്ള താഴ്വാരങ്ങള്‍ ഫലഭൂയിഷ്ഠങ്ങളായ കൃഷിനിലങ്ങളുമാണ്. സസ്യസമൃദ്ധിയിലൂടെ മനോഹരമായിരുന്ന മലകള്‍ ഇപ്പോള്‍ ഏറെക്കുറെ വെട്ടിത്തെളിച്ച നിലയിലെത്തിയിരിക്കുന്നു. ജില്ലയിലുടനീളം, ഏതാണ്ട് നട്ടെല്ലുപോലെ നീണ്ടുകിടക്കുന്ന പൂര്‍വഘട്ടത്തിലെ കൊടുമുടികളായ ശൃങ്ഗരാജ്, മഹേന്ദ്രഗിരി എന്നിവയുടെ ഉയരം 1515 മീറ്ററിലേറെയാണ്. ഗഞ്ജാംജില്ലയെ സമതലവും ഉന്നതപ്രദേശങ്ങളുമായി വേര്‍തിരിക്കുന്ന ദേവഗിരിമലകളുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്തിന് 1374 മീ. ഉയരമുണ്ട്. മലമ്പ്രദേശങ്ങള്‍ പൂര്‍ണമായും ആദിവാസികളുടെ അധിവാസകേന്ദ്രങ്ങളാണ്.

ഗഞ്ജാമില്‍ നൈസര്‍ഗികതടാകങ്ങള്‍ ഇല്ല; എന്നാല്‍ തീരസമതലത്തിലും ഉന്നതപ്രദേശത്തും അങ്ങിങ്ങായി സാമാന്യം വിസ്തൃതമായ കുളങ്ങള്‍ നിരവധിയുണ്ട്. ഉപ്പുവെള്ളം നിറഞ്ഞവയും ഇക്കൂട്ടത്തിലുണ്ട്. ഏറ്റവും വലിയ ശുദ്ധ-ജലാശയമായ ചില്‍കാ തടാകം ജില്ലയുടെ വടക്കേ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്നു.

പൊതുവേ ആര്‍ദ്ര കാലാവസ്ഥയാണെങ്കിലും ചൂട് കൂടുതലാണ്. ശൈത്യകാലത്ത് താരതമ്യേന തണുപ്പ് കുറഞ്ഞിരിക്കും. കനത്ത മഴ ലഭിക്കുന്നു. കരടി, പുള്ളിപ്പുലി എന്നീ വന്യമൃഗങ്ങള്‍ സാധാരണമാണ്. മലഞ്ചരിവുകള്‍ കാട്ടുപോത്ത്, കാട്ടുപന്നി, നീലക്കാള, വിവിധവര്‍ഗത്തിലുള്ള മാനുകള്‍ എന്നിവയുടെ വിഹാരരംഗമാണ്. ഋഷികുല്യ, വംശധര, ലാങ്ഗുല്യ എന്നിവയാണ് ജില്ലയിലൂടെ ഒഴുകുന്ന നദികള്‍.

കൃഷിയാണ് മുഖ്യതൊഴില്‍. തുണിനെയ്ത്ത് കുടില്‍വ്യവസായമെന്ന നിലയില്‍ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. മുഖ്യവിള നെല്ലാണ്. മഞ്ഞള്‍ ധാരാളമായി കൃഷിചെയ്യപ്പെടുന്നുണ്ട്. കൃഷികാര്യങ്ങള്‍ക്കായി കാള, പോത്ത് എന്നിവയെ ഉപയോഗിച്ചുവരുന്നു. ഗുംസുര്‍വനങ്ങളില്‍ സാല്‍വൃക്ഷങ്ങളുടെ സമ്പന്നമായ ശേഖരമാണുള്ളത്. എന്നാല്‍ ഖനികള്‍ ഈ ജില്ലയില്‍ അപൂര്‍വമാണ്. ബ്രഹ്മപൂരിലും സമീപഗ്രാമങ്ങളിലും പട്ടുനിര്‍മാണം വികസിച്ചിട്ടുണ്ട്. തീരസമതലത്തിലെ ഇതരഭാഗങ്ങളില്‍ കൈത്തറിനെയ്ത്ത് വന്‍തോതില്‍ നടന്നുവരുന്നു.

ഗഞ്ജാമിലെ കയറ്റുമതിയുത്പന്നങ്ങളില്‍ ഭക്ഷ്യധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, തുകല്‍, ചണം, എണ്ണക്കുരുക്കള്‍, മഞ്ഞള്‍, വിറക്, ഉപ്പ്, തേങ്ങ എന്നിവ ഉള്‍പ്പെടുന്നു. അരി, തുണി, കയര്‍, പാത്രങ്ങള്‍, ധാതുദ്രവ്യങ്ങള്‍, മണ്ണെണ്ണ, വ്യഞ്ജനസാമഗ്രികള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നു. ഗോപാല്‍പൂര്‍, കലിംഗപട്ടണം, ബറുവാ എന്നീ ചെറുകിട തുറമുഖങ്ങളും നസറന്നപ്പേട്ട്, ബത്തിലി, ഹീരാമണ്ഡലം, ലക്ഷ്മീനരസുപ്പേട്ട്, റായ്ഗഢ്, ചില്ലിഗോദേ, സരങ്ങോദേ, തിക്കവല്ലി എന്നിവിടങ്ങളുമാണ് പ്രധാന വാണിജ്യകേന്ദ്രങ്ങള്‍.

ബംഗാള്‍-നാഗപൂര്‍ റെയില്‍പ്പാത ഈ ജില്ലയെ കുറുകേ മുറിച്ച് തെക്കു-വടക്കായി കടന്നുപോകുന്നു. തീരസമതലത്തില്‍ 11,664 കി.മീ. റോഡുകളുണ്ട്. ഉന്നതപ്രദേശത്തെ റോഡുകള്‍ ഒട്ടുമുക്കാലും ടാര്‍ ചെയ്യപ്പെട്ടിട്ടില്ല. തെലുഗു, ഒഡിയാ എന്നീ ഭാഷകള്‍ക്ക് തുല്യമായ പ്രചാരമാണുള്ളത്. ഇംഗ്ലീഷിനും ഹിന്ദിക്കും സാമാന്യപ്രചാരമുണ്ട്.

(എ. മിനി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%9E%E0%B5%8D%E0%B4%9C%E0%B4%BE%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍