This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗംഗാരാജവംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:36, 21 ഏപ്രില്‍ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗംഗാരാജവംശം

Ganga Dynasty

മൈസൂര്‍ ഭരിച്ച രാജവംശം (4-ാം ശ.-11-ാം ശ.). ഇത് പശ്ചിമഗംഗാരാജവംശം എന്ന പേരിലറിയപ്പെടുന്നു. പശ്ചിമഗംഗാ രാജ്യമായിരുന്ന ഗംഗവാടി ഇന്നത്തെ മൈസൂറിന്റെ മിക്ക പ്രദേശങ്ങളും ഉള്‍ക്കൊണ്ടിരുന്നു. ഇക്ഷ്വാകുവംശവുമായി ബന്ധപ്പെട്ട ഈ വംശത്തില്‍ 25 രാജാക്കന്മാര്‍ ഉണ്ടായിരുന്നെന്ന് രേഖകളുണ്ട്. കൊങ്കണിവര്‍മന്‍ എന്ന മാധവന്‍ I എ.ഡി. 325-നും 350-നുമിടയ്ക്ക് ഈ വംശം സ്ഥാപിച്ചു. തലസ്ഥാനം കോലാര്‍ ആയിരുന്നു. തുടര്‍ന്നു ഭരിച്ച മാധവന്‍ II (400-435) രാഷ്ട്രമീമാംസയിലും ഉപനിഷത്തുകളിലും അവഗാഹം നേടി 'ദത്തകാചാര്യസൂത്ര'ത്തിന് ഭാഷ്യം രചിച്ചു. തലക്കാടിലേക്കു തലസ്ഥാനം മാറ്റിയത് ഹരിവര്‍മനാണ് (435-460). കാവേരീതീരത്ത് സ്ഥിതിചെയ്തിരുന്ന ആ മനോഹരനഗരം ഇന്ന് നാമാവശേഷമായിരിക്കുന്നു. തുടര്‍ന്ന് രാജാവായ വിഷ്ണുഗോപന് പല്ലവരാജാക്കന്മാരുടെ ആധിപത്യം സ്വീകരിക്കേണ്ടിവന്നു. ഇദ്ദേഹം ജൈനമതം ഉപേക്ഷിച്ച് വൈഷ്ണവസന്ന്യാസിയായിട്ടാണ് ജീവിച്ചത്. പൗത്രനായ മാധവന്‍ III (460-500) കദംബകുമാരിയെ കല്യാണംകഴിച്ച് ശിവഭക്തനായിത്തീര്‍ന്നു. പിന്നെ രാജ്യഭാരം ഏറ്റ അവനീതന്‍ (500-540) പ്രസിദ്ധ ജൈനമതാചാര്യനായ വിജയകീര്‍ത്തിയുടെ ശിഷ്യനും ശിവഭക്തനുമായിരുന്നു. പുത്രനായ ദുര്‍വിനീതന്‍ (540-600) പ്രസിദ്ധ ജൈനമതപണ്ഡിതനും വൈയാകരണനുമായ പൂജ്യപാദന്റെ ശിഷ്യനായിരുന്നു. ഗംഗാരാജാക്കന്മാരുടെ ഔദാര്യം സ്വീകരിച്ചുപോന്ന ഭാരവി എന്ന സംസ്കൃത മഹാകവിയുടെ കിരാതാര്‍ജുനീയത്തിലെ 15-ാം സര്‍ഗത്തിന് ഇദ്ദേഹം വ്യാഖ്യാനമെഴുതി. ബൃഹത്കഥ സംസ്കൃതത്തില്‍നിന്ന് പരാവര്‍ത്തനം ചെയ്യാനും വൈയാകരണനായിരുന്ന ഈ രാജാവിനു കഴിഞ്ഞു. വിഷ്ണുഭക്തനായിരുന്ന ഇദ്ദേഹം പല്ലവന്മാരെ പരാജയപ്പെടുത്തുകയും സാഹിത്യാദികലകള്‍ക്ക് ഗണ്യമായ പ്രോത്സാഹനം നല്കുകയും ചെയ്തു.

ദുര്‍വിനീതനുശേഷം ഭരണം നടത്തിയവരെക്കുറിച്ച് പരിമിതമായ അറിവേ ലഭിച്ചിട്ടുള്ളു. പല്ലവരെ പരാജയപ്പെടുത്തിയ മറ്റൊരു ഗംഗാരാജാവ് ശ്രീപുരുഷനാണ് (726-788). അദ്ദേഹം തലസ്ഥാനം 'മന്നെ' നഗരത്തിലേക്കു മാറ്റി. ഐശ്വര്യം നിറഞ്ഞ ഒരു കാലഘട്ടത്തിന് നേതൃത്വം നല്കിയ ശ്രീപുരുഷന്റെ കാലത്ത് ഗംഗാരാജ്യത്തിന് 'ശ്രീരാജ്യ'മെന്ന പേരും ലഭിച്ചു. വേദാന്തം, നാടകം, വ്യാകരണം മുതലായവയില്‍ പണ്ഡിതനായ ഈ ഗംഗാരാജാവ് കന്നഡഭാഷയില്‍ ഗജശതകമെന്ന കൃതി രചിച്ചു. ആന, കുതിര മുതലായ മൃഗങ്ങളെക്കുറിച്ച് ശാസ്ത്രീയമായ അറിവ് ശ്രീപുരുഷനായിരുന്നു.

ശ്രീപുരുഷനുശേഷം രാഷ്ട്രകൂടരാജ്യത്തിന് വിധേയമായിത്തീര്‍ന്ന ഗംഗവാടി രാജ്യത്തില്‍ സ്വാതന്ത്ര്യസമരം സംഘടിപ്പിച്ചത് രാജമല്ലന്‍ I (817-835) ആണ്. രാഷ്ട്രകൂടരാജാവായ അമോഘവര്‍ഷന്‍ ഗംഗാരാജാവായ ഭൂമുഖനെ ജാമാതാവായി സ്വീകരിച്ചു. ഈ രാജ്യങ്ങളാണ് വെങ്കിയിലെ ചാലൂക്യഭരണത്തെ എതിര്‍ത്തത്. പല്ലവരാജന്റെ സഹായത്തോടെ ഈ സഖ്യരാഷ്ട്രങ്ങള്‍ പാണ്ഡ്യനെ എതിര്‍ത്തു. ശ്രീപുരാബിയാ യുദ്ധത്തില്‍ പല്ലവമന്നനായ അപരാജിതനെ സഹായിക്കുവാന്‍ ഗംഗാരാജാവും എത്തിയിരുന്നു. ഗംഗാരാജാവായ ഭൂതുകന്‍ II (937-960) തക്കോലാ യുദ്ധത്തില്‍ ആദിത്യചോളനെ വധിക്കുവാന്‍ രാഷ്ട്രകൂടരാജനെ സഹായിച്ചിരുന്നു. ബുദ്ധമതപണ്ഡിന്മാരെ പലവട്ടം പരാജയപ്പെടുത്തിയ ജൈനമതപണ്ഡിതന്‍കൂടിയായിരുന്നു ഭൂതുകന്‍ II. രാജമല്ലന്‍ IV-ന്റെ മന്ത്രി ചാമുണ്ഡരായന്‍ ജൈനമതപണ്ഡിതന്‍, യോദ്ധാവ്, സാഹിത്യകാരന്‍ എന്നീ നിലകളില്‍ രാജ്യമൊട്ടുക്ക് പ്രശസ്തിനേടി. 'വീരമാര്‍ത്താണ്ഡ'നെന്ന പ്രസിദ്ധി നേടിയ ചാമുണ്ഡരായന്‍ കന്നഡഭാഷയില്‍ ചാമുണ്ഡരായപുരാണം രചിച്ചു. ശ്രാവണബല്‍ഗോളയില്‍ 982-ല്‍ ഇദ്ദേഹം ഒരു ജൈനക്ഷേത്രം നിര്‍മിക്കുകയും ഗോമടേശ്വരന്റെ ഭീമപ്രതിമ സ്ഥാപിക്കുകയും ചെയ്തു. പ്രതിമയ്ക്ക് 17.22 മീറ്റര്‍ ഉയരമുണ്ട്. ഇത് ഭാരതത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയാണ്. രാജമല്ലന്‍ IV-നുശേഷം ശക്തി ക്ഷയിച്ച ഗംഗാവംശജരില്‍ നിന്ന് ചോളന്മാര്‍ 1004-ല്‍ തലക്കാട് നഗരം പിടിച്ചെടുത്തു. ക്രമേണ ചെറിയ പ്രവിശ്യകളായിപ്പിരിഞ്ഞ ഗംഗവാടി രാജ്യം ഛിന്നഭിന്നമായി ചോളരാജന്റെ പരമാധികാരം അംഗീകരിച്ചു. ഗംഗാരാജാക്കന്മാരാണ് കന്നഡഭാഷയിലെ കവിത്രയമായ പമ്പ, പൊന്ന, മന്ന എന്നീ പണ്ഡിതന്മാര്‍ക്ക് പ്രോത്സാഹനം നല്കിയത്.

2. കലിംഗ ഭരിച്ച പൂര്‍വഗംഗാ രാജവംശം. കലിംഗ ഭരിച്ച പൂര്‍വഗംഗാരാജവംശത്തിന്റെ സ്ഥാപകന്‍ ഇന്ദ്രവര്‍മന്‍ I പശ്ചിമ ഗംഗാരാജവംശത്തില്‍പ്പെട്ട രാജകുമാരനായിരുന്നു. മഹേന്ദ്രഗിരിക്കു ചുറ്റുമുള്ള (ഗഞ്ചാം പ്രവിശ്യ) പ്രദേശം കൈയടക്കി കലിംഗത്തെ തലസ്ഥാനമാക്കി ഇദ്ദേഹം സ്വതന്ത്രഭരണം നടത്തി. ദന്തപുരം അഥവാ ഇന്നത്തെ ദന്തവക്ത്രം ആയിരുന്നു രണ്ടാം തലസ്ഥാനം. മഹേന്ദ്രഗിരിശൃംഗത്തില്‍ സ്ഥിതിചെയ്യുന്ന ഗോകര്‍ണേശ്വരന്‍ പൂര്‍വഗംഗന്മാരുടെ പരദേവതയായി അംഗീകരിക്കപ്പെട്ടു. ഇന്ദ്രവര്‍മന്റെ ഭരണകാലത്തോടെ ആരംഭിച്ച ഗംഗാബ്ദത്തിന്റെ തുടക്കം എ.ഡി. 496 ആണെന്ന നിഗമനത്തോട് പല ചരിത്രകാരന്മാരും യോജിക്കുന്നില്ല. ഇന്ദ്രവര്‍മന്‍ II രാജവര്‍മന്‍ 'പരമ മഹേശ്വര'നെന്നും 'കലിംഗനാഥ'നെന്നും പ്രസിദ്ധിനേടി. കലിംഗരാജ്യം മുഴുവന്‍ കീഴടക്കിയത് പരമ മഹേശ്വരവര്‍ധ ദേവേന്ദ്രവര്‍മനായിരുന്നു (679-691).

ദേവേന്ദ്രവര്‍മന്‍ IV-നുശേഷം രാജ്യം അഞ്ചു മേഖലകളായി സ്വാതന്ത്ര്യം നേടി. ശ്വേതകത്തിലെ ഗംഗന്മാരും ജയന്ത്യാപുരത്തിലെ കദംബന്മാരും ഇങ്ങനെ ഭരണാധിപന്മാരായവരാണ്. വെങ്കിയിലെ ചാലൂക്യന്മാര്‍ ഈ അവസരമുപയോഗിച്ച് രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ കൈയടക്കി. ചാലൂക്യരാജാവായ വിനയാദിത്യന്‍ III കലിംഗനഗരം കൊള്ളയടിച്ച് ശകവര്‍ഷം സ്വീകരിക്കുവാന്‍ ഗംഗന്മാരെ നിര്‍ബന്ധിക്കുകയും ചെയ്തു.

എന്നാല്‍ വജ്രഹസ്തന്‍ ആനന്ദവര്‍മന്‍ എന്ന കലിംഗരാജന്‍ 1038-ല്‍ ഗംഗാരാജ്യത്തിന്റെ ഉയര്‍ത്തെഴുന്നേല്പിന് ആരംഭം കുറിച്ചു. അദ്ദേഹം പ്രവിശ്യകളെല്ലാം വീണ്ടെടുത്ത രാജ്യം ഏകോപിപ്പിച്ചു. ചോളരാജാവില്‍നിന്ന് മോചനം നേടിയ അദ്ദേഹത്തിന്റെ രാജ്യത്തില്‍ ഗഞ്ചാം, വിശാഖപട്ടണം എന്നീ പ്രവിശ്യകള്‍ ഉള്‍പ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പുത്രനായ രാജരാജന്‍ I(1068-1078) കുലോത്തുംഗചോളന്‍ I-ന്റെ പുത്രി രാജസുന്ദരിയെ വിവാഹം ചെയ്തു. ഇവരുടെ പുത്രനായ അനന്തവര്‍മന്‍ I ചോഡഗംഗന്‍ (1978-1148) ഗോദാവരി മുതല്‍ ഗംഗവരെയുള്ള പ്രദേശം കൊള്ളയടിച്ച് ദിഗ്വിജയം നടത്തി. സേനരാജാക്കന്മാര്‍, കലചുരികള്‍, ചോളര്‍ എന്നിവരോടെല്ലാം അദ്ദേഹം ഏറ്റുമുട്ടി. പക്ഷേ കുലോത്തുംഗചോളന്‍ 1110-ല്‍ ഗംഗനെ പരാജയപ്പെടുത്തി. സംസ്കൃതം, തെലുഗു എന്നീ ഭാഷകള്‍ക്ക് പരമാവധി പ്രചോദനം നല്കിയ അനന്തവര്‍മനാണ് പുരിയിലെ ജഗന്നാഥക്ഷേത്രം പണിയിച്ചത്. അനന്തവര്‍മന്റെ പുത്രന്മാരുടെ കാലത്ത് ദക്ഷിണദേശം അവര്‍ക്ക് നഷ്ടപ്പെട്ടു. അനന്തവര്‍മന്റെ നാലാമത്തെ പുത്രനായ അനംഗഭീമന്റെ മകന്‍ ഭരിക്കുമ്പോള്‍ ബംഗാളിന്റെ ഉത്തരപശ്ചിമ ഭാഗങ്ങള്‍ കീഴടക്കിയ മുസ്ലിംപട കലിംഗം ആക്രമിക്കാന്‍ ശ്രമം നടത്തി. നരംസിംഹന്‍ I മുസ്ലിംസൈന്യത്തെ കടന്നാക്രമിക്കുകയും ലക്നോര്‍ കോട്ട അവരില്‍നിന്നു പിടിച്ചെടുക്കുകയും ചെയ്തു. മുസ്ലിം സൈന്യത്തിന് പശ്ചിമബംഗാള്‍ തിരികെ പിടിക്കുവാന്‍ കഴിഞ്ഞത് 1255-ല്‍ മാത്രമാണ്. കൊണാര്‍ക്കിലെ പ്രസിദ്ധമായ സൂര്യക്ഷേത്രം പണിയിച്ചത് നരസിംഹനാണ്. നരസിംഹന്‍ II-ന്റെ കാലത്ത് (1279-1306) വൈഷ്ണവാചാര്യനായ നവഹരിതീര്‍ഥന്‍ ശൈവമതത്തില്‍നിന്ന് ഒറീസയെ മോചിപ്പിച്ച് വൈഷ്ണവമതം പ്രചരിപ്പിച്ചു. ഭാനുദേവന്‍ III-ന്റെ കാലത്ത് ബംഗാള്‍ സുല്‍ത്താന്‍ ഒറീസ കൊള്ളയടിച്ചു. ഫിറോസ് തുഗ്ലക്ക് കലിംഗനഗരത്തില്‍ പ്രവേശിച്ച് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയും ജഗന്നാഥക്ഷേത്രം നശിപ്പിക്കുകയും ചെയ്തു. ഭാനുദേവന്‍ ആത്മരക്ഷാര്‍ഥം പലായനം ചെയ്തു. ഇതിനിടയില്‍ കൃഷ്ണ-ഗോദാവരി നദികള്‍ക്കിടയില്‍ രൂപംപ്രാപിച്ച കൊണ്ടവിടു രാജ്യത്തിലെ അതപോതന്‍ രാജാവ് ഒറീസ ആക്രമിച്ച് സിംഹാലയം വരെയുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കി. നരസിംഹന്‍ IV-ന്റെ കാലത്ത് ജോണ്‍പൂര്‍ സ്വതന്ത്രമായി. അവസാനത്തെ ഗംഗാവംശജനായ രാജാവ് ഭാനുദേവന്‍ IV-നെ 1434-ല്‍ കൊണ്ടവിടു രാജാവ് തലസ്ഥാനത്തുനിന്നും പലായനം ചെയ്യിച്ചു. വിജയനഗരസമ്രാട്ട് കൃഷ്ണദേവരായര്‍ ഒറീസയില്‍ നേടിയ വിജയത്തില്‍നിന്ന് അന്നു ഗംഗന്മാര്‍ക്കു മോചനം നേടുവാന്‍ കഴിഞ്ഞിരുന്നില്ല. ഈ അത്യാഹിതത്തിനിടയില്‍ ഭാനുദേവന്റെ മന്ത്രിമാര്‍ പൗരപ്രമാണിയായ കപിലേന്ദ്രനെ സിംഹാസനത്തില്‍ അവരോധിക്കുകയും ചെയ്തു. ഗംഗരാജവംശത്തിലെ അവസാനത്തെ രാജാവായ ഭാനുദേവ് IV തന്റെ അവസാനകാലം കഴിച്ചുകൂട്ടിയത് ഗുഡാരികടകമെന്ന സ്ഥലത്തായിരുന്നുവെന്ന് ഗംഗാവംശ ചരിത്രം പ്രസ്താവിക്കുന്നു.

(പ്രൊഫ. എ.ജി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍