This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖുസ്രു രാജകുമാരന്‍ (1586 - 1662)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖുസ്രു രാജകുമാരന്‍ (1586 - 1662)

മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ മൂത്തപുത്രന്‍. അക്ബര്‍ ചക്രവര്‍ത്തിയുടെ അനുയായികളില്‍ പ്രധാനിയായ രാജാ മാനസിംഹന്റെ മരുമകനും മിര്‍സാ അസീസ് കോകയുടെ പുത്രീഭര്‍ത്താവുമായിരുന്നു ഖുസ്രു.

1586-ല്‍ ജനിച്ചു. താന്തോന്നിയായിരുന്ന സലിംരാജകുമാരന്റെ (ജഹാംഗീര്‍) അനാശാസ്യപ്രവണതകളില്‍ മനംമടുത്ത അക്ബര്‍ തന്റെ പിന്തുടര്‍ച്ചാവകാശത്തെപ്പറ്റി ഉത്കണ്ഠ പൂണ്ടു. ഇത് ഖുസ്രുവിന്റെ അനുയായികളെ സന്തോഷിപ്പിച്ചു. അക്ബറുടെ അന്ത്യനാളുകളില്‍ ഖുസ്രുവിനെ ചക്രവര്‍ത്തിയാക്കുന്നതിനുള്ള നീക്കം പ്രബലപ്പെട്ടു. ചക്രവര്‍ത്തിയെ മുഖംകാണിക്കാനെത്തുമ്പോള്‍ സലിംരാജകുമാരനെ ബന്ധനസ്ഥനാക്കുകയെന്നതായിരുന്നു അവരുടെ ആദ്യപരിപാടി. പക്ഷേ ഈ ഗൂഢാലോചന പൊളിഞ്ഞുപോയി. രാജാ മാനസിംഹനും കൂട്ടരും പ്രധാനികളെ വിളിച്ചുകൂട്ടി. ഖുസ്രുവിനെ ചക്രവര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യം മാനസിംഹന്‍ അറിയിച്ചു. ഭൂരിപക്ഷം പേരും മാനസിംഹനോട് യോജിച്ചുവെങ്കിലും സയ്യിദ്ഖാന്റെ എതിര്‍പ്പുമൂലം യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. ഖുസ്രു മാനസിംഹന്റെ സംരക്ഷണയില്‍ വംഗദേശത്തേക്ക് പോകുവാന്‍ ശ്രമിച്ചെങ്കിലും തന്റെ പുത്രന്റെ നീക്കത്തില്‍ ഹൃദയം നൊന്ത സലിംരാജകുമാരന്‍ പുത്രനെ മടക്കിക്കൊണ്ടുവരുന്നതിന് മാനസിംഹന്റെ സഹോദരനായ മാധവസിംഹനെ നിയോഗിച്ചു. രാജാ മാനസിംഹന്റെ അകമ്പടിയോടെ തന്റെ സവിധത്തിലെത്തിയ ഖുസ്രുവിനെ ചക്രവര്‍ത്തി ആശ്ളേഷിച്ചു സ്വീകരിച്ചു.

സദാചാരനിഷ്ഠനും ഏകപത്നീവ്രതക്കാരനുമായിരുന്നു ഖുസ്രു. നിര്‍ഭാഗ്യവാനായ അയാള്‍ 1606 ഏ. 6-ന് കൊട്ടാരത്തില്‍ നിന്നു രക്ഷപെട്ട് പഞ്ചാബിലേക്ക് യാത്രയായി. പുത്രന്‍ തന്റെ ശത്രുവായതില്‍ ജഹാംഗീര്‍ കണക്കിലധികം വേദനിച്ചു. കുമാരനെ പിടികൂടാന്‍ ഇറങ്ങിത്തിരിച്ച ചക്രവര്‍ത്തിക്ക് മൂന്നാഴ്ചത്തെ ചെറുത്തുനില്പിനുശേഷമേ ഖുസ്രുവിനെ കീഴടക്കാന്‍ കഴിഞ്ഞുള്ളൂ. കൈയും കാലും ബന്ധിച്ച് തന്റെ മുമ്പില്‍ ആനയിക്കപ്പെട്ട സ്വപുത്രനെ ജഹാംഗീര്‍ വിട്ടയച്ചു.

കാബൂളിലായിരുന്ന ചക്രവര്‍ത്തിക്കെതിരെ ഖുസ്രു ഗൂഢാലോചന നടത്തി. പക്ഷേ, അത് ഫലപ്രാപ്തിയില്‍ എത്തിയില്ല. ന്യായമായും ഖുസ്രു ചക്രവര്‍ത്തിയുടെ രോഷത്തിനിരയായി. ഖുസ്രുവിന്റെ കാഴ്ചശക്തി നശിപ്പിക്കപ്പെട്ടു. എങ്കിലും വളരെ നാളത്തെ ചികിത്സമൂലം ഒരു കണ്ണിന്റെ കാഴ്ചയും മറ്റേതിന്റെ മുക്കാല്‍ഭാഗം കാഴ്ചയും വീണ്ടെടുക്കുവാന്‍ കഴിഞ്ഞു.

ജഹാംഗീറിന്റെ അവസാനകാലത്ത് ഉടലെടുത്ത കുടുംബകലഹത്തിലും ഖുസ്രുവിന് കനത്ത യാതനകള്‍ അനുഭവിക്കേണ്ടിവന്നു. മുഗള്‍ സേനാനികളില്‍ ഒരുവനായ മഹാബത്ഖാന്‍ ഖുസ്രുവിനെ സാമ്രാജ്യത്തിന്റെ അവകാശിയായി അംഗീകരിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ ഷാജഹാന്‍ അയാളുടെ ഭാവിരക്ഷയ്ക്കുവേണ്ടി നൂര്‍ജഹാന്റെ സഹായത്തോടെ ഖുസ്രുവിന്റെ സംരക്ഷണം ഏറ്റെടുത്തു. ഷാജഹാന്‍ ഡക്കാണിലേക്കു പോയത് ഖുസ്രുവിനെയും കൊണ്ടാണ്.

1662 ജനുവരിയില്‍ ഡക്കാണില്‍ ഖുസ്രു അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍