This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖിസ്ര്‍ഖാന്‍, സയ്യിദ് (? - 1421)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖിസ്ര്‍ഖാന്‍, സയ്യിദ് (? - 1421)

തൈമൂറിന്റെ ആക്രമണ(1398)ത്തിനുശേഷം ഡല്‍ഹിയും ചുറ്റുമുള്ള പ്രദേശങ്ങളും ഭരിച്ചിരുന്ന സയ്യിദ് വംശത്തിന്റെ സ്ഥാപകന്‍. തൈമൂര്‍ ഡല്‍ഹി വിട്ടുപോവുമ്പോള്‍, അദ്ദേഹത്തിന്റെ പ്രതിനിധിയായ ഖിസ്ര്‍ഖാനെ മുള്‍താന്‍, ലാഹോര്‍, ദീപാന്‍പൂര്‍ എന്നീ സ്ഥലങ്ങളുടെ ഭരണാധികാരിയായി നിയമിച്ചിരുന്നു. തൈമൂറിന്റെ വിടവാങ്ങലിനുശേഷം 1414-ല്‍ ഖിസ്ര്‍ഖാന്‍ ഡല്‍ഹി ആക്രമിച്ചു പിടിച്ചു. ഭരണം ക്രമീകരിക്കുകയും തുഗ്ളക് പ്രഭുക്കന്മാരോട് കരുണയോടെ പെരുമാറുകയും തൈമൂറിന്റെ ആക്രമണം കൊണ്ടുണ്ടായ നാശനഷ്ടങ്ങള്‍ നികത്തുന്നതിന് ദരിദ്രര്‍ക്ക് സാമ്പത്തികസഹായം നല്കുകയും ചെയ്തു. ഡല്‍ഹിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി.

തൈമൂറിന്റെ സഹായമാണ് തന്റെ ശക്തിയെന്നു മനസ്സിലാക്കിയ ഖിസ്ര്‍ഖാന്‍ തൈമൂറിന്റെ പിന്‍ഗാമിയായ ഷാറൂഖിനെ തന്റെ രക്ഷാധികാരിയായി സ്വീകരിച്ചു. ഡല്‍ഹിയും ഡല്‍ഹിക്കു ചുറ്റുമുള്ള ദുവാബ്, മീവത്ത് പ്രദേശങ്ങളും മാത്രമേ ഖിസ്ര്‍ഖാന്റെ നിയന്ത്രണത്തിലുണ്ടായിരുന്നുള്ളു. തന്റെ അധികാരം നിലനിര്‍ത്താന്‍ ഖോര്‍, ജലേസര്‍, ഗ്വാളിയര്‍, ബയാന തുടങ്ങിയ പ്രദേശങ്ങള്‍ ആക്രമിക്കുകയും അവിടത്തെ ഭരണാധികാരികളില്‍ നിന്ന് കപ്പം ഈടാക്കുകയും ചെയ്തു.

1416-ല്‍ തുര്‍ക്കിവംശജരായ പ്രഭുക്കന്മാര്‍ സിര്‍ഹിന്ദില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചു. സുല്‍ത്താന്റെ സൈന്യം അവരെ തോല്പിച്ചുവെങ്കിലും കാലാകാലങ്ങളില്‍ കുഴപ്പങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. ഖിസ്ര്‍ഖാന്‍ തന്റെ അവസാന വര്‍ഷത്തില്‍ മീവത്തിലുണ്ടായ ലഹള അമര്‍ച്ച ചെയ്യുകയും എട്ടാവാ കീഴ്പ്പെടുത്തുകയും ചെയ്തു.

തൈമൂറിന്റെ ആക്രമണത്തിനുശേഷം ഡല്‍ഹിയും ചുറ്റുമുള്ള പ്രദേശങ്ങളും പിടിച്ചെടുത്ത് ജനങ്ങള്‍ക്ക് സമാധാനവും ഭദ്രതയും നല്കുന്നതില്‍ ഖിസ്ര്‍ഖാന്‍ വിജയിച്ചു. എന്നാല്‍ കുഴപ്പം നിറഞ്ഞ ഒരു കാലഘട്ടത്തില്‍ താന്‍ സ്ഥാപിച്ച സയ്യിദ് വംശം അക്കാലത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി രൂപംകൊണ്ട മറ്റു സ്വതന്ത്ര രാജ്യങ്ങളെക്കാള്‍ ശക്തമോ ഭരണപരമായി മെച്ചപ്പെട്ടതോ ആയിരുന്നില്ല.

1421 മേയ് 19-ന് ഖിസ്ര്‍ഖാന്‍ അന്തരിച്ചു.

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍