This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖൊമീനി, ആയത്തൊള്ള റുഹൊള്ള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖൊമീനി, ആയത്തൊള്ള റുഹൊള്ള

Khomeini, Ayatollah Ruhollah (1900 - 89)

ആയത്തൊള്ള ഖൊമീനി

ഇറാനിലെ ആത്മീയാചാര്യനും രാഷ്ട്രീയനേതാവും. ഇറാനില്‍ ഇസ്ലാമികവിപ്ലവത്തിന് നേതൃത്വം നല്കി ലോകത്തിലെ ശ്രദ്ധേയരായ നേതാക്കളിലൊരാളാണ് ഖൊമീനി. റുഹൊള്ള മുസാവിയാണ് പിന്നീട് ആയത്തൊള്ള (അല്ലാഹുവിന്റെ അടയാളം) ഖൊമീനി (ഖുമൈനി) എന്ന പേര് സ്വീകരിച്ചത്. മതപരമായ അഗാധപാണ്ഡിത്യം ഇദ്ദേഹത്തിനു ആയത്തൊള്ള എന്ന പദവി നേടിക്കൊടുത്തു. ഒരു ഡസനോളം വരുന്ന ആയത്തൊള്ളമാരില്‍ ഒന്നാമനായിരുന്നു ഖൊമീനി. ഷിയാ മുസ്ലിങ്ങളുടെ അനിഷേധ്യ നേതാവായ ഇമാം എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടു. ഖൊമീനിയുടെ പിതാമഹനായ സെയ്യദ് അഹമ്മദ് മുസാവിയുടെ ബന്ധുക്കള്‍ ഇന്ത്യയിലെ ലഖ്നൌവില്‍ കുടിയേറിപ്പാര്‍ത്തിരുന്നു.

ഇറാനിലെ പശ്ചിമ-മധ്യ നഗരമായ ഖൊമീനില്‍ (ഖുമെയ്ന്‍) 1900-ത്തില്‍ ജനിച്ചു. റുഹൊള്ള ജനിച്ച വര്‍ഷംതന്നെ ഇദ്ദേഹത്തിന്റെ പിതാവു അന്തരിച്ചു. ചെറുപ്പത്തില്‍ത്തന്നെ ഇദ്ദേഹം പാഴ്സിഭാഷയും സാഹിത്യവും വ്യാകരണവും തര്‍ക്കശാസ്ത്രവും ഇസ്ലാമികനിയമങ്ങള്‍, നിദാനശാസ്ത്രങ്ങള്‍ തുടങ്ങിയവയും പഠിച്ചു. 28-ാം വയസ്സില്‍ ഖദീജയെ വിവാഹം കഴിച്ച ഖൊമീനിക്ക് രണ്ടു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി.

മതാധ്യാപകന്‍ എന്ന നിലയിലുള്ള ഖൊമീനിയുടെ പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹത്തെ ജനനേതാവാക്കിയത്. 1930-കളില്‍ ഇറാനിലെ ഷാ പുരേഹിതരുടെ അധികാരത്തില്‍ കുറവു വരുത്താന്‍ ശ്രമിച്ചതിനെതിരെ ഖൊമീനി ശബ്ദമുയര്‍ത്തി. ചക്രവര്‍ത്തി ഇറാനെ ആധുനികവത്കരിക്കാന്‍ ശ്രമിച്ചതിനെയും ഇദ്ദേഹം അപലപിച്ചു. 1953-ല്‍ തത്കാലത്തേക്കു റിസാഷായുടെ ഭരണത്തെ അട്ടിമറിക്കാന്‍ ഇടതുപക്ഷ ദേശീയ പ്രസ്ഥാനത്തിന്റെ മുഹമ്മദ് മൊസ്സാദെഖിനു കഴിഞ്ഞെങ്കിലും കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്ന ഖൊമീനി മൊസ്സാദെഖില്‍ നിന്ന് അകന്നു നിന്നു. 1963-ല്‍ പഹ്ലവിയുടെ പാശ്ചാത്യവത്കരണത്തിന്റെ ഒരു വിമര്‍ശകനായി ഖൊമീനി പ്രതിപക്ഷത്ത് മുന്നേറി. മതയോഗങ്ങളില്‍ ഖൊമീനി ഷായ്ക്കെതിരെ നടത്തിയ പ്രചാരണങ്ങളാണ് ആയിരക്കണക്കിനാളുകളെ ലഹളയ്ക്ക് ഇറക്കിവിട്ടത്. തുടര്‍ന്ന് ഖൊമീനി അറസ്റ്റുചെയ്യപ്പെട്ടു. 1964 നവംബറില്‍ ഇദ്ദേഹത്തെ രാജ്യത്തു നിന്നു പുറത്താക്കി. തുര്‍ക്കിയിലും പിന്നെ ഇറാഖിലും ഖൊമീനി കഴിഞ്ഞുകൂടി. പക്ഷേ ഇറാനുമായുള്ള ബന്ധം വിട്ടിരുന്നില്ല. ഷായ്ക്ക് പിന്നീട് ഇറാഖില്‍ നിന്നു തന്നെ ഖൊമീനിയെ തുരത്തേണ്ടി വന്നു. 1978-ല്‍ ഫ്രാന്‍സിലാണ് ഇദ്ദേഹം കഴിഞ്ഞത്. അവിടെ നിന്ന് ആയിരക്കണക്കിനു കാസറ്റുകള്‍ വഴി ഖൊമീനിയുടെ സന്ദേശം ഇറാനിലെത്തിക്കൊണ്ടിരുന്നു. ഒടുവില്‍ 1979 ജനു. 16-ന് രക്തച്ചൊരിച്ചിലുകള്‍ക്കുശേഷം ഷായും കുടുംബവും രാജ്യം വിട്ടോടിയതോടെ ഖൊമീനി മടങ്ങിവന്നു.

ഷിയാ മുസ്ലിം മതത്തില്‍ അധിഷ്ഠിതമായ ഭരണഘടനയോടെ 1979 മാര്‍ച്ചില്‍ ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കായി. ഇസ്ലാം ഭരണഘടനപ്രകാരം ഇദ്ദേഹം ഫഖീഹ് (മാര്‍ഗദര്‍ശകന്‍) ആയി തെരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് അധികാരങ്ങളൊന്നുമില്ലെങ്കിലും രാഷ്ട്രത്തലവനെക്കാളും ഉയര്‍ന്ന പദവിയാണ് ഫഖീഹിന് ഉണ്ടായിരുന്നത്. ഇറാഖുമായി എട്ടുകൊല്ലം നടന്ന യുദ്ധം 5 ലക്ഷത്തോളം ഇറാന്‍കാരുടെ മരണത്തിനുശേഷം ഒടുവില്‍ 1988 ആഗ. 20-ന് ഇദ്ദേഹത്തിന് അവസാനിപ്പിക്കേണ്ടിവന്നു. 1989 ഫെബ്രുവരിയില്‍ 'സാത്താന്റെ വചനങ്ങളുടെ' (Satanic verses) കര്‍ത്താവായ സാല്‍മാന്‍ റുഷ്ദിക്കെതിരായി പുറപ്പെടുവിച്ച വധശിക്ഷാവിധി ഖൊമീനിയെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി.

1989 ജൂണ്‍ 3-ന് ഖൊമീനി ടെഹ്റാനില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍