This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാദര്‍, യു.എ. (1935 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖാദര്‍, യു.എ. (1935 - )

യു.എ.ഖാദര്‍

മലയാള നോവലിസ്റ്റും ചെറുകഥാകൃത്തും. 1935 ജൂല. 1-ന് മ്യാന്മറിലെ ബില്ലീന്‍ ഗ്രാമത്തില്‍ ജനിച്ചു. കൊയിലാണ്ടി സ്വദേശി മൊയ്തീന്‍കുട്ടിഹാജിയാണ് പിതാവ്. മാതാവ് ബര്‍മാക്കാരി(മ്യാന്മര്‍)യും കരൈന്‍ വംശജയുമായ മമ്യാദി. ഖാദറിന്റെ ജനനത്തോടെ മമ്യാദി മരണമടഞ്ഞു. രണ്ടാം ലോകയുദ്ധകാലത്ത് മ്യാന്മറില്‍ നിന്ന് ഇന്ത്യാക്കാര്‍ അഭയാര്‍ഥികളായി അറാക്കാന്‍ മലനിരകള്‍ താണ്ടി ചിറ്റഗോങ് വഴി ഇന്ത്യയിലെത്തിയ കൂട്ടത്തില്‍ മൊയ്തീന്‍കുട്ടി ഹാജി മകനെയുംകൊണ്ട് നാട്ടിലെത്തി. കൊയിലാണ്ടിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1954-ല്‍ മദിരാശി കോളജ് ഒഫ് ആര്‍ട്സില്‍ ചേര്‍ന്ന് ചിത്രകല അഭ്യസിച്ചു. രണ്ടു വര്‍ഷത്തിനുശേഷം പഠനം പൂര്‍ത്തിയാക്കാതെ നാട്ടിലേക്കു മടങ്ങി. പ്രശസ്തസാഹിത്യകാരന്‍ കെ.എ. കൊടുങ്ങല്ലൂരുമായുള്ള ബന്ധം ഖാദറിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി സമ്മാനിച്ചുകൊണ്ട് സി.എച്ച്. മുഹമ്മദ്കോയയാണ് ഇദ്ദേഹത്തെ വായനാലോകത്തേക്ക് പ്രവേശിപ്പിച്ചത്. 1959-ല്‍ തൃക്കോട്ടൂര്‍കാരി ഫാത്തിമാബീവിയെ വിവാഹം കഴിച്ചു. 1959-ല്‍ ദേശാഭിമാനിയില്‍ നിന്ന് പ്രസിദ്ധപ്പെടുത്തിയ പ്രപഞ്ചം വാരികയുടെ സഹപത്രാധിപരായി. ഹ്രസ്വകാലം ബംഗ്ളൂരൂവിലെ ഒരു സ്വകാര്യക്കമ്പനിയില്‍ ജോലി ചെയ്ത ഖാദര്‍ 1964-ല്‍ കേരള ആരോഗ്യവകുപ്പില്‍ ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ചു. 1967 മുതല്‍ 5 വര്‍ഷം ആകാശവാണിയുടെ കോഴിക്കോട് നിലയത്തില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഫീല്‍ഡ് റിപ്പോര്‍ട്ടറായി സേവമനുഷ്ഠിച്ചു.

1952 ചന്ദ്രിക വാരികയില്‍ പ്രസിദ്ധീകരിച്ച 'വിവാഹസമ്മാനം' എന്ന ചെറുകഥയാണ് ഖാദറിന്റെ ആദ്യത്തെ രചന. മദിരാശിവാസക്കാലത്ത് കേരളസമാജം, ജയകേരളം, മദിരാശി സാഹിത്യസഖ്യം എന്നിവയുമായി ബന്ധപ്പെട്ടാണ് സാഹിത്യരചന പുഷ്ടിപ്പെടുത്തിയത്. 14 നോവലുകളും 12 കഥാസമാഹാരങ്ങളും ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നോവലുകളുടെയും ചെറുകഥകളുടെയും പശ്ചാത്തലം മിക്കപ്പോഴും വടക്കേ മലബാറിലെ സാമൂഹിക ജീവിതാന്തരീക്ഷമാണ്. ഖുറൈശിക്കൂട്ടം എന്ന നോവലില്‍ രണ്ടു കുടുംബങ്ങളുടെ പരസ്പരബന്ധങ്ങളിലുളവാകുന്ന സ്നേഹവിദ്വേഷങ്ങളുടെ ചിത്രീകരണമാണ് നിര്‍വഹിച്ചിരിക്കുന്നത്. തൃക്കോട്ടൂര്‍ എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലെഴുതിയ നോവലെറ്റുകളുടെ സമാഹാരമാണ് തൃക്കോട്ടൂര്‍പ്പെരുമ (1982). 'തൃക്കോട്ടൂര്‍ തട്ടകം', 'തട്ടാന്‍ഇട്ട്യേമ്പി', 'ചാത്തുക്കുട്ടിദൈവം', 'ചിരുതക്കുട്ടിയുടെ തിയ്യന്‍' എന്നീ നാലു ഭാഗങ്ങളിലൂടെ തൃക്കോട്ടൂര്‍ ദേശത്തിന്റെ കഥ സമര്‍ഥമായി വിവരിക്കുന്നു. കുഞ്ഞികേളപ്പക്കുറുപ്പ് തൃക്കോട്ടൂര്‍ തട്ടകത്തിലെ തിളക്കമേറിയ കഥാപാത്രമാണ്. ചങ്ങല (1966), ശത്രു (1967), വെള്ളൂരമ്മ (1965), ഒരു മാപ്പിളപ്പെണ്ണിന്റെ ലോകം (1960), റസിയാസുല്‍ത്താന്‍ (1966), മിസ്സിസ് മേനോന്‍ (1972) എന്നിവയാണ് പ്രസിദ്ധമായ മറ്റു ചില നോവലുകള്‍.

1983-ല്‍ തൃക്കോട്ടൂര്‍പ്പെരുമ എന്ന കൃതിക്ക് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1993-ല്‍ കഥപോലെ ജീവിതം എന്ന കൃതിക്ക് എസ്.കെ. പൊറ്റെക്കാട് അവാര്‍ഡും അബുദാബി ശക്തി അവാര്‍ഡും ലഭിച്ചു. 1999-ല്‍ സി.എച്ച്. മുഹമ്മദ്കോയ അവാര്‍ഡ് കളിമുറ്റം എന്ന കൃതിക്ക് ലഭ്യമായി. 2009-ല്‍ കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് തൃക്കോട്ടൂര്‍പ്പെരുമയെ തേടിയെത്തി. നിലവില്‍ (2012) പുരോഗമനകലാസാഹിത്യസംഘം സംസ്ഥാനപ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുന്നു.

(എ.ബി. രഘുനാഥന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍