This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാണ്വയുദ്ധം (1527)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖാണ്വയുദ്ധം (1527)

മുഗള്‍സാമ്രാജ്യ സ്ഥാപകനായ ബാബര്‍ ഇന്ത്യയില്‍ ജയിച്ച രണ്ടാമത്തെ യുദ്ധം (1527 മാ. 16). ഈ യുദ്ധത്തില്‍ ബാബറെ ഇന്ത്യയില്‍ നിന്നു തുരത്തുവാന്‍ രജപുത്രസേനാനികള്‍ക്കു നേതൃത്വം നല്കിയത് മേവാറിലെ മഹാറാണ സംഗ്രാമസിംഹനും ചന്ദേരിയിലെ റാണാ മേദിനീറോയിയുമാണ്. ഹസന്‍ഖാന്‍ മേവാത്തി, മഹ്മദ് ലോദി മുതലായ മുസ്ലിം നേതാക്കന്മാരും രജപുത്ര അണിയില്‍ ചേര്‍ന്നു.

പാനിപ്പത്ത് യുദ്ധത്തിനു തന്റെ സൈനികരെ അണിനിരത്തിയ അതേ ക്രമത്തില്‍ത്തന്നെ ഇവിടെയും ബാബര്‍ യോദ്ധാക്കളെ അണിനിരത്തി. ചില പരീക്ഷണങ്ങള്‍ക്കും ഇദ്ദേഹം തയ്യാറായി. ചക്രം പിടിപ്പിച്ച മുക്കാലികളില്‍ പീരങ്കികള്‍ പിടിപ്പിച്ചത് അവ യഥേഷ്ടം നീക്കിയും തിരിച്ചും പ്രയോഗിക്കുന്നതിനു വഴിയൊരുക്കി. കൂടാതെ കരുതല്‍ നിരയായി കൂടുതല്‍ യോദ്ധാക്കളെ സജ്ജീകരിക്കുന്നതിനും ശ്രദ്ധിച്ചു. മുന്‍നിരയുടെ മധ്യഭാഗം ബാബര്‍ നേരിട്ടു നയിച്ചു. വലതുഭാഗം, പുത്രനായ ഹുമായൂണും ഇടതുഭാഗം, ബന്ധുവായ മഹ്ദി ഖാജായും നയിച്ചു.

ഖാണ്വയുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ ഇന്ത്യാചരിത്രത്തില്‍ കാര്യമായ വഴിത്തിരിവുകള്‍ സൃഷ്ടിച്ചു. മുഗള്‍ സാമ്രാജ്യത്തിന്റെ അടിത്തറയ്ക്കു വേണ്ടത്ര ശക്തി നേടിക്കൊടുത്തത് ഈ യുദ്ധ വിജയമായിരുന്നു.

(പ്രൊഫ. എ.ജി മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍