This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാത്തമി, മുഹമ്മദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖാത്തമി, മുഹമ്മദ്

Khatami, Muhammad (1943 - )

മുഹമ്മദ് ഖാത്തമി

ഇറാന്റെ അഞ്ചാമത് പ്രസിഡന്റും (1997) രാഷ്ട്രീയ നേതാവും. മതപണ്ഡിതനായ ആയത്തുള്ള റുഹള്ള ഖാത്തമിയുടെ മകനായി 1943 സെപ്. 29-ന് ഇറാനിലെ അര്‍ഡാകാനില്‍ ജനിച്ചു. ഖോം നഗരത്തില്‍ സാധാരണ പരമ്പരാഗത മതപഠനമാണ് ഇദ്ദേഹത്തിനു ലഭിച്ചത്. എന്നിരുന്നാലും തന്റെ കഠിനാധ്വാനം കൊണ്ട് ലോകവിജ്ഞാനം നേടാന്‍ ഇദ്ദേഹത്തിനു സാധിച്ചു. 1960-കളിലും 70-കളിലും മുഹമ്മദ് റാസാഷാ പഹ്ലവിയുടെ ഭരണത്തിനെതിരായ മുന്നേറ്റത്തിന്റെ നേതാവായി അറിയപ്പെട്ടു. 1978-ല്‍ ജര്‍മനിയിലെ ഹാമ്പര്‍ഗില്‍ ഇസ്ലാം കേന്ദ്രത്തിന്റെ തലവനായും പിന്നീട് മജ്ലസിലെ ഇറാനിയന്‍ ദേശീയ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1980-കളില്‍ ഇറാനിയന്‍ സര്‍ക്കാരിനുകീഴില്‍ സാംസ്കാരിക- ഇസ്ലാമിക ഗൈഡന്‍സ് മന്ത്രി ഉള്‍പ്പെടെയുള്ള നിരവധി പദവികള്‍ ഇദ്ദേഹത്തിനു ലഭിച്ചു. 1992 ഇസ്ലാംവിരുദ്ധ സമീപനം കൈക്കൊള്ളുന്നു എന്ന ആരോപണത്തിന്റെ വെളിച്ചത്തില്‍ രാജിവയ്ക്കുംവരെ പ്രസ്തുത ചുമതലകള്‍ ഇദ്ദേഹം ഭംഗിയായി നടപ്പിലാക്കി. തുടര്‍ന്ന് ദേശീയ ലൈബ്രറിയുടെ ഡയറക്ടര്‍, പ്രസിഡന്റ് അലി അക്ബര്‍ ഹഷ്മി റഫ്സഞ്ചാനിയുടെ ഉപദേശകന്‍, സാംസ്കാരിക വിപ്ലവ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.

പരിഷ്കരണവാദിയായ ഖാത്തമി 1997-ല്‍ തിരഞ്ഞെടുപ്പിലൂടെ 70 ശതമാനം വോട്ടുകള്‍ നേടി ഇറാന്‍ പ്രസിഡന്റ് പദവിയിലെത്തി. ഇസ്ലാമിക വിപ്ലവത്തിനുശേഷം യാഥാസ്ഥിതികകാഴ്ചപ്പാടുകള്‍ക്ക് മുന്‍തൂക്കം കിട്ടിയിരുന്ന ഇറാനില്‍ ആധുനികതയ്ക്കനുസൃതമായ മാറ്റങ്ങള്‍ ഉണ്ടായത് ഖാത്തമിയുടെ ഭരണകാല(1997-2005)ത്താണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയ ഭരണമായിരുന്നു ഇദ്ദേഹത്തിന്റേത്. പ്രസിഡന്റ് എന്ന നിലയില്‍ ഖാത്തമി സ്വീകരിച്ച ഭരണപരമായ പരിഷ്കാരങ്ങളും നയസമീപനങ്ങളും ഇറാനിലെ യാഥാസ്ഥിതിക ഇസ്ലാമിക വിഭാഗങ്ങളുമായി ഭിന്നതകള്‍ സൃഷ്ടിച്ചു. ഇറാന്‍ ഭരണഘടന അനുശാസിക്കുംവിധം രാജ്യത്ത് അന്തിമതീരുമാനം എടുക്കാനുള്ള അധികാരം പരമോന്നത നേതാവിനാണ് എന്നിരിക്കെ ഖാത്തമി കൈക്കൊണ്ട പല നടപടികള്‍ക്കും തിരിച്ചടി നേരിടുകയുണ്ടായി. വിദേശനയത്തിലും അമേരിക്ക ഒഴികെയുള്ള ഒട്ടു മിക്ക രാഷ്ട്രങ്ങളുമായും സൗഹൃദബന്ധം കാത്തു സൂക്ഷിക്കാന്‍ ഖാത്തമി ഭരണകൂടത്തിനു കഴിഞ്ഞു. 2001-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഖാത്തമി മൂന്നാമതും ഭരണത്തിലേറാതിരിക്കാന്‍ യാഥാസ്ഥിതികവിഭാഗം ഭരണഘടനയില്‍ മാറ്റം വരുത്തി. 2009 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുവെങ്കിലും പിന്നീട് അതില്‍ നിന്നും പിന്‍വാങ്ങുകയും പൊതുവെ പരിഷ്കരണവാദിയായ മിര്‍ ഹുസൈന്‍ മൊസാവിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. അധികാരത്തില്‍ നിന്നൊഴിഞ്ഞിട്ടും പൊതുസമൂഹത്തില്‍ വലിയ അംഗീകാരം ഇന്നും ഇദ്ദേഹത്തിനുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവു കൂടിയാണ് മുഹമ്മദ് ഖാത്തമി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍