This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാന്‍, ബിസ്മില്ലാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖാന്‍, ബിസ്മില്ലാ

Khan, Bismillah (1916 - 2006)

ഭാരത രത്ന ബഹുമതി നേടിയ (2001) ആഗോള പ്രശസ്തനായ ഇന്ത്യന്‍ ഷെഹനായ് വാദകന്‍. ഷെഹനായ് സംഗീതത്തെ ഇന്ത്യന്‍ ക്ലാസ്സിക്കല്‍ സംഗീതത്തിന്റെ മുഖ്യധാരയില്‍ എത്തിച്ച ബിസ്മില്ലാ ഖാന്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിച്ച രണ്ടാമത്തെ സംഗീത വാദ്യോപകരണവാദകനാണ്.

ബിഹാറില്‍ ഷെഹനായ്വാദകരുടെ ഒരു കുടുംബത്തില്‍ 1916 മാ. 21-ന് ജനിച്ചു. ധൂമറൂണിലെ രാജസേവകനായിരുന്ന ബിസ്മില്ലയുടെ പിതാവ് ഒരു മികച്ച ഷെഹനായ് വാദകനായിരുന്നു. ബിസ്മില്ലയുടെ അമ്മാവനും കാശിവിശ്വനാഥക്ഷേത്രത്തിലെ ആസ്ഥാന വിദ്വാനുമായിരുന്ന അലിബക്ഷ് (വിലായത്തുഖാന്‍) ഖാനില്‍ നിന്നുമാണ് ബിസ്മില്ല ഷെഹനായിയുടെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചത്. ഒപ്പം വായ്പ്പാട്ടും ഇദ്ദേഹം അഭ്യസിച്ചിരുന്നു. വാദ്യസംഗീതത്തില്‍ പൂര്‍ണതനേടുവാന്‍ വായ്പ്പാട്ട് സ്വായത്തമാക്കേണ്ടത് അനിവാര്യമാണെന്ന് ബിസ്മില്ല മനസ്സിലാക്കിയിരുന്നു.

ബിസ്മില്ലാ ഖാന്‍

ചെറുപ്പകാലത്ത് ഔപചാരിക വിദ്യാഭ്യാസത്തില്‍ നിന്നകന്ന് സംഗീതത്തിന്റെ വഴി സ്വീകരിക്കുന്നതില്‍ മാതാപിതാക്കളില്‍ നിന്നും എതിര്‍പ്പ് നേരിടേണ്ടിവന്നിരുന്നുവെങ്കിലും മകന്റെ ആത്യന്തികമായ താത്പര്യം ഷെഹനായി ആണെന്നു തിരിച്ചറിഞ്ഞതോടെ ബിസ്മില്ലയ്ക്ക് ഷെഹനായ്സാധന-ജീവിത സാധന തന്നെയായി. വാരാണസിയിലെ പ്രസിദ്ധ സംഗീത സമ്മേളനങ്ങളില്‍ മഹാസംഗീതജ്ഞരുടെ സംഗീതം ശ്രവിച്ച് അവയെ അനുഗമിച്ച് ഗംഗയുടെ കരയില്‍ ഒരു പള്ളിയില്‍ ഏകാകിയായി ബിസ്മില്ല സംഗീതസാധകം നടത്തി. തുടര്‍ന്ന് നിത്യവും കാശിയിലെ വിശ്വനാഥക്ഷേത്രത്തില്‍ നാദാര്‍ച്ചനയ്ക്കെത്തി. ആദ്യകാലത്ത് സഹോദരനായ ഷംസുദ്ദീന്‍ഖാനോടൊപ്പം കച്ചേരികള്‍ നടത്തിപ്പോന്നിരുന്ന ബിസ്മില്ലയ്ക്ക് ഷംസുദ്ദീന്റെ അപ്രതീക്ഷിത മരണം വലിയ പ്രഹരമായി. ഇതിന്റെ ആഘാതത്തില്‍ സംഗീതത്തില്‍നിന്നും കുറച്ചുകാലത്തേക്ക് ഉള്‍വലിഞ്ഞ ബിസ്മില്ല ക്രമേണ തന്റെ ജീവിതത്തിലേക്ക് തിരികെയെത്തി.

1924-ലാണ് ബിസ്മില്ല തന്റെ സംഗീതത്തിന് അരേങ്ങറ്റം കുറിച്ചത്. ആദ്യകാലങ്ങളില്‍ അമ്മാവന് അകമ്പടിസേവിച്ചിരുന്ന ബിസ്മില്ല, 1937-ല്‍ കൊല്‍ക്കത്തയിലെ സംഗീത സമ്മേളനത്തില്‍ സ്വതന്ത്രമായി ഷെഹനായ് വായിച്ച് സംഗീതലോകത്ത് തന്റെ വ്യക്തിമുദ്രപതിപ്പിച്ചു. പിന്നീട് പ്രശസ്തിയുടെയും അംഗീകാരങ്ങളുടെയും നാളുകളായിരുന്നു ബിസ്മില്ലയുടെ ജീവിതത്തില്‍. ഇന്ത്യയിലും വിദേശത്തും സംഗീതവേദികളില്‍ ഇദ്ദേഹവും ഷെഹനായ് എന്ന വാദ്യോപകരണവും അംഗീകരിക്കപ്പെട്ടു. ശുദ്ധസംഗീതത്തിന്റെ വക്താവായ ബിസ്മില്ല അനാവശ്യമായ സങ്കീര്‍ണതകള്‍ തന്റെ രാഗങ്ങളില്‍നിന്നും ഒഴിവാക്കിയിരുന്നു. ധൂന്‍, തുമ്രി തുടങ്ങിയവ അവതരിപ്പിക്കുമ്പോള്‍ ബിസ്മില്ലയുടെ ഷെഹനായ് അദ്ഭുതം വിതറുന്ന ചൈതന്യവും സൌന്ദര്യവും പൊഴിച്ചിരുന്നു. തുമ്രിയിലെ ബനാറസ് അംഗ് എന്നറിയപ്പെടുന്ന ശൈലിയിലെ ഗുരുക്കന്മാരില്‍ ഒരാളാണ് ബിസ്മില്ലാ ഖാന്‍. യൂറോപ്പ്, ഇറാന്‍, ഇറാഖ്, കാനഡ, വടക്കേ ആഫ്രിക്ക, റഷ്യ, ജപ്പാന്‍, ഹോങ്കോങ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ ഒട്ടുമിക്ക രാജ്യങ്ങളുടെ തലസ്ഥാന നഗരികളില്‍ ബിസ്മില്ല തന്റെ വാദ്യസംഗീതം നടത്തിയിട്ടുണ്ട്.

പദ്മശ്രീ (1961), പദ്മഭൂഷണ്‍ (1968), പദ്മവിഭൂഷണ്‍ (1980), സംഗീതനാടക അക്കാദമി അവാര്‍ഡ് (1956), മധ്യപ്രദേശ് സര്‍ക്കാരിന്റെ താന്‍സന്‍ അവാര്‍ഡ് തുടങ്ങിയ ബഹുമതികള്‍ നേടിയിട്ടുണ്ട്.

2006 ആഗ. 21-ന് ഖാന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍